ഷൈജുവിന്റെ ടെറസ്സിലെ ഫാം

മനസ്സുണ്ടെങ്കിൽ കൃഷി മാത്രമല്ല ടെറസ്സിൽ താറാവിനെയും കോഴിയെയും വളർത്താം. സ്ഥലമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി സീനീയർ സൂപ്രണ്ടായ ഷൈജു കേളന്തറ

സഹപ്രവർത്തകയുടെ പച്ചക്കറി കൃഷിയെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ സ്വയം ഒന്നു പരീക്ഷിക്കാമെന്നു കരുതി ചെറിയ രീതിയിൽ കൃഷി ചെയ്തു തുടങ്ങി. അങ്ങനെ ആദ്യമായി ഉണ്ടായ വെണ്ടയ്ക്ക കറിവെച്ച് കഴിച്ച് അതിന്റെ രുചി അറിഞ്ഞപ്പോൾ പച്ചക്കറികൾ ഇനി പുറത്തു നിന്ന് വാങ്ങില്ലെന്നു തീരുമാനിച്ചു. രാസവളമില്ലാതെ കൃഷിചെയ്തെടുത്ത വെണ്ടക്കയുടെ രുചി അപ്പോഴാണ് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

ആ നല്ല തീരുമാനം 800 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തൃതിയിലുള്ള ടെറസിലെ പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും രൂപത്തിൽ പടർന്ന് പന്തലിച്ചിരിക്കുകയാണ്. ഇതിനു പുറമേ മുട്ടയിടുന്ന താറാവ്, കരിങ്കോഴി, നാടൻ കോഴി, വെള്ളക്കാട എന്നിവയുമുണ്ട്.

കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിട്ടിയ അമ്പത് ഗ്രോബാഗിലായിരുന്നു തുടക്കം. എന്നാൽ ആരംഭത്തിലെ വലിയ വിജയം ഒന്നും കണ്ടില്ലെങ്കിലും അതൊരു ചലഞ്ചായി ഏറ്റെടുത്തു. അങ്ങനെ പതിയെ പതിയെ ഓരോരോ കാര്യങ്ങൾ പഠിച്ച് മണ്ണൊക്കെ മാറ്റി നല്ല വിളവ് കിട്ടാൻ തുടങ്ങി. അങ്ങനെ അമ്പത് ബാഗിൽ നിന്നും കൂടൂതലായി കൃഷി ചെയ്യാൻ തുടങ്ങി. പച്ചക്കറികൾക്കു പുറമെ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടുതുടങ്ങി.

ഇപ്പോൾ 800 സ്ക്വയർ ഫീറ്റിൽ മുട്ടയിടുന്ന കരിങ്കോഴി, നാടൻ കോഴി, താറാവ്, വെള്ളക്കാട, മീൻ. ഇവയ്ക്ക് തീറ്റ നൽകാനായി അസ്സോള പായലും ടാങ്കിൽ വളർത്തുന്നുണ്ട്. അഞ്ചുതരം സുഗന്ധദ്രവ്യങ്ങളും ചെറുതേനീച്ചയും ഔഷധസസ്യങ്ങളായ കർപ്പൂരം, അയ്യംപാല, കരിനെച്ചി, തിപ്പലി, നീലാമരി വെറ്റില, കരിമഞ്ഞൾ, പെപ്പർ മിന്റ് തുളസി, മഞ്ഞൾ, ഇഞ്ചി, കുറ്റികുരുമുളക്, വിവിധയിനം ഇലച്ചെടികൾ, നാലുതരം ചീരകളും ഏഴ് തരം മുളകുകളുമുണ്ട്. ഇതുകൂടാതെ തീപൊള്ളലിനുള്ള മരുന്നായ നാച്ചുറൽ ബർണോളുമുണ്ട്.

