അകത്തളം മോടിയാക്കാൻ ഉപയോഗിക്കുന്ന അലങ്കാര ഇലച്ചെടികളിൽ രാജകീയപ്രൗഢിയാണ് അഗ്ലോനിമയ്ക്ക്. ഒറ്റനോട്ടത്തിൽ പ്ലാസ്റ്റിക് ചെടിയെന്നു തോന്നുമാറ് ആകർഷകമായ ഇലകളുമായി അഗ്ലോനിമയുടെ പുതുപുത്തൻ റൊട്ടെണ്ടം ഇനങ്ങൾ ഇന്നു ലഭ്യമാണ്. പച്ചനിറത്തിലുള്ള ഇലകളിൽ വെള്ളപ്പുള്ളികളോ വരകളോ ഉള്ള ആദ്യകാല ഇനങ്ങളിൽനിന്നു വിഭിന്നമായി പിങ്ക്, ചുവപ്പ്, മെറൂൺ, ഓറഞ്ച് തുടങ്ങിയ വർണക്കൂട്ടുകളിലുള്ള ഇലകളാണ് റൊട്ടെണ്ടം ചെടികൾക്കുള്ളത്. മുഖ്യമായും തായ്‌ലൻഡിൽ നിന്നെത്തുന്ന ഇവയെല്ലാംതന്നെ കൃത്രിമ പരാഗണവും മ്യൂട്ടേഷനും വഴി ഉൽപാദിപ്പിച്ചവയാണ്. ചേമ്പിന്‍റെ കുടുംബത്തിൽപെടുന്ന, നിത്യഹരിത പ്രകൃതമുള്ള അഗ്ലോനിമയുടെ പുതിയ ഇനങ്ങൾ മറ്റ് അകത്തളച്ചെടികളിൽനിന്നു വ്യത്യസ്തമായി ഒതുങ്ങിയ പ്രകൃതമുള്ളവയാണ്. അതുകൊണ്ടുതന്നെ ജനൽപടി, വരാന്ത, ബാൽക്കണി, നടുമുറ്റം എന്നിവിടങ്ങളിലായി ഇവ നട്ടുപരിപാലിക്കാം. ഭാഗികമായി വെയിൽ കിട്ടുന്ന പ്ലാന്‍റർ ബോക്സുകളിലും കൂട്ടമായി വളർത്താം. മറ്റ് ചേമ്പിനങ്ങളിൽനിന്നു വ്യത്യസ്തമായി അഗ്ലോനിമയ്ക്ക് മണ്ണിനടിയിൽ കിഴങ്ങ് ഉണ്ടാകാറില്ല. എന്നാൽ മണ്ണിനടിയിലുള്ള കടയിൽനിന്നു പിള്ളത്തൈകൾ ഉൽപാദിപ്പിക്കാറുണ്ട്.
നടീൽവസ്തു, നടീൽ രീതി
പൂർണ വളർച്ചയെത്തിയ ചെടി ഉൽപാദിപ്പിക്കുന്ന തൈകളും ചെടിയുടെ തലപ്പുമാണ് നടീൽവസ്തുക്കള്‍. പുതിയ ഇനങ്ങളിൽ പലതിലും സാവധാനമാണു ചുവട്ടിൽനിന്നു തൈകൾ ഉണ്ടായി വരിക. ചെടി നട്ട് ഒരു വർഷത്തോളം വളർച്ചയായാൽ ചുവട്ടിൽ 2–3 തൈകൾ കാണാം. ചെടി പൂവിടാറാവുമ്പോഴോ പൂവിട്ടു കഴിയുമ്പോഴോ ആണ് തൈകൾ വളർന്നുവരിക. 3–4 ഇലകളുമായി ആവശ്യത്തിനു വളർച്ചയെത്തിയ തൈ, മാതൃസസ്യത്തിൽനിന്നു വേർപെടുത്തിയെടുക്കണം. ഇതിനായി ചട്ടിയിൽനിന്നു മിശ്രിതമുൾപ്പെടെ ചെടി പുറത്തെടുക്കുക. വേരിനു ചുറ്റുമുള്ള മണ്ണ് വെള്ളമൊഴിച്ച് മുഴുവനായി കഴുകി നീക്കം ചെയ്യണം. ഇതിനുശേഷം ബ്ലേഡ് ഉപയോഗിച്ച് തൈ വേരുൾപ്പെടെ വേർപെടുത്തിയെടുക്കാം. ചെടിയുടെ മുറിഭാഗത്ത് ചീയൽ വരാതിരിക്കാൻ കുമിൾനാശിനി പുരട്ടി സംരക്ഷിക്കണം. ഒരു ഭാഗം വീതം ചെമ്മണ്ണും ചകിരിച്ചോറും കലർത്തി കുതിർത്തെടുത്താൽ, വളമായി സ്റ്റെറാമീലും ചേർത്തുണ്ടാക്കിയ മിശ്രിതം നഴ്സറിച്ചട്ടിയിൽ നിറച്ച് അതിൽ തൈ നടാം. 2–3 ദിവസം വെയിലത്തിട്ട് ഉണക്കി അരിച്ചെടുത്ത ചെമ്മണ്ണു വേണം ഉപയോഗിക്കാൻ.
