കൃഷി എന്നും ലാഭം, വിജയഗാഥയുമായി സ്ത്രീകൾ

ആലപ്പുഴ: കൃഷിയിലൂടെ വിജയം കൊയ്യാമെന്നും കൃഷി ഒരിക്കലും നഷ്ടമല്ലെന്നും കാണിച്ചു തരികയാണ് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ധനശ്രീ വിമൻ ഇൻ അഗ്രിക്കൾച്ചർ ഗ്രൂപ്പ്. 20 വർഷം മുൻപ് ആരംഭിച്ച ഈ കാർഷിക ഗ്രൂപ്പ് ഇന്നും  പുതിയ കൃഷി രീതികളിൽ കൂടി  പ്രവർത്തന മേഖല വ്യാപിപ്പിക്കുകയാണ്. കൂൺ കൃഷി, മില്ലറ്റ് കൃഷി, കൂവ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, ആഗ്ര പേട തുടങ്ങിയവയും വലിയ തോതിലുള്ള തൈ ഉത്പാദന കേന്ദ്രവും ഇവർ നടത്തുന്നുണ്ട്. ഇവരുടെ സ്വന്തം മുതൽമുടക്കിൽ 2.57 ലക്ഷം രൂപ ചെലവഴിച്ച് മഴമറയും നിർമിച്ചിട്ടുണ്ട്.

ചേർത്തല തെക്ക് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ പച്ചക്കറി തൈകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്  മഴമറ നിർമിച്ചത്. ഒരു മാസം മുൻപ് ആരംഭിച്ച മഴമറയിൽ നിന്നും ഇതിനകം ഒരു ലക്ഷത്തോളം വിത്തുകൾ ഉത്പ്പാദിപ്പിക്കാനായി. മുളക്, വഴുതന, തക്കാളി, പയർ, വെണ്ട തുടങ്ങിയവയോടൊപ്പം പഞ്ചായത്തിന്റെ തനത് ചീര ഇനമായ തൈക്കൽ ചീരയും ചെങ്കൽ ചീരയുമാണ് ഉത്പാദിപ്പിച്ചത്.  ഒരു തൈയ്ക്ക് 2.50രൂപ വീതം കൃഷിഭവൻ നൽകി.

ഓണക്കാലത്ത് 175 ചുവട് വാഴ കൃഷി വിളവെടുത്തു. കാലാവസ്ഥ അനുകൂലമല്ലാതായിട്ട് കൂടി തങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്നും ഏകദേശം 150 വാഴ വിത്തുകൾ ഉത്പാദിപ്പിക്കാനായെന്നും സംഘത്തിലെ അംഗമായ രമാദേവി പറഞ്ഞു. തുടർന്നും വിപുലമായ മറ്റ് കാർഷിക, മൂല്യവർദ്ധിത പ്രവർത്തനങ്ങൾ നടത്തണമെന്ന ആഗ്രഹമാണ് ഇവർക്കുള്ളത്.

2001- 2002 സാമ്പത്തിക വർഷം കൃഷി വകുപ്പ് നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വിമൻ ഇൻ അഗ്രിക്കൾച്ചർ പ്രകാരം 10 പേർ ചേർന്നാണ് ഈ സംഘം ആരംഭിച്ചത്. ഇന്ന് രമാദേവി, ഐഷാഭായ്, ലത ഷണ്മുഖൻ, സതീ ശിവദാസൻ, ശ്രീദേവി സുരേന്ദ്രൻ, ഗീത അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാർഷിക സംഘം പ്രവർത്തിക്കുന്നത്. സ്വാശ്രയ സംഘമായും വൃക്തിപരമായും ഇവർ കൃഷി ചെയ്യുന്നുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *