എല്ലാ ജില്ലയിലും ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനമായിട്ടാണ് ജില്ലാതല ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ നിലവിൽവരിക. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷൻ.

ജില്ലാ പ്ലാനിംഗ് ഓഫീസർ കൺവീനറും ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ജോയിന്റ് കൺവീനറുമായിരിക്കും.  ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ/ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറിസ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, പ്രോജക്ട് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റിൽ നിന്ന് ഇക്കണോമിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപന അസോസിയേഷൻ പ്രതിനിധികളും ജില്ലാ ആസൂത്രണ സമിതി ശുപാർശ ചെയ്യുന്ന ജൈവവൈവിധ്യ വിദഗ്ധരായ അഞ്ചുപേരും സമിതിയിൽ സ്ഥിരാം ക്ഷണിതാക്കളായിരിക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികൾ (ബിഎംസി) നിലവിൽ വന്നിട്ടുണ്ട്. ഈ സമിതികൾക്ക് ആവശ്യമായ വിദഗ്‌ധോപദേശം നൽകുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനും ജില്ലാ തല ജൈവ വൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ സഹായകരമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു

Share Now

Leave a Reply

Your email address will not be published. Required fields are marked *