കഞ്ഞി വെള്ളം പല രീതിയിൽ നമുക്ക് ജൈവ കൃഷിയിൽ പ്രയോജനപ്പെടുത്താം
അടുക്കളമുറ്റത്തെ കറിവേപ്പിലയെ ബാധിക്കുന്ന അരക്കിന്റെ ആക്രമണത്തിന് ആരംഭത്തില്‍ തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം. ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.
പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ്. നാലില പരുവം മുതല്‍ കായ വിരിയുന്നതുവരെ ഏത് സമയത്തും കറുത്ത പേനിന്റെ ആക്രമണം പയറില്‍ പ്രതീക്ഷിക്കാം. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കാം.
വെള്ളരിവര്‍ഗ വിളകളിലെ പ്രധാന പ്രശ്‌നമായ കായീച്ചയെ തുരത്താന്‍ കഞ്ഞി വെള്ളക്കെണിയാണ് നല്ലത്. ഉറി കെട്ടിത്തൂക്കാന്‍ പറ്റുന്ന, ജനാലകള്‍ തയ്യാറാക്കിയ പെറ്റ് ജാറിലോ ചിരട്ടയിലോ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും അരഗ്രാം രാസകീടനാശിനിയും ചേര്‍ത്ത് ഇളക്കുക. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം ആര്‍ത്തിയോടെ കുടിച്ച് ചാവും.
പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ബയോഗ്യാസ് പ്‌ളാന്റിന് പ്രിയം. പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അടുക്കളമാലിന്യങ്ങളും ഇരട്ടി വെള്ളവും ചേര്‍ത്ത് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റിന്റെ ഇന്‍ലെറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. പുളിച്ച കഞ്ഞിവെള്ളത്തിന്റെ അളവനുസരിച്ച് ഗ്യാസിന്റെ അളവും കൂടും