നല്ല വളർച്ചയെത്തിയ ചെടിയുടെ തലപ്പ് (ടോപ് കട്ടിങ്) മുറിച്ചെടുത്ത് നടാം. 4–5 ഇലകളെങ്കിലും തലപ്പിൽ ഉണ്ടായിരിക്കണം. രണ്ടു ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ലായനിയാക്കിയതിൽ, മുറിച്ചെടുത്ത തലപ്പിന്‍റെ ചുവടുഭാഗം ഒരു രാത്രി മുഴുവൻ മുക്കിവച്ച് അണുവിമുക്തമാക്കണം. തലപ്പു നീക്കിയ ചെടിയുടെ ചുവട്ടിലുള്ള മുട്ടുകളിൽനിന്നു പുതിയ തളിർപ്പുകൾ വളർന്നുവരും. തൈ നടാൻ ഉപയോഗിച്ച മിശ്രിതംതന്നെ തലപ്പു നടാനും മതി. നഴ്സറിച്ചട്ടിയിൽ നട്ട ചെടി തണലത്തുവച്ച് സംരക്ഷിക്കണം. ചട്ടിയിലെ മിശ്രിതത്തിൽ നേരിയ നനവ് നിലനിർത്തുന്ന വിധത്തിൽ ആവശ്യാനുസരണം നനയ്ക്കുക. 15–20 ദിവസം കഴിഞ്ഞാൽ ചെടി പുതിയ ഇലകൾ ഉൽപാദിപ്പിക്കും. ഈ വിധത്തിൽ പ്രകടമായ വളർച്ച കാണിച്ചുതുടങ്ങിയ ചെടികൾ സ്ഥിരമായി പരിപാലിക്കാൻ ഉദ്ദേശിക്കുന്ന ചട്ടിയിലേക്കോ പ്ലാന്റർബോക്സിലേക്കോ മാറ്റിനടാം.
പരിപാലനം: അഗ്ലോനിമ നട്ടിരിക്കുന്നിടത്ത് അധികം ഈർപ്പവും വെയിലും വരാതെ സംരക്ഷിക്കുകയാണ് ഈ ചെടിയുടെ പരിപാലനത്തിൽ മുഖ്യം. നന്നായി വെള്ളം വാർന്നുപോകുന്ന മിശ്രിതമാണ് അഗ്ലോനിമ നടാൻ യോജിച്ചത്. ഇതിനായി ഒരു ഭാഗം വീതം അരിച്ചെടുത്ത ചുവന്ന മണ്ണ്, ആറ്റുമണൽ, ചകിരിച്ചോറ് ഇവ കലർത്തിയെടുത്തതിൽ വളമായി ഒരു പിടി സ്റ്റെറാമീലും ചേർത്ത് തയാറാക്കിയത് മതി. പത്ത് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയാണ് ഈ ഇലച്ചെടിക്ക് യോജ്യം. നടീൽ മിശ്രിതം നിറയ്ക്കുന്നതിനു മുൻപ് അധിക ജലം വാർന്നുപോകാനായി ചട്ടിയുടെ അടിഭാഗത്ത് ഓടിന്‍റെയോ കരിയുടെയോ കഷണങ്ങൾ നിരത്തണം. ചെറിയ ചട്ടിയിൽ വളർത്തിയെടുത്ത ചെടി മിശ്രിതമടക്കം വലിയ ചട്ടിയിലേക്കു മാറ്റി നടാം. ഭാഗികമായി തണൽ കിട്ടുന്ന വീടിന്‍റെ ഭാഗങ്ങളിലാണ് അഗ്ലോനിമ പരിപാലിക്കേണ്ടത്. വെയിൽ അധികമായാൽ ഇലകളുടെ വലുപ്പം കുറഞ്ഞ് അഗ്രഭാഗത്ത് തവിട്ടുനിറം വന്ന് ഉണങ്ങിപ്പോകാനിടയുണ്ട്. തണൽ അധികമായാലാവട്ടെ, ഇലകളുടെ തിളക്കമാർന്ന നിറം മങ്ങി കൂടുതൽ പച്ചനിറം വരുകയും ഭംഗി നഷ്ടപ്പെടുകയും