എല്ലാവരും തങ്ങളുടെ അടുക്കളത്തോട്ടം സജ്ജമാക്കുമ്പോൾ ഉൾപ്പെടുത്തുന്ന വിളയാണ് മുരിങ്ങ. എന്നാൽ എല്ലാവർക്കും പറയാൻ ഒരു കാര്യമേയുള്ളൂ മുരിങ്ങ നട്ട് വർഷങ്ങളായിട്ടും അത് കായ്ക്കുന്നില്ല. മുരിങ്ങയിൽ കായ പിടുത്തം ഉണ്ടാവണമെങ്കിൽ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുരിങ്ങ കായ്ക്കാൻ എന്ത് ചെയ്യണം?
മുരിങ്ങ ഒരു ഉഷ്ണകാല വിളയാണ്. മികച്ച രീതിയിൽ മുരിങ്ങ വളരുവാനും, നല്ല കായപിടുത്തം ഉണ്ടാകുവാനും മുരിങ്ങ നടാൻ പറ്റിയ പ്രദേശം സമതലമാണ്. മഴ കുറഞ്ഞ വരണ്ട പ്രദേശങ്ങളിലും ഇത് നന്നായി വളരും. ഈ കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ട ഏറ്റവും അനുയോജ്യമായ മണ്ണ് ഫലപുഷ്ടിയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ്.
മുരിങ്ങ നടാൻ എടുക്കുമ്പോൾ നല്ലതുപോലെ കായ്ച്ചു കൊണ്ടിരിക്കുന്ന മുരിങ്ങയുടെ മൂപ്പ് ആയ കമ്പ് മാത്രം തെരഞ്ഞെടുക്കുക. നല്ലതുപോലെ കായ്ച്ചു കൊണ്ടിരിക്കുന്ന മുരിങ്ങയുടെ കമ്പ് ഒന്നര മീറ്റർ നീളത്തിൽ മുറിച്ചെടുത്ത് നടുക. കമ്പിന്റെ കനം കൈവണ്ണം വലുപ്പത്തിൽ ആകണം. അതിനുശേഷം ഏകദേശം മൂന്നു മീറ്റർ അകലത്തിൽ കുഴിയെടുത്ത്ജൈവവളങ്ങൾ മണ്ണുമായി കലർത്തി കുഴി നിറച്ചു വേണം കമ്പ് നടുവാൻ. മഴക്കാലത്ത് കമ്പ് ചീഞ്ഞ് പോകാതിരിക്കാൻ മുകളിലത്തെ മുറിപ്പാട് പോളിത്തീൻ കൂട് ഇട്ട് മൂടണം. നട്ട് ആദ്യവർഷം വേനൽക്കാലത്ത് നനയ്ക്കണം.
മുരിങ്ങ പിന്നീട് നനയ്ക്കേണ്ടി വരാറില്ല. വർഷം തോറും ചെടിക്കു ചുറ്റും തടമെടുത്ത് ജൈവവളങ്ങളും ലേശം രാസവളങ്ങളും ചേർക്കുന്നത് വിളവർധനയ്ക്ക് സഹായകമാണ്. ഡിസംബർ മാസത്തിൽ മരം ഒന്നിന് കാലിവളം 7 കിലോ, യൂറിയ 75 ഗ്രാം ചേർത്താൽ വിളവ് വർദ്ധിപ്പിക്കാം. ഇങ്ങനെ പരിചരിച്ചാൽ ശരാശരി ഒരു വർഷം 15 കിലോ വിളവ് പ്രതീക്ഷിക്കാം.