കേരളത്തിലെ വനങ്ങളില്‍ അഞ്ഞൂറ്റി അമ്പതോളം ഔഷധ സസ്യങ്ങളാണ് ഉള്ളത്. മൂന്നു-നാലു ഘട്ടങ്ങളിലൂടെയാണ് ഇതിന്റെ ശേഖരണം കടന്നുപോയിട്ടുള്ളത്. ഓരോ മേഖലയിലെയും ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിന് ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. ഇത് ലേലം കൊള്ളുന്നവര്‍ മലമാറ്റക്കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ മലമാറ്റക്കാര്‍ പറയുന്ന സസ്യങ്ങള്‍ ആദിവാസികള്‍ പറിച്ചുകൊണ്ടു കൊടുക്കുകയായിരുന്നു രീതി.
രണ്ടാമത്തെ ഘട്ടം വന്നത് ആദിവാസികളുടെതന്നെ ട്രൈബല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ ആയിരുന്നു. കോപ്പറേറ്റീവ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വന്നിട്ടുള്ള സെക്രട്ടറിമാരാണ് ഇത് ഭരിച്ചിരുന്നത്. തുടര്‍ന്ന് വനസംരക്ഷണ സമിതികളും (ഢടട), ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും (ഋഉഇ) വന്നു. നാലാമത്തെ ഘട്ടം ഇതിന്റെ ഉടമസ്ഥത ഗ്രാമസഭകളെ ഏല്‍പ്പിക്കുക എന്നതാണ് (അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല). വലിയ കഷ്ടത്തിലാണ് കാട്ടിലെ ഔഷധസസ്യങ്ങളുടെ സ്ഥിതി. അമിത ചൂഷണംതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. പറിച്ചെടുക്കുക എന്നല്ലാതെ ഒരെണ്ണം പോലും നട്ടുപിടിപ്പിക്കുക എന്ന സംഭവമില്ല. ഉദാഹരണത്തിന് ഇവിടെ ചിമ്മിനിയില്‍ (ഞാന്‍ ഇവിടെ വാര്‍ഡനായിരുന്നു) കാണുന്ന മരമഞ്ഞള്‍ അഥവാ ദാരുഹരീതകം എന്ന സസ്യം. ഇത് ആണും പെണ്ണും വേറെ വേറെ വള്ളികളാണ്. ഇരുപതു വര്‍ഷത്തോളം പ്രായമാവുമ്പോഴാണ് ഇതില്‍ പെണ്‍വള്ളികളില്‍ കായുണ്ടാവുക. ആയുര്‍വേദത്തില്‍ ഒരുപാടു മരുന്നുകളില്‍ ചേര്‍ക്കുന്നതാണിത്. അതുകൊണ്ടുതന്നെ വളരെ വ്യാപകമായി ശേഖരിച്ച് ഇപ്പോളിത് വംശനാശഭീഷണി നേരിടുകയാണ്. അതുപോലെ അശോകം (അംഗനപ്രിയ എന്നാണിത് അറിയപ്പെടുന്നത്). ഗര്‍ഭാശയരോഗങ്ങള്‍ക്കുപയോഗിക്കാനുള്ള മരുന്നുകളുടെ നിര്‍മ്മാണത്തില്‍ വളരെയധികം അശോകത്തിന്റെ ആവശ്യമുണ്ട്. പക്ഷേ, ഇപ്പോള്‍ ശരിയായ അശോകം ഉപയോഗിക്കുന്നില്ല (ലഭിക്കുന്നില്ല) എന്നു പറയാം. പണ്ട് ഏതോ വിദേശി നമ്മുടെ അരണമരത്തിനെ ഡ്രൂപ്പിങ്ങ് അശോക എന്നു വിളിച്ചു. അതുകൊണ്ട് ഇപ്പോള്‍ ഈ അരണമരത്തിന്റെ തൊലിയാണ് അശോകത്തിന് പകരമായി ഉപയോഗിക്കുന്നത്. മറ്റൊന്നാണ് പീച്ചിക്കാടുകളിലൊക്കെയുണ്ടായിരുന്ന ഒരു ഓര്‍ക്കിഡായ ജീവകം. ഇപ്പോളത് കാണാനേയില്ല.
ആദിവാസികളുടെ കാഴ്ചപ്പാടും മാറിയിട്ടുണ്ടെന്ന് പറയാം. പണ്ടൊക്കെ, ഞാന്‍ സര്‍വീസ് ആരംഭിക്കുന്ന കാലത്ത്, ചെറുവഴുതനയൊക്കെ പറിച്ചു കഴിഞ്ഞാല്‍ അതിന്റെ കായ മലദൈവങ്ങള്‍ക്ക് അവര്‍ വലിച്ചെറിഞ്ഞുകൊടുക്കും. വേരാണ് ഇതിന്റെ മരുന്നിന് ആവശ്യമുള്ള ഭാഗം. ആചാരത്തിന്റെ ഭാഗമാണെങ്കിലും വീണ്ടും മുളയ്ക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ ശതാവരി കിഴങ്ങെടുത്തുകഴിഞ്ഞാല്‍ കട എവിടെയെങ്കിലും കുഴികുത്തി കുഴിച്ചിടും. ഇപ്പോഴാണെങ്കില്‍ ഇതെല്ലാം സമൂലം പറിച്ചുകൊണ്ടുപോയി കടയില്‍ കൊടുക്കുന്ന അവസ്ഥയാണ്. ഇന്ന് നേരത്തേ പറഞ്ഞ പോലുള്ള സൊസൈറ്റിയും വി.എസ്.എസ്.-ഉം കൂടാതെ ഒരു റെഡി മാര്‍ക്കറ്റ് ഉണ്ട്. ആദിവാസി മാത്രമൊന്നുമല്ല, എല്ലാവരും കാട്ടില്‍ കയറി ഇതൊക്കെ പറിക്കുന്നുണ്ട്. മറ്റൊരു പ്രശ്‌നമുള്ളത് ഇത് അന്യംനിന്നുപോകുന്ന ഒരു അറിവാണ് (ഉ്യശിഴ ംശറെീാ). പ്രായമായ കുറച്ച് ആദിവാസികള്‍ അടങ്ങുന്ന ഇപ്പോഴത്തെ ഒരു തലമുറക്കു ശേഷം ഈ സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ ആരുമുണ്ടാവില്ല (എല്ലായ്‌പോഴും കെ.എഫ്.ആര്‍.ഐ. യിലെ ഡോ. ശശിയെ കൊണ്ടുവന്ന് ഇവ തിരിച്ചറിയാന്‍ പറ്റില്ലല്ലോ!). ഇവയെ തിരിച്ചറിയേണ്ടത് പ്രാദേശികമായി ശേഖരിക്കുന്നവര്‍തന്നെയാണ്. പണ്ട് ആദിവാസികളെല്ലാവരുംകൂടി കാട്ടില്‍പോവുകയും മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കുമെല്ലാം ഒരു ചെടി മറ്റൊന്നില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാണെന്നും അവയെ എങ്ങനെ തിരിച്ചറിയാമെന്നും പറഞ്ഞുകൊടുക്കാറുണ്ട്. തലമുറ തലമുറയായി കൈമാറിക്കൊണ്ടിരുന്ന ഒരു അറിവാണിത്. പുതുതലമുറയ്ക്ക് ആ അറിവ് നഷ്ടമായിരിക്കുന്നു. ജൈവവൈവിധ്യമുണ്ടായാലും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍പിന്നെ അതിന് പ്രയോജനമില്ലാതാവുന്നു. വനംവകുപ്പിന് ഈ സസ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയില്ല. ആദിവാസി വന്ന് ഇത് ഇന്ന ചെടിയാണെന്ന് പറഞ്ഞാല്‍ അതിന് പാസ് കൊടുക്കുകയാണ്. പാസ് കൊടുത്തു കഴിഞ്ഞാല്‍ അത് വനംവകുപ്പിന്റെ അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരമാണ്. പിന്നെയാര്‍ക്കുമത് ചോദ്യം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ഏതെങ്കിലും സസ്യം കിട്ടാതെവന്നാല്‍ വ്യാപകമായി ‘പകരക്കാരന്‍’ രംഗത്തുവരുന്നു. ‘കണ്ടകാരിയതില്ലെങ്കില്‍ ചുണ്ടവേരതു ചേര്‍ത്തിടാം ചുണ്ടവേരതുമില്ലെങ്കില്‍ കണ്ടവേരതു ചേര്‍ത്തിടാം’ എന്ന നിലയിലാണ് ഇന്നത്തെ ഔഷധനിര്‍മ്മാണം. അതിന്റെയൊരു വലിയ പ്രശ്‌നമെന്നത്, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദം നശിക്കുകയാണെന്നതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളാണെങ്കില്‍ നമ്മുടെ ആയുര്‍വേദത്തിനെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. പക്ഷേ, നമ്മുടെ ഔഷധസസ്യങ്ങളുടെ ലഭ്യതയില്‍ കുറവു വന്നതുകൊണ്ട്, കാട്ടിലീ സാധനങ്ങളില്ലാത്തതുകൊണ്ട്, കാട്ടിലീ സസ്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാത്തതുകൊണ്ട്, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അവയെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് വളരെ വ്യാപകമായി മായംചേര്‍ക്കല്‍ (മറൗഹലേൃമശേീി) നടക്കുന്നു. ആയുര്‍വേദത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നത് ഒരു വലിയ അപകടമാണ്. അതിന് നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കണം. ആദ്യമായി വനംവകുപ്പിന്റെ കാഴ്ചപ്പാട് മാറ്റണം. വനംവകുപ്പ് ഇതില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വച്ചതോടെ അവര്‍ക്ക് ഒരു താല്‍പര്യവുമില്ലാതായി. ആദിവാസികളും നാട്ടുവാസികളും എല്ലാവരും കാട്ടില്‍ കയറി സസ്യങ്ങളെടുക്കുന്നു. പഴയകാലത്തെ ചില സ്റ്റാഫൊക്കെ ആദിവാസികളുടെയൊപ്പം പോയി എന്താണ് ഈ സസ്യം, എന്താണിതിന്റെ പേര് എന്നൊക്കെ ചോദിച്ചുമനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ അതുമില്ല. കാട്ടിനകത്തു വളരുന്ന അഞ്ഞൂറ്റമ്പതോളം ഇനം സസ്യങ്ങള്‍ നമ്മുടെ കണ്‍മുന്‍പില്‍ ഇങ്ങനെ ഓരോന്നോരോന്നായി അന്യം നിന്നുകൊണ്ടിരിക്കുന്നത് ഏറ്റവും വലിയ ദുരന്തമാണ്. അതുകൊണ്ടുതന്നെ ഇവയെ തിരിച്ചറിയാനുള്ള ഒരു പരിശീലനപദ്ധതി വനംവകുപ്പിന്റെ ട്രെയിനിങ്ങിലുള്‍പ്പെടുത്താനുള്ള ഇച്ഛാശക്തി തലപ്പത്തുള്ളവര്‍ കാണിക്കേണ്ടതാണ്. ഔഷധസസ്യങ്ങളുടെ ഒരു തിരിച്ചറിയല്‍ പരിശീലനം വനംവകുപ്പിലുള്ളവര്‍ക്ക് കൊടുക്കാന്‍ കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍കൈ എടുക്കണം. അതുപോലെതന്നെ കൂട്, പക്ഷികളുടേയും ചിത്രശലഭങ്ങളുടേയും പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചപോലെ അന്യം നിന്നുപോയേക്കാവുന്ന ഈ അപൂര്‍വ്വ ഔഷധസസ്യങ്ങളെക്കുറിച്ചും ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയും കാട്ടില്‍ പോകുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് അതിന്റെ ഒരു കോപ്പി എത്തിക്കുകയും ചെയ്യേണ്ടതാണ്.