ചെയ്യും. കിഴക്കുനിന്നു ചാഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് ഈ ചെടി വളർത്താൻ ഏറ്റവും യോജിച്ചത്. ചെടിയുടെ വേരുഭാഗത്ത് അധികനേരം ഈർപ്പം തങ്ങി നിന്നാൽ ചീയൽ രോഗം വരാം. മാസത്തിലൊരിക്കൽ കോണ്ടാഫ് കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം ) തളിച്ച് ചീയൽ രോഗത്തിൽനിന്നു സംരക്ഷിക്കാം.
സങ്കരയിനങ്ങൾ എല്ലാം തുടക്കത്തിൽ സാവധാനമാണു വളരുക. ചെടി നട്ട് പുതിയ തളിർപ്പും ഇലകളും വന്നു തുടങ്ങിയാൽ മാത്രം വളം നൽകുക. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്‍റെ തെളി നേർപ്പിച്ചത് നല്ല ജൈവവളമാണ്. രണ്ടാഴ്ചയിലൊരിക്കൽ ഈ തെളി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രണ്ടു മാസത്തിലൊരിക്കൽ എല്ലുപൊടിയും കമ്പോസ്റ്റും ചേർത്ത വളക്കൂട്ട് മിശ്രിതത്തിൽ കലർത്തി നൽകാം. മഴക്കാലത്ത് ജൈവവളങ്ങൾ ഒഴിവാക്കണം. തുടക്കത്തിൽ കരുത്തുറ്റ വളർച്ചയ്ക്കായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിലും നട്ടിരിക്കുന്നിടത്തും തുള്ളിനനയായി നൽകാം. പൂമൊട്ടുകളും പഴകിയ ഇലകളും അപ്പപ്പോൾ നീക്കം ചെയ്യുന്നത് ചെടി കരുത്തോടെ വളരാനും കൂടുതൽ ആകർഷകമാകാനും ഉപകരിക്കും.
സംരക്ഷണം: നന അധികമായാലും മഴക്കാലത്ത് ചട്ടിയിൽ കൂടുതൽ നേരം വെള്ളം തങ്ങിനിന്നാലും കുമിൾ വഴി ഉണ്ടാകുന്ന ചീയൽരോഗമുണ്ടാകാനിടയുണ്ട്. വർഷകാലം ആരംഭിക്കുന്നതിനു മുൻപ് സ്യൂഡോമൊണാസ് ലായനി (5 മില്ലി / ലീറ്റർ വെള്ളം) ചെടിയും നട്ടിരിക്കുന്നിടവും രണ്ടാഴ്ചത്തെ ഇടവേളയിൽ 2–3 തവണ തളിച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.
ചീയൽ രോഗലക്ഷണങ്ങൾ ആദ്യം കാണുക തണ്ടിന്‍റെ ചുവട്ടിലും താഴെയുള്ള ഇലകളിലുമാണ്. പിന്നീട് ഇലകൾ മഞ്ഞളിച്ചു കൊഴിയാൻ തുടങ്ങും. നന മിതപ്പെടുത്തി രണ്ടു ഗ്രാം സ്ട്രെപ്റ്റോ A.G ആന്‍റിബയോട്ടിക്കും ഒരു മില്ലി കോണ്ടാഫ് കുമിൾനാശിനിയും ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ചെടി മുഴുവനായി തളിച്ച് ചെടി രോഗമുക്തമാക്കാം.