ജൈവകൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കൃഷിവികസനം. കൃഷി ആസൂത്രണം മുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ലക്ഷ്യങ്ങള്‍
- പച്ചക്കറിയിലും മറ്റ് അടിസ്ഥാനകൃഷി ഉല്പന്നങ്ങളിലും (പ്രത്യേകിച്ച് നെല്ല്, പഴവര്‍ഗങ്ങള്‍) സ്വയം പര്യാപ്തത നേടാനുതകുന്ന വിധത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക.
- ഗാര്‍ഹിക, സ്ഥാപന തലങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ (safe to eat) ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
- വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും തരിശ് കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും പ്രാദേശികമായി ലഭ്യമാകുന്ന പൊതുസ്ഥലങ്ങളില്‍ വ്യാപകമായി പച്ചക്കറി, ഇതര കൃഷികള്‍ നടപ്പിലാക്കുകയും ചെയ്ത് ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക.
- ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ വിപണി സംവിധാനം പരിഷ്‌ക്കരിക്കുക.
- ലാഭകരമായ കൃഷിയിലൂടെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന സംരംഭങ്ങളിലൂടെയും കാര്‍ഷിക മേഖലയില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
- സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന ത്വരിതപ്പെടുത്തുക.
- ജലസ്രോതസ്സുകള്‍ക്കുചുറ്റും മരം വളര്‍ത്തുന്നതുള്‍പ്പെടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക.
പ്രവര്‍ത്തനങ്ങള്‍
- കൃഷിയെ മാത്രം ആശ്രയിച്ചുളള ഉപജീവന മാര്‍ഗ്ഗം സ്വീകരിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ പുരയിടങ്ങളില്‍ നിന്നും പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നതാണ്. ഇതിനായി കൃഷി, മൃഗ സംരക്ഷണം, കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി, തേനിച്ച കൃഷി തുടങ്ങിയ കാര്‍ഷിക അനുന്ധ മേഖലകളെ പരസ്പര പൂരകങ്ങളായി ഏകോപിപ്പിച്ച് കൊണ്ട് സംയോജിത കൃഷി രീതി അവലംബിക്കുന്നതാണ്.
- നെല്‍കൃഷിയുടെ വിസ്തൃതി നിലവിലുളള 2 ലക്ഷം ഹെക്ടറില്‍ നിന്ന് 3 ലക്ഷം ഹെക്ടറായെങ്കിലും വര്‍ദ്ധിപ്പിക്കുന്നതാണ്.
- ചെറുകിട-ഇടത്തരം അഗ്രോപാര്‍ക്കുകളുടെ ശൃംഖല സജ്ജമാക്കി കേരളത്തിന്റെ പ്രമുഖ വിളകളായ നെല്ല്, തെങ്ങ്, പച്ചക്കറി, വാഴ, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, ചക്ക, തേന്‍, എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നിവ സാധ്യമാക്കുന്നതാണ്.
- യന്ത്രവല്‍ക്കരണം എത്തിച്ചേരാത്ത മേഖലകളില്‍ വ്യാപകമായി യന്ത്രവല്‍ക്കരണം പ്രാവര്‍ത്തികമാക്കി ഉല്പാദനച്ചെലവ് കുറയ്ക്കുന്നതാണ്.
- സ്വയം സഹായ സംഘങ്ങളുടേയും ജോയിന്റ് ലയിലിറ്റി ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ തരിശു കിടക്കുന്ന കൃഷിയിടങ്ങള്‍ ഏറ്റെടുത്ത് കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ്.
- വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പദ്ധതികള്‍ ഫലപ്രദമായി സംയോജിപ്പിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന സമീപനമായിരിക്കും സ്വീകരിക്കുക.
- കാര്‍ഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ശക്തിപ്പെടുത്തുക.
- സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി ജൈവകൃഷിക്കുള്‍പ്പെടെ വായ്പാ സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ഉല്പന്ന വിപണന സൗകര്യങ്ങള്‍ സംഘടിപ്പിക്കുക.
- സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങളുടെ ഭക്ഷ്യയോഗ്യത മെച്ചപ്പെടുത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുക.