കൊമ്പൻ പുഴു, ചെമ്പൻ വണ്ട്, തെങ്ങിൻ പുഴു, വേരപ്പുഴു, പൂമ്പാറ്റ, മണ്ഡരി, മെലിബഗ്ഗ്, ചെതുമ്പൽ കീടങ്ങൾ തുടങ്ങിയ പ്രാണികളാണ് തെങ്ങുകളെ പൊതുവെ ആക്രമിക്കുന്നത്.
തുരിശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. മണ്ഡരി കീടങ്ങളെ തുരത്തുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ബാര്‍ സോപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം തേങ്ങാക്കുലകളില്‍ തളിക്കുന്നു.
കൊമ്പന്‍ചെല്ലി
തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന വര്‍വ്വ വ്യാപിയായ ഒരു കീടമാണ് കൊമ്പന്‍ ചെല്ലി. പ്രായമെത്തിയ വണ്ട്, വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും ആക്രമിച്ച് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകള്‍ വിടരുമ്പോള്‍ അവ അരികില്‍നിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയില്‍ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകള്‍ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉല്‍പാദനം കുറയുകയും ചെയ്യുന്നു. ജൈവവസ്തുക്കളുടെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍, കമ്പോസ്റ്റ്, മറ്റു അഴുകിയ സസ്യഭാഗങ്ങള്‍ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്.
ജീര്‍ണ്ണിച്ച സസ്യഭാഗങ്ങള്‍ കൃത്യമായി നീക്കം ചെയ്ത് ഇവ പെറ്റുപെരുകുന്നത് എന്നതാണ് ഇവയുടെ നിയന്ത്രണോപാധികളില്‍ പ്രധാനം. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയില്‍ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന യാന്ത്രികനിയന്ത്രണവുമുണ്ട്. കീടബാധ തടയാന്‍ 250 ഗ്രാം മരോട്ടിപ്പിണ്ണാക്കോ വേപ്പിന്‍പിണ്ണാക്കോ തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് മണ്ടയിലെ ഏറ്റവും ഉള്ളിലെ മൂന്നോ നാലോ ഓലകവിളുകളിലിട്ടുകൊടുക്കാം.
തെങ്ങോലപ്പുഴു
കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെണ്‍ശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകള്‍ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാര്‍ന്നു തിന്നുന്നു. സില്‍ക്കുനൂലും വിസര്‍ജന വസ്തുക്കളും മറ്റും ചേര്‍ത്ത് നിര്‍മിക്കുന്ന കുഴല്‍ക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാല്‍പത് ദിവസത്തിനുള്ളില്‍ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സില്‍ക്കുനൂലുകൊണ്ട് നിര്‍മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നു. ജീവിതചക്രം പൂര്‍ത്തിയാകുന്നതിന് എട്ട് ആഴ്ചകള്‍ വേണ്ടിവരുന്നു. വേനല്‍ക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. ക്രമേണ ഓലകള്‍ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോള്‍ ഓലകള്‍ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.
തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തില്‍ത്തന്നെ ബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എതിര്‍ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടയാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികള്‍ പ്രകൃതിയില്‍ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. വേനല്‍ക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിന്‍തോട്ടത്തിലേക്ക് വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കില്‍ മാത്രം അനുവര്‍ത്തിക്കാവുന്നതാണ്. ഡൈക്ലോര്‍വാസ് (0.02%) മാലത്തിയോണ്‍ (0.05%), ക്യൂനോള്‍ഫോസ് (0.05%), ഫോസലോണ്‍ (0.05%) തുടങ്ങിയ കീടനാശിനികളില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
ചെമ്പന്‍ ചെല്ലി
താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഇവ തെങ്ങുള്‍പ്പെടുന്ന അരകേഷ്യ കുടുംബത്തിലെ മരങ്ങളുടെ തടി തുളച്ച് നീര് കുടിക്കുകയും തടിക്കുള്ളില്‍ മുട്ടയിട്ട് വംശവര്‍ദ്ധന നടത്തുകയും ചെയ്യുന്നു. ഇത് മരത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. ഉഷ്ണമേഖലാ ഏഷ്യയില്‍ ഉദ്ഭവിച്ച ഈ ചെല്ലി പിന്നീട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു.
