ഇത് ഓസ്ട്രേലിയൻ മലയാളിയുടെ ഏദൻ തോട്ടം

ഏഴാം കടലിന് അക്കരെയാണെങ്കിലും മലയാളിക്ക് കൃഷി പ്രിയമാണ്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്നത് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ കൃഷിവിസ്മയം തീർക്കുകയാണ് കോട്ടയം ചങ്ങനാശേരി സ്വദേശിയായ സിറിൽ തോമസ് ആഞ്ഞിലിവേലിൽ. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സ്റ്റേറ്റിലെ ടൗൺസ്‌വില്ലിൽ താമസിക്കുന്ന സിറിലിന് പത്തേക്കർ കൃഷിയിടത്തിൽ വളരാത്തതായി ഒന്നുമില്ല. ആശുപത്രിയിൽ ജോലി ചെയ്യുന്ന സിറിൽ ഒഴിവുനേരങ്ങളിലാണ് പ്രധാനമായും കൃഷിയിടത്തിലെത്തുക.

കേരളത്തിലെ കാലാവസ്ഥയോട് ചേർന്നുനിൽക്കുന്ന കാലാവസ്ഥയാണ് ഈ പ്രദേശത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ കേരളത്തിൽ വളരുന്ന ഒട്ടുമിക്ക വിളകളും ഇവിടെ അനായാസം വളരും. മാത്രമല്ല, മികച്ച വിളവും നൽകും. പത്തേക്കറിൽ ഫലവൃക്ഷങ്ങളാണ് സിറിലിനുള്ളത്. ഒട്ടേറെ നാളത്തെ അന്വേഷണത്തിനൊടുവിൽ സ്വന്തമാക്കിയ സ്ഥലത്ത് ഇപ്പോൾ റമ്പുട്ടാൻ വിളവെടുപ്പുകാലമാണ്. മൂന്നു നിറങ്ങളിലായി നൂറിലധികം റമ്പുട്ടാൻ മരങ്ങൾ മികച്ച വിളവ് നൽകി ഫാമിൽ നിൽക്കുന്നു. ചെറി പ്ലക്കർ എന്ന ചെറു യന്ത്രത്തിൽ കയറി കൈകൾ ഉപയോഗിച്ചാണ് വിളവെടുപ്പ്. അതുകൊണ്ടുതന്നെ പഴത്തിന് യാതൊരുവിധ ചതവോ കേടുപാടുകളോ ഉണ്ടാകുന്നില്ല. മാത്രമല്ല വിൽപനയ്ക്ക് ഇത് മികച്ച രീതിയിൽ ഉപകാരപ്പെടുന്നുമുണ്ട്.

റമ്പുട്ടാൻ കൂടാതെ, അബിയു, മക്കടാമിയ, ഓറഞ്ച്, നാരങ്ങ, സ്റ്റാർ ഫ്രൂട്ട്, പപ്പായ, ഇവിടുത്തെ ആനിക്കാവിളയോടു സാമ്യമുള്ള മാറാങ്, മംഗോസ്റ്റിൻ, റോസ് ആപ്പിൾ, ബ്രസീൽ ചെറി, ബ്ലാക്ക് ഫിഗ്, കശുമാവ്, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, ഓറഞ്ച് ഇനത്തിൽപ്പെട്ട വാഷിംഗ്‌ടൺ നവൽ, കസ്റ്റർഡ് ആപ്പിൾ, ഗ്രേപ്പ് ഫ്രൂട്ട്, ജാതിക്കയുടെ രൂപത്തിലുള്ള അച്ഛാച്ച, കാരമ്പോല തുടങ്ങിയ ഫലവൃക്ഷങ്ങൾ ഇവിടെയുണ്ട്.

ഓസ്ട്രേലിയയിലെ കെയിൻസിലുള്ള റസ്റ്റി മാർക്കറ്റിലാണ്‌ പ്രധാനമായും വിൽക്കുക. ഒപ്പം ഫെയ്‌സ്ബുക് മാർക്കറ്റ് പ്ലേസും മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നു. ആമ്പക്കാടൻ കപ്പയും ഈ കൃഷിയിടത്തിൽ വളരുന്നുണ്ട്. ട്രാക്ടറും, ചെറി പിക്കറും ഉൾപ്പെടെയുള്ള യന്ത്ര സമഗ്രികൾ കൃഷിപ്പണിക്ക് ഉപയോഗിക്കുന്നു.

പ്രകൃതിയെ അറിഞ്ഞ് കൃഷിയിടത്തിൽ അവധിക്കാലം ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരവും സിറിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷത്തോട്ടത്തിനൊപ്പം മീൻ കുളവും, അരുവിയും ഈ ഫാം ഹൗസിന്റെ പ്രത്യേകതയാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *