കൃഷിയിലെ കൂട്ടുകാരന്‍ അസോള

അസോള എന്ന വാക്ക് ഇന്നു നമുക്കിടയില്‍ സുപരിചിതമാണ്. എന്നാല്‍ എന്താണിതെന്ന് അറിയാത്തവരാണ് നമ്മളില്‍ പലരും. വീടുകളില്‍ കോഴിയും താറാവും ഒക്കെയുള്ളവരും നെല്‍കൃഷി ജീവിത മാര്‍ഗമായിട്ടുള്ളരും അസോളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ മുട്ടയ്ക്കും പാലിനും കോഴിയും ആടും ഒക്കെ വളര്‍ത്തുന്നവരുടെ ഒരു പ്രധാന പ്രശ്‌നം അവയുടെ തീറ്റയാണ്. ഇവയ്ക്കുവേണ്ടി പുറത്തുനിന്നും കാലിത്തീറ്റയും കോഴിത്തീറ്റയുമൊക്കെ വാങ്ങി ഒരുപാട് പണം ചെലവാക്കുന്നു. എന്നാല്‍ വീട്ടില്‍ അസോള ഉത്പാദിപ്പിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ വീട്ടിലെ ഭക്ഷണത്തിന്റെ ബാക്കിയും അസോളയും മാത്രം മതിയാകും വളര്‍ത്തു ജീവികളുടെ വളര്‍ച്ചയ്ക്ക്.

അസോള

അസോള പിന്നേറ്റ’ എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന അസോള, പായല്‍ വര്‍ഗത്തി ല്‍പ്പെട്ട ഒരു ചെടിയാണ്. ഇതിന്റെ ഇലകളില്‍ ‘അനാബീന അസോ ള’ എന്ന സയനോബാക്ടീരിയ ഉള്ളതിനാല്‍ അന്തരീക്ഷത്തിലെ നൈട്രജനെ ഫിക്‌സ് ചെയ്യാന്‍ സാധിക്കും. ഈ കഴിവ് പലസസ്യങ്ങള്‍ക്കും ഇല്ലാത്തതിനാലാണ് നമുക്ക് കൃത്രിമ യൂറിയ പോലുള്ള വളങ്ങള്‍ ചേര്‍ക്കേണ്ടിവരുന്നത്. ഈ കഴിവുള്ളതുകൊണ്ടു തന്നെ അസോള മാംസ്യ (പ്രോട്ടീന്‍) സമ്പന്നവുമാണ്.

അസോളയുടെ ഗുണങ്ങള്‍

  1. എല്ലാവിധ അന്തരീക്ഷ സാഹചര്യങ്ങളിലും നിയന്ത്രിത അന്തരീക്ഷത്തിലും (പോളിഹൗസ്) വേഗത്തില്‍ വളരാനുള്ള കഴിവ.്
  2. കുറഞ്ഞ അളവില്‍ നിന്നു കൂടുതല്‍ ഉത്പാദിപ്പിക്കാം. കൂടാതെ വിത്തു ചെടിക്കായി പണം ചെലവാക്കേണ്ട ആവശ്യമില്ല.
  3. അന്തരീക്ഷ നൈട്രജനെ ഉപയോഗിച്ച് പ്രോട്ടീനുണ്ടാക്കാനും ജീര്‍ണനം വഴി മണ്ണില്‍ ലഭ്യമാക്കാനും സാധിക്കും.
  4. വിളയുടെ ഉത്പാദനവും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
  5. നെല്‍പ്പാടങ്ങളില്‍ ജൈവവളമായും കള നിയന്ത്രണത്തിനും ഉപയോഗിക്കാം.
  6. കന്നുകാലികളുടെയും താറാവ്, കോഴി എന്നിവയുടെയും തൂക്കം വര്‍ധിപ്പിക്കാനും പാല്‍, മുട്ട ഉത്പാദന വര്‍ധനവിനുംസഹായിക്കുന്നു.

അസോള വളര്‍ത്തുന്ന രീതി

അസോള കുഴികളിലും കുളങ്ങളിലും പാടത്തുമെല്ലാം വളര്‍ ത്താം. ഒരു ജലാധിഷ്ഠിത ചെടിയായതിനാല്‍ തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. അ സോളയുടെ സുഗമമായ വളര്‍ ച്ചയ്ക്ക് തണലും സൂര്യപ്രകാശവും ഒരുപോലെ ആവശ്യമാണ്. 36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ താപനില അസോളയുടെ വളര്‍ച്ച യെ ദോഷകരമായി ബാധിക്കും. ആവശ്യമായ മൂലകങ്ങള്‍ ചെടി വെള്ളത്തില്‍ നിന്നു വലിച്ചെടുക്കും. ഇതില്‍ ഫോസ്ഫറസാണ് പ്രാധാനം.

ടാങ്കിന്റെ സ്ഥാനം

അസോള വളര്‍ത്താന്‍ ഉപയോഗിക്കുന്ന ടാങ്കിന്റെ സ്ഥാനം പ്രധാനമാണ്. സ്ഥരമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് ഏറ്റവും ഉത്തമം. തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കേണ്ടതിനാല്‍ ടാങ്ക് എപ്പോഴും ജലസ്രോതസിനടുത്തായിരിക്കണം.

