ഡ്രാഗണ്‍ മൂത്ത് പഴമാകാന്‍ ഒരുമാസമെങ്കിലും പിടിക്കും. മുള്ളിനെ പേടിച്ച്, വവ്വാലോ പക്ഷികളോ കൊത്തിക്കൊണ്ടുപോകുകയുമില്ല.
ഡ്രാഗണ്‍ കണ്ടാല്‍ നോക്കിനില്‍ക്കും. പിന്നെ സംശയമാണ്- വാങ്ങണോ, വാങ്ങണ്ടയോയെന്ന്. അക്കഥയൊക്കെ മാറി. ഡ്രാഗണ്‍ ഫ്രൂട്ടിനും ഇപ്പോള്‍ ആരാധകരേറെയാണ്.. കഴിക്കുന്നവര്‍ മാത്രമല്ല, വിളയിച്ചെടുത്ത് വിജയിപ്പിക്കുന്നവരും ഡ്രാഗന്റെ ഇഷ്ടക്കാരാണ്. കടല്‍കടന്നെത്തിയ ഈ ചുവപ്പന്‍ താരത്തെ നമ്മുടെ നാട്ടിലും വിളയിക്കുന്നവരുണ്ട്, നല്ല ജോറായി.. മുക്കം കാരശ്ശേരി ജങ്ഷനില്‍ സി. ഹുസ്സന്റെ വീടിന്റെ മട്ടുപ്പാവിലേക്ക് വന്നാല്‍കാണാം, പൂത്തുലഞ്ഞ് പാകമെത്തിനില്‍ക്കുന്ന നൂറുകണക്കിന് ഡ്രാഗണ്‍ ഫ്രൂട്ടുകള് പേരിലും കളറിലുമാണ് ഡ്രാഗന്റെ പത്രാസ്. ചക്കയും മാങ്ങയും ആപ്പിളും മുന്തിരിയുമൊക്കെ ശീലമാക്കിയവര്‍ക്ക് ഡ്രാഗണ്‍ അത്രയങ്ങ് പൊരുത്തപ്പെടണമെന്നില്ല. എന്നാല്‍, അടുത്തറിഞ്ഞവര്‍ വിടില്ല ഈ ‘ചുള്ളന്‍’ പഴത്തെയെന്ന് ഹുസ്സന്‍ സാക്ഷ്യപ്പെടുത്തുന്നു.. ഏഴുവര്‍ഷംമുമ്പ് സുഹൃത്ത് നല്‍കിയ ഒരു ഡ്രാഗണ്‍ വള്ളി ഹുസ്സന്‍ കൗതുകത്തിന് നട്ടതാണ്. പിന്നെയത് പടര്‍ന്നുപന്തലിച്ചു, ജീവനോപാധിയായി. കാരശ്ശേരി ജങ്ഷനിലെ ഹുസ്സന്റെ ഗ്രീന്‍ഗാര്‍ഡന്‍ കെട്ടിടത്തിന് മുകളിലേക്ക് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞ്. നില്‍ക്കുന്ന വള്ളികളില്‍ തൂങ്ങിനില്‍ക്കുന്നത് ഒന്നും രണ്ടുമല്ല നിറയെ ഡ്രാഗണ്‍ പഴങ്ങളാണ്. കള്ളിമുള്‍ച്ചെടിപോലെയിരിക്കും ഇതിന്റെ തണ്ടുകള്‍. എന്നാല്‍, മുള്ളുകള്‍ അത്രയ്ക്കുണ്ടാവില്ല. മുള്ളുകളുള്ള ഭാഗത്തുനിന്നാണ് പൂക്കള്‍ പൊട്ടിവിരിഞ്ഞ് പഴമാകുന്നത്. ഡ്രാഗണ്‍ മൂത്ത് പഴമാകാന്‍ ഒരുമാസമെങ്കിലും പിടിക്കും. മുള്ളിനെ പേടിച്ച്, വവ്വാലോ പക്ഷികളോ കൊത്തിക്കൊണ്ടുപോകുകയുമില്ല.
