ഡിസംബര്‍ ജനുവരി, മെയ് ജൂണ്‍, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള്‍ ആണ് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം. ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. നല്ലപോലെ വിളഞ്ഞ ഒരു ബജി മുളക് പച്ചകറി കടയില്‍ നിന്നും വാങ്ങാം. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വയ്ക്കുന്നത് വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വയ്ക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ് കൃഷിയാകും നല്ലത്.
മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്കോ കപ്പലണ്ടി പിണ്ണാക്കോ കൂടി ചേര്‍ക്കുന്നതും നല്ലതാണ്.
ഏറെയൊന്നും ചെലവ് വരാത്ത ബജി മുളകുകൃഷി കര്‍ഷകന് ഒരു മുതല്‍ക്കുട്ടുതന്നെ. വെള്ള രോഗമാണ് ഇതിനെ പ്രധാനമായും ബാധിക്കുന്ന പ്രശ്‌നം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം.