1. കണ്ണൂർ ജില്ലയിലെ പാടശേഖരസമിതികൾക്ക് 3 ലക്ഷം രൂപ വരെ വിലയുള്ള കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് നൽകുക. പദ്ധതി വഴി മുൻവർഷങ്ങളിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് ഇത്തവണ മറ്റ് യന്ത്രങ്ങൾക്ക് വേണ്ടി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തിൽ മുൻകൂറായി അടക്കണം. അപേക്ഷകൾ കൃഷിഭവനിലും, പഞ്ചായത്ത് ഓഫീസുകളിലും, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്‌സറി പാലയാട്, കണ്ണൂർ- 670661 എന്ന വിലാസത്തിൽ ഈ മാസം 30നകം സമർപ്പിക്കണം. ഫോൺ: 9383472050, 9383472051, 9383472052.
2. നിപ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നല്‍കി മൃഗസംരക്ഷണ വകുപ്പ്. പഴം തീനി വവ്വാലുകളാണ് നിപാ രോഗം കൂടുതലായി പരത്തുന്നത്. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാല്‍ കടിച്ചുപേക്ഷിച്ചതാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ തൊടുകയോ കഴിക്കുകയോ ചെയ്യരുത്. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കരുത്. പന്നികളും അപൂര്‍വമായി രോഗ വാഹകരാകുന്നുണ്ട്. വവ്വാലില്‍ നിന്നാണ് പന്നികളിലേക്ക് രോഗം പകരുക. പന്നികളിലെ കടുത്ത ചുമ പ്രധാന രോഗലക്ഷണമാണ്. മൃഗങ്ങൾ അസ്വാഭാവികമായി മരണപ്പെട്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന് കൊല്ലം ജില്ലാ മൃഗാശുപത്രി മേധാവി അറിയിച്ചു.
3. പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, മെക്കനൈസ്ഡ് ഫിഷിംഗ് വെസലുകളില്‍ ബയോടോയ്ലെറ്റ് നിര്‍മാണം എന്നിവയാണ് പദ്ധതികള്‍. ആലപ്പുഴ ജില്ലയിലുള്ള ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഈ മാസം 20-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0477 2251103, 0477 225 2814
4. പാലക്കാട് ജില്ലയിലെ കൃഷിഭവനുകളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ അവസരം. www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷ നൽകാം. ഇന്റര്‍വ്യൂ നടത്തിയാണ് ഇന്റേണുകളെ തെരഞ്ഞെടുക്കുക. പ്രതിമാസം 5000 രൂപ ഇന്‍സെന്റീവ് നൽകും. ഫോട്ടോ പതിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമയോ/വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഫ്ലൈനായി അടുത്തുള്ള കൃഷിഭവന്‍ ബ്ലോക്ക് ഓഫീസ്, സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളിലും നല്‍കാം.