ജൈവകൃഷി ഒരു സംസ്‌കാരം
ആലപ്പുഴ മുഹമ്മയിലുള്ള ‘ശ്രീകോവിൽ’ കേരളത്തിലെ ജൈവകർഷകരെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥാടനകേന്ദ്രമാണ്. കാൽനൂറ്റാണ്ടായി ജൈവകൃഷിയിൽ സജീവമായി നിൽക്കുകയും പരീക്ഷണങ്ങളും പ്രചാരണവും നടത്തുകയും ചെയ്യുന്ന കെ.വി. ദയാലിന്റെ പുരയിടമാണിത്, ഒപ്പം ഒരു മാതൃകാ ജൈവകൃഷിത്തോട്ടവും. ലോകത്തിന്റെ പലഭാഗത്തുനിന്നും കൊണ്ടുവന്ന് വച്ചുപിടിപ്പിച്ചിട്ടുള്ള നിരവധിയിനം വൃക്ഷങ്ങൾ നമുക്കു കാണാം. കുളത്തിന്റെയോരത്ത് ഒരു ചെറിയ കുന്നും അതിലൊരു കാവും സൃഷ്ടിച്ചിരിക്കുന്നു. എല്ലാ കൃഷിപ്പണികളും കൂലിക്കാരെ വയ്ക്കാതെ സ്വന്തമായി ചെയ്യുന്നു. കൃഷി എന്നാൽ ഒരു പഞ്ച മഹായജ്ഞമായി ഇദ്ദേഹം കരുതുന്നു. പഞ്ചഭൂതങ്ങളെ ആവാഹിച്ചെടുത്ത് അന്നമാക്കി മാറ്റുന്ന പ്രക്രിയയാണ് കൃഷി. അതൊരു യജ്ഞമാണ്. യജ്ഞം എന്ന പദത്തിന്റെ അർത്ഥം ‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന കർമ്മം’ എന്നാണ്. തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് കൃഷി ചെയ്താൽ ശരിയാവില്ലെന്നും ദയാൽ പറയുന്നു. ജൈവകൃഷി പ്രചരിപ്പിക്കുന്നതിനു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് ദയാലിന്റേത്. എം.ജി. യൂണിവേഴ്‌സിറ്റിയിലെ ജൈവകൃഷിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സൂത്രധാരൻ ഇദ്ദേഹമാണ്. ഇനിയത് സ്‌കൂൾ തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജൈവകൃഷിയെക്കുറിച്ച് എത്ര സംസാരിച്ചാലും മടുക്കാത്ത ദയാൽ അദ്ദേഹത്തിന്റെ ദർശനങ്ങളെക്കുറിച്ചും ആധുനിക കൃഷിരീതികളെക്കുറിച്ചും ജൈവകൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ കൂടുമായി പങ്കുവയ്ക്കുന്നു.
കൃഷി എന്നാൽ അഗ്രികൾച്ചർ. അതിലെ അഗ്രി മാറ്റിയാൽ ബാക്കിയുള്ളത് കൾച്ചർ ആണ്. എന്നു പറഞ്ഞാൽ സംസ്‌കാരം. ഭാരതത്തിൽ ഒരാശയം ജനങ്ങൾ സ്വീകരിക്കണമെങ്കിൽ അതിനു പുറകിൽ ആത്മീയതയുടെ ഒരു സപ്പോർട്ടു വേണം. കൃഷി ഒരു സംസ്‌കാരം ആണ്, ആഹാര സമ്പാദന ഉപാധിയാണ്, ബുദ്ധിയുടെ പരിണാമ വികാസ പ്രക്രിയയാണ്. കൃഷി എന്നു പറഞ്ഞാൽ ജൈവകൃഷിരീതിയിൽ എടുത്തിരിക്കുന്ന ദർശനം അതാണ്. ഇതു വെറും ശുദ്ധമായ ഭക്ഷണം ഉണ്ടാക്കാനുള്ള പദ്ധതി മാത്രമല്ല മറിച്ച്, നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗം കൂടിയാണ്. കൃഷിയിലൂടെയല്ലാതെ മനുഷ്യൻ ശരിയിലേക്ക് വരികയില്ല. അതും ശരിയായ കൃഷിയിലൂടെ വരണം. മനുഷ്യന്റെ യാത്ര അല്ലെങ്കിൽ പുരോഗതി തെറ്റിയത് കൃഷിയിൽ തെറ്റിയപ്പോഴാണ്.
ഒരു കുട്ടി മണ്ണിലിറങ്ങി മണ്ണുവാരി അപ്പം ചുട്ടു കളിക്കുമ്പോൾ അത് ഒരു വെറും കളിയല്ല, അമ്മ അടുക്കളയിൽ ആഹാരം പാകം ചെയ്യുന്നത് കണ്ട് അത് അനുകരിച്ച് കുട്ടി ഒരു സൃഷ്ടി നടത്തുകയാണ്. ആശാൻ കളരികളിൽ ഹരിശ്രീ പഠിച്ചത് വിരലുകൊണ്ട് മണ്ണിലെഴുതിയാണ്. അപ്പോൾ അക്ഷരം തെറ്റില്ല. അപ്പോൾ ജീവനുള്ള മണ്ണ്, ജീവനുള്ള വിരലുകൾ ഇവ തമ്മിലുള്ള ബന്ധം കൃഷിയിൽ പഠിപ്പിക്കണം. കൃഷിയിലൂടെ മാത്രമേ നമുക്ക് ബുദ്ധി വികസിപ്പിക്കാൻ പറ്റൂ. ബുദ്ധി വികസിക്കുന്നതാണ് മനുഷ്യന്റെ പുരോഗതി. നിങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. അന്നം അതിപ്രധാനമാണ്. അതാണ് പണ്ടുള്ളവർ അന്നം ബ്രഹ്മമാകുന്നു എന്ന് പറയാനുള്ള കാരണം.
യഥാർത്ഥ കൃഷിയിൽ ആവശ്യത്തിൽ കൂടുതൽ ഒരു കാരണവശാലും മണ്ണിൽ നിന്ന് എടുക്കരുത്. വേണ്ടപ്പോൾ വേണ്ടത്ര എടുക്കുന്ന കലയാകണം കൃഷി. സത്യവും ധർമ്മവും നീതിയും പാലിച്ചു കൊണ്ട് ചെയ്യുന്ന കൃഷിയാണ് അഗ്രികൾച്ചർ. ബാക്കിയുള്ളത് അഗ്രി-ബിസിനസ്സാണ്. ബിസിനസ്സിൽ ഒറ്റ ലക്ഷ്യമേയുള്ളൂ-ലാഭം.
കൃഷിയിലെ പ്രശ്‌നങ്ങൾ ടെക്‌നോളജികളിലൂടെ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല. ഭക്ഷണത്തിന്റെ ഗുണമാണ് പ്രധാനം, അളവിനേക്കാളും. പ്രകൃതിയിൽ സ്വാഭാവികമായി വളരുന്ന ഒരു സസ്യമാവുമ്പോൾ അതിൽ കീടങ്ങൾ വന്ന് കുത്തണം. കീടം കുത്തിക്കുത്തി ഒരു പ്രതിരോധശേഷി ആ സസ്യം നേടിയെടുക്കണം. അങ്ങനെയുള്ള സസ്യത്തിൽ വളരുന്ന ഫലങ്ങൾ നമ്മൾ കഴിക്കണം. അവിടെയാണ് നമ്മുടെ പ്രതിരോധശക്തിയിരിക്കുന്നത്. ഗ്രീൻ ഹൗസിൽ ഒരു സംരക്ഷിത സ്ഥലത്താണ് ചെടികൾ വളർത്തുന്നത്. അതുകൊണ്ട് അവർക്ക് പ്രതിരോധ സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളപ്പോൾ ഈ ഭക്ഷണം കഴിക്കുന്ന മനുഷ്യർക്ക് ഒരു സംരക്ഷിത സ്ഥലത്തേ ജീവിക്കാൻ കഴിയൂ.
സാധാരണ പ്രകൃതിയിൽ ജീവിക്കാൻ കഴിയുകയില്ല. എന്താണെന്നു വച്ചാൽ, ഓരോ വർഷം കഴിയുന്തോറും കാലം മാറിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷോഷ്മാവിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു. പുതിയ പുതിയ കരുത്തുള്ള വൈറസുകൾ വന്നുകൊണ്ടിരിക്കുന്നു. ഇവരെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവോടുകൂടി നമ്മൾ ജീവിക്കണം. അങ്ങനെ പ്രതിരോധിക്കണമെന്നുണ്ടെങ്കിൽ പ്രൊട്ടക്ടഡ് ഏരിയയിൽ വളർത്തുന്ന ഭക്ഷണം കഴിച്ചാൽ സാധ്യമല്ല. പ്രതിരോധ സംവിധാനത്തിന്റെ പ്രശ്‌നമാണ് അവിടെ ഉദിക്കുന്നത്. ഭക്ഷണം വയറു നിറച്ച് ഉണ്ടാക്കിയെടുക്കാൻ കഴിയുമായിരിക്കും. പക്ഷേ അതിന് ക്വാളിറ്റി ഉണ്ടാകില്ല. അതുകൊണ്ട് ഒരു കാരണവശാലും ആ വഴിക്ക് പോകരുത്. കാരണം കൃഷിയിൽ തെറ്റിയതാണ് മനുഷ്യൻ തെറ്റാൻ കാരണം. വീണ്ടും തെറ്റിലേക്ക് പോകരുത്. ഇനി നമുക്ക് വേണ്ടത് ഒരു പുതുയുഗ കൃഷിയാണ്.
കൃഷി ഒരു ബിസിനസ്സായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. അതുകൊണ്ട് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കരുത് എന്നു തന്നെയാണ് നമ്മൾ പറയുന്നത്. കൃഷിയും കൃഷിയനുബന്ധ വ്യവസായവും എന്ന കാഴ്ച്ചപ്പാടെടുക്കണം. ഉത്പാദിപ്പിക്കുന്ന വിളവിൽ നിന്നും അവന്റെ വീടിനോട് ചേർന്ന് ഒരു ചെറിയ പ്രൊഡക്ഷൻ സെന്റർ ഉണ്ടാക്കാൻ അവനു ശ്രമിക്കാം. അതൊരു ഇൻഡസ്ട്രിയായി നടത്തിക്കൊള്ളുക. അതിലെത്ര വേണമെങ്കിലും ലാഭം ഉണ്ടാക്കിക്കൊള്ളുക. ഇപ്പോൾ തേങ്ങ കൊണ്ട് വെളിച്ചെണ്ണയുണ്ടാക്കി. വെളിച്ചെണ്ണ വേണമെങ്കിൽ നമുക്കൊരു ബേബി ഓയിൽ ആക്കാം. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിലൊക്കെ പഠിപ്പിച്ചത് ജനസംഖ്യാ വർദ്ധനവാണ് പ്രശ്‌നം എന്നാണ്. അത് തെറ്റായ ഒരു വിവരമാണ്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഒരു വായും വയറും മാത്രമല്ല കരുത്തുറ്റ രണ്ടു കൈകളും ഒരു വലിയ തലച്ചോറും ഉണ്ട്. അതിനെ വേണ്ടവിധം ഉപയോഗിക്കാത്തതാണ് പ്രശ്‌നം. ഉത്പാദനം നടക്കണം, അതിനാനുപാതികമായി വേണം പെരുകാൻ.
ഒരു ചെറിയ കാട്. ആ കാട് നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ വലുതാകും. കാടു വലുതാകുന്നതനുസരിച്ച് അതിൽ ജീവികളുടെ എണ്ണം കൂടും. അവിടെ ഒരു അനുപാതം ഉണ്ട്. സസ്യജാലങ്ങൾ പെരുകണം. അതിനാനുപാതികമായി ജീവജാലങ്ങൾ പെരുകണം. ഇത് പ്രകൃതിയുടെ നിയമം ആണ്. പക്ഷേ, നേരെ തിരിച്ചാണിവിടെ സംഭവിക്കുന്നത്. അനുപാതം തെറ്റിയതാണ് പ്രശ്‌നം. ഉത്പാദനം നടന്ന് മണ്ണിൽ നല്ല ഊർജ്ജമായി കഴിഞ്ഞാൽ വലിച്ചെറിയുന്നതെന്തും കിളിർക്കും, വളരുകയും വലുതാകുകയും ചെയ്യും. പക്ഷേ, അതിലെത്താൻ കുറച്ച് താമസമെടുക്കും. കാരണം കന്നിമണ്ണ് എന്നു പറഞ്ഞാൽ കോടാനുകോടി വർഷം കൊണ്ട് രൂപപ്പെടുന്ന മണ്ണാണ്. ആ മണ്ണിൽ കൃഷി എളുപ്പമാണ്. എന്തിട്ടാലും കിളിർക്കും, വിളയും.