ഡ്രാഗണ്‍ ഫ്രൂട്ടുകളില്‍ ആയിരത്തിലധികം ഇനങ്ങള്‍ ലോകത്തുണ്ട്. ഇതില്‍ അമ്പതിലധികയിനം ഹുസ്സന്റെ തോട്ടത്തിലുണ്ട്. റോയല്‍ റെഡ് (മൊറോക്കോ), പലോറ ഗോള്‍ഡ് (എക്വഡോര്‍), മലേഷ്യന്‍ റെഡ് (മലേഷ്യ), ലമന്‍ യെല്ലോ (തായ്ലാന്‍ഡ്), കൊളംബിയന്‍ യെല്ലോ (കൊളംബിയ), അസുന്ത-രണ്ട്, മൂന്… അഞ്ച് (അമേരിക്ക), ഐ.എസ്.ഐ.എസ്. ഗോള്‍ഡ് (ഇസ്രയേല്‍), ഡീപ് റെഡ് (സ്‌പെയിന്‍), മരിയ റോസ്, ഡിലൈറ്റ് (ഫിലിപ്പീന്‍സ്), നാച്വറല്‍ മിസ്റ്റിക്,കോക്കം എന്നിവ അതില്‍ ചിലതാണ്.
ഗ്രാഫ്റ്റിങ് നടത്തി ഒരുചെടിയില്‍നിന്ന് പത്തിലേറെ ഇനങ്ങള്‍ വികസിപ്പിക്കുന്ന രീതിയും ഹുസ്സന്‍ നടത്താറുണ്ട്. ഇവയ്ക്ക് ഉത്പാദനശേഷി കൂടും. സര്‍വസാധാരണ ഇനങ്ങളാണ് മലേഷ്യന്‍ റെഡും റോയല്‍റെഡും നാച്വറല്‍ മിസ്റ്റിക്കും. ചുവപ്പില്‍ മാത്രമല്ല വെള്ള, മഞ്ഞ നിറങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ടുകളുണ്ട്. മുക്കത്തെ കടകളില്‍ ഹുസ്സന്റെ പഴമെത്താറുണ്ട്. ഒരു ഡ്രാഗണ്‍ ഫ്രൂട്ടിന് 600 ഗ്രാംവരെ തൂക്കമുണ്ടാകും. കിലോഗ്രാമിന് 250 രൂപവരെ വിലയുണ്ട്.
ഫലവൃക്ഷത്തൈ സമ്മാനം
ഓയിസ്‌ക, റോട്ടറി, ലയണ്‍സ്, ജെ.സി.ഐ. സംഘടനകളില്‍ അംഗംകൂടിയായ ഹുസ്സന്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ സമ്മാനമായി നല്‍കാറുള്ളത് ഫലവൃക്ഷത്തൈയാണ്. വീട്ടില്‍ അതിഥികളായെത്തുന്നവര്‍ക്കും നല്‍കും പഴംകായ്ക്കുന്ന ഒരുമരം. കോഴിക്കോട്ടെ മാംഗോ പാര്‍ക്ക്മുതല്‍ ഒ.വി. വിജയന്റെ സ്മരണ നിലനില്‍ക്കുന്ന തസ്രാക്കുവരെ ഹുസ്സനും സംഘവും നട്ട ഒട്ടേറെമരങ്ങള്‍ പുഷ്പിച്ചുനില്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക് വീപ്പകളില്‍ അല്പം മണ്ണ് നിറച്ചോ ചകിരിച്ചോറിലോ ഉമിയിലോ ഒക്കെ ഡ്രാഗണ്‍വള്ളി നടാം. നല്ല വെയിലുണ്ടായാല്‍ മതി. പടര്‍ന്നുകയറുന്ന വള്ളികള്‍ക്ക് നല്ലതാങ്ങും നല്‍കണം. വിറ്റാമിന്‍ സി.യുടെ കലവറയാണ് ഡ്രാഗന്‍ഫ്രൂട്ട്. പ്രതിരോധശേഷിയും കൂട്ടും. ഹുസ്സന്റെ കൃഷിക്ക് പൂര്‍ണപിന്തുണയുമായി ഭാര്യ മുബഷീറയും മക്കളായ അഷിതയും അജ്മലും അമീനയും ആല്‍വിനുമുണ്ട്. ബെംഗളൂരുവില്‍ ബിസിനസായിരുന്ന ഹുസ്സന്‍ ഇരുപതുവര്‍ഷംമുമ്പാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
7 വര്‍ഷംമുമ്പ് കൗതുകത്തിന് ഒരു തൈ നട്ടു, ഇന്ന് ജീവനോപാധി; മട്ടുപ്പാവില്‍ ‘ഡ്രാഗണ്‍’
