ചെടികളുടെ വളർച്ചയിൽ നിർണായക സ്വാധീനം  ബോറോൺ.

Moron എന്ന വാക്കിന് വിഡ്ഢി എന്ന് വേണമെങ്കിൽ അർത്ഥം കൊടുക്കാം.

ചെടികളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പതിനേഴ് മൂലകങ്ങളിൽ ഒരുവനാണ് ബോറോൺ.എന്നാൽ വലിയ ശബ്ദഘോഷങ്ങൾ ഒന്നും കാണിക്കാതെ ഒതുങ്ങി, പമ്മി, പരുങ്ങി പോകുന്ന ഒരാൾ. NPK യോ Cal Mag S ഓ ഒന്നും കാണിക്കുന്ന പകിട്ടോ പുളപ്പോ തെഴുപ്പോ ഒന്നും ബോറോണിനില്ല.’മ്മള് വല്യ ആളൊന്നുമല്ലേ ‘എന്ന ഭാവമാണ് കക്ഷിയ്ക്ക്.എന്നാലിന്ന് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന, chemophobic അല്ലാത്ത കർഷകർക്കറിയാം ബോറോൺ സസ്യവളർച്ചയിലും വിളവിലും എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന്..

എന്താണ് ബോറോൺ ചെടികളിൽ ചെയ്യുന്നത്?

പ്രകൃതിയിൽ തൊണ്ണൂറ്റി രണ്ട് സ്വാഭാവിക മൂലകങ്ങൾ (Natural Elements)ഉള്ളതിൽ എല്ലാവരും സസ്യവളർച്ചയെ സ്വാധീനിയ്ക്കുന്നില്ല എന്ന് പരീക്ഷണ -നിരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മണ്ണിലും ഇലകളിലും അത് കൊടുത്തും കൊടുക്കാതെയും ഉള്ള പരീക്ഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ നിഗമനങ്ങൾ ആണവ.

Essential Plant Nutrients അഥവാ അവശ്യ മൂലകങ്ങൾ പതിനേഴണ്ണമാണ്.

അതിൽത്തന്നെ,ചെടികൾക്ക് അളവിൽ,ഏറ്റവും കൂടുതൽ വേണ്ടവർ ആറെണ്ണമാണ്.

Carbon

Hydrogen

Oxygen

Nitrogen

Phosphorous

Pottassium

ആയതിനാൽ തന്നെ അവ Primary Nutrients /Macro nutrients എന്നറിയപ്പെടുന്നു. വളർച്ചയിൽ ഉള്ള പ്രാധാന്യം കൊണ്ടല്ല, ചെടികൾക്ക് വേണ്ട അളവ് വച്ചാണ് അങ്ങനെ വിളിക്കുന്നത്.പ്രാധാന്യം 17പേർക്കും ഒരുപോലെ തന്നെ.

വലിപ്പം വച്ച് നോക്കിയാൽ നമ്മുടെ ശരീരത്തിന്റെ ഒരു ശതമാനം പോലും വരില്ല പാൻക്രിയാസ് എന്ന ഗ്രന്ഥി. പക്ഷെ നമ്മുടെ ശരീരത്തിൽ അത് ചെലുത്തുന്ന സ്വാധീനം പറയേണ്ടതില്ലല്ലോ. അപ്പോൾ അളവിനും വലിപ്പത്തിനും എപ്പോഴും വല്യപ്രാമാണിത്തം നൽകാൻ കഴിയില്ല.ഒരു ബോൾ പേനയുടെ വലിപ്പത്തിന്റെ എത്ര വരും അതിന്റെ തുമ്പത്തുള്ള സ്റ്റീൽ ബോൾ. പക്ഷെ ആ സ്റ്റീൽ ബോൾ ഉരുണ്ടില്ല എങ്കിൽപിന്നെ ആ പേന കൊണ്ടെന്തു കാര്യം?

Primary nutrients കഴിഞ്ഞാൽ അളവിൽ അടുത്ത സ്ഥാനം CalMagS എന്നറിയപ്പെടുന്ന

Calcium

Magnesium

Sulphur എന്നിവയ്ക്കാണ്.

അതുകൊണ്ട് അവയെ Secondary Nutrients എന്ന് വിളിക്കുന്നു.

ഇനി അളവ് കൊണ്ട് അല്പമാത്രവും എന്നാൽ സ്വാധീനം കൊണ്ട് അനല്പവുമായ പ്രാധാന്യം ഉള്ള മൂലകങ്ങൾ അത്രേ Micro nutrients അഥവാ Trace Elements.

അവർ

Zinc

Boron

Manganese

Chlorine

Copper

Iron

Molybdenum

Nickel എന്നിവയാണ്.