ഞാൻ ഒരുപാട് കൃഷി കണ്ടിട്ടുണ്ട്. ബയോ ഡൈനാമിക് ഫാമിങ്ങ്, തെർമൽ പവർ കൃഷി എന്നിങ്ങനെ ഒരുപാട് രീതികൾ കണ്ടിട്ടുണ്ട്. ഇതിൽ പലേക്കറുടേതാണ് ജനങ്ങളെ ഏറ്റവും അധികം ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു കൃഷി രീതി. ആകർഷിക്കാനുണ്ടായ കാരണം അതിനകത്തെ ആ ലാഭം എന്നു പറയുന്ന ഭാഗം തന്നെയാണ്. ജൈവ കൃഷിയിൽ ആളുകൾ കുറയാനുള്ള കാരണം നഷ്ടം സഹിച്ചും കഷ്ടം സഹിച്ചും നേരായ വഴിയിൽ വരണമെന്നുള്ളതുകൊണ്ടാണ്. ഒരു നാടൻ പശു ഉണ്ടെങ്കിൽ നമുക്ക് 30 ഏക്കറിൽ ഭയങ്കര വിളവ് ഉണ്ടാക്കാം എന്നു പറയുന്ന തെറ്റായ ഒരു സന്ദേശം കൊടുക്കുന്നുാേയെന്ന് എനിക്ക് സംശയമു്. ജൈവ കൃഷിയിലേക്ക് വന്നവർ പോലും കൃഷിയിൽ നിന്നും വിട്ടുപോകാനുള്ള ഒരു സാധ്യത അവിടെയുണ്ട്. കാരണം ഏതെങ്കിലും ഒരു ജീവിയെ മാത്രം ആശ്രയിച്ച് കൃഷി സാധ്യമല്ല. താൽക്കാലികമായിട്ട് നിലനിൽക്കുമായിരിക്കും.
കാട് എന്ന് പറയുന്നുണ്ടെങ്കിലും, അദ്ദേഹം യഥാർത്ഥ കാടിനെപ്പറ്റിയോ യഥാർത്ഥ പ്രകൃതിയെപ്പറ്റിയോ മനസ്സിലായിട്ടില്ലാത്ത ഒരാളെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളും കാടിനെതന്നെയാണ് ആശ്രയിക്കുന്നത്. കാടിന്റെ എനർജി ഇൻപുട്ടിനെയാണ് ഞാൻ എടുക്കുന്നത്. 60 വർഷം കൊണ്ടാണ് ആധുനിക കൃഷി നമ്മൾ തള്ളിപ്പറഞ്ഞതെങ്കിൽ ഇതിന് ചിലപ്പോൾ ഒരു 80 വർഷമെടുക്കാം. അത്രയേയുള്ളു. അതിൽ കൂടുതൽ ആയുസ്സ് ഞാൻ കാണുന്നില്ല.
ഇക്കോളജിക്കൽ നിയമമനുസരിച്ച് ഒരു ജീവിയെ മാത്രം ആശ്രയിച്ച് കൃഷി ആകാം എന്നു പറയുന്നതിൽ അടിസ്ഥാനപരമായി തെറ്റുണ്ട്. ഠവല ാീൃല റശ്‌ലൃലെ, വേല ാീൃല ൗെേെമശിമയഹല-ഇക്കോളജിയുടെ നിയമം അതാണ്. വൈവിധ്യം പരമാവധി കൂടണം. അതിനെ ആശ്രയിക്കണം. സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വൈവിധ്യം പരമാവധി കൂടിയാൽ മാത്രമേ നിലനിൽപ്പുള്ളൂ. അപ്പോൾ ഒരു ജീവിയെ എന്നു പറയുമ്പോൾ തന്നെ തള്ളിക്കളയും.
നല്ല അഭിപ്രായമാണെനിക്ക്. പെർമകൾച്ചർ കൃഷിരീതിയാണ് കേരളത്തിന് ഏറ്റവും അനുയോജ്യമായത് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ പ്രാക്ടിക്കൽ ആയി അതിൽ അധികം പഠനമോ ഗവേഷണങ്ങളോ നടന്നിട്ടില്ല. കമ്പാനിയൻഷിപ്പ് ഓഫ് പ്ലാന്റിങ്ങ് എന്നു പറയുന്ന ബോധപൂർവ്വമായ ഒരു ഇടപെടൽ ഇതിനകത്ത് ചെയ്യാനായിട്ട് ബിൽ മോളിസൺ ശുപാർശ ചെയ്യുന്നു.
ഭക്ഷ്യ സുരക്ഷാ ബില്ലെന്ന് പറഞ്ഞാൽ ഭക്ഷണം എല്ലാവർക്കും വീട്ടിലെത്തിച്ചുകൊടുക്കുന്നതാണ്! അതായിട്ട് യോജിക്കാനേ പറ്റില്ല. ഓരോരുത്തർക്കും ടെറിട്ടോറിയൽ സംവിധാനം വേണം. ഭൂമിയുടെ വിതരണത്തിലുള്ള തെറ്റാണത്. ഭൂമിയിന്നൊരു വിൽപ്പനച്ചരക്കാണ്. ഭൂമിയൊരിക്കലും വിൽപ്പനച്ചരക്കാവാൻ പാടില്ല. അവനു ഭൂമി കൊടുത്തു കഴിഞ്ഞാൽ അവന്റെ ഭൂമിയിൽ അവനു വേണ്ടത് വിളയിച്ച് കഴിക്കേണ്ടത് അവന്റെ ജോലിയാണ്. അല്ലാതെ അവന്റെ വീട്ടിൽ അരി എത്തിച്ചു കൊടുക്കുകയല്ല സർക്കാരിന്റെ ജോലി. ഭക്ഷ്യ സുരക്ഷയെന്നു പറഞ്ഞാൽ ഭക്ഷണം എന്താണെന്ന് നിർവ്വചിക്കേണ്ടിയിരുന്നു. ഭക്ഷണം എന്നു പറഞ്ഞാൽ സൗരോർജ്ജം തന്നെയാണെന്ന് നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഒരു പത്ത് സെന്റ് ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടത്, ആ പത്ത് സെന്റിൽ ഭക്ഷണം വീഴുന്നുണ്ട്, സൗരോർജ്ജത്തിന്റെ രൂപത്തിൽ. അത് പിടിച്ചെടുക്കാൻ മനുഷ്യനുൾപ്പെടെ ഓരോ ജീവിക്കും ധാർമ്മിക ഉത്തരവാദിത്വമുണ്ട്. സൂര്യപ്രകാശം പാഴാക്കരുത്. ഒരു കിരണം പോലും പാഴാക്കരുത്. സൂര്യപ്രകാശമാണ് ഭക്ഷണമെന്ന് ഒരു നിർവ്വചനം വന്നാലേ ശരിയാവുകയുള്ളു. കിട്ടിയ എനർജി കത്തിച്ചു കളയുകയും ചെയ്യരുത്.
അവരിതേവരെ അത് ചെയ്തിട്ടേയില്ല. ഹൈബ്രിഡൈസ് ചെയ്യപ്പെടേണ്ടത് വിത്തല്ല. കാരണം ഒരു ഹൈബ്രിഡ് വിത്തുകൊണ്ടുവന്ന് മോശം മണ്ണിലിട്ടാൽ ഈ പറയുന്ന വിളവുകിട്ടില്ല. എന്നു പറഞ്ഞാൽ ഏതിനാണ് പ്രാധാന്യം? ഹൈബ്രിഡ് മണ്ണാണുണ്ടാവേണ്ടത്, വിത്തല്ല. മണ്ണിന്റെ ഗുണം മാറുന്നതനുസരിച്ച്, ഹൈബ്രിഡൈസ് ചെയ്യുന്നതിനനുസരിച്ച് വിത്തിൽ ഉത്പാദനം കൂടും.
മണ്ണു നന്നായാൽ മരം നന്നാവും. വിത്തിലൂടെ പരിഹാരം കാണാമെന്ന ഒരു ലക്ഷ്യമാണ് ആധുനിക കൃഷി മുഴുവൻ എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് അവർ ഹൈബ്രിഡ് വിത്തുണ്ടാക്കിയത്. ജനറ്റിക് എഞ്ചിനീയറിങ്ങിലൂടെ കീടം കുത്താത്ത വിളവുതരുന്ന വിത്തുണ്ടാക്കാൻ സാദ്ധ്യമല്ല. കാരണം ഹൈബ്രിഡൈസേഷൻ പ്രകൃതിയിൽ നടക്കുന്നത്, ഒരു നൂറായിരം ഘടകങ്ങളെ സാഹചര്യം അനുകൂലമാക്കിയിട്ട് വിത്തുണ്ടാക്കലാണ്. നമ്മളതല്ല, വിത്തുണ്ടാക്കിയിട്ട് അനുകൂലമല്ലാത്ത സാഹചര്യത്തിൽ വിളയിക്കാൻ നോക്കുന്നു. നടക്കില്ല. നേരെ വിപരീതമാണ്. പ്രകൃതിയുടെ നിയമാനുസൃതം മണ്ണാണ് പ്രധാനം; വിത്തല്ല.
ഈ രാസവളമെന്നു പറയുന്നത് കൃഷിക്കാർ ഇടാൻ മടിച്ചു നിന്ന ഒരു കാര്യമായിരുന്നു. കൃഷിക്കാരുടെ അടുക്കൽ രാസവളം കൊണ്ടു ചെന്നപ്പോൾ തീവളം ഞങ്ങൾ ഇടില്ല എന്നു പറഞ്ഞ കൃഷിക്കാരായിരുന്നു മുഴുവൻ. ആ കൃഷിക്കാരെ സബ്‌സിഡി കൊടുത്തും സൗജന്യം കൊടുത്തും പ്രലോഭിപ്പിച്ചും, ഡിപ്പാർട്ടുമെന്റ് തന്നെ കൃഷിക്കാരൻ കാണാതെ അവരുടെ പാടത്ത് പോയി യൂറിയ എറിഞ്ഞും അവരെ ആകർഷിച്ച് വഴി തെറ്റിച്ചതാണ്. ഇനി തിരിച്ചു കൊണ്ടു പോകണമെന്നുണ്ടെങ്കിൽ ഇതിന്റെ ഇരട്ടി പണിയെടുക്കേണ്ടി വരും. പക്ഷേ, ഗവൺമെന്റിന് ആ പണിയെടുക്കാനുള്ള ഉത്തരവാദിത്വമുണ്ട്, ബാധ്യതയുണ്ട്. കാരണം അവരാണ് വഴിതെറ്റിച്ചത്. അതിന് ചിലപ്പോൾ അങ്ങോട്ട് കൊണ്ടുപോയതിന്റെ പത്തിരട്ടി മുടക്കിയാലേ തിരിച്ചു കൊണ്ടുവരാൻ കഴിയൂ. എന്തായാലും അത് ചെയ്‌തേ പറ്റൂ.
കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചോ എന്നുള്ള ഒരു സന്ദേശം കൊടുക്കുന്നതു കൊണ്ടാണിത്. അപ്പോൾ തെറ്റും. കാരണം കേരളത്തിലെ നിത്യജീവിത ചെലവ് ഒരു തമിഴന്റെയോ കർണ്ണാടകക്കാരന്റെയോ അല്ല. നിത്യജീവിത ചെലവ് ഇത്രയും ഉയർന്നു നിൽക്കുന്ന പ്രദേശത്ത് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാമെന്ന സന്ദേശം കൊടുക്കുന്നതു തന്നെ തെറ്റാണ്, റബ്ബർ കൃഷി ഒഴിച്ച്. കൃഷിയും കൃഷി അനുബന്ധ വ്യവസായത്തിലൂടെയുമേ നമുക്ക് പോകാൻ പറ്റൂ. ജൈവകൃഷിയുടെ അടിസ്ഥാന കാര്യങ്ങൾ മുഴുവൻ വികസിച്ചിട്ടും ഉണ്ടായിരുന്നില്ല. ആ സമയത്ത് കർഷകർ മടിച്ചുനിൽക്കും. ജൈവകൃഷിയിലൂടെ നമ്മൾ പരമാവധി വിളവ് ഉണ്ടാക്കി കാണിച്ചു കൊടുത്താൽ ഓട്ടോമാറ്റിക് ആയി കൃഷിക്കാർ അതിലേക്ക് വരും. ഉദാഹരണത്തിന് മീനിന്റെ അവശിഷ്ടം രൂപാന്തരപ്പെടുത്തി മണ്ണിലേക്കു കൊടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ട് മാസം മൂന്നേ ആയിട്ടുള്ളു. ഇറച്ചിയുടെ അവശിഷ്ടം കൺവെർട്ട് ചെയ്ത് കൊടുക്കാൻ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് സാധിച്ചിരിക്കുന്നത്. അപ്പോൾ ഓരോന്നോരാന്നായി വരുന്നതേയുള്ളു. പക്ഷേ, ഇത് സർക്കാർ ഇടപെട്ടിരുന്നെങ്കിൽ, യൂണിവേഴ്‌സിറ്റി ഇടപെട്ടിരുന്നെങ്കിൽ ഒരു മൂന്നു വർഷം കൊണ്ട് സാധ്യമാക്കാമായിരുന്നു.
വളരെ ചുരുങ്ങിയ ആളുകൾ ഉള്ളൊരു സംഘടന വർഷങ്ങൾ പണിയെടുക്കേണ്ടിവരും. ഒരു ഗവേഷണം സർക്കാരാണ് ഏറ്റെടുത്ത് നടത്തേണ്ടത്. എങ്ങനെ പരമാവധി ഉത്പാദനം ജൈവകൃഷിയിലൂടെ ഉണ്ടാക്കാം എന്നുള്ള ഒരു ഗവേഷണം ഉണ്ടാകുകയും ഇതിൽ നിൽക്കുന്ന ആളുകളുമായി സഹകരിച്ചുകൊണ്ട് ഒരു വർക്കും കൂടി ഉണ്ടായിരുന്നുവെങ്കിൽ വളരെ ലളിതമായി കാര്യം സാധിക്കുമായിരുന്നു. അപ്പോൾ കൃഷിക്കാർ അത് സ്വീകരിക്കും. അങ്ങനെയൊരു ശ്രമം ഇന്നേവരെ ഉണ്ടായിട്ടില്ല.
വിശാലമായ ഒരു വീക്ഷണത്തിലൂടെയേ അതിന്റെ കാര്യം മനസ്സിലാവൂ. അരിയാണോ നമ്മുടെ ഭക്ഷണം എന്ന ചോദ്യത്തിലേക്ക് ആദ്യം വരണം. അരിയാണോ, ഗോതമ്പാണോ, കിഴങ്ങാണോ നമ്മുടെ ഭക്ഷണം ആവേണ്ടത്? ഇന്നത്തെ രീതിയിലാണ് അരിഭക്ഷണം കഴിക്കുന്നതെങ്കിൽ നൂറു ശതമാനവും മനുഷ്യർ പ്രമേഹ രോഗികളാകും. കാരണം ൗിിമൗേൃമഹ രമൃയീവ്യറൃമലേ ആണ് അരി. മനുഷ്യന് അനുയോജ്യമായ ഒരു കാർബോ ഹൈഡ്രേറ്റ് അല്ല. യഥാർത്ഥ കാർബോഹൈഡ്രേറ്റ് കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒരു കാർബോ ഹൈഡ്രേറ്റ് ഈ ഭൂമിയിൽ എവിടെയോ ഉണ്ട്. അതു കണ്ടുപിടിക്കണം. അതുമായി ബന്ധപ്പെട്ട കൃഷി പ്രമോട്ട് ചെയ്യണം.
കാട്ടിൽ നിന്ന് ഇറങ്ങിയ മനുഷ്യൻ കണ്ണിൽ കണ്ട ഒരു പുല്ലിലെ മണികളെ ഭക്ഷണമാക്കി ശീലിച്ചതാണ്. സൂക്ഷിച്ചു വക്കാൻ പറ്റിയതായതുകൊണ്ട് നിത്യഭക്ഷണമായിപ്പോയതാണ്. നമ്മുടെ ദഹനപദ്ധതിയെപ്പറ്റിയോ ദഹനരസങ്ങളെപ്പറ്റിയോ പഠിച്ചിട്ട് തെരഞ്ഞെടുത്ത ഒരു ഭക്ഷണമല്ല അത്. ഇന്ന് നമ്മുടെ ഡൈജസ്റ്റീവ് സിസ്റ്റത്തെപ്പറ്റി നമുക്കറിയാം. ഏറ്റവും അനുയോജ്യമായ കാർബോഹൈഡ്രേറ്റ് ഏതാണെന്ന് ലബോറട്ടറിയിൽ പരീക്ഷിച്ച് കണ്ടെത്താനുള്ള സൗകര്യവും അറിവും ഇന്നുണ്ട്. അപ്പോൾ അതേതാണെന്ന് തിരിച്ചറിഞ്ഞിട്ട് ആ ചെടിയെ പ്രമോട്ട് ചെയ്യണം. അൺ നാച്ചുറൽ കാർബോ ഹൈഡ്രേറ്റ്, കോഴിയും പ്രാവും തിന്നുന്നതുപോലെ നമുക്ക് തിന്നാൻ പറ്റില്ല എന്നിരിക്കേ അത് നമ്മുടേതല്ല. പക്ഷേ, നിത്യഭക്ഷണമായിപ്പോയതാണ്.
നെല്ലിന്റെ സ്ഥാനത്ത് ഒരു മരമാണ് വരുന്നതെന്നിരിക്കട്ടെ, ജലസംഭരണം നടക്കില്ലേ? വിൻഡ് ബ്രേക്കിങ്ങ് നടക്കില്ലേ? ചൂടു കുറയ്ക്കാൻ ഉപകരിക്കില്ലേ? ഒരു തവണ നട്ടാൽ അറുപതുവർഷം ഫലം തരില്ലേ? അതുകൊണ്ടാണ് ജൈവകൃഷിയും കൃഷിയില്ലാക്കൃഷിയിലെത്തണം എന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. അതായത് മരങ്ങളിൽ നിന്നും ഭക്ഷണം വരണം. നെല്ലിനെ ആശ്രയിച്ചിനി മുന്നോട്ടു പോകാൻ കഴിയില്ല. കാരണം ഭൂമിയിലെ, നെൽകൃഷി ചെയ്യാൻ പറ്റിയ അനുകൂലമായ കൃഷിയിടങ്ങൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭക്ഷണം വിളയുന്ന നാട് എന്ന സങ്കല്‍പം എടുക്കാനുള്ള കാരണം അതാണ്.
വീട്ടിൽ വിളയുന്ന സംസ്‌ക്കാരം
ഓന്നോ രണ്ടോ തലമുറ മുമ്പുവരെ ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യത്തിനുള്ള ഭക്ഷണം വീടിനോടുചേർന്നുള്ള കൃഷിയിടങ്ങളിൽതന്നെ ഉത്പാദിപ്പിക്കുകയും മിച്ചമുള്ളത് വിപണിയിൽ വിറ്റ് ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഒരു സംസ്‌ക്കാരമായിരുന്നു നമ്മുടേത്. നഷ്ടമേറി കടക്കെണിയിൽ കുരുങ്ങിയപ്പോഴും ഒരു നിയോഗമെന്നതുപോലെ ലാഭനഷ്ടങ്ങൾ കണക്കിലെടുക്കാതെ അവിരാമം നാടിന് ആവശ്യമുള്ള ഭക്ഷേ്യാ
ത്പന്നങ്ങൾ ഉല്പാദിപ്പിച്ചവരായിരുന്നു നമ്മുടെ കർഷകർ. അമ്മയും അച്ഛനും മക്കളും ഒത്തൊരുമിച്ച് അവരുടെ അദ്ധ്വാ
നശേഷി വിനിയോഗിച്ചുകൊണ്ട് സ്വാശ്രയത്വത്തോടെ നടത്തിയിരുന്ന ഈ കുടുംബകൃഷി ആഗോളവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും തിരമാലകളിൽപെട്ട് നമുക്ക് കൈമോശം വന്നു. പുതിയ കാലത്ത് കൃഷിപ്പണിക്ക് സമൂഹത്തിൽ അന്തസ്സു നഷ്ടപ്പെടുകയും യുവതലമുറ കൃഷിയിൽ നിന്ന് അകലുകയും ചെയ്തതോടെ വീടും അതിനോടു ചേർന്നുള്ള കൃഷിയിടവുമായി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പൊക്കിൾക്കൊടി ബന്ധം മുറിഞ്ഞുപോയി. പ്രതികൂലമായ കാലാവസ്ഥയും വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും അമേരിക്കയിലെ ചെറുകിടകർഷകരെ കശക്കിയെറിഞ്ഞതിന്റെ ചിത്രം 1939-ൽ പ്രസിദ്ധീകരിച്ച ‘റാത്ത് ഓഫ് ഗ്രേപ്‌സ്’ എന്ന നോവലിൽ കാണാം. നോബൽ സമ്മാനജേതാവായ ജോൺ സ്റ്റെയിൻബെക്ക് അമേരിക്കയിലെ ചെറുകിട കർഷകരുടേയും കുടുംബകൃഷിയുടേയും തകർച്ചയാണ് ഈ നോവലിൽ വരച്ചുകാണിക്കുന്നത്. സ്റ്റെയിൻബെക്കിന്റെ നോവലിൽ വരച്ചുകാണിച്ച അതേ അവസ്ഥയിൽതന്നെയാണ് ഇന്ന് ലോകമെമ്പാടുമുള്ള ചെറുകിട-നാമമാത്രകർഷകർ. ഭക്ഷേ്യാത്പാദനം റെക്കോർഡ് നിലയിൽ എത്തിയിട്ടും ജനസംഖ്യയിൽ വലിയൊരു ഭാഗം ഇന്നും കൊടുംപട്ടിണിക്കാരായി അവശേഷിക്കുന്നു. ഇവരിൽ ഗ്രാമീണമേഖലയിലെ ഭക്ഷേ്യാത്പാദകരായ ചെറുകിട-നാമമാത്രകർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടുന്നുവെന്നതാണ് ഏറെ ദു:ഖകരമായ സത്യം. കാർഷികോത്പന്നങ്ങളുടെ വില കുതിച്ചുകയറിയിട്ടും അതിന്റെ പ്രേയാജനമൊന്നും കർഷകർക്കു ലഭിക്കുന്നില്ല. ഉത്പാദനച്ചെലവിൽ ഓരോ വർഷവുമുണ്ടാകുന്ന വർദ്ധനയും ഉപഭോക്തൃവസ്തുക്കളുടെ വിലക്കയറ്റവും കാരണം കർഷകർക്ക് കൃഷി ലാഭകരമായി നടത്തിക്കൊണ്ടുപോകാനാവുന്നില്ല. കർഷകരിൽ പലരും കൃഷിഭൂമി വിറ്റഴിക്കുകയോ കൃഷിക്ക് അവധി പ്രഖ്യാപിച്ച് ഭൂമി തരിശിടുകയോ ചെയ്യേണ്ടി വരുന്നു. കർഷകരാണ് സാമ്പത്തിക വികസനത്തിന്റെ ആണിക്കല്ല് എന്ന് ഭരണകൂടങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും കാർഷികവൃത്തിയിൽ നിന്ന് ആളുകൾ പിന്മാറുന്നത് തടയാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. 1991-നും 2011-നും ഇടയിലുള്ള 20 വർഷങ്ങളിൽ ദിവസേന 2000 കർഷകർ ഇന്ത്യയിൽ കാർഷിക മേഖലയെ ഉപേക്ഷിച്ചുപോയി.
