മലയാളികള്‍ക്ക് സുപരിചിതമായ കള്ളിച്ചെടിയുടെ കുടുംബത്തില്‍ (കാക്റ്റെസി) നിന്നുമുള്ള ഒരു മധുരക്കനി – അതാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായ. കേരളത്തിന്‍റെ പഴക്കൂടയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഈയടുത്തകാലത്താണ് വന്നെത്തിയതെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചിതമാണ്. മധ്യ അമേരിക്കയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ജന്മദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഉത്ഭവത്തേപ്പറ്റി പല തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. മധ്യ അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ മിഷനറി വൈദികരാണ് ഡ്രാഗണ്‍ ഫ്രൂട്ട് വിയറ്റ്നാം ജനതയ്ക്ക് പരിചയപ്പെടുത്തിയത്. ഇതിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലൂടെ വമ്പിച്ച സാമ്പത്തികനേട്ടമാണ് വിയറ്റ്നാം ജനത കൈവരിച്ചത്. 1870-ലാണ് ഡ്രാഗണ്‍ ഫ്രൂട്ട് വിയറ്റ്നാമില്‍ എത്തിയതെങ്കിലും ഇതിന്‍റെ വന്‍തോതിലുള്ള കൃഷി വ്യാപകമായിട്ട് അധികവര്‍ഷങ്ങളായിട്ടില്ല.
പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമായ ഡ്രാഗണ്‍ ഫ്രൂട്ട് സവിശേഷമായ രൂപവും കണ്ണഞ്ചിപ്പിക്കുന്ന നിറവും കൊണ്ട് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു എന്നു പറയാം. പഴത്തിന്‍റെ പുറത്ത് ചെതുമ്പലുകള്‍ പോലെയുള്ളതിനാലാണ് ഇതിനു ‘പിത്തായ’ എന്ന പേര് ലഭിച്ചത്. പുറംതോട് പ്രധാനമായും രണ്ട് നിറത്തില്‍ കാണപ്പെടുന്നു. കടുംപിങ്കും മഞ്ഞയും. എന്നാല്‍ ഉള്‍ക്കാമ്പ് മൂന്നു നിറങ്ങളിലുള്ളത് യഥാര്‍തത്തില്‍ മൂന്ന് സ്പീഷീസുകളാണ്. ഏറ്റവും സാധാരണമായ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പുറംതൊലി കടുംപിങ്ക് നിറത്തിലും ഉള്‍ക്കാമ്പ് നല്ല വെളുത്തുമിരിക്കും. ഇതിനു മധുരം താരതമ്യേന കുറവായിരിക്കും. ഇതാണ് ഹൈലോസെറിയസ് അണ്‍ഡേറ്റസ് എന്ന ഇനം. രണ്ടാമത്തെ ഇനമായ ഹൈലോസെറിയസ് പോളിറൈസിന്‍റെ ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് രണ്ട് വ്യത്യസ്ത നിറത്തില്‍ കാണപ്പെടുന്നു. കടുംചുവപ്പും നല്ല മജന്തയും. ഇവയുടെ പുറംതൊലി സാധാരണപോലെ കടുംപിങ്കാണ്. ഏറ്റവും കൂടുതല്‍ വ്യാവസായിക സ്പീഷീസായ ഹൈലോസെറിയസ് മെഗലാന്തസിന്‍റെ പുറംതൊലി നല്ല മഞ്ഞനിറത്തിലും ഉള്‍ക്കാമ്പ് വെള്ള നിറത്തിലുമായിരിക്കും. നല്ല മധുരമുള്ള ഈ ഇനം വളരെ വിരളവും, വിപണിയില്‍ ലഭ്യമായാല്‍ത്തന്നെ നല്ല വിലയുമായിരിക്കും. ലോകമെമ്പാടുമുള്ള ഉദ്യാനപ്രേമികള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ധാരാളം സങ്കരയിനങ്ങള്‍ ഉരുത്തിരിച്ചിട്ടുണ്ട്. അമേരിക്കയില്‍ത്തന്നെ ഏകദേശം നൂറിലധികം സങ്കര ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങള്‍ രെജിസ്ടര്‍ ചെയ്തിട്ടുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പൂക്കള്‍ രാത്രിയിലാണ് വിരിയുന്നത്. അതിനാല്‍ ഇതിന് മൂണ്‍ ഫ്ലവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ്, ലേഡി ഓഫ് ദി നൈറ്റ് എന്നും പേരുകളുണ്ട്. വിദേശരാജ്യങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഒരേസമയം അലങ്കാരച്ചെടിയായും പഴച്ചെടിയായും ഉപയോഗപ്പെടുത്തുന്നു. പടര്‍ന്നുകയറുന്ന സ്വഭാവമുള്ള കള്ളിച്ചെടിയായതിനാല്‍ താങ്ങുകാലുകള്‍ ഇതിന്‍റെ കൃഷിക്ക് അത്യന്താപേക്ഷിതമാണ്. വായവ വേരുകള്‍ ധാരാളമുള്ളതിനാല്‍ മരങ്ങളിലും മറ്റ് താങ്ങുകളിലും പിടിച്ചുകയറി വളരുവാന്‍ സ്വതേ കഴിവുണ്ട്. രാത്രികാലങ്ങളില്‍ പൂക്കള്‍ വിരിയുന്നതിനാല്‍ പരാഗണത്തിനു നിശാശലഭങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന രാജ്യങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൂക്കുന്ന അവസരങ്ങളില്‍ ഇലക്ട്രിക് ലൈറ്റുകള്‍ സ്ഥാപിച്ച് നിശാശലഭങ്ങളെ ആകര്‍ഷിക്കുന്ന വിദ്യ സാധാരണമാണ്. സുഗന്ധവാഹിയായ മഞ്ഞയും വെള്ളയും കലര്‍ന്ന ഡ്രാഗണ്‍ പൂക്കള്‍ കാക്ട്ടെസി സസ്യകുടുംബത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളെന്നു കരുതപ്പെടുന്നു. പരാഗണം നടന്ന് 50 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ പാകമാകുന്ന പഴങ്ങള്‍ മൂര്‍ച്ചയുള്ള ഒരു കത്തി അല്ലെങ്കില്‍ സിക്കേച്ചര്‍ ഉപയോഗിച്ച് വേര്‍പ്പെടുത്തിയെടുക്കാം.
തണ്ടുമുറിച്ച് നട്ട് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്താവുന്നതാണ്. വിത്തുപാകിയും പുതിയ തൈകള്‍ ഉണ്ടാക്കാം. എന്നാല്‍ വിത്തുവഴിയുള്ള ചെടികള്‍ വളരെ സാവധാനമേ വളരുകയുള്ളൂ എന്നതിനാല്‍ ഈ രീതി പ്രായോഗികമല്ല. വിത്തുതൈകള്‍ ഏകദേശം 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ പുഷ്പിച്ചുകാണുന്നു. പുതിയ സങ്കരയിനം ഉത്പാദിപ്പിക്കുന്നതിന് ഈ രീതി പ്രയോജനപ്പെടുത്താം. തണ്ടുകളുടെ നീളം ചെടികളുടെ ശരിയായ വളര്‍ച്ചയെയും കായ്പിടുത്തത്തേയും സ്വാധീനിക്കുന്നതായി കാണുന്നു. ഏകദേശം 12 ഇഞ്ച് നീളമുള്ള തണ്ടുകളാണ് നടാന്‍ ഏറ്റവും അനുയോജ്യം. ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഒരു തടത്തിന്‍റെ മധ്യഭാഗത്ത് ഏകദേശം 6 അടി നീളമുള്ള ഒരു കോണ്‍ക്രീറ്റ് കാല് അല്ലെങ്കില്‍ വേലിക്കല്ല് ഉറപ്പിക്കുക എന്നതാണ് കൃഷിയുടെ ആദ്യപടി. ഇത്തരം കാലുകളുടെ ഓരോവശത്തും ഓരോ തണ്ടുകള്‍ ചേര്‍ത്ത് നടുക. ഇവയില്‍നിന്നും പുതിയ കിളിര്‍പ്പുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് പിടിച്ചുകയറുവാന്‍ സൗകര്യം ചെയ്തുകൊടുക്കണം. പുതുതായി ഉണ്ടാകുന്ന തണ്ടുകള്‍ താങ്ങുകാലുകള്‍ക്ക് ലംബമായി ചേര്‍ത്ത്കെട്ടി, താങ്ങുകാലിന്‍റെ അഗ്രത്ത് എത്തുമ്പോള്‍, ധാരാളം ശാഖോപശാഖകള്‍ പുറപ്പെടുവിക്കുന്നു. ഒരു കുടയുടെ ആകൃതിയില്‍ പടര്‍ന്നുപന്തലിക്കാന്‍ പഴയ ടയറോ മെറ്റല്‍ ഫ്രെയ്മോ ഉറപ്പിക്കാവുന്നതാണ്. ഇപ്രകാരം നന്നായി പടര്‍ന്നു വളരാന്‍ സൗകര്യമുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ചെടികള്‍ പുഷ്പിക്കാന്‍ തുടങ്ങും.
ജൈവവളങ്ങളോടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് പ്രതിപത്തിയെങ്കിലും ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഓരോ ചെടിക്കും സംയുക്ത വളങ്ങള്‍ നാല് മാസം കൂടുമ്പോള്‍ നല്‍കാറുണ്ട്.
കേരളത്തിലെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്ക് അനുവര്‍ത്തിക്കാവുന്ന വളപ്രയോഗരീതി:
10 മുതല്‍ 15 കിലോഗ്രാം വരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഓരോ തടത്തിലും നല്‍കുക. ഈ അളവ് വര്‍ഷംതോറും അഞ്ച് കിലോ വീതം കൂട്ടി നാല് വര്‍ഷം ആകുമ്പോള്‍ 30 മുതല്‍ 40 കിലോ വരെ നല്‍കി അളവ് നിജപ്പെടുത്തുക. ചെടികളുടെ കായിക വളര്‍ച്ചയുടെ സമയത്ത് ഓരോ ചെടിക്കും 70 ഗ്രാം യൂറിയ, 90 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കുക. കായ്കള്‍ ഉണ്ടാവുന്ന സമയത്ത് നൈട്രജന്‍റെ അളവ് കുറയ്ക്കുകയും പൊട്ടാഷിന്‍റെ അളവ് കൂട്ടുകയും ചെയ്യണം. ഈയവസരത്തില്‍ ഇവ യഥാക്രമം 50:50:100 ഗ്രാം എന്ന തോതില്‍ ഓരോ ചെടിക്കും നല്‍കാം. ഓരോ വര്‍ഷവും ഈ അളവ് 220 ഗ്രാം വീതം കൂട്ടി 1.5 കിലോഗ്രാം വരെ നല്‍കണം.
മറ്റ് ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടിന് കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ എങ്കിലും വരണ്ടകാലങ്ങളില്‍ ജലസേചനം അത്യാവശ്യമാണ്. ഡ്രിപ്പ് രീതി ഈ കൃഷിക്ക് വളരെ യോജിച്ചതാണ്. ഈ രീതിയില്‍ ഫെര്‍ട്ടിഗേഷനും നല്‍കാന്‍ സാധിക്കും. പറയത്തക്ക കീടരോഗബാധകളോന്നും തന്നെ ഡ്രാഗണ്‍ ഫ്രൂട്ടിനെ ആക്രമിക്കാറില്ല. ഇലകള്‍തിന്നുന്ന പുഴുക്കളെ ചിലപ്പോള്‍ കാണാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.
അന്താരാഷ്ട്രനിലവാരമുള്ള മികച്ച ഇനങ്ങളുടെ അഭാവമാണ് കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കൃഷിക്ക് തടസ്സം നില്‍ക്കുന്നത്. വിദേശരാജ്യങ്ങളില്‍ ധാരാളം മേല്‍ത്തരം ഇനങ്ങള്‍ ലഭ്യമാണ്. ഇവ ഇറക്കുമതി ചെയ്ത്, തുടര്‍പഠനങ്ങള്‍ നടത്തി, നിര്‍ധാരണം ചെയ്ത് കേരളത്തിന് യോജിച്ച ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെ വിപുലമായ വിപണിയാണുള്ളത്. ധാരാളം ജീവകങ്ങളുടെയും ധാതുക്കളുടെയും വളരെ വേഗം രക്തത്തില്‍ അലിയുന്ന പഞ്ചസാരയുടെയും കലവറയായതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഒരു മികച്ച ഹെല്‍ത്ത് ഡ്രിങ്ക് ആയി ഉപയോഗപ്പെടുത്താം. സ്വതന്ത്ര റാഡിക്കലുകളുടെ ഉപദ്രവത്തില്‍നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുന്ന നിരോക്സീകാരകമായി പ്രവര്‍ത്തിച്ച് കാന്‍സര്‍ പോലുള്ള രോഗത്തില്‍നിന്നും ശരീരകലകളെ സംരക്ഷിച്ച്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ധാരാളം സസ്യജന്യ സംയുക്തങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്.