മല്ലിയില കാടുപോലെ വളരാൻ ഇതുപോലെ നട്ടു നോക്കൂ

ഏറ്റവുമധികം വിഷം അടിച്ച് വരുന്ന പച്ചക്കറിയിനമാണ് മല്ലിയില. രസം ഉണ്ടാക്കാനും സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനുമെല്ലാം വളരെയധികം ആവശ്യവുമാണ് മല്ലിയില. ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ മല്ലിയില വളരെ എളുപ്പത്തിൽ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.

സാധരണ കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിൽ നിന്ന് വിത്തെടുത്ത് നടാനുപയോ​ഗിക്കാം. അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങിക്കുന്ന മല്ലിവിത്തും ഉപയോ​ഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന മല്ലിയേക്കാൾ കൂടുതൽ നല്ലത് വിത്തിനായിട്ടുള്ള പാക്കറ്റ് വാങ്ങുന്നതാണ്. കാരണം കടകളിലെ മല്ലി ​ഗുണനിലവാരത്തിനനുസരിച്ചും കാലപ്പഴക്കത്തിനനുസരിച്ചും കിളിർത്തു വരുന്നത് കുറവാണ്.

മല്ലിവിത്ത് കിളിർപ്പിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് മല്ലി ചെറുതായി പൊട്ടിച്ചെടുക്കണം. ഒരു മല്ലിയിൽ തന്നെ രണ്ട് വിത്തുകളുണ്ട്. ചെറിയൊരു പൈപ്പോ കല്ലോ ഉപയോ​ഗിച്ച് സാവധാനം ഉരുട്ടിയാൽ വിത്ത് വേർതിരിച്ചെടുക്കാം. ബലമായി അമർത്തിയാൽ വിത്ത് പൊടിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. പിളർത്തിയെടുത്തതിന് ശേഷം മല്ലി കുറച്ച് വെള്ളത്തിൽ ഇട്ട് പന്ത്രണ്ടുമണിക്കൂറോ പതിനാറുമണിക്കൂറോ വെക്കണം. പാകി കിളിർപ്പിക്കാനുള്ള മണ്ണ് തയ്യാറാക്കണം. മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറുമെല്ലാം ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം.

നടുന്നതിന് മുൻപായി കുറച്ച് നടീൽ മിശ്രിതം മാറ്റി വെക്കണം. പാത്രത്തിലെ വെള്ളം ഒഴിച്ച് കളഞ്ഞതിന് ശേഷം മാറ്റിവെച്ചിരിക്കുന്ന നടീൽ മിശ്രിതത്തിലേക്ക് മല്ലിവിത്ത് വിതറിക്കൊടുക്കാം. മിശ്രിതവും വിത്തും നന്നായി യോജിപ്പിച്ചതിനു ശേഷം ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന പോട്ടിലേക്ക് നിരത്തി ഇട്ട് കൊടുക്കണം. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മല്ലിവിത്ത് മുളച്ച് തൈകൾ പുറത്തേക്ക് വരും.

വെള്ളമൊഴിക്കുമ്പോൾ വിത്ത് താഴേക്ക് പോകാൻ സാധ്യതയുണ്ട്. അങ്ങനെ പോകാതിരിക്കാനായി പോട്ടിനു മുകളിലായി കുറച്ച് ചകിരിച്ചോർ വിതറിയിടണം. നല്ല വിത്താണെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ മുളച്ചു പൊങ്ങും. ചില വിത്തുകൾ ആറുദിവസമോ നാലാഴ്ചയോ വരെ സമയമെടുക്കും. പത്തുദിവസമൊക്ക കഴിഞ്ഞതിനു ശേഷവും കിളിർത്തില്ലായെങ്കിൽ പേടിക്കേണ്ടെ കാര്യമില്ലെന്ന് സാരം.

തണലത്ത് വെച്ച് എല്ലാദിവസവും രാവിലെയും വൈകുന്നേരവും വെള്ളം തളിച്ച് നനച്ചു കൊടുക്കണം. നല്ല വിത്താണെങ്കിൽ രണ്ടാഴ്ചയ്ക്ക് ശേഷം ആവശ്യാനുസരണം മുറിച്ച് ഉപയോ​ഗിക്കാവുന്നതാണ്. വീട്ടിലുണ്ടായ വിഷമില്ലാത്ത മല്ലിയില ശീലമാക്കി ആരോ​ഗ്യം വീണ്ടെടുക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *