റീൽസ് ചെയ്യാൻ പച്ചപ്പ് തേടുന്നവരുടെ ഇഷ്ടയിടമാണ് മെട്രോ നഗരത്തിലെ ഈ പച്ചപ്പു നിറഞ്ഞ വീട്. റോഡിലൂടെ പോകുമ്പോൾ ഈ വീടിന് മുന്നിൽ നിന്ന് ഒരു സെൽഫി എടുക്കാത്തവരായി ആരുമുണ്ടാവില്ല. കാരണം അത്രക്ക് മനോഹരമാണ് ഈ വീടിന്റെ പച്ചപ്പ് നിറഞ്ഞ മതിലും വീട്ടുമുറ്റവും. ഇരുപത്തിയാറ് വർഷം പഴക്കമുള്ള ഈ വീടും മതിലും ഇത്ര മനോഹരമായിരിക്കുന്നതിന്റെ രഹസ്യം, പൂക്കളെയും ചെടികളെയും ഒരുപാട് ഇഷ്ടപ്പെടുന്ന മേഴ്സി ജോണിയെന്ന ഗാർഡനറുടെ കഠിനാധ്വാനമാണ്.
കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് പൂന്തോട്ടമൊരുക്കുന്നതിലുള്ള മേഴ്സി ജോണിയുടെ വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. ചെടികളുടെ ക്രമീകരണത്തിലും പരിചരണത്തിലും കൃത്യമായ ദീർഘവീക്ഷണവും അറിവുമുണ്ട്. പൂന്തോട്ടം നനയ്ക്കാനായി രാവിലെ മുറ്റത്തിറങ്ങുമ്പോൾ പ്രഭാതനടത്തിനിറങ്ങുന്ന ആളുകൾ ബിഗ് സല്യൂട്ടക്കെ തന്നിട്ട് പോകാറുണ്ടെന്ന് മേഴ്സി സന്തോഷത്തോടെ പറയുന്നു. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണിയും മോഡലായ മകൾ ആനും പൂർണപിന്തുണയുമായി മേഴ്സിക്കൊപ്പമുണ്ട്.
നിറയെ പൂക്കൾ കൊണ്ടു നിറഞ്ഞു നിൽക്കുന്ന ചെത്തിയും, കാർ ഷെഡിനു മുകളിൽ പൂത്ത് നിൽക്കുന്ന ഗാർലിക് വൈനും, മതിലിനോട് ചേർന്ന് മെഴുക് തിരിപോലെ നിരനിരയായി കാൻഡിൽ ഫ്ലവറും, മുറ്റത്ത് ആമ്പൽ പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന മീൻകുളവും, മതിലിൽ ചെടിച്ചട്ടിയിൽ പൂക്കൾ നിറഞ്ഞിരിക്കുന്ന ബൊഗൻവില്ലയും പലവിധ വർണങ്ങളാൽ പത്തുമണിച്ചെടികളുമെല്ലാം ഭംഗി പറഞ്ഞറിയിക്കാൻ വയ്യ. ആര് ചെടി ചോദിച്ചാലും അവർക്കെല്ലാം ഏറെയിഷ്ടത്തോടെ ചെടികളൊക്കെ നൽകും. വീടിന് മുന്നിലൂടെ പോകുന്നവരൊക്കെ ഫോട്ടോയെടുക്കുന്നത് വീട്ടിലിരുന്ന് കാണുമ്പോൾ ഭയങ്കര സന്തോഷമാണെന്നും മേഴ്സി പറഞ്ഞു.
അധികം പരിചരണം ആവശ്യമില്ലാത്ത തരത്തിലുള്ള ചെടികളാണ് ഏറെയും ഇപ്പോൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ആദ്യമുണ്ടായിരുന്ന പൂന്തോട്ടത്തിൽ പലതരത്തിലുള്ള വ്യത്യസ്തങ്ങളായ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. അവയൊക്കെ കീടനാശിനി ഉപയോഗിച്ച് പരിപാലിക്കേണ്ട ചെടികളായിരുന്നു. കീടനാശിനികൊണ്ടുള്ള ദോഷങ്ങൾ മനസ്സിലാക്കിയാണ് അവയെല്ലാം ഒഴിവാക്കി പച്ചപ്പിന് പ്രാധാന്യം നൽകി ചെടികളെല്ലാം പുനഃക്രമീകരിച്ചത്. മതിലിനോട് ചേർന്ന് തിരമാലകളുടെ ആകൃതിയിലാണ് പുല്ല് നട്ടുപിടിപ്പിച്ചിരിക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്.
വീടിന് മുറ്റത്തായി ചെറിയൊരു മീൻ കുളവുമുണ്ട്. കുളത്തിൽ നിറയെ ആമ്പൽ ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നു. കുളത്തിൽ ചെറിയൊരു മോട്ടോർ പമ്പ് ഉപയോഗിച്ച് അധികം പരിചരണമൊന്നും ആവശ്യമില്ലാത്ത വെള്ളച്ചാട്ടമൊക്കെ ചെയ്തിട്ടുണ്ട്. നഗരമധ്യത്തിലാണെങ്കിലും കുളത്തിൽ നിന്ന് മീനെ പിടിക്കാനായി കൊക്കുകൾ വരാറുണ്ട്. അതൊക്കെ കാണുമ്പോൾ വലിയൊരു സന്തോഷമാണ്. അതുകൂടാതെ മഴക്കാലത്ത് നിറയെ തവളകളും അവയുടെ കരച്ചിലുമുണ്ടാകും. ഇതൊക്കെ കേൾക്കുമ്പോൾ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയുമെന്ന് മേഴ്സി ഓർമ്മിക്കുന്നു.