മാതൃശിലകളിൽ നിന്നും പൊടിഞ്ഞുണ്ടായ മേൽമണ്ണിൽ, ഒരുകാലത്ത് ഇതൊക്കെ സുഭിക്ഷമായി ഉണ്ടായിരുന്നു രമണാ.. എന്നാൽ, നിരന്തരമായി കൃഷി നടന്നും മേൽമണ്ണ് ഒലിച്ചും ഒക്കെ ഇത് നീക്കം ചെയ്യപ്പെട്ടു പോയതിനാൽ മണ്ണിൽ അവർ ‘ഉലക്ക തേഞ്ഞു ഉളിപ്പിടി ‘ആയത് പോലെയായി. അഥവാ മണ്ണിൽ അവയുടെ deficiency (അപര്യാപ്തത)ഉണ്ടാകാൻ തുടങ്ങി.

 നിറയെ ചാർജ്ജുണ്ടായിരുന്ന ഒരു ബാറ്ററി, ദീർഘമായ ഉപയോഗം കഴിഞ്ഞപ്പോൾ ചാർജ് ഇല്ലാതായത് പോലെ. അവിടെ ബാറ്ററി റീചാർജ് ചെയ്യുന്നത് പോലെ, ഈ മൂലകങ്ങളുടെ കുറവ് നമ്മൾ മണ്ണിൽ /ചെടിയിൽ നികത്തേണ്ടിയിരിക്കുന്നു.

ബോറോണിന് ചെടികളിൽ എന്താണ് പണി?

അതിവേഗത്തിൽ വളരുന്ന സസ്യ ശരീരഭാഗങ്ങളുടെ (അഗ്ര മുകുളം, embryo, കായ്കൾ ) കുന്തമുനയാണ് ബോറോൺ. അത്‌ കൊണ്ടാണ് ബോറോൺ കുറഞ്ഞാൽ ഇലകൾ വികൃതമായി പോകുന്നത്, പൂക്കൾ അകാരണമായി കൊഴിഞ്ഞു പോകുന്നത്, പരാഗണം നടന്നാലും pollen tube രൂപപ്പെടാതെ കായ്കൾ മുരടിച്ചു പോകുന്നത്.

ചെടികളിലെ വളർച്ചാ ഹോർമോണുകൾ ആയ Auxin, Cytokinin എന്നിവയുടെ ഉൽപ്രേരകമാണ് ബോറോൺ. അതിനാൽ ബോറോണിന്റെ കുറവ് പ്രത്യുല്പാദനത്തേയും പുഷ്പിക്കലിനെയും വിത്തിന്റെ മുളശേഷിയെയും ദോഷകരമായി ബാധിക്കുന്നു.

ചെടിയുടെ ശരീരത്തിൽ മറ്റെവിടെയെങ്കിലും ബോറോൺ ഉണ്ടെങ്കിൽ പോലും വറുതിയുടെ സമയത്ത്,അതിനെ വേരിന്റെയും തണ്ടിന്റെയും കായ്കളുടെയും അഗ്രഭാഗങ്ങളിലേക്ക് കൊണ്ടു വരാൻ ചെടിയ്ക്ക് കഴിയില്ല. അതിനാൽ ബോറോണിനെ Immobile ആയ മൂലകം എന്ന് വിളിക്കുന്നു. അത് കൊണ്ടു തന്നെ തന്നെ ബോറോണിന്റെ കുറവ് എപ്പോഴും ചെടിയുടെ ഇളം ഇലകളിലും കായ്കളിലും ആയിരിക്കും കാണപ്പെടുക.

പയർവർഗ വിളകളിൽ വേരിൽ ഗുണകരമായ മുഴകൾ (Rhizobium ) ഉണ്ടാകാൻ Molybdenum എന്ന സൂക്ഷ്മ മൂലകത്തോടൊപ്പം ബോറോണും ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.

ചെടികളുടെ കോശഭിത്തിയുടെ ഊട് കാൽസ്യം ആണെങ്കിൽ പാവ്,ബോറോൺ ആണ്. അതായത് ഇവർ രണ്ട് പേരും ചേർന്നാൽ കോശഭിത്തിയുടെ ‘ഊടും പാവും ‘ആയി. ആയതിനാൽ പലപ്പോഴും ഇവരുടെ രണ്ട് പേരുടെയും അഭാവം ചെടികളുടെ പുതുതായി വരുന്ന ഇലകളെ വികൃതമാക്കും. വാഴയിലകളിലും തെങ്ങിന്റെ പുതിയ ഓലകളിലും ഇവയുടെ കുറവ് കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങൾ ഇതോടൊപ്പം കൊടുക്കുന്നുണ്ട്.

ഇലകൾക്കും തണ്ടിനും കായ്കൾക്കും structural and functional stability നൽകുന്നത് കാൽസ്യത്തോടൊപ്പം നിന്ന് കൊണ്ടു ബോറോൺ ആണ്.

പൂക്കളിൽ പരാഗണം നടന്ന് കഴിഞ്ഞാൽ ആ സിക്‌താണ്ഡം (zygote )വളർന്ന്, ഭ്രൂണം (embryo )ആകണമെങ്കിൽ ഈയാൾ അനിവാര്യം. അതില്ലാതെ വരുമ്പോൾ ആണ് പലപ്പോഴും തെങ്ങിലെ മച്ചിങ്ങകൾ മൂപ്പാകാതെ കൊഴിഞ്ഞു പോകുന്നത്.

കായ്കളുടെ structural deformities (കായ്കൾ വെടിയ്ക്കുക, കായ്കൾ വളഞ്ഞും കുറുകിയും വിപണനയോഗ്യമല്ലാതെ ആകുക, കായ്കളുടെ പുറംതോലി മിനുസമില്ലാതെ പരുക്കനായി കാണുക മുതലായവ )പലപ്പോഴും ബോറോണിന്റെയും കാൽസ്യത്തിന്റെയും കുറവ് കൊണ്ടാകും.

പലപ്പോഴും മണ്ണിൽ കൊടുത്താൽ (soil application ) അത് പെട്ടെന്ന് ചെടിയുടെ അഗ്രമുകുളങ്ങളിൽ എത്തണമെന്നില്ല. ആയതിനാൽ ഈ മൂലകങ്ങളുടെ ലഭ്യതക്കുറവ് നമ്മൾ പത്രപോഷണം (Foliar Nutrition ) വഴി നടത്തണം.സൂക്ഷ്മ മൂലക മിശ്രിതങ്ങൾ (Micro nutrient fertilizers ആയ Vegetable Special, Banana Special, അയർ, കല്പരക്ഷ മുതലായവ )ശുപാർശ ചെയ്ത ഡോസിൽ ഇലകളിൽ തളിച്ച് കൊടുക്കുന്നതാണ് ഉത്തമം.

കാൽസ്യത്തിന്റെ കുറവ് Calcium Nitrate, Calcium Chloride എന്നീ രൂപത്തിലും ബോറോണിന്റെ കുറവ് Borax, Solubor എന്നീ രൂപത്തിലും സിങ്കിന്റെ കുറവ് Zinc Sulphate രൂപത്തിലും ഒക്കെ ഇലകളിൽ, നല്ല സ്പ്രയർ ഉപയോഗിച്ച് തളിച്ച് കൊടുക്കാം.

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളം ചെയ്യണം എന്ന് പറയുന്നതിന്റെ പൊരുളും ഇതാണ്.മണ്ണിൽ കൂടുതൽ ഉള്ള മൂലകങ്ങൾ ചേർത്ത് മണ്ണ് വിഷമയം (Toxic )ആക്കാതെയും എന്നാൽ മണ്ണിൽ കുറവുള്ള (deficient )ആയ മൂലകങ്ങൾ യോഗ്യമായ (optimum )അളവിൽ ചേർത്ത് കൊടുക്കുകയും ചെയ്യുക എന്നതാണ് വിളവ് കൂട്ടാനും ഉത്പന്നത്തിന്റെ ആകർഷണീയതയും രുചിയും വർധിപ്പിക്കാനും ചെയ്യാവുന്ന കാര്യം.

നൂറ് പാവയ്ക്ക പറിക്കുമ്പോൾ അല്ലെങ്കിൽ പയർ പറിയിക്കുമ്പോൾ അവ ഒരുപോലെ ഒന്നാം തരമായി(A Grade ) , തിരിവില്ലാതെ (reject ഇല്ലാതെ ) കിട്ടണമെങ്കിൽ കൃഷിക്കാർ മണ്ണിന്റെ രസതന്ത്രം (Chemistry )അറിയണം.

ഇത് പഠിപ്പിക്കൽ ആകണം കൃഷിഭവനുകളുടെ പ്രധാന ദൗത്യം. എല്ലാ വാണിജ്യ കർഷകരും, എന്ന് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ‘മണ്ണറിഞ്ഞു ‘വളം ചെയ്ത് തുടങ്ങുന്നുവോ അന്ന് വിളവ് വർധിക്കാൻ തുടങ്ങും.പിന്നെ നല്ല വിലയ്ക്ക് വിൽക്കാൻ കഴിയുക എന്നത് കുറെയൊക്കെ അവരവരുടെ മിടുക്ക് തന്നെ എന്ന് പറയാതെ വയ്യ

Share Now

Leave a Reply

Your email address will not be published. Required fields are marked *