വെള്ളം ബാഷ്പീകരിച്ചു നഷ്ടപ്പെടാതിരിക്കാന്‍ ചെറിയ തണല്‍ ഉറപ്പാക്കണം. സാധാരണ കുളമാണുപയോഗിക്കുന്നതെങ്കില്‍ അതിന്റെ താഴെ കൂര്‍ത്ത കല്ലുകള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

ടാങ്ക് നിര്‍മാണം

ടാങ്കിന്റെ വലിപ്പം അസോളയുടെ ആവശ്യമനുസരിച്ച് വ്യത്യാസപ്പെടും. ദിവസം ഒരു കിലോ ലഭിക്കാന്‍ 6 ഃ 4 അടി നീളവും വീതിയും ഉള്ള ടാങ്ക് വേണം നിര്‍മിക്കാന്‍. നല്ല പ്ലാസ്റ്റിക് ഷീറ്റ് ടാങ്കിന്റെ താഴെ വിരിച്ച് അതിനെ ഇഷ്ടിക ഉപയോഗിച്ച് സുരക്ഷിതമാക്കുക. ടാങ്കിന്റെ മുകള്‍ഭാഗം വലഉപയോഗിച്ച് മറയ്ക്കുന്നത് ഇലയും മറ്റും വീഴാതിരിക്കാന്‍ നല്ലതാണ്.

അസോളയുടെ നല്ല വളര്‍ച്ച ഉറപ്പാക്കാന്‍ ഒരു കിലോ ചാണകവും 100 ഗ്രാം സൂപ്പര്‍ ഫോ സ്‌ഫേറ്റും മണ്ണും ടാങ്കിന്റെ താഴെ ഇട്ട് 10 സെന്റീമീറ്റര്‍ കനത്തില്‍ വെള്ളം ഒഴിച്ചു നന്നായി ഇളക്കുക.

അതിനു ശേഷം കുറച്ച് അ സോള അതില്‍ ഇട്ടുകൊടുക്കുക. ചാണകവും സൂപ്പര്‍ഫോസ്‌ഫേ റ്റും മേല്‍ പറഞ്ഞ രീതിയില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇട്ടുകൊടുക്കണം. കളകള്‍ പറിച്ചു കളയണം. ആറു- എട്ട് മാസമാകുമ്പോള്‍ ടാങ്ക് വൃത്തിയാക്കി, പുതി യ കൃഷി തുടങ്ങണം

വിളവെടുപ്പും തീറ്റയാക്കുന്ന രീതിയും

രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ അസോള, ടാങ്കിന്റെ മുഴുവന്‍ ഭാഗവും മൂടും. ഇങ്ങനെയായാല്‍ വിളവെടുക്കാം. ദിവസേന വിളവെടുപ്പ് നടത്താം 6 ഃ 4 അടി ടാ ങ്കില്‍ നിന്നും ദിവസേന ഒരു കിലോ ലഭിക്കും. വിളവെടുത്ത അസോള മറ്റു തീറ്റയുടെ കൂടെ കലര്‍ത്തി അന്നുകാലികള്‍ക്കും കോഴിക്കുമെല്ലാം നല്‍കാം. അസോള ഉണക്കിയും തീറ്റയായി ഉപയോഗിക്കാം.

നെല്ലും അസോളയും

അസോളയ്ക്ക് അന്തരീക്ഷ നൈട്രജനെ സ്വീകരിക്കാനുള്ള കഴിവുള്ളതിനാല്‍ ഒരു പരിധിവരെ യൂറിയ പോലുള്ള രാസവളങ്ങളുടെ ഉപയോഗം നെല്‍കൃഷിയില്‍ ഒഴിവാക്കാന്‍ സാധിക്കും. രണ്ടും ജലാധിഷ്ഠിത ചെടികളായതിനാല്‍ ഒരുമിച്ച് വളര്‍ ത്തല്‍ എളുപ്പമാണ്. നെല്‍കൃഷിയില്‍ അസോള ഉപയോഗിക്കുന്നത് രണ്ടു രീതിയിലാണ്.

നെല്ലിനു മുമ്പേ

വിത്തു പാകുന്നതിന് മുന്നോ നാലോ ആഴ്ച മുമ്പേ അസോളച്ചെടികള്‍ പാടത്തിടുക. ഇവ മൂന്നാഴ്ചകൊണ്ട് നന്നായി വളരും. ഉഴുന്ന സമയത്ത് മണ്ണില്‍ അസോള കൂട്ടി ഉഴണം. ഇത് അന്തരീക്ഷ നൈട്രജന്‍ മണ്ണിലെത്താന്‍ സഹായിക്കുന്നതോ ടൊപ്പം യൂറിയയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു.

നെല്ലിനൊപ്പം (ഡ്യുവല്‍ കള്‍ച്ചര്‍)

ഞാറു നടുന്ന സമയത്ത് അസോള പാടങ്ങളില്‍ ഇടുക. ഇത് ഇടയ്ക്കിടയ്ക്ക് മണ്ണില്‍ ചവിട്ടിതാഴ്ത്തുക. ഇത് നെല്ലിന്റെ കളകളെ തടയാന്‍ സഹായിക്കുന്നു. അസോള വീണ്ടും വീണ്ടും ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല. കാരണം ഒന്നോ രണ്ടോ ചെടികള്‍ ബാക്കിയായതില്‍ നിന്നു വീണ്ടും ചെടികള്‍ ഉത്പാദിപ്പിക്കപ്പെടും.

Share Now

Leave a Reply

Your email address will not be published. Required fields are marked *