ആഗോളഭക്ഷേ്യാത്പാദനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണ് ചെറുകിട-നാമമാത്ര കർഷകരും അവരുടെ കുടുംബകൃഷിയുമെങ്കിലും ദേശീയ-അന്തർദേശിയ നയരൂപീകരണങ്ങളിൽ കുടുംബകൃഷിക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിക്കാണാറില്ല. കോർപ്പറേറ്റ് കൃഷി, അഗ്രിബിസിനസ്, ജിഎം വിളകൾ തുടങ്ങിയവയിലേക്ക് നീങ്ങാൻ നിർദ്ദേശിക്കുന്ന നയരേഖകൾ പാവപ്പെട്ട കർഷകരുടെ കുടുംബകൃഷിയെ ബോധപൂർവ്വം അവഗണിച്ചു. ചെറുകിട-നാമമാത്രകർഷകർ കഴിയുമെങ്കിൽ അവരുടെ കൃഷിഭൂമി വൻകിട കർഷകർക്ക് പാട്ടത്തിനു കൊടുക്കുകയോ വിൽക്കുകയോ ചെയ്തതിനുശേഷം വൻകിടക്കാരുടെ വയലുകളിൽ കൂലിപ്പണിയെടുക്കുന്നതായിരിക്കും നല്ലതെന്ന് ദേശീയ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ഡോ. മോൺടേക്‌സിംഹ് അലുവാലിയ അടുത്തകാലത്തു നടത്തിയ പ്രസ്താവന, നയരൂപീകരണ സമിതികളിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ചെറുകിട കർഷകരോടുള്ള മനോഭാവം വ്യക്തമാക്കുന്നു. ലാഭമുള്ള വിളകൾ ലാഭം കിട്ടുന്ന സമയത്ത് വിപണിയെ ലക്ഷ്യമാക്കി
കൃഷി ചെയ്താൽ മതിയെന്ന നയം ദേശീയതലത്തിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം നയസമീപനങ്ങൾ കാർഷിക-പാരിസ്ഥിതിക (അഗ്രോ-ഇക്കോളജിക്കൽ) സമീപനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുടുംബകൃഷി എന്ന സംസ്‌ക്കാരത്തിന്റെ കടയ്ക്കൽതന്നെയാണ് കത്തിവച്ചിരിക്കുന്നത്. കോർപ്പറേറ്റ് കൃഷിയോ വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജ്ജിത രാസികകൃഷിയോ ദീർഘകാലാടിസ്ഥാനത്തിൽ ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ സഹായകമല്ലെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ സുസ്ഥിരമായ ഭക്ഷ്യസ്വാശ്രയത്വത്തിലേക്കു നയിച്ചാൽ മാത്രമേ നാം ഇന്നു തേടുന്ന ഭക്ഷ്യസുരക്ഷാപ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താനാവുകയുള്ളു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2014 അന്താരാഷ്ട്ര കുടുംബകൃഷി വർഷമായി (ഇന്റർനാഷണൽ ഇയർ ഓഫ് ഫാമിലി ഫാമിംഗ്) പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബകൃഷി എന്ന മഹത്തായ സംസ്‌ക്കാരത്തെ കാർഷിക-പാരിസ്ഥിതിക-സാമൂഹിക നയപരിപാടികളുടെ കേന്ദ്രസ്ഥാനത്തേക്ക് മടക്കികൊണ്ടുവരിക എന്നതാണ് കുടുംബകൃഷി വർഷാചരണത്തിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ ഭക്ഷ്യസുരക്ഷിതത്വത്തിലേക്കും പോഷക സുരക്ഷിതത്വത്തിലേക്കും നയിക്കുക, കുടുംബകൃഷിയുടെ പ്രാധാന്യം വീണ്ടെടുക്കുക എന്നിവയും വർഷാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. കുടുംബകൃഷിയെയും ചെറുകിടകർഷകരെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിവിഭവങ്ങളും പരിപാലനവും പരിസ്ഥിതിസംരക്ഷണവും അതിലൂടെ സുസ്ഥിരവികസനവും സാധിക്കും. വെട്ടിവെളുപ്പിക്കുന്നതോ പ്രകൃതിയെ നശിപ്പിക്കുന്നതോ അല്ല, നട്ടുപിടിപ്പിക്കുന്നതും നിലനിർത്തുന്നതുമാണ് വികസനം എന്ന വലിയ സന്ദേശം കുടുംബകൃഷി വർഷാചരണം പൊതു സമൂഹത്തിനു പകർന്നുനൽകും. കുടുംബകൃഷിയും ചെറുകിടകർഷകരും നേരിടുന്ന വെല്ലുവിളികളും പുതിയ അവസരങ്ങളും പ്രാദേശിക-ദേശീയ-അന്തർദേശീയ സമൂഹത്തിനുമുന്നിൽ കുടുംബകൃഷി വർഷാചരണത്തിന്റെ മുൻനിരയിലുള്ള സംഘടനകൾ അവതരിപ്പിക്കും. വീടും കൃഷിയും ഒന്നിക്കുന്ന കുടുംബകൃഷി എന്ന പുരാതന കൃഷി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്ക് മനുഷ്യസംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും വീണ്ടെടുക്കൽ കൂടിയാണ്. കുടുംബകൃഷിയെയും ചെറുകിട കർഷകരെയും പ്രോത്സാഹിപ്പിക്കുന്നത് വൻതോതിലുള്ള ദാരിദ്ര്യനിർമ്മാർജ്ജനത്തിനും ഗ്രാമീണ ജനതയുടെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിനും അനിവാര്യവുമാണ്.
ചെറുകിട കർഷകരും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് അവർ നടത്തുന്ന പാരിസ്ഥിതിക കൃഷിയുമാണ് (ഇക്കോളജിക്കൽ അഗ്രികൾച്ചർ) ഭാവിയിലെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ഏതൊരു വെല്ലുവിളിയെയും നേരിടാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. കൃഷിയിടത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാൻ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, തേനീച്ചവളർത്തൽ, ഇടവിളകൃഷി, ജൈവവളനിർമ്മാണം എന്നിവയെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതികൾ നടപ്പാക്കണം. കൂടുതൽ ജനുസുകളെ ഉൾപ്പെടുത്തി ജൈവവൈവിധ്യസമ്പന്നമായ കൃഷിരീതികൾ നടപ്പാക്കുകയാണ് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താനും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ ഉത്പാദനം നിലനിർത്താനും ഏറ്റവും ഫലപ്രദം. ഒരുകാലത്ത് കാർഷിക ജൈവവൈവിധ്യത്തിന്റെ കലവറയായിരുന്നു നമ്മുടെ കൃഷിഭൂമികൾ. ഇന്നുകാണുന്ന മികച്ച ഇനങ്ങളിൽ പലതും നൂറ്റാണ്ടുകളിലെ ബോധപൂർവ്വമായ നിർധാരണത്തിലൂടെ ചെറുകിട കർഷകർ വികസിപ്പിച്ചെടുത്തതാണ്. എന്നാൽ ഏകവിള കൃഷിയിൽ ഊന്നിയ ഹരിതവിപ്ലവത്തോടെ നമ്മുടെ കാർഷിക ജൈവവൈവിധ്യത്തിന്റെ നല്ലൊരു പങ്കും കൃഷിയിടങ്ങളിൽ നിന്നും അപ്രത്യക്ഷമായി. പതിനായിരക്കണക്കിന് പരുത്തി ഇനങ്ങൾ കൃഷിചെയ്തിരുന്ന ഇന്ത്യയിൽ ജനിതക പരിവർത്തനം വരുത്തിയ ബിടി പരുത്തിയുടെ ആവിർഭാവത്തോടെ 99 ശതമാനത്തിലേറെ കൃഷിയിടങ്ങളും ബിടി പരുത്തി ഇനങ്ങൾക്കു കീഴിലായി. ഹരിതവിപ്ലവത്തിനു മുമ്പ് പതിനായിരത്തിലേറെ നെൽവിത്തിനങ്ങൾ കൃഷി ചെയ്തിരുന്ന ഇന്ത്യയിൽ ഇപ്പോൾ പത്തോളം ഇനങ്ങളുടെ ജനിതക അടിത്തറയിലാണ് എഴുപത്തഞ്ചു ശതമാനം സ്ഥലത്തെയും നെൽകൃഷി. 1920-നു മുമ്പ് പതിനായിരത്തോളം ഗോതമ്പ് ഇനങ്ങൾ കൃഷി ചെയ്തിരുന്ന ചൈനയിൽ ഇന്ന് ആയിരത്തിൽ താഴെ ഇനങ്ങളേ കൃഷിയിടങ്ങളിൽ അവശേഷിക്കുന്നുള്ളൂ. മക്കച്ചോളത്തിന്റെ ജന്മദേശമായ മെക്‌സിക്കോയിൽ 1980-നു മുമ്പുള്ള മക്കച്ചോളം ഇനങ്ങളിൽ ഇരുപതു ശതമാനം മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. കുടുംബകൃഷിയുടെ വീണ്ടെടുപ്പ്, നഷ്ടപ്പെട്ടുപോയ ജനിതക അടിത്തറയുടെ വീണ്ടെടുപ്പുകൂടിയാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന വരുംകാലങ്ങളിൽ പ്രതികൂല കാലാവസ്ഥയോടു പൊരുതിനിൽക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ ഭക്ഷ്യസുരക്ഷയോട് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
കൃഷി, ഫോറസ്ട്രി, മത്സ്യം വളർത്തൽ, മൃഗസംരക്ഷണം എന്നിവയെല്ലാം കുടുംബത്തിന്റെ മേൽനോട്ടത്തിലും മുഖ്യമായും കുടുംബാംഗങ്ങളുടെ തൊഴിൽശേഷിയെമാത്രം ആശ്രയിച്ചും നടത്തിക്കൊണ്ടുപോകാവുന്ന ഒന്നാണ് കുടുംബകൃഷിയെന്നാണ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെ നിർവ്വചനം. കൃഷിമാത്രമല്ല കൃഷി അനുബന്ധമേഖലകളും അതിന്റെ പരിധിയിൽ വരും. കുടുംബകൃഷി ഒരു ഉപജീവനമാർഗ്ഗം മാത്രമല്ല, ഭൂമിയിലെ ഏറ്റവും സുസ്ഥിരമായ ജീവിതരീതികളിൽ ഒന്നു കൂടിയാണ്. ആഗോളവ്യാപകമായി 260 കോടി ജനങ്ങൾ (ലോക ജനസംഖ്യയുടെ 30 ശതമാനം) കുടുംബകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. സംഘടിതമായി കൃഷി നടത്തുന്ന ജനസംഖ്യയുടെ 99 ശതമാനവും കുടുംബകൃഷിയിൽ ഏർപ്പെടുന്നവരാണ്. ആഗോളവ്യാപകമായി 50 കോടി കുടുംബങ്ങളാണ് കുടുംബകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും കർഷകരിൽ 80 ശതമാനവും കുടുംബകൃഷി പരമ്പരാഗതമായി നടത്തിക്കൊണ്ടുപോകുന്ന ചെറുകിട കർഷകരാണ്. ലോകത്തിലെ കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനവും അവരുടെ നിയന്ത്രണത്തിലാണ്. മണ്ണ്-ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, നാടൻ വിത്തിനങ്ങളുടെ ജൈവവൈവിധ്യസംരക്ഷണം, തനത് ഗ്രാമീണ സംസ്‌ക്കാരങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാവാത്ത സേവനങ്ങളാണ് അവർ നിർവ്വഹിക്കുന്നത്. ചെറുകിട-നാമമാത്രകർഷകർ ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ടുപോകുന്ന പാരിസ്ഥിതിക സേവനങ്ങൾ (എക്കോസിസ്റ്റം സർവ്വീസ്) പലപ്പോഴും പൊതുസമൂഹം തിരിച്ചറിയുന്നതേയില്ല. വീടും കൃഷിയും ഒന്നിച്ചു ചേരുമ്പോൾ ഭക്ഷ്യസുരക്ഷക്കൊപ്പം പാരിസ്ഥിതികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ അമൂല്യസേവനങ്ങളും സമൂഹത്തിനു ലഭിക്കുന്നു.
