തീവ്ര ജൈവവൈവിധ്യമേഖല

ആമുഖം

ആഗോളതലത്തില്‍ അറിയപ്പെടുന്ന തീവ്ര ജൈവവവിധ്യമേഖലകളില്‍ ഒന്നാണ് വയനാട്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍, അതായത് 2297 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയോര മേഖലയായ വയനാടിന്‍റെ ചുറ്റും മലകളും നിബിഢ വനങ്ങളുമാണ്. കാടും നാടും ചേര്‍ന്നതാണ് വയനാട്. ഇവിടുത്തെ പ്രാണവായു, ജലം, ഭക്ഷണം, ജീവിതം തന്നെയും വനത്തേയും കൃഷിയേയും ആശ്രയിച്ചാണ്. നീലഗിരി ജൈവവൈവിധ്യമേഖലയുടെ ഭാഗമായ വയനാടിന്‍റെ വടക്ക് കിഴക്ക് അതിര്‍ത്തി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനവും, തെക്ക് തമിഴ്നാടിന്‍റെ മുതുമല വനവുമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുമായും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കാടുകളുമായും വയനാട് അതിര്‍ത്തി പങ്കിടുന്നു. കൊട്ടിയൂര്‍ പാല്‍ച്ചുരവും പേര്യ-നെടുംപൊയില്‍ ചുരവും കുറ്റ്യാടി ചുരവും ഉള്‍പ്പെടുന്ന പേര്യ-കുഞ്ഞോം ജീന്‍പൂള്‍ മേഖല വയനാടിന്‍റെ ജൈവവൈവിധ്യ കലവറകളിലൊന്നാണ്. ലോകത്ത് തന്നെ അപൂര്‍വ്വമായി കണ്ടുവരുന്ന പല സസ്യങ്ങളും ചെറുജീവികളും പക്ഷികളുമെല്ലാം പേര്യ-കുഞ്ഞോം-ജീന്‍പൂള്‍ മേഖലയിലും വയനാട് വന്യജീവി സങ്കേതത്തിലും വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി വനങ്ങളിലും കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനം വയനാടിന്‍റെ ജൈവവൈവിധ്യത്തെ പാടെ തകിടംമറിച്ചിരിക്കുന്നു.

ഡക്കാന്‍ പീഠഭൂമിയുടെ കാലാവസ്ഥ വയനാട്ടിലേക്ക് കടന്നുവരുന്നതായി അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തില്‍ അപകടകരമായ ചില സൂചനകളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് വയനാട്ടിലെ വരള്‍ച്ച. മരുഭൂമിയിലേക്കുള്ള ദൂരം വയനാടിന് കുറഞ്ഞുവരുന്നു എന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. കേരളത്തില്‍ ഏതെങ്കിലുമൊരു ജില്ല പൂര്‍ണ്ണമായും മരുഭൂമിയുടെ സ്വഭാവം കാണിച്ചുതുടങ്ങുന്നുണ്ടെങ്കില്‍ ആദ്യം ആ സ്വഭാവം പ്രകടമാക്കുന്നത് വയനാട്ടിലായിരിക്കുമെന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും പരിസ്ഥിതിസ്നേഹികളും പറയുന്നു. ഈ ആശങ്കകളേയും പഠനങ്ങളേയും വിശദമായി അപഗ്രഥിക്കുകയാണ് മരുഭൂമിയിലേക്കുള്ള ദൂരം എന്ന ഈ പരമ്പര.

മഴകുറയുന്ന വയനാട്

130-നും 140-നും ഇടയിലാണ് കേരളത്തിന്‍റെ ശരാശരി മഴദിനങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശം വയനാട്ടിലെ ലക്കിടി ആയിരുന്നു. കേരളത്തിന്‍റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടിയിലും വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും മഴ ലഭിച്ചിരുന്ന സൂചിപ്പാറ, വടുവന്‍ചാല്‍, മേപ്പാടി എന്നിവിടങ്ങളിലും അടുത്തകാലത്തായി വലിയതോതില്‍ മഴക്കുറവ് അനുഭവപ്പെടുകയാണ്. 108 മഴദിനങ്ങളായി വയനാടിന്‍റെ മഴക്കാലത്തിന് വലിയ ചുരുങ്ങല്‍ സംഭവിച്ചിരിക്കുന്നു. നിരവധി കാരണങ്ങളാണ് ഈ മഴക്കുറവിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായിരിക്കുന്നത്.

