കോഴിക്കോട്, വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വനിതാ ഹോസ്റ്റലിന് മുമ്പിലെ കാടുവെട്ടിത്തെളിച്ച് വിദ്യാര്‍ഥികള്‍ വത്തയ്ക്ക വിത്ത് പാകുമ്പോള്‍ അധ്യാപകന്‍ മനുവിന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞ ചിരി. ഇടവേളകളില്‍ പകര്‍ന്നുനല്‍കിയ കൃഷി പാഠങ്ങള്‍ യുവത്വം ഏറ്റെടുത്തതിന്റെ സന്തോഷമായിരുന്നു ആ പുഞ്ചിരിക്ക് കാരണം. മെക്കാനിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മനു വി. തോട്ടയ്ക്കാടിന്എന്‍ജിനിയറിങ്ങിനോടുള്ള അതേ ഇഷ്ടം തന്നെയാണ് കൃഷിയോടും.
കൃഷിയാണ് ജീവിതം
കൂരാച്ചുണ്ട് സ്വദേശിയായ മനുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളേജില്‍ കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. വീട്ടിലെ മട്ടുപ്പാവില്‍ കൃഷി ഒരുക്കിയ ഇദ്ദേഹം കാര്‍ഷിക സംബന്ധമായ ക്ലാസെടുക്കാനും പോവാറുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്‌കൂള്‍, കോളേജ്, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃഷിയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ക്ലാസുകള്‍ എടുത്തു. ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള വിത്തുകള്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നു. ഇതിനായി വര്‍ഷം 70,000 രൂപ വരെ ചെലവ് വരാറുണ്ടെന്ന് മനു പറഞ്ഞു.കഴിഞ്ഞ വര്‍ഷം മൂവായിരം ആളുകള്‍ക്കാണ് സൗജന്യമായി വിവിധതരം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്. എല്ലാ വര്‍ഷവും പി.ടി.എ. യുടെ സഹായത്താല്‍ കോളേജിലെ അധ്യാപകര്‍ക്കും പച്ചക്കറി, ഔഷധസസ്യവിത്തുകള്‍ മനുവിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ഒട്ടേറെ കര്‍ഷകരും ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ക്കുവേണ്ടി ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. കര്‍ഷകരില്‍നിന്നും കൃഷി ഓഫീസുകളില്‍ നിന്നുമാണ് വിത്ത്ശേഖരിക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറിവിത്തുകള്‍ ശേഖരിക്കാനായി പലപ്പോഴും ജില്ലയ്ക്ക് പുറത്തും പോവേണ്ടിവരാറുണ്ടെന്ന് മനു പറഞ്ഞു.