ഭക്ഷണം കഴിക്കുന്ന ഓരോരുത്തർക്കും ഭക്ഷ്യോത്പാദനത്തിൽ പങ്കാളികളാകാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം. കർഷകർ മാത്രം ഭക്ഷ്യോത്പാദനത്തിൽ ഏർപ്പെടുന്ന ഭക്ഷ്യസുരക്ഷയല്ല, ഭക്ഷണം കഴിക്കുന്ന എല്ലാവരും ഭക്ഷണം ഉത്പാദിപ്പിക്കുകകൂടി പെയ്യുന്ന ‘അന്നസ്വരാജാണ്’ ഇന്നത്തെ ആവശ്യം. ഭൂമി കൈവശമുള്ളവരും ഭൂരഹിതരും ഗ്രാമവാസികളും നഗരവാസികളും എല്ലാം ഭക്ഷ്യോത്പാദനത്തിൽ പങ്കാളികളാകണം. കൃഷിയോഗ്യമായ ഒരിഞ്ചുഭൂമിപോലും തരിശിടുകയോ കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടി പരിവർത്തനം ചെയ്യുകയോ പാടില്ല. നഗരവാസികൾക്ക് പരിമിതമായ സ്ഥലത്ത് കൃഷിനടത്താനാവശ്യമായ സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. മട്ടുപ്പാവിലെ കൃഷി, മിനിപോളിഹൗസുകൾ, ഗ്രോബാഗുകളിലെ കൃഷി, വെർട്ടിക്കൽ വെജിറ്റബിൾ ടവർ, ഹൈഡ്രോപോണിക്‌സ് തുടങ്ങിയ മണ്ണില്ലാ കൃഷിരീതികൾ എന്നിവയെല്ലാം നഗരവാസികൾക്കു മുന്നിലും ഭക്ഷേ്യാത്പാദനത്തിന്റെ പുതിയ സാധ്യതകൾ തുറന്നിടുന്നു. ഇത്തരം കൃഷിരീതികളിലൂടെ ഓരോ കുടുംബത്തിനും അവരവർക്കാവശ്യമായ പച്ചക്കറികൾ വിഷമുക്തമായി ഉത്പാദിപ്പിക്കാനാവും. ഭൂമി കൃഷിക്കെന്നതിലുപരി റിയൽ എസ്റ്റേറ്റ് ബിസിനസ്സിനുള്ള ഉപാധിയായി മാറിയതോടെ കാർഷിക സംസ്‌ക്കാരം നമ്മുടെ നാട്ടിൽ നിന്നും നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും കുടുംബമൊന്നായി കാർഷികോത്പാദനത്തിൽ പങ്കാളികളായാൽ മാത്രമേ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം നമുക്ക് തിരിച്ചുപിടിക്കാനാവുകയുള്ളൂ. ഭക്ഷ്യോത്പാദനം കർഷകന്റെ മാത്രം ഉത്തരവാദിത്വമല്ല. ആരെങ്കിലും എവിടെയെങ്കിലും എങ്ങനെയെങ്കിലും ഉത്പാദിപ്പിക്കുന്ന ഭക്ഷണം മറ്റാരെങ്കിലും പാചകം ചെയ്ത് വിളമ്പിത്തരുന്നത് ഭക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടതെന്നു വിശ്വസിക്കുന്ന പുതുതലമുറയെ കാർഷിക സംസ്‌ക്കാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഒരിക്കലും മറക്കരുതാത്ത പാഠങ്ങൾ പഠിപ്പിക്കാനുള്ള അവസരം കൂടിയാണ് അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം. ഫാസ്റ്റ്ഫുഡ് സംസ്‌ക്കാരം വ്യാപകമായതോടെ പോഷകവൈവിധ്യമേറിയ നാടൻ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകളിൽ നിന്ന് പുതുതലമുറ അകന്നു. കൗമാരക്കാർ പോലും ജീവിതശൈലി രോഗങ്ങൾക്ക് കീഴടങ്ങുന്ന അനാരോഗ്യകരമായ ജീവിതമാണ് ഈ ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സംഭാവന. പോഷകസമ്പന്നവും സന്തുലിതവുമായ ഒരു ഭക്ഷണക്രമത്തിലേക്ക് യുവതലമുറയെ മടക്കിക്കൊണ്ടുവരാനും അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണം സഹായിക്കും.
വൻതോതിലുള്ള നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ആദ്യത്തെ ഇര ചെറുകിട-നാമമാത്ര കർഷകരാണ്. ഫലഭൂയിഷ്ടമായ കൃഷിഭൂമി കാർഷികേതര ആവശ്യത്തിനും വ്യവസായവികസനത്തിനും വേണ്ടി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണം. കൃഷിക്ക് അനുയോജ്യമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിയെങ്കിൽ മാത്രമേ ഭാവി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവുകയുള്ളൂ. അംബരചുംബികളായ ഫ്‌ളാറ്റുകളുടേയും പാർപ്പിടസമുച്ചയങ്ങളുടെയും നിർമ്മാണം നമ്മുടെ ഗ്രാമീണ മേഖലയുടെ മുഖഛായ തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. അമേരിക്കയിൽ പോലും മണിക്കൂറിന് ഒരേക്കർ എന്ന നിരക്കിലാണ് കൃഷിഭൂമി മറ്റാവശ്യങ്ങൾക്കു വേണ്ടി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. വൻകിട കോർപ്പറേറ്റുകൾ ചെറുകിട കർഷകരുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതും ആഗോളതലത്തിൽ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ലോകമെമ്പാടും കാർഷിക മേഖലയിൽ സ്വകാര്യമൂലധന നിക്ഷേപം വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഭൂവിനിയോഗം സംബന്ധിച്ച് പ്രാദേശിക-ദേശീയ തലങ്ങളിൽ വ്യക്തമായ നിയമനിർമ്മാണം ഉണ്ടായില്ലെങ്കിൽ അവശേഷിക്കുന്ന കർഷകരും കൃഷിയിടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടും. കുടുംബകൃഷി വർഷാചരണത്തോടനുബന്ധിച്ച് പ്രാദേശിക-ദേശീയ-അന്തർദേശീയ തലത്തിൽ കാർഷിക, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക അജണ്ടകളിൽ ഉൾപ്പെടുത്തി കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടത്തേണ്ടതുണ്ട്.
കാർഷിക മേഖലക്ക് പ്രതേ്യക ഊന്നൽ നൽകുന്നുവെന്ന് സർക്കാരുകൾ പ്രഖ്യാപിക്കുമ്പോഴും വിപണിയിൽ വിലപേശാനുള്ള ചെറുകിട കർഷകരുടെ ശേഷി ഇന്നും നിസ്സാരമായി തുടരുകയാണ്. ഇവർക്ക് സാങ്കേതിക ഉപദേശം നൽകുന്ന സർക്കാർ വിജ്ഞാനവ്യാപന ഏജൻസികളുടെ പ്രവർത്തനത്തിലും പരിമിതികളുണ്ട്. വിപണിയിൽ ഫലപ്രദമായി ഇടപെടാൻ ശക്തിപകരുന്നവിധം കുടുംബകൃഷിക്കാരെ പരസ്പരം സഹകരിപ്പിച്ചുകൊണ്ട് സംഘങ്ങളായി സംഘടിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണം. ജൈവകൃഷിയാണ് കുടുംബകൃഷിയുടെ ശക്തി. ജൈവകൃഷിയുടെ കാര്യക്ഷമതയിലേക്കും പ്രായോഗികതയിലേക്കും വിരൽചൂണ്ടുന്ന ഒട്ടേറെ മാതൃകകൾ ഇന്ന് നമുക്ക് ലഭ്യമാണ്. ആന്ധ്രാപ്രദേശിൽ സർക്കാർ സഹായത്തോടെ സെന്റർ ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ (സിഎസ്എ) എന്ന സംഘടന അഞ്ചുലക്ഷത്തോളം ഹെക്ടർ സ്ഥലത്ത് നടപ്പാക്കിവരുന്ന വിഷമില്ലാത്ത കൃഷി ഇത്തരമൊരു മാതൃകയാണ്. പാരിസ്ഥിതികമായി സുസ്ഥിരവും മനുഷ്യന്റെ ആരോഗ്യത്തിനു സുരക്ഷിതവുമായ ജൈവകൃഷിയാണ് ഭാവിയുടെ കൃഷി. കുടുംബകൃഷിക്കാർ ഉത്പാദിപ്പിക്കുന്ന ജൈവോല്പന്നങ്ങൾ പ്രാദേശികമായിതന്നെ സംഘടിത വിപണികളിലൂടെ വിറ്റഴിക്കാനുള്ള ശ്രമവും അന്താരാഷ്ട്ര കുടുംബകൃഷി വർഷാചരണത്തിന്റെ ഭാഗമായുണ്ടാകണം. കൃഷിഭൂമികളുടെ തുണ്ടുവൽക്കരണം ഉയർത്തുന്ന പ്രശ്‌നങ്ങൾ നേരിടണമെങ്കിലും ഇതല്ലാതെ മറ്റു പോംവഴിയൊന്നുമില്ല.
ലോകത്തിന്റെ ഭക്ഷ്യസുരക്ഷയുടെ താക്കോൽ കർഷകർക്ക് തിരികെ നൽകാനുള്ള ശ്രമമാണ് അന്താരാഷ്ട്ര കുടുംബകൃഷിവർഷാചരണത്തിലൂടെ ഐക്യരാഷ്ട്രസംഘടനയും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റുസംഘടനകളും നടത്തുന്നത്. കൃഷി, അന്തസ്സും വരുമാനവുമുള്ള ഉപജീവനമാർഗ്ഗമാക്കി മാറ്റി, അതിനു വേണ്ട നയപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അന്താരാഷ്ട്രകുടുംബകൃഷി വർഷാചരണം വഴിയൊരുക്കും. ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവശേഷിക്കുന്ന ചെറുകിട കർഷകരിൽ ബഹുഭൂരിപക്ഷവും മധ്യവയസ്സു പിന്നിട്ടവരാണ്. ലോകത്തിലെ മറ്റുരാജ്യങ്ങളിലെ സ്ഥിതിയും ഏറെ വിഭിന്നമല്ല. ഇന്ത്യയിൽ കാർഷിക മേഖലയിൽ നിന്നും കൊഴിഞ്ഞുപോകുന്നവരിൽ ഭൂരിപക്ഷവും വനിതാകർഷകരാണ്. 2001-നും 2011-നും ഇടയിൽ മുഴുവൻ സമയ പുരുഷകർഷകരുടെ എണ്ണത്തിൽ 27 ലക്ഷത്തോളം കുറവുണ്ടായപ്പോൾ ഇതേ കാലയളവിൽ വനിതാകർഷകരുടെ എണ്ണത്തിൽ 60 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതോടൊപ്പം വനിതാകർഷകർക്കുവേണ്ടിയും പ്രതേ്യക പരിപാടികൾ നടപ്പാക്കിയാലേ രാജ്യത്തെ കൃഷിക്കു ഭാവിയുള്ളൂ. മഴയെ മാത്രം ആശ്രയിച്ചു കൃഷിനടത്തുന്ന പ്രദേശങ്ങളിലെ കൃഷി, പശ്ചിമഘട്ടമുൾപ്പെടെയുള്ള മലമ്പ്രദേശങ്ങളിലെ കൃഷി എന്നിവയെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ്. അന്താരാഷ്ട്രകുടുംബകൃഷി വർഷാചരണത്തിന്റെ ഭാഗമായി ഇതിനെയെല്ലാം പ്രത്യേകമായി അഭിസംബോധന ചെയ്യാൻ ശ്രമമുണ്ടാകണം. ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിലെ ഉത്പാദനക്ഷമത കോർപ്പറേറ്റുകളുടെ ഉത്പാദനത്തെക്കാളും കൂടുതലാണെന്ന് അടുത്തകാലത്തു നടത്തിയ പല ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നു. എന്തുനഷ്ടം സഹിച്ചും ഭക്ഷണം ഉത്പാദിപ്പിക്കേണ്ടത് കർഷകന്റെ മാത്രം ഉത്തരവാദിത്വമാണെന്ന മനോഭാവം മാറ്റി ഓരോരുത്തരും കുടുംബത്തോടൊപ്പം ഭക്ഷേ്യാത്പാദനത്തിൽ പങ്കാളികളാകുമ്പോൾ മാത്രമായിരിക്കും അന്താരാഷ്ട്ര കുടുംബകൃഷിവർഷാചരണം ഫലവത്തായി മാറുക.