പ്രായം കുറഞ്ഞ തെങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ മാരകമായ ഒരു ശത്രുകീടമാണ് ചെമ്പന്‍ ചെല്ലി.ഇതിന്റെ പുഴുവാണ് ഉപദ്രവകാരി. അഞ്ചിനും ഇരുപതിനും ഇടയ്ക്ക് വര്‍ഷം പ്രായമുള്ള തെങ്ങുകളെയാണ് ഈ കീടംബാധിയ്ക്കുക.ഇതിന്റെ ആക്രമണം തടിയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. തടികളില്‍ കാണുന്ന ദ്വാരങ്ങളും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുകന്ന ദ്രാവകവും തടിയിലെ മുറിവുകളിലൂടെ വെളിയിലേക്ക് തള്ളിനില്ക്കുന്ന തടിയ്ക്കുള്ളിലെ ചവച്ചരച്ച വസ്തുക്കളും ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും നടുവിലുള്ള കൂമ്പോലയുടെ വാട്ടവുമൊക്കെയാണ് ചെമ്പന്‍ ചെല്ലിയുടെ ആക്രമണം നിര്‍ണ്‌നയിക്കാനുള്ള പ്രത്യക്ഷ ലക്ഷണങ്ങള്‍. പുഴുക്കള്‍ തെങ്ങിന്‍ തടിയ്ക്കുള്ളിലിരുന്ന് തടിയെ കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോള്‍ കേള്‍ക്കാം.
പ്രാദേശികാടിസ്ഥാനത്തില്‍ ഫിറമോണ്‍ കെണി ഉപയോഗിച്ച് ചെല്ലികളെ ആകര്‍ഷിച്ച് നശിപ്പിക്കല്‍ ഒരു നിയന്ത്രണമാര്‍ഗ്ഗമാണ്.
വേരുതീനി പുഴുക്കള്‍
മണ്ണില്‍ അധിവസിക്കുന്ന വെളുത്ത പുഴുക്കള്‍ തെങ്ങിന്റെ വേരുകള്‍ തിന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തെങ്ങിന് പുറമേ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷിചെയ്യുന്ന മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ് മുതലായവയേയും ഈ കീടം നശിപ്പിക്കുന്നു. ആക്രമണവിധേയമായ തെങ്ങുകളുടെ ഓലകള്‍ വിളര്‍ത്ത മഞ്ഞ നിറമുള്ളവയായി മാറുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ വിളയാത്ത് തേങ്ങ (വെള്ളയ്ക്ക) പൊഴിഞ്ഞ് വീഴുന്നത് കാണാം.
തെങ്ങിന്‍ തോപ്പുകളില്‍ വെളിച്ചക്കെണി സ്ഥാപിച്ച് ഇവയുടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്.
മണ്ഡരി
തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. അരമില്ലീമീറ്ററിലും താഴെ മാത്രം വലിപ്പമുള്ള ഈ സൂക്ഷമ ജീവിയ്ക്ക് വളരെ നേര്‍ത്ത വിരയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും വരകളും കൂടാതെ മുന്‍ഭാഗത്ത് രണ്ട് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തില്‍ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാല്‍ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ഒറ്റ കോളനിയില്‍ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതല്‍ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മെക്‌സിക്കന്‍ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.
ഏകദേശം 3045 ദിവസം പ്രായമായ മച്ചിങ്ങകളിലാണ് മണ്ഡരിയുടെ ഉപദ്രവം കൂടുതലായിട്ടുണ്ടാവുക. മച്ചിങ്ങയുടെ മോടിനുള്ളിലെ മൃദു കോശങ്ങളില്‍ നിന്നും ഇവ കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിയ്ക്കുന്നു. തല്‍ഫലമായി മച്ചിങ്ങ വിളഞ്ഞ് വരുമ്പോള്‍ ചുരുങ്ങി ഇളം തവിട്ടുനിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. മച്ചിങ്ങ രണ്ട് മാസം പ്രായമാകുമ്പോള് ഈ പാടുകള്‍ വിള്ളലോടു കൂടിയ കരിച്ചിലായി മാറുന്നു. തന്മൂലം കരിക്കും നാളികേരവും വികൃതരൂപമാകുന്നതിനുപുറമേ നാളികേരത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു. തൊണ്ടിന്റെ കനം, ചകിരിനാരുകളുടെ തോത് എന്നിവയിലും ഈ കുറവുകള്‍ കാണാം. ചകിരി കട്ടപിടിയ്ക്കുന്നതിനാല്‍ നാളികേരം പൊതിയ്ക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായുവിലൂടെ പെട്ടെന്ന് വ്യാപിക്കുന്നതാണ് മണ്ഡരിയുടെ അടിസ്ഥാനസ്വഭാവം എന്നതിനാല്‍ ഇതിന്റെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.
പൂങ്കുലച്ചാഴി
തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞില്‍, കൊതുമ്പ്, ഓല എന്നിവിടങ്ങളില്‍ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികള്‍. ഇളം കോശത്തില്‍ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചില്‍ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.