രണ്ട് ദശകങ്ങള്‍ക്ക് മുമ്പ്വരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്. ഹരിതസ്വര്‍ഗ്ഗം, കേരളത്തിന്‍റെ കാപ്പിനാട് എന്നീ പേരുകളിലെല്ലാം അറിയപ്പടുന്ന വയനാട്ടില്‍ കാലാവസ്ഥയനുസരിച്ച് ഓരോ വര്‍ഷവും 3000ത്തിനും 4000ത്തിനും മില്ലീമീറ്ററിനിടയില്‍ മഴ ലഭിച്ചിരുന്നു. 3502 മില്ലിലിറ്റര്‍ മഴ ശരാശരി ലഭിക്കണം. അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. 23 ഡിഗ്രി സെല്‍ഷ്യസാണ് വയനാടിന്‍റെ ശരാശരി താപനില. ഇതിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. 2001ല്‍ 3056 മില്ലിമീറ്റര്‍, 2002ല്‍ 2880 മി.മീറ്റര്‍, 2003ല്‍ 3077 മി.മീറ്റര്‍, 2004ല്‍ 3931 മി.മീറ്റര്‍, 2005ല്‍ 4446 മി.മീറ്റര്‍, 2006ല്‍ 3882 മി.മീറ്റര്‍, 2007ല്‍ 4327 മി.മീറ്റര്‍, 2008ല്‍ 3265 മി.മീറ്റര്‍, 2009ല്‍ 3261 മി.മീറ്റര്‍, 2010ല്‍ 2337 മി.മീറ്റര്‍, 2011ല്‍ 2767 മി.മീറ്റര്‍, 2012ല്‍ 3261 മി.മീറ്റര്‍ എന്നിങ്ങനെയാണ് വയനാട്ടില്‍ ലഭിച്ച മഴ. 2016ല്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ 2632.1 മി.മീറ്റര്‍ മഴ ലഭിക്കേണ്ടതിന് പകരം 1073.8 മി.മീറ്റര്‍ മഴമാത്രമാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും മുമ്പ് ലഭിച്ചുകൊണ്ടിരുന്ന തോതിലുള്ള മഴ ലഭിക്കാത്തതിനാല്‍ വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്നം വയനാട് നേരിടുകയാണ്. വയനാട്ടില്‍ അന്‍പത് ശതമാനത്തിലധികം മഴക്കുറവാണ് ഉണ്ടായത്. 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഇരുപത് വരെയുള്ള കാലഘട്ടത്തില്‍ വയനാട് ജില്ലയില്‍ അമ്പത് ശതമാനം മഴക്കുറവുണ്ടായി. ഇക്കാലയളവില്‍ 327.3 മി.മീറ്റര്‍ മഴ ലഭിക്കണമായിരുന്നു. എന്നാല്‍ ലഭിച്ചത് 165 മി.മീറ്റര്‍ മഴ മാത്രമാണ്. കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവുണ്ടായത്. 424 മി.മീറ്റര്‍ മഴ ലഭിക്കേണ്ട പാലക്കാട് 177.4 മി.മീറ്റര്‍ മാത്രമാണ് ലഭിച്ചത്. ഓഖി പ്രതിഭാസം ഉണ്ടായ ഈ സമയത്ത് തിരുവനന്തപുരം ജില്ലയില്‍ 31 ശതമാനവും, പത്തനം തിട്ട ജില്ലയില്‍ 45 ശതമാനവും കോട്ടയം ജില്ലയില്‍ 20 ശതമാനവും കൊല്ലം ജില്ലയില്‍ 42 ശതമാനവും അധിക മഴ ലഭിച്ചപ്പോഴാണ് വയനാട്ടിലും പാലക്കാടും പകുതി മഴയുടെ കുറവുണ്ടായത്.

ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിസ്ഥിതിയും പരിഗണിച്ച് പരമ്പരാഗതമായി നാല് തരത്തിലുള്ള കാലാവസ്ഥ വയനാട്ടില്‍ അനുഭവപ്പെട്ടിരുന്നു. 1) തണുപ്പുകാലം – ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങള്‍. ഈ കാലയളവില്‍ മുമ്പ് മരംകോച്ചുന്ന തണുപ്പും തൊട്ടടുത്ത് നില്‍ക്കുന്ന ആളെപോലും കാണാന്‍ പറ്റാത്ത മൂടല്‍മഞ്ഞും ഉണ്ടായിരുന്നു. താമരശ്ശേരി, കുറ്റ്യാടി, പേര്യ, പാല്‍ച്ചുരം  തുടങ്ങിയ ചുരങ്ങളില്‍ വാഹനങ്ങള്‍ കാണാത്തവിധം കോടമഞ്ഞും ഉണ്ടായിരുന്നു. 1950കളില്‍ ഈ കാലാവസ്ഥയായിരുന്നു, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉണ്ടായിരുന്നത് എന്ന് വെള്ളമുണ്ടയിലെ കര്‍ഷകനായ പുതുപ്പള്ളില്‍ തോമസ് പറഞ്ഞു: ڇതിരുവിതാംകൂറില്‍ നിന്നും കുടിയേറിയതാണ് ഞങ്ങളുടെ കുടുംബം. അക്കാലത്ത് തണുപ്പും, മഴയുമെല്ലാം നന്നായി അനുഭവിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് രാവിലെ ബസ് സ്റ്റാര്‍ട്ടാകുമായിരുന്നില്ല. വൈക്കോല്‍ കത്തിച്ച് ഡീസല്‍ ടാങ്ക് ചൂടാക്കിയാണ് ബസ് സ്റ്റാര്‍ട്ടാക്കിയിരുന്നത്. ചുരത്തിലൂടെ പോകുമ്പോള്‍ പകല്‍സമയത്ത് പോലും ലൈറ്റിടാതെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുമായിരുന്നില്ല, അത്രക്കും കോടയും മഞ്ഞുമായിരുന്നു. ഇന്ന് അതെല്ലാം പോയി.ڈ ആശങ്കയോടെയും ആകുലതയോടെയുമാണ് തോമസ് ഇത് പറഞ്ഞത്. 2) ചൂടുകാലം – മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലഘട്ടം മാത്രമാണ് വയനാട്ടില്‍ ചൂടുകാലം. അക്കാലയളവിലും വേനല്‍മഴ നന്നായി ലഭിക്കുമായിരുന്നു. പുഴകളൊന്നും വല്ലാതെ വറ്റിപോകാറില്ലായിരുന്നു. ഏപ്രില്‍ പകുതി കഴിഞ്ഞാല്‍ വേനല്‍ മഴ പെയ്ത് തുടങ്ങും. പുതുമഴയെന്നാണ് കര്‍ഷകര്‍ ഇതിനെ വിളിച്ചിരുന്നത്. രണ്ട് മൂന്നാഴ്ചകളില്‍ ഇടവിട്ട് മൂന്നോ നാലോ പുതുമഴ ലഭിച്ചുകഴിഞ്ഞാല്‍ കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളും ഇഞ്ചിയുമെല്ലാം കര്‍ഷകര്‍ കൃഷിയിറക്കും. വേനല്‍മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി നടത്തിയിരുന്നത്. 3) തെക്ക് പടിഞ്ഞാറന്‍ കാലര്‍ഷം കേരളത്തിലങ്ങോളമിങ്ങോളം എന്നപോലെ വയനാട്ടിലും ഏറ്റവും കൂടുതല്‍ മഴ കിട്ടുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ്.  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുമുമ്പുവരെ ഇക്കാലയളവില്‍ കനത്ത കാറ്റും, മഴയും വെള്ളപ്പൊക്കവും വയനാട്ടിലുണ്ടാകുമായിരുന്നു. തോടുകളിലും പുഴകളിലും മത്സ്യസമ്പത്ത് വര്‍ദ്ധിക്കുന്നതിനും നെല്‍വയലുകളില്‍ വെള്ളംകയറി എക്കല്‍ അടിഞ്ഞ് നല്ല വളക്കൂറുള്ള മണ്ണായി വയലുകളെ മാറ്റുന്നതിനും ഈ വെള്ളപ്പൊക്കം ഏറെ സഹായിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഈ പ്രതിഭാസങ്ങളുടെ ആവര്‍ത്തനം നിലച്ചു. 2016ല്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 59 ശതമാനം മഴക്കുറവാണ് ഉണ്ടായത്. 2016ല്‍ 59 ശതമാനത്തിന്‍റേയും 2017ല്‍ 37 ശതമാനത്തിന്‍റേയും മഴക്കുറവാണ് വയനാട് ജില്ലയില്‍ ഉണ്ടായത്. 2017ല്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ 20 വരെ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല വയനാടാണ്. എറണാകുളത്ത് രണ്ട് ശതമാനത്തിന്‍റേയും കോഴിക്കോട് നാല് ശതമാനത്തിന്‍റേയും മലപ്പുറത്ത് ആറ് ശതമാനത്തിന്‍റേയും ആലപ്പുഴയിലും ഇടുക്കിയിലും ഒമ്പത് ശതമാനത്തിന്‍റേയും മഴക്കുറവ് ഉണ്ടായപ്പോള്‍ വയനാട്ടില്‍ 2551.9 മി.മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നപ്പോള്‍ ലഭിച്ചത് 1601.3 മി.മീറ്റര്‍ മഴമാത്രമാണ്. പത്തനംതിട്ട (അഞ്ച് ശതമാനം), കൊല്ലം (മൂന്ന് ശതമാനം), കോട്ടയം (ഒരു ശതമാനം) ജില്ലകളില്‍ മാത്രമാണ് 2017ല്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.