വികസനം കൃഷിയിലൂടെ
ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ അവരുടെ അച്ഛന്റെ കൃഷിസ്ഥലം ഒരു വികസന പാര്‍ക്കിനായി ഏറ്റെടുത്തതിനെക്കുറിച്ച് പറയുകയുണ്ടായി. ആലുവക്കടുത്താണ് വീട്. അവരുടെ അച്ഛന്‍ നല്ലൊരു കര്‍ഷകനായിരുന്നു. സ്വന്തം ആവശ്യത്തിനു മാത്രമല്ല, നെല്ലും പച്ചക്കറികളും ഏത്തക്കായുമെല്ലാം അവര്‍ക്ക് വില്‍ക്കാനുമുണ്ടായിരുന്നു. സ്ഥിരം പണിക്കാരും പശുക്കളും ഉണ്ടായിരുന്നു. മറ്റു കര്‍ഷകരെല്ലാം സ്ഥലം കൊടുത്തതിനുശേഷം ഒരു ഗതിയും ഇല്ലാതായപ്പോഴാണ് ഇവരുടെ അച്ഛന്‍ തന്റെ കൃഷിസ്ഥലം കൈമാറിയത്, ഏറെ വിഷമത്തോടെ. ഇന്ന് ആ സ്ഥലം തരിശിട്ടിരിക്കുകയാണ്. അത് കാണുമ്പോള്‍ വല്ലാത്ത ദുഃഖം തോന്നുകയാണെന്ന് അവര്‍ പറഞ്ഞു. തരിശിട്ടിരിക്കുന്ന കൃഷിസ്ഥലങ്ങള്‍ ഭൂമിയില്ലാത്തവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയിരുന്നെങ്കില്‍ എന്തുമാത്രം ഭക്ഷണം നാട്ടില്‍ ഉണ്ടാക്കാമായിരുന്നു? എത്രപേര്‍ക്ക് ഭക്ഷണം നാട്ടില്‍ ഉണ്ടാക്കാമായിരുന്നു? എത്രപേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നു? ഇതായിരുന്നു അവരുടെ ചോദ്യം. അവരൊരു സാമ്പത്തിക വിദഗ്ധയല്ല. പരിസ്ഥിതി പ്രവര്‍ത്തകയുമല്ല. എന്നാലും പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ഒക്കെ അവര്‍ക്ക് നല്ലൊരു ധാരണയുണ്ടെന്ന് കുറച്ചു നേരത്തെ സംഭാഷണത്തില്‍നിന്ന് മനസ്സിലായി. കടിഞ്ഞാണ്‍ വിട്ടൊരു കുതിരയെപ്പോലെയായിട്ടുണ്ട് കേരളത്തില്‍ വികസനമെന്ന് കൂടെയിരുന്ന മറ്റൊരാള്‍ സൂചിപ്പിച്ചു. എന്താണ് വികസനമെന്നോ, എവിടേക്കാണ് പോകുന്നതെന്നോ അറിയുന്നില്ല. കുന്നുകളും വയലുകളും പുഴകളും തണ്ണീര്‍തടങ്ങളും കൃഷിയിടങ്ങളും വീടുകളുമെല്ലാം ചവിട്ടിമെതിച്ചുകൊണ്ട് വികസനത്തിന്റെ ഈ കുതിര പായുകയാണ്. ഒരു യുദ്ധക്കളം പോലെയായിരിക്കുകയാണ് നാട്. ഇത് കേരളത്തിന്റെ ഒരു പൊതുബോധമാണ് എന്ന് കരുതാം. വികസനത്തിന്റെ പദ്ധതികളിലൂടെ ലഭിക്കുന്ന സാമ്പത്തിക വളര്‍ച്ചയേക്കാള്‍ കൂടുതലാണ് പ്രകൃതിയുടെ നാശത്തിലൂടെ രാജ്യങ്ങള്‍ക്കുണ്ടാകുന്ന നഷ്ടമെന്ന് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ പോലും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തെ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പരിസ്ഥിതി നാശംമൂലം ഇന്ത്യക്കുണ്ടാകുന്ന ചെലവ് 3.75 ട്രില്യണ്‍ രൂപയാണെന്നാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 5-7% വരുമത്രേ. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടുണ്ടായ പരിസ്ഥിതിനാശം സാമ്പത്തികമായി വിലയിരുത്തിയാല്‍ എത്ര കോടികളാകും? സംസ്ഥാനത്തിനു നഷ്ടപ്പെട്ട ഭക്ഷണവും വെള്ളവും തൊഴിലും എത്രയായിരിക്കും? 100 വര്‍ഷം മുന്‍പോട്ട് ചിന്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പത്ത് വര്‍ഷത്തേക്കെങ്കിലും ഇതുകൊണ്ടുണ്ടായ നഷ്ടം കണക്കാക്കേണ്ടതില്ലേ? നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകര്‍ത്താക്കളും സാങ്കേതികവിദഗ്ധരും ഒക്കെതന്നെ കാലത്തിനു പിറകെയാണ് നടക്കുന്നതെന്ന് തോന്നും. അവരുടെ വികസന കാഴ്ചപ്പാടുകള്‍ അപ്രകാരമാണ്. ലോകത്തെ സാമാന്യജനങ്ങള്‍ മുഴുവന്‍ ഇന്ന് ആശങ്കപ്പെടുന്നത് ഊര്‍ജ്ജത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചോ അല്ല. വെള്ളത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമാണ്. ക്ഷയിക്കുന്ന ആരോഗ്യത്തെക്കുറിച്ചാണ്. നിലനില്‍പ്പിനെ കുറിച്ചാണ്. അതുകൊണ്ടുതന്നെ പുഴകളും തണ്ണീര്‍ത്തടങ്ങളും നീര്‍വയലുകളുമെല്ലാം സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ലോകത്താകെ ഉയര്‍ന്നുവരികയാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സാമ്പത്തിക വികസന ചിത്രങ്ങള്‍ ലോകത്തെ ധനികരായ കുറച്ചുപേര്‍ക്കുവേണ്ടി മാത്രം ഊതി വീര്‍പ്പിച്ച് കൊട്ടിഘോഷിക്കുന്ന കാര്യങ്ങളാണ്. ഒരുപക്ഷേ, കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ചതുകൊണ്ടാകാം ഒരു നിയമം ഉണ്ടാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത്. നെല്‍പ്പാടങ്ങളും നെല്‍കൃഷിയും സംരക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട ഒട്ടേറെ സംഘടനകളും വ്യക്തികളും ശാസ്ത്രജ്ഞരും സാമൂഹ്യ-പാരിസ്ഥിതിക പ്രവര്‍ത്തകരും ഈ കൊച്ചുകേരളത്തിലുണ്ട്. 2008-ല്‍ നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭയില്‍ പാസായപ്പോള്‍ അവര്‍ ആശ്വസിച്ചു. ബാക്കിയുള്ള കുറച്ച് നീര്‍ത്തടങ്ങളെങ്കിലും ബാക്കിയാകുമല്ലോയെന്ന്. എന്നാല്‍, ചെറിയൊരു വിഭാഗം ആളുകള്‍ ഈ നിയമത്തെ എതിര്‍ക്കുന്നുണ്ട്. ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനധികൃതമായി നിലം നികത്തുന്നുണ്ട്. ഈ നിയമം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നു എന്നു പറയുന്നവരുണ്ട്. ഇവര്‍ ഒന്നുകില്‍ ഇത്തരം വികസന പദ്ധതികളിലൂടെ ലാഭം പ്രതീക്ഷിക്കുന്നവരോ (ഉത്പന്നത്തിലൂടെയല്ല. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പണമുണ്ടാക്കുക) അതല്ലെങ്കില്‍ വികസനത്തെക്കുറിച്ച് പഴഞ്ചന്‍ ആശയങ്ങള്‍ സൂക്ഷിക്കുന്നവരോ ആണ്. കേരളത്തിന്റെ അഭിമാനമായി, വികസനത്തിന്റെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്ന ഒരു പദ്ധതിയാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്. കുറേ ചെറുപ്പക്കാര്‍ക്ക് ഇത് തൊഴില്‍ കൊടുത്തു. എന്നാല്‍ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിപ്പോള്‍ കുടിവെള്ളമില്ലാതായിക്കഴിഞ്ഞു. ഇവിടെ കിണറുകളിലെ ജലനിരപ്പ് താഴുകയോ അല്ലെങ്കില്‍ വെള്ളത്തിന്റെ സ്വഭാവം മാറുകയോ ചെയ്തിരിക്കുന്നു. ഭൂമി വിട്ടുകൊടുത്തവര്‍ വലിയൊരു പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ.ടി. വ്യവസായത്തെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ യാതൊരു ശാസ്ത്രീയ പഠനങ്ങളുമില്ലാതെ തണ്ണീര്‍ത്തടങ്ങള്‍ നികത്തി ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്താലുള്ള ഭവിഷ്യത്താണിവിടെ സൂചിപ്പിച്ചത്. ഈ പദ്ധതികള്‍ തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കാതെ, കുന്നുകളിടിക്കാതെ ചെയ്യാന്‍ കഴിയില്ലേ? ഏറ്റവും ചെറിയ യൂണിറ്റുകള്‍വഴി അവയ്ക്കുചുറ്റും വികേന്ദ്രീകൃതമായി ഒരു ശൃംഖല സ്ഥാപിച്ച് വികസിപ്പിച്ചെടുക്കാവുന്ന ഒരു വ്യവസായമാണ് ഐ.ടി.യെന്ന് ഇതില്‍ പ്രവര്‍ത്തിക്കുന്ന പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ഇത് ഇപ്പോള്‍ ചെയ്യുന്നതുപോലെ കേന്ദ്രീകരിച്ച ഐ.ടി. പാര്‍ക്കുകളാക്കേണ്ടെന്നും ആളുകളെ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കേണ്ടെന്നും അവര്‍ പറയുന്നു. സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍, അവയ്ക്ക് നിലനില്‍പിന്റെ അടിസ്ഥാനമായ ഭൂമിയെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ എങ്ങിനെയാണ് വികസനമെന്ന് പറയുക? വയല്‍ തരിശിട്ടിരിക്കുകയല്ലേ? നെല്‍കൃഷി ചെയ്യുന്നത് നഷ്ടമല്ലേ? ഈ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് മാറ്റിക്കൂടേ? ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയുക നികത്തിയ നെല്‍പ്പാടങ്ങള്‍ക്കരികില്‍ ജീവിക്കുന്നവര്‍ക്കായിരിക്കും. അവരുടെ ജലലഭ്യതയില്‍ വന്നമാറ്റം, മറ്റു കൃഷികള്‍ക്കുണ്ടായ നാശം, ജൈവ വൈവിധ്യത്തില്‍ വന്ന കുറവ്, അവരുടെ സാമൂഹ്യബന്ധങ്ങളില്‍ വന്ന മാറ്റം, കുട്ടികളുടെ സ്വഭാവത്തിലും ശീലങ്ങളിലും വന്ന വ്യത്യാസം… ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ടാകും. വികസനത്തിന്റെ കണക്കുകളും കാര്യങ്ങളും നിരത്തുമ്പോള്‍ ഈ നഷ്ടം ഒരിക്കലും കണക്കാക്കാറില്ല. അതൊക്കെ എങ്ങിനെയെങ്കിലും ശരിയാക്കിക്കോളും. മനുഷ്യര്‍ ‘അഡ്ജസ്റ്റ്’ ചെയ്‌തോളും. അങ്ങിനെ ചെയ്തുചെയ്താണല്ലോ മനുഷ്യര്‍ ഇതുവരെ പുരോഗമിച്ചത്. ചെറിയ ചില വിട്ടുവീഴ്ചകള്‍ നമ്മള്‍ ചെയ്യേണ്ടതായി വരും. ഇതാണ് പൊതു നിലപാട്. എന്താണീ വിട്ടുവീഴ്ച? പാലിനേക്കാള്‍ വില കൊടുത്ത് വെള്ളം വാങ്ങുക. യാതൊരു പോഷക ഗുണവുമില്ലാത്ത, കീടനാശിനികളുടെ സാന്നിദ്ധ്യമുള്ള അരിയും, പച്ചക്കറികളും, പഴങ്ങളും വലിയ വില കൊടുത്ത് വാങ്ങി കഴിക്കുക. ഗ്രാമങ്ങളില്‍ ചെറുപ്പക്കാരില്ലാതാകുക. രോഗങ്ങള്‍ വര്‍ദ്ധിക്കുക. സുരക്ഷിതത്വമില്ലാതാകുക…. