നമ്മുടെ പച്ചക്കറി തോട്ടത്തിലെ എല്ലാ തരത്തിലുള്ള കീടങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് സോഡിയം കാർബണേറ്റ് അഥവാ ബേക്കിംഗ് സോഡ. പക്ഷേ നേരിട്ട് ഇത് ചെടികളിൽ പ്രയോഗിക്കാൻ പാടില്ല. ബേക്കിംഗ് സോഡയുടെ കൂടെ ചില ചേരുവകൾ കൂടി ചേർത്താൽ മാത്രമേ അതൊരു ഫലപ്രദമായ കീടനാശിനിയായി മാറുകയുള്ളൂ.
ബേക്കിംഗ് സോഡ കീടനാശിനി തയ്യാറാക്കുവാൻ വേണ്ട കാര്യങ്ങൾ
>ഒരു ചെറിയ കഷ്ണം സോപ്പ്
> രണ്ട് ടേബിൾസ്പൂൺ പാചക എണ്ണ
> മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ
>രണ്ട് ടേബിൾ സ്പൂൺ വിനാഗിരി
>എട്ട് ലിറ്റർ വെള്ളം
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ അളവിലും അതിൻറെ നേർപകുതി അളവിലും മിശ്രിതം തയ്യാറാക്കാം. ആദ്യത്തെ മൂന്ന് ചേരുവകൾ എട്ട് ലിറ്റർ വെള്ളത്തിൽ നന്നായി ചേർത്തിളക്കുക. ഇവ നന്നായി ജലത്തിൽ ലയിച്ചതിനുശേഷം രണ്ട് ടീസ്പൂൺ വിനാഗിരി ഇതിലേക്ക് ചേർക്കുക. വിനാഗിരി ഏറ്റവും അവസാനം മാത്രമേ ചേർക്കാൻ പാടുകയുള്ളൂ. അതിനു ശേഷം ഈ മിശ്രിതം സ്പ്രേയറിൽ ഒഴിച്ചു ചെടികളുടെ ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുക. വൈകുന്നേര സമയങ്ങളിൽ തളിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മിശ്രിതം പ്രയോഗിക്കുന്നത് വഴി ചെടിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ തരത്തിലുള്ള കീടങ്ങളും, കുമിൾ രോഗങ്ങളും ഇല്ലാതാകുന്നു. കൂടാതെ ഉപയോഗപ്രദമായ പരാഗണം നടത്തുന്ന തേനീച്ചകളെയും പൂമ്പാറ്റകളെയും ഇതിൻറെ ഉപയോഗം ദോഷകരമായി ബാധിക്കുകയുമില്ല.
മണ്ണിൻറെ അമ്ലത ക്രമീകരിക്കുവാൻ ബേക്കിംഗ് സോഡ വിതറി വെള്ളം ഒഴിച്ചു കൊടുത്താൽ മതി. ബേക്കിംഗ് സോഡയ്ക്ക് ആൽക്കലൈൻ സ്വഭാവമുള്ളതുകൊണ്ട് മണ്ണിൻറെ അസിഡിറ്റി ഇവ കൃത്യമായി നിലനിർത്തുന്നു. ഒരു ടീസ്പൂൺ സോപ്പുപൊടിയും, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും, നാല് കപ്പ് വെള്ളവും ചേർത്ത് ചെടികൾക്ക് ആഴ്ചയിലൊരിക്കൽ എന്നതോതിൽ ഒഴിച്ചു കൊടുത്താൽ കുമിൾ രോഗങ്ങൾ നിയന്ത്രണവിധേയമാക്കും.