പൂമഴ, പിന്‍മഴ, നൂല്‍മഴ

വയനാട്ടില്‍ മഴയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാരമ്പര്യ വാക്കുകളാണ് പൂമഴ, പിന്‍മഴ, നൂല്‍മഴ എന്നിവ. പൂമഴ പിന്‍മഴ എന്നീ വാക്കുകള്‍ കാപ്പികര്‍ഷകരും നൂല്‍മഴ എന്ന വാക്ക് ടൂറിസ്റ്റ് മേഖലകളില്‍ ഉള്ളവരുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ലയാണ് വയനാട്. അനുയോജ്യമായ കാലാവസ്ഥയും മണ്ണും വയനാടിനെ കാപ്പിയുടെ നാടാക്കി മാറ്റി. കൂടുതല്‍ ചെറുകിട നാമമാത്ര കര്‍ഷകരാണിവിടെ. പൂര്‍ണ്ണമായും മഴയെ മാത്രം ആശ്രയിച്ചാണ് വയനാട്ടില്‍ കാപ്പികൃഷി നിലനില്‍ക്കുന്നത്. ജനുവരി മാസത്തോടെ പഴുത്ത കാപ്പിയുടെ വിളവെടുപ്പ് ഏകദേശം പൂര്‍ത്തിയാകും. പിന്നെ വേനലില്‍ ചെറിയൊരു ഇടവേള കഴിഞ്ഞാല്‍ ഫബ്രുവരി അവസാനത്തോടെ വീണ്ടും കാപ്പിച്ചെടി പുഷ്പിക്കാനായി മൊട്ടിട്ട് തുടങ്ങും. ഏകദേശം മാര്‍ച്ച് മാസം 22-ാം തിയ്യതിക്കുള്ളിലായി ലഭിക്കുന്ന മഴയാണ് പൂമഴ. 230ഇ, 280ഇ ഇടയിലായിരിക്കണം കാപ്പിക്ക് അന്തരീക്ഷ താപനില. 46.5 മി.മീറ്റര്‍ എങ്കിലും മഴ ഇക്കാലയളവില്‍ കിട്ടിയിരിക്കണം. പിന്നീട് 40 ദിവസം വരെ ഇടക്കിടെ മഴ കിട്ടിക്കൊണ്ടിരിക്കണം. പൂമഴ പെയ്ത് കാപ്പിചെടിയില്‍ നന്നായി പൂക്കള്‍ വിടര്‍ന്നുകിഞ്ഞാല്‍ രണ്ടാഴ്ച കഴിയുമ്പോള്‍ ലഭിക്കുന്ന മഴക്കാണ് കര്‍ഷകര്‍ പിന്‍മഴ എന്നുപറയുന്നത്. ഈ മഴ നാല്‍പത് ദിവസം വരെ നീണ്ടുനിന്നാല്‍ ആ വര്‍ഷം ഉത്പാദനം വര്‍ദ്ധിക്കും. ഈ രണ്ട് മഴയില്‍ നിന്നും വളരെ വ്യത്യസ്തമാണ് നൂല്‍മഴ. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചുകഴിഞ്ഞാല്‍ തുലാവര്‍ഷംവരെ, അതായത് കാലവര്‍ഷത്തിന്‍റെ രണ്ടാംപാദം കഴിയുന്നതുവരെ, വലിയ മഴയെ തുടര്‍ന്ന് നൂല് പോലെ മണിക്കൂറുകളോളം പെയ്തിറങ്ങുന്ന മഴക്കാണ് പരമ്പരാഗതമായി നൂല്‍മഴ എന്ന് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കട്ടികുറഞ്ഞ മഴതുള്ളികള്‍ മഞ്ഞിനേക്കാള്‍ അല്പം കട്ടിയില്‍ പെയ്തിറങ്ങും. ചെറിയ കാറ്റടിച്ചാല്‍ ചാഞ്ഞും ചരിഞ്ഞും മഴ പെയ്യുന്നത് കാണാം. പാടത്ത് നിന്ന് നൂല്‍മഴ കാണാന്‍ നല്ല ചന്തമാണ്. പല പ്രശസ്തരായ കലാകാരډാരും ഫോട്ടോഗ്രാഫര്‍മാരും നൂല്‍മഴ ചിത്രീകരിക്കുന്നതിനും ക്യാന്‍വാസില്‍ പകര്‍ത്താനും വയനാട്ടിലെത്താറുണ്ട്. വയനാടിന്‍റ ടൂറിസം രംഗം സജീവമായതോടെ വിനോദസഞ്ചാരികളും ധാരാളമായി നൂല്‍മഴ ആസ്വദിക്കാനായി വയനാട്ടിലെത്താറുണ്ടായിരുന്നു. എന്നാലിപ്പോള്‍ നൂല്‍മഴ വയനാടിനോട് വിടപറഞ്ഞതായാണ് അനുഭവപ്പെടുന്നത്. വയനാടിന്‍റെ നല്ല കാലാവസ്ഥയുടേയും കാര്‍ഷിക സമൃദ്ധിയുടേയും പരിസ്ഥിതിയുടേയും മികച്ച അടയാളമായ നൂല്‍മഴ ലോകത്ത് തന്നെ വയനാട്ടില്‍ മാത്രം അപൂര്‍വ്വമായി കണ്ടുവരുന്ന പ്രതിഭാസമാണ്. 4) വടക്ക് കിഴക്കന്‍ കാലവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഈ കാലാവസ്ഥ. തുലാസമാസത്തില്‍ പെയ്യുന്ന തുലാമഴയോട് കൂടി ആരംഭിച്ച് ഡിസംബറിന്‍റെ തണുപ്പിന്‍റെ വരവറിയിച്ച് വൈകുന്നേരങ്ങളില്‍ മാത്രം മഴ പെയ്യുകയും രാവിലെ മുതല്‍ സൂര്യപ്രകാശം കുറഞ്ഞ് ഇരുണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നു. ഇക്കാലഘട്ടത്തില്‍ വല്ലപ്പോഴും മാത്രമാണ് പകല്‍മുഴുവന്‍ വെയില്‍ ഉണ്ടാവുന്നത്. പലപ്പോഴും ഉച്ചകഴിയുന്നതോടെ വെയില്‍ കുറഞ്ഞുവരികയും അസ്തമയത്തിന് മുമ്പ് മഴ പെയ്യുകയും ചെയ്യും.

