സ്വകാര്യവനം നിക്ഷിപ്തമാക്കല്‍ ബില്‍ ഭേദഗതി; ഏഴായിരത്തിലധികം കര്‍ഷകര്‍ ഭീതിയില്‍.

കോട്ടയം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ചർച്ച കൂടാതെ പാസാക്കിയ 1971ലെ കേരള സ്വകാര്യ വന സംവരണ, കൈമാറ്റ ബില്ലിലെ ഭേദഗതി സംസ്ഥാനത്തെ ഏഴായിരത്തോളം കർഷകരെ ദ്രോഹിക്കുമെന്ന് ആശങ്ക. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് കേരള പ്രൈവറ്റ് ഫോറസ്റ്റ് റിസർവേഷൻ ആൻഡ് ട്രാൻസ്ഫർ ആക്ട് പാസാക്കിയത്.
ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകരുടെ പക്കല്‍ കൃഷിചെയ്യാതെ കിടന്നിരുന്നു. ഇങ്ങനെയുള്ള ഭൂമി ഒരു നിശ്ചിത തീയതിക്കുശേഷം കൃഷിചെയ്തില്ലെങ്കില്‍ വനമായി നിക്ഷിപ്തമാക്കപ്പെടുമെന്നായിരുന്നു നിയമം. നിയമം പാസായപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടായിരുന്ന 5,10,000 ഏക്കര്‍ ഭൂമി വനഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഈ ഭൂമി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പതിച്ചുകൊടുക്കുമെന്നായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പതിച്ചുകൊടുത്തില്ല. പഴയ ഉടമകളില്‍ പലര്‍ക്കും പട്ടയമുള്ള ഭൂമിയായിരുന്നു ഇത്. ഇതോടെ പലരും കേസിനുപോയി. കേരളസര്‍ക്കാരിനെതിരേ മുഹമ്മദ് ബഷീര്‍ എന്നയാള്‍ നല്‍കിയ കേസില്‍ റവന്യൂ പട്ടയം അടിസ്ഥാനരേഖയാണെന്നും അത്തരം കൃഷിഭൂമിയില്‍ വനംവകുപ്പ് ജണ്ടയിടാനോ കൈവശപ്പെടുത്താനോ പാടില്ലെന്നും 2019-ല്‍ സുപ്രീംകോടതിയുടെ അന്തിമവിധി വന്നു. റവന്യൂ വകുപ്പിന്റെ പട്ടയങ്ങള്‍ വനംവകുപ്പിന് ബാധകമല്ലെന്നാണ് ബില്ലില്‍ ഇപ്പോഴത്തെ ഭേദഗതി. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കൃഷിക്കാര്‍ക്ക് ഭയമുണ്ട്. 50 സെന്റില്‍ താഴെയുള്ള കര്‍ഷകരെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 50 സെന്റിന് മുകളിൽ ഭൂമിയുള്ള നിരവധി കർഷകർക്ക് ബിൽ ദോഷം ചെയ്യും. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ കർഷകരെയാണ് കൂടുതൽ ബാധിക്കുക. ഇത്തരത്തിൽ 7800 കർഷകരുടെ കേസുകൾ ഫോറസ്റ്റ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുകയാണ്.
  
Share Now

Leave a Reply

Your email address will not be published. Required fields are marked *