മാവിനങ്ങളിൽ മൂവാണ്ടൻ, കൊളമ്പ, മൾഗോവ, അൽഫോൻസ, ഓൾ സീസണ് മാംഗോ എന്നിവയുമുണ്ട്. മുസ്സംബി, വാളൻപുളി, ഞാവൽ, നാടൻ ചുവപ്പ് നെല്ലി, ചെറുനാരകം, കാച്ചിൽ കപ്പ ചേന ചേമ്പ്, രണ്ടുതരം പേര, പനിനീര് ചാമ്പ, കറുവ, ഗ്രാമ്പൂ, രണ്ടിനം ഞാവൽ, സർവസുഗന്ധി പ്ലാവ് കുടംപുളി, പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു സവോളയും കരനെല്ലും നട്ടു പിടിപ്പിച്ചിട്ടുണ്ട്. മാതള നാരങ്ങ, ചൈനീസ് ഓറഞ്ച്, സപ്പോട്ട, ചിറ്റാടലോടകം, ചാമ്പ, ഏത്തവാഴ, ഞാലിപൂവൻ, ആടലോടകം, അമ്പഴങ്ങ കറിനാരകം, സ്റ്റാർ ഫ്രൂട്ട്, ആത്തച്ചക്ക എന്നിവയും ഇതിൽപെടുന്നു.

ഫലവൃക്ഷങ്ങൾക്ക് പുറമേ പാവൽ, കൊത്തമര, അച്ചിങ്ങ, പീച്ചിൽ, പടവലം, കുമ്പളം, ക്യാപസിക്കം, കോവൽ, മുരിങ്ങ, ചീരചേമ്പ്, കൊഴുപ്പ, കുറ്റിഅമര, തക്കാളി എന്നിവയുമുണ്ട്.

ടെറസിലെ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമെല്ലാം കാണുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വരാറുണ്ട്. അതിനുപുറമെ ദുബായ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഒത്തിരി പേർ ഫോൺ വിളിച്ച് ടെറസ്സിലെ കൃഷി രീതികളെക്കുറിച്ച് അന്വേഷിക്കാറുണ്ട്.

പൂർണ്ണമായും ജൈവരീതിയിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. കോഴി കാഷ്ഠമെല്ലാം കമ്പോസ്റ്റാക്കി ചെടികൾക്ക് വളമായി ഉപയോഗിക്കുയാണ് ചെയ്യുന്നത്. കൃത്രിമമാർഗങ്ങളൊന്നും ഇല്ലാതെ ജൈവരീതിയിൽ തന്നെയാണ് മണ്ണ് നിറയ്ക്കുന്നതും നടുന്നതുമെല്ലാം. അധികം മുതൽ മുടക്കില്ലാതെ കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ വിഷരഹിതമായ പച്ചക്കറികൾ ആർക്കും വീട്ടിൽ നട്ടുപിടിപ്പിക്കാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

പോളീ ഹൗസ് ഫാമിംഗിൽ ചെയ്യുന്നതുപോലെ മഴമറ ഉപയോഗിച്ചാണ് കൃഷി. അമിതമായ വെയിലും മഴക്കാലത്ത് അധികം വെള്ളവും വീഴാതെയാണ് പരിചരിക്കുന്നത്.

ടെറസിലെ കൃഷിരീതികൾ കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ജൈവകൃഷിയിലേയ്ക്ക് തിരിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം.

മനസുണ്ടെങ്കിൽ എന്തും എവിടെയും നമുക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ചു. വ്യക്തിപരമായി ജോലിത്തിരക്കുകളും സംഘടനാ പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും എഴുത്തുമൊക്കെയുണ്ടങ്കിലും കൃഷിക്കുവേണ്ടിയും സമയം കണ്ടെത്തുന്നു. ചില കാര്യങ്ങൾ കൃത്യമായി ചെയ്താൽ ചെടികൾക്ക് കാര്യമായ കേടുകളില്ലാതെ പരിപാലിച്ചെടുക്കാമെന്ന് സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം പറയുന്നു.

കെഎസ്ഇബി സീനീയർ സൂപ്രണ്ടായ ഷൈജു കേളന്തറയുടെ തമ്മനം മസ്തിജ് റോഡിലെ വീട്ടിൽ കൃഷി ആരംഭിച്ചിട്ട് എട്ടു വർഷത്തോളമായി. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ പ്ലസ്ടു അധ്യാപികയായ ഭാര്യ സുനിതയും മക്കളായ എൽവിൻ, നെവിൻ, ക്രിസ് വിനും സഹായത്തിനുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *