നമ്മൾ എല്ലാവരും പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നവർ ആണ്. കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടങ്ങളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും നമുക്കറിയാം. എന്നിരുന്നാലും, അവ വെറുതെ ഒന്ന് വെള്ളത്തിൽ കാണിച്ചു ഉപയോഗിക്കൽ ആണ് മിക്കവരുടെയും സ്ഥിരം പരിപാടി. എന്നാൽ, ഇത് വലിയ രോഗങ്ങൾ വിളിച്ചുവരുത്താൻ ഇടയാക്കും എന്ന് നമ്മൾ മനസ്സിലാക്കണം.
പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുമ്പോൾ കീടനാശിനികൾ അടിക്കാറുണ്ട് എന്നും, അതുപോലെ ഇതിൽ പ്രസർവേറ്റിവ്സ് ഉപയോഗിക്കുന്നുണ്ട് എന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ, പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം വളരെ എളുപ്പത്തിൽ കളയാനുള്ള ഒരു കിടിലൻ ടിപ് ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉപ്പോ, വിനാഗിരിയോ ഒന്നും ആവശ്യമില്ല. എന്താണ് ചെയ്യേണ്ടത് എന്ന നമുക്കൊന്ന് നോക്കാം.
ഈ വിഷാംശങ്ങൾ എല്ലാം 100 ശതമാനം മാറ്റി എടുക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക, അതിലേക്ക് 1 1/2 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് പച്ചക്കറി 15 മിനിട്ട് ഇട്ട് വെക്കുക. 15 മിനിറ്റിന് ശേഷം കൈവച്ച് നന്നായി പച്ചക്കറി കഴുകുക. അപ്പൊൾ, അതിലുള്ള ചെളി ഇളകി വരും, എന്നിട്ട് അവ നല്ല വെള്ളത്തിൽ കഴുകുക
ചൂട് കാലത്തും മറ്റും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴവർഗം ആണ് മുന്തിരി. ഏറ്റവും കൂടുതൽ വിഷാംശം ഉണ്ടാകാൻ സാധ്യത ഉള്ളതും ഇത്തരം പഴങ്ങളിൽ തന്നെ. അതുകൊണ്ട് മുന്തിരി പോലുള്ള പഴങ്ങൾ കഴുകാനായി ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് അതിലേക്ക് 1 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. എന്നിട്ട് 15 മിനിറ്റ് മുന്തിരി അതിൽ ഇട്ട് വെക്കുക. ഇതുപോലെ എല്ലാ പച്ചക്കറികളും പഴങ്ങളും ബേക്കിംഗ് സോഡ വച്ച് കഴുകി അതിലെ കീടങ്ങളും അഴുക്കുകളും മാറ്റി പെട്ടെന്ന് തന്നെ ശുദ്ധമാക്കാം.