മുകളില്‍ പറഞ്ഞ നാല് അവസ്ഥക്കും അവയുടെ കാലഘട്ടത്തിനും വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നതാണ് വയനാടിന്‍റെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഒരു സൂചകം. മഴക്കാലത്ത് മഴ പെയ്യാതിരിക്കുകയും അസമയത്ത് മഴ പെയ്യുകയും ചെയ്യുന്നതാണ് പുതിയ പ്രതിഭാസം.  വയനാടിന്‍റെ ജൈവവൈവിധ്യം വളരെ സമ്പന്നമായിരുന്നു. വനത്തിന്‍റേയും ജൈവവൈവിധ്യത്തിന്‍റേയും നാശം ഈ കാലാവസ്ഥയേയും കാലാവസ്ഥയിലെ വ്യതിയാനം കൃഷിയേയും പരിസ്ഥിതിയേയും അതിലൂടെ ജൈവവൈവിധ്യത്തിന്‍റെ തകര്‍ച്ചയേയും തിരിച്ചും ബാധിച്ചിരിക്കുന്നു. ലോകത്ത് തീവ്ര ജൈവവൈവിധ്യത്തിന്‍റെ നാടെന്നറിയപ്പെടുന്ന വയനാട് അടുത്തകാലഘട്ടത്തില്‍ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമേഖലകളുടെ പട്ടികയിലേക്ക് വന്നുപെട്ടിരിക്കുന്നു. ഭൂവിനിയോഗത്തില്‍ വന്ന മാറ്റം, കൃഷിയിലേയും കൃഷിരീതികളിലേയും മാറ്റം, ടൂറിസം, പാറ-മണല്‍ ഖനനം, പ്ലാന്‍റേഷന്‍, വനനശീകരണം തുടങ്ങി നിരവധിയായ കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ നാടിന് അഭിമാനമായി ഉണ്ടായിരുന്ന തീവ്രജൈവവൈവിധ്യമേഖലയെന്ന പദവിയാണ് വയനാടിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

വയനാട്ടില്‍ മഴ കുറഞ്ഞാല്‍ അത് വയനാടിനെ മാത്രമല്ല അയല്‍ ജില്ലകളേയും കര്‍ണ്ണാടകയേയും ബാധിക്കും. കാരണം കര്‍ണാടകയിലേക്കൊഴുകുന്ന കബനി നദിയിലേക്കുള്ള നീരൊഴുക്ക് വയനാട് ജില്ലയില്‍ നിന്നുള്ള 163570 ഹെക്ടര്‍ സ്ഥലത്ത് നിന്നാണ്. ഇതില്‍ 60350 ഹെക്ടര്‍ വനവും 33320 ഹെക്ടര്‍ എസ്റ്റേറ്റും 24919 ഹെക്ടര്‍ വയലും 44981 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടും. കബനിയെ കൂടാതെ നൂല്‍പ്പുഴ, വാരഞ്ചിപ്പുഴ, മസാലെതോട്, ബാലെമസ്തിഗുഡിതോട്, കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴ, അഞ്ചരക്കണ്ടി പുഴ, കോരപ്പുഴ, മാഹിപ്പുഴ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, മലപ്പുറം ജില്ലയിലെ ചാലിയാര്‍ എന്നിവിടങ്ങളിലേക്കുള്ള നീരൊഴുക്ക് വയനാട്ടില്‍ നിന്നാണ്. നൂല്‍പ്പുഴയിലേക്ക് 26012 ഹെക്ടര്‍ സ്ഥലത്ത് നിന്നും വളപട്ടണം പുഴയിലേക്ക് 1701 ഹെക്ടര്‍ സ്ഥലത്ത് നിന്നും ബാലെമസ്തിഗുഡി തോട്ടിലേക്ക് 983 ഹെക്ടര്‍ സ്ഥലത്തുനിന്നും കുറ്റ്യാടിപ്പുഴയിലേക്ക് 808 ഹെക്ടര്‍ സ്ഥലത്തുനിന്നും ചാലിയാറിലേക്ക് 6110 ഹെക്ടര്‍ സ്ഥലത്തുനിന്നും വയനാട്ടില്‍ നിന്നും നീരൊഴുക്കുണ്ട്.

