ചേന കൃഷി അറിയേണ്ടതെല്ലാം.

വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം.

കൃഷിയിടം കിളച്ച് ആദ്യം കളകള്‍ നീക്കംചെയ്യുക. ഇവിടെ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 90 സെ. മീ. അകലം ഉണ്ടാകത്തക്കവിധം കുഴികള്‍ എടുക്കണം. കുഴികളുടെ വലുപ്പം 60 സെ.മീ. നീളവും വീതിയും 45 സെ. മീ. താഴ്ചയും വേണം.

ഇതിൽ 2.5 കി.ഗ്രാം കമ്പോസ്‌റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കി.ഗ്രാം ചാരം എന്നിവ മേല്‍മണ്ണുമായി കലര്‍ത്തി കുഴിനിറയ്ക്കുക. കാലിവളത്തോടൊപ്പം ഡൈക്കോഡര്‍മ ചേര്‍ത്ത് രോഗപ്രതിരോധശേഷി ഉണ്ടാക്കാം. (നനവുള്ള കാലിവളവുമായി യോജിപ്പിച്ച് ഒരാഴ്ച വച്ചശേഷം വളത്തില്‍ കുമിള്‍ വ്യാപിച്ചിരിക്കും. ഇത് കുമിള്‍രോഗത്തെ തടയും).

ചേനവിത്ത് അതിന്റെ കിഴങ്ങുതന്നെയാണ്. പഴയ നാടന്‍ ഇനങ്ങള്‍ അപൂര്‍വമായി മാത്രമേയുള്ളു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വിവിധ ചേനയുണ്ട്. ഗജേന്ദ്ര, ശ്രീപത്മ, ശ്രീ ആതിര. ഇതില്‍ ശ്രീപത്മ ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ് വിത്തുചേനയ്ക്ക് ഒരുകി.ഗ്രാം തൂക്കം വേണം, മുളയുടെ ഭാഗംകൂടി ഉള്‍പ്പെടണം. മുളഭാഗം ഉള്‍പ്പെടുത്തി കഷണങ്ങളായി മുറിച്ചുനടുന്ന രീതിയുണ്ട് എന്നാല്‍ ഫലംചെയ്യുക മുള മുഴുവന്‍ കിട്ടത്തക്കവിധം നടുന്നതിലാണ്. കുമിള്‍ബാധയില്ലാതാക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 1/2 മണിക്കൂര്‍ മുക്കിയശേഷം തണലത്തുണക്കി നടാം. കൂടാതെ മഞ്ഞള്‍പ്പൊടിയും കറിയുപ്പും ചേര്‍ത്ത ലായനിയില്‍ മുക്കി ഉണക്കി നടുന്ന രീതിയും ചിലര്‍ അനുവര്‍ത്തിക്കാറുണ്ട്. ഏതും സ്വീകരിക്കാം. മിലിമൂട്ടയുടെ ഉപദ്രവും ഇതുവഴി കുറയ്ക്കാം.

കുഴിയുടെ നടുവില്‍ ചെറിയ കുഴി കൊത്തി അതില്‍ വിത്തു നട്ട് മണ്ണിട്ടുമൂടി ചെറുതായി അമര്‍ത്തുക. കുഴിയില്‍ ഉണക്കക്കരിയിലയും പാഴ് വസ്തുക്കളും ഉപയോഗിച്ച് പുതയിടണം. സാധ്യമെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കാം.

മഴയുടെ ആരംഭത്തോടെ (ഇടമഴ ലഭിക്കുമ്പോള്‍) മേല്‍വളം ചേര്‍ക്കണം. കമ്പോസ്റ്റ്-കാലിവളം-കോഴിവളം-പച്ചില വളതൂപ്പുകള്‍ തുടങ്ങിയവയൊക്കെ ഇടയ്ക്ക് ചേര്‍ത്തുകൊടുക്കണം. കടലപ്പിണ്ണാക്ക് പൊടിച്ചുചേര്‍ക്കാം. ചേനയുടെ വേരുകള്‍ മേല്‍മണ്ണ് ഭാഗത്താണ്. അവയ്ക്ക് ക്ഷതമില്ലാതെ ചേര്‍ത്ത് മണ്ണ് മൂടിക്കൊടുക്കണം.

തനിവിള ചെയ്യുമ്പോള്‍ ഇടയില്‍ പയര്‍ വിതച്ചാല്‍ അവ വളരുന്ന സമയത്ത് പിഴുത് ചേനയുടെ ചുവട്ടിലിട്ട് മണ്ണിട്ടുമൂടുന്നത് ഏറ്റവും നല്ല രീതിയാണ്. ഇടയ്ക്ക് വളം ചേര്‍ക്കല്‍ ആവര്‍ത്തിക്കുക.തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ചുവട്ടില്‍ തണ്ടോടുചേരുന്ന മണ്ണിലും തണ്ടിലും ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. 8-9 മാസമാവുമ്പോഴേക്കും വിളവെടുക്കാം

Share Now

Leave a Reply

Your email address will not be published. Required fields are marked *