വീടിന്റെ മുൻഭാഗത്തുള്ള മുറ്റവും പ്രത്യേക രീതിയിൽ തന്നെ ക്രമീകരിച്ചിരിക്കുന്നു. ഫുട്പാത്തിന് അനുയോജ്യമായ ഡിസൈൻ മുറ്റത്തും തീർത്തിരിക്കുന്നു. പുല്ലും കല്ലും ഉപയോഗിച്ച് വാഹനങ്ങൾ കയറുമ്പോൾ താഴ്ന്നുപോകാത്ത വിധമാണ് നിർമാണം. അടിഭാഗത്ത് കോൺക്രീറ്റ് ബോക്സ് നിർമ്മിച്ച് അതിൽ മണ്ണ് നിറച്ച് നിർമ്മിച്ചിരിക്കുന്നതിൽ പിന്നീട് യാതൊരുവിധ പരിചരണവും ആവശ്യമില്ല.
ഐവി പ്ലാന്റ് കൊണ്ട് തീർത്തിരിക്കുന്ന മതിലാണ് ഈ വീടിന് ഇത്രയും പച്ചപ്പും മനോഹാരിതയും നൽകുന്നത്. പതിനെട്ട് വർഷം കൊണ്ടാണ്
ഐവി പ്ലാന്റ് ഇത്രയും വളർത്തിയെടുത്തത്. ചെടിയിങ്ങനെ വളർന്നതിനാൽ മതിൽ പെയിന്റ് അടിക്കേണ്ട ആവശ്യമില്ല. വളരുന്നതിന് അനുസരിച്ച്
ഇടയ്ക്ക് വെട്ടികൊടുക്കണം. ചെടിവളർത്തുന്നത് കൊണ്ട് സ്ലാബിൽ പണിത മതിലിന് യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല. ഇരുപത്തിയാറ് വർഷം മുൻപ് വീടുപണിതപ്പോൾ നിർമ്മിച്ച മതിൽ ചെടിയുളളതിനാൽ ഇപ്പോഴും നല്ല ബലമുണ്ട്. ഐവി പ്ലാന്റിന്റെ പച്ചപ്പ് നിലനിർത്തുന്നതിനായി ഇടയ്ക്ക് മഗ്നീഷ്യം സ്പ്രേയും ചെയ്യുന്നു.
ഇതുകൂടാതെ വീടിന് പുറകുവശത്തായി ചെറിയൊരു അടുക്കളത്തോട്ടവും ഉണ്ട്. പഴച്ചെടികളും പച്ചക്കറികളും വീട്ടാവശ്യത്തിനുള്ളതൊക്കെ ഇവിടെ നട്ടുവളർത്തുന്നു. മാവ്, പ്ലാവ്, റംബൂട്ടാൻ, പേര, വിവിധതരം വാഴകൾ എന്നിവയെല്ലാം നന്നായി വളരുന്നു. ചെമ്പരത്തിയും ചെത്തിയുമെല്ലാം ഇവിടെയുണ്ട്. മണ്ണിൽ മാത്രമല്ല വെള്ളമൊഴിച്ച് കുപ്പികളിലും ചെടികൾ വളർത്തുന്നു. വിവിധതരത്തിലുള്ള വാട്ടർ ലില്ലികളും ഉണ്ട്.തെങ്ങിൻകുറ്റികളുടെ മുകളിൽ സ്ലാബ് ചെയ്ത് അതിലും മനോഹരമായി പൂച്ചട്ടികൾ അടുക്കി വെച്ചിരിക്കുന്നു.
പ്രധാനമായും ഉണങ്ങിയ ചാണകപ്പൊടിയും പതിനെട്ട് പതിനെട്ടും വളമായി ഉപയോഗിക്കുന്നു. വീടിന്റെ ഒരു വശത്തായി ഒരു വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചിട്ടുണ്ട്. അധികം പരിചരണം ആവശ്യമില്ലാത്ത മണിപ്ലാന്റാണ് ചെടികളാണ് വെർട്ടിക്കൽ ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്.ബോട്ടാകൃതിയിൽ കെട്ടിയുണ്ടാക്കിയിരിക്കുന്ന പ്ലാന്ററിൽ ചീരച്ചെടിയും നട്ടിട്ടുണ്ട്. അഗ്ലോണിമയുടെയും സക്കുലന്റുകളുടെയും വലിയൊരു ശേഖരവുമുണ്ട്. വള്ളത്തിന്റ ആകൃതിയിൽ വെട്ടിയൊരുക്കിയിരിക്കുന്ന പിലാന്തസും മുറ്റത്തിന് കൂടുതൽ ഭംഗി നൽകുന്നു.