2131 ചതുരശ്ര കിലോമീറ്ററാണ് വയനാടിന്‍റെ ആകെ വിസ്തൃതി. വയനാടിന്‍റെ 37 ശതമാനമായ 78787 ഹെക്ടര്‍ ഭൂമിയും വനമാണ്. അന്‍പത്തിനാല് ശതമാനം കാര്‍ഷിക ഭൂമിയുമാണ്. ഇതില്‍ 66973 ഹെക്ടര്‍ സ്ഥലത്ത് കാപ്പിയും 40839 ഹെക്ടര്‍ സ്ഥലത്ത് കുരുമുളകും 10947 സ്ഥലത്ത് തെങ്ങും 6451 ഹെക്ടര്‍ സ്ഥലത്ത് റബ്ബറും 7201 ഹെക്ടര്‍ സ്ഥലത്ത് കവുങ്ങും കൃഷിചെയ്യുന്നു. 31792 ഹെക്ടര്‍ സ്ഥലത്ത്തേയിലയും 38348 ഹെക്ടര്‍ സ്ഥലത്ത് ഏലവും കൃഷിചെയ്യുന്നു. വയനാട് ജില്ലയിലെ പ്രത്യേകതയനുസരിച്ച് കരഭൂമിയില്‍ മിശ്രവിളകൃഷിയായതിനാല്‍ വിളകളുടെ വിസ്തൃതിതമ്മില്‍ പൊരുത്തക്കേടുകളുണ്ടാകും. 24731 ഹെക്ടര്‍ സ്ഥലം ചതുപ്പുനിലമാണ്. ഈ ചതുപ്പുനിലങ്ങളാണ് വയനാടിന്‍റെ പ്രധാന ജലസംഭരണികളില്‍ ഒന്ന്.

1982വരെ വയനാട്ടിലെ വയലുകളില്‍ നെല്‍കൃഷിയായിരുന്നു കൂടുതല്‍. അക്കാലത്ത് 30000 ഹെക്ടര്‍ വരെ പാടത്ത് വയനാട്ടില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. എന്നാല്‍ 1999ല്‍ ഇത് വെറും 7000 ഹെക്ടറിലേക്ക് ചുരുങ്ങി. നെല്‍വയലുകളില്‍ വാഴയും, കവുങ്ങും കൃഷിചെയ്തതാണ് ഇതിനൊരു കാരണമെന്ന് പാരമ്പര്യ നെല്‍കൃഷകനായ ചെറുവയല്‍ രാമന്‍ പറഞ്ഞു. പാരമ്പര്യമായി നെല്‍കൃഷി വയലുകളില്‍ നിന്ന് ഒഴിവായതോടെ നീര്‍ച്ചാലുകള്‍ വറ്റി, നീരൊഴുക്ക് കുറഞ്ഞു, വരള്‍ച്ച വന്നെത്തി. രണ്ടായിരത്തിന് ശേഷമുണ്ടായ രൂക്ഷമായ വരള്‍ച്ചയുടെ ഒരു കാരണം വയലുകളിലെ ഈ കൃഷിമാറ്റമാണ്. 2017ലെ കണക്കനുസരിച്ച് 22772 ഹെക്ടര്‍ സ്ഥലത്ത് വയനാട്ടില്‍ നെല്‍കൃഷിയുണ്ട്. എന്നാല്‍ മുപ്പത് ശതമാനത്തിലധികം വയലുകള്‍ നെല്‍കൃഷി തിരിച്ചുകൊണ്ടുവരാന്‍ പറ്റാത്തവിധം തരംമാറ്റപ്പെട്ടു.

Share Now

Leave a Reply

Your email address will not be published. Required fields are marked *