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ എല്ലാവര്‍ക്കും വെള്ളം കൊടുക്കാന്‍ കഴിയും. കുറേയെങ്കിലും നല്ല ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം ആവാസവ്യവസ്ഥകള്‍ നശിപ്പിക്കാതെ ഇക്കാലത്തിനു യോജിച്ച വ്യവസായങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിക്കാന്‍ കഴിയും. ഇവയെല്ലാം നശിപ്പിച്ച് ഉയരുന്ന വ്യവസായ പാര്‍ക്കുകളും നിര്‍മ്മാണ മേഖലകളുമെല്ലാംതന്നെ കുറച്ചാളുകള്‍ക്കേ തൊഴില്‍ കൊടുക്കുന്നുള്ളൂ എന്ന കാര്യവും നമ്മള്‍ വിസ്മരിച്ചുകൂടാ. ദേശീയതലത്തില്‍തന്നെ കേരളത്തിന് ഖ്യാതി നേടിക്കൊടുത്ത സര്‍ക്കാര്‍ പദ്ധതിയാണ് കുടുംബശ്രീ മിഷന്‍. മറ്റ് ആധുനിക വ്യവസായങ്ങളിലൊന്നുംതന്നെ (ഇക്കോ ടൂറിസം ഉള്‍പ്പെടെ) ജോലി ലഭിക്കാതെ ദരിദ്രരായ സ്ത്രീകളുടെ ഈ കൂട്ടായ്മ ഇന്ന് ഒരു ലക്ഷം എക്കറില്‍ പാട്ടകൃഷി ചെയ്യുന്നുണ്ട്. ഒരുവശത്ത് ഉടമസ്ഥര്‍ ഭൂമി തരിശിടുമ്പോള്‍ തന്നെ ഈ സ്ത്രീ സംഘങ്ങള്‍ക്ക് ഭൂമി ദീര്‍ഘകാലത്തേക്ക് ലഭിക്കാനുള്ള ക്രമീകരണങ്ങളൊന്നുംതന്നെ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു വ്യവസായ സംരംഭത്തിന് ഭൂമി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്സുകരാണ്. ഈ സ്ത്രീകള്‍ കാണിച്ചു തരുന്നതെന്താണ്? സമൂഹത്തിലെ ഏറ്റവും അര്‍ഹതയുള്ള ഒരു വിഭാഗത്തിന് വികസനമുണ്ടാവുകയാണ്. സാമ്പത്തികവും മറ്റു വിധത്തിലും സ്ത്രീകള്‍ക്ക് വികസനമുണ്ടാകുമ്പോള്‍ മൊത്തം കുടുംബത്തിനാണതിന്റെ ഗുണം. ഈ ഗുണം കുടുംബത്തില്‍നിന്ന് സമൂഹത്തിലേക്കും വളരും. ഇതിന്റെ മുഴുവന്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കുടുംബശ്രീക്ക് കഴിയുന്നതേയുള്ളൂ. എന്നാല്‍ ഒരു വയല്‍ നികന്നുപോകുന്നതോടെ ഈ വലിയൊരു സാദ്ധ്യത ഇല്ലാതാകുകയാണ്. അക്ഷയ വികസന സങ്കല്പമാകെ തകിടം മറിയുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരടക്കം പലര്‍ക്കും കൃഷി ഇന്നൊരു ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ പ്രദാനം ചെയ്യുന്ന വലിയൊരു മേഖലയായിതന്നെ നാളെയിതു മാറാം, കൃഷിയുടെ മുഴുവന്‍ ശൃംഖലയും വളര്‍ത്തിയെടുത്താല്‍. വിത്തു തൊട്ട് കാര്‍ഷികോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത് പ്പന്നങ്ങളും അനുബന്ധ വ്യവസായങ്ങളും എല്ലാം തന്നെ കേരളത്തിനനുയോജ്യമായ വികസനത്തിന്റെ ഒരു വഴി ഈ ചെറുപ്പക്കാരുടെ മുന്‍പില്‍ തുറന്നു കൊടുക്കുകയാണ്. വ്യവസായങ്ങളിലെ കഠിന ജോലികളും മുഷിപ്പിക്കുന്ന ജീവിതചര്യകളും കഴിഞ്ഞ് കുറച്ചു സമയം ഇത്തരം മേഖലയിലേക്കിറങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരും ഏറെയുണ്ടിന്ന്. കാലത്തിനു മുന്‍പേ നടക്കുന്ന ഭരണാധികാരികള്‍ ഇല്ലാതായതാണ് ഈ നാടിന്റെ ഇന്നത്തെ ശാപം. ഇല്ലായിരുന്നെങ്കില്‍ ജൈവിവൈവിധ്യത്തെയും കൃഷിയെയും അടിസ്ഥാനപ്പെടുത്തിയ, ആരോഗ്യത്തെയും ശാസ്ത്രത്തെയും വളര്‍ത്തുന്ന, കലകളെയും സംസ്‌ക്കാരത്തെയും പോഷിപ്പിക്കുന്ന മറ്റൊരു വികസന സങ്കല്പത്തിലേക്ക് അവര്‍ വന്നേനെ. ഈ ഭൂമിയെ, ഇവിടത്തെ ജലത്തെ, അന്നത്തെ മുടിക്കാതെ രാജ്യത്തിനു തന്നെ മാതൃകയായ ഒരു വികസനപാത അവര്‍ തെരഞ്ഞെടുത്തേനെ. കാരുണ്യ ലോട്ടറിയും ക്യാന്‍സര്‍ പെന്‍ഷനും രണ്ട് രൂപ അരിയും നല്‍കി ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനു പകരം സ്വന്തംകാലില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ അവരെ പഠിപ്പിച്ചേനെ. ഇത്തരത്തില്‍ ചിന്തിക്കുന്ന വിരലിലെണ്ണാവുന്ന ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് വളര്‍ന്നു വരുന്നുണ്ട് എന്ന തോന്നല്‍ മാത്രമാണ് ഏക ആശ്വാസം.
കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റ്-പ്രധാന വകുപ്പുകള്‍
സെക്ഷന്‍ 1 (3) (xviii) – ‘തണ്ണീര്‍ത്തടം’ എന്നാല്‍ മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയില്‍ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴംകുറഞ്ഞ ജലത്താല്‍ മൂടിക്കിടക്കുകയോ അഥവാ മന്ദഗതിയില്‍ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നര്‍ത്ഥമാകുന്നതും അതില്‍ കായലുകള്‍, അഴിമുഖങ്ങള്‍, ചേറ്റുപ്രദേശങ്ങള്‍, കടലോരക്കായലുകള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ഓരുള്ള ചതുപ്പുനിലങ്ങള്‍, ചതുപ്പിലെ കാടുകള്‍ എന്നിവ ഉള്‍പ്പെടുന്നതും, നെല്‍വയലുകളും നദികളും ഉള്‍പ്പെടാത്തതുമാകുന്നു.
സെക്ഷന്‍ 3 (1) നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക് – ഈ ആക്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതിയിലും അന്നുമുതല്‍ക്കും ഏതെങ്കിലും നെല്‍വയലിന്റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ആ ആക്റ്റിലെ വ്യവസ്ഥകള്‍ക്കനുസൃതമായല്ലാതെ, പ്രസ്തുത നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള യാതൊരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടുള്ളതല്ല.
സെക്ഷന്‍ 8 (3) പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിനോ പരിവര്‍ത്തനപ്പെടുത്തുന്നതിനോ പ്രാദേശികതല നിരീക്ഷണസമിതി ശുപാര്‍ശ ചെയ്തിട്ടുള്ള ഓരോ അപേക്ഷയും, സംസ്ഥാനതല സമിതി പരിശോധിച്ച് ആ പ്രദേശത്ത്, നെല്‍വയല്‍ അല്ലാത്ത മറ്റൊരു സ്ഥലം ലഭ്യമാണോ എന്നും നെല്‍വയല്‍ നികത്തുന്നതുമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
സെക്ഷന്‍ 9 (8) (1)-ാം ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രാദേശികതല നിരീക്ഷണസമിതി – (i) അപ്രകാരമുള്ള രൂപാന്തരപ്പെടുത്തല്‍, പാരിസ്ഥിതിക വ്യവസ്ഥയേയും ചേര്‍ന്ന് കിടക്കുന്ന നെല്‍വയലിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കുകയില്ലാ എന്നും; (ii) നെല്‍വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ ഈ ആവശ്യത്തിന് പറ്റിയ സ്ഥലം പകരം ആ ജില്ലയില്‍ സ്വന്തമായി ഇല്ല എന്നും (iii) കെട്ടിടം നിര്‍മ്മിക്കുന്നത് അയാളുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും (iv) പ്രസ്തുത നെല്‍വയല്‍, മറ്റ് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതല്ല എന്നും – ശുപാര്‍ശ ചെയ്താല്‍ അല്ലാതെ അപ്രകാരമുള്ള യാതൊരു അപേക്ഷയും ജില്ലാതല അധികൃതസമിതി പരിഗണിക്കുവാന്‍ പാടുള്ളതല്ല.
സെക്ഷന്‍ 11 തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക് – ഈ ആക്റ്റിന്റെ പ്രാരംഭ തീയതിയിലും അന്നുമുതല്‍ക്കും സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ അതേപോലെ കാത്തുസൂക്ഷിക്കേണ്ടതും അപ്രകാരമുള്ള തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനും അവയില്‍ നിന്നും മണല്‍ നീക്കം ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഉണ്ടായിരിക്കുന്നതുമാണ്. എന്നാല്‍ ഈ വകുപ്പില്‍ പറയുന്ന യാതൊന്നും തന്നെ പ്രസ്തുത തണ്ണീര്‍ത്തടത്തിന്റെ പരിസ്ഥിതിഘടന നിലനിര്‍ത്തുന്നതിനുവേണ്ടി എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ബാധകമാകുന്നതല്ല.
സെക്ഷന്‍ 13 ജില്ലാ കളക്ടറുടെ അധികാരം – ഈ ആക്റ്റില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, കളക്ടര്‍ക്ക്, ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷന്‍ നടപടിക്ക് ഭംഗം വരാതെ, ഈ ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് രൂപാന്തരപ്പെടുത്തിയ ഏതെങ്കിലും നെല്‍വയല്‍ പൂര്‍വ്വ അവസ്ഥയില്‍ കൊണ്ടുവരുന്നതിലേക്കായി, അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്ന പ്രകാരമുള്ള നടപടി കൈക്കൊള്ളാവുന്നതും, ഇതിലേക്കായി ചെലവഴിക്കേണ്ടിവന്ന തുക, അതത് സംഗതിപോലെ, പ്രസ്തുത നെല്‍വയലിന്റെ അനുഭവക്കാരനില്‍ നിന്നോ അധിവാസിയില്‍ നിന്നോ, അയാള്‍ക്ക് പറയുവാനുള്ളത് പറയുവാന്‍ ന്യായമായ അവസരം നല്‍കിയശേഷം, ഈടാക്കാവുന്നതാണ്.