മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ്
ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ചെറുതേനീച്ച കൂടിന്റെ ഘടന
പ്രധാനമായും പ്രവേശന കവാടം, മുട്ട-പുഴു അറകള്‍, പൂമ്പൊടി-തേന്‍ ശേഖരം എന്ന ക്രമത്തിലാണ് കൂടിന്റെ ഘടന. ചെറുതേനീച്ചക്കോളനികള്‍ ഒരേ സ്ഥലത്തുതന്നെ, മറ്റ് ശല്യങ്ങള്‍ ഒന്നും ഇല്ല എങ്കില്‍, ഏറെക്കാലം നിലനില്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്.
കൂടുകെട്ടുന്ന രീതിയും കൂടിന്റെ രൂപവും ആകൃതിയും തേന്‍ പൂമ്പൊടി ശേഖരിച്ചുവെയ്ക്കുന്ന രീതിയും എല്ലാം യഥാര്‍ത്ഥ തേനീച്ചകളില്‍ നിന്നും വ്യത്യസ്തമാണ്. ചെറുതേനീച്ചയുടെ അടകള്‍ നിര്‍മ്മിക്കുന്നത് മെഴുകും ചെടികളില്‍ നിന്നും ശേഖരിക്കുന്ന പശയും (റസിന്‍) കൂടിചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം കൊണ്ടാണ
ഇത് അരക്കുപോലെയുള്ള പദാര്‍ത്ഥമാണ്. ഇതിനെ സെറുമെന്‍ എന്നു പറയും. കൈതൊട്ടാല്‍ ഒട്ടിപ്പിടിച്ച് നൂലുപോലെ വലിയും.
പ്രവേശന കവാടത്തില്‍ സാധാരണയായി മെഴുക് കൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ ഉണ്ടായിരിക്കും. മണല്‍ തരികളോ പൊടികളോ ഒട്ടിച്ചുണ്ടാക്കിയിരിക്കുന്ന കുഴല്‍ വിവിധ ആകൃതിയിലും നീളത്തിലും കാണപ്പെടുന്നു. കുഴലിന്റെ അഗ്രഭാഗത്തായി 5-6 വേലക്കാരി ഈച്ചകള്‍ (ഗാര്‍ഡ് ബീസ്) കാവലിനായി ഉണ്ടായിരിക്കും.
ചെറുതേനീച്ചക്കൂടുകള്‍ തടിപ്പെട്ടികളില്‍
ചെറുതേനീച്ചയെ വ്യാവസായികമായി വളര്‍ത്താന്‍ ഉപയോഗിക്കാവുന്ന വിവിധ തരം കൂടുകളെക്കുറിച്ച് വിശദമായ പഠനം വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം നടത്തുകയുണ്ടായി.
വ്യത്യസ്ത വ്യാപ്തം വരുന്ന തടിപ്പെട്ടികള്‍, മണ്‍കലങ്ങള്‍, മുളം കൂടുകള്‍ എന്നിവ പഠന വിധേയമാക്കി. ഇതില്‍ 1960 സി.സി. വ്യാപ്തമുള്ള മുളങ്കൂടുകളാണ് ഏറ്റവും ഉത്തമമെന്ന് കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ പുഴുവളര്‍ത്തലും തേന്‍- പൂമ്പൊടി ശേഖരവും ഈ വലുപ്പത്തിലുള്ള മുളങ്കൂടുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേനെടുക്കുന്നതിനും ഏറ്റവും എളുപ്പമായുള്ളത് മുളങ്കൂടുകളാണ്.
തേന്‍ – പൂമ്പൊടി അറകള്‍ മുളയുടെ വശങ്ങളിലായിരിക്കും ശേഖരിച്ചുവയ്ക്കുന്നത്. പുഴു അടകള്‍ക്ക് കേട് ഒട്ടുംതന്നെ സംഭവിക്കാതെ തേനെടുക്കുന്നതിന് ഇത് സഹായിക്കുന്നു.
എന്നാല്‍ കലത്തില്‍ നിന്നോ തടിപ്പെട്ടിയില്‍ നിന്നോ തേന്‍ എടുക്കാന്‍ വളരെ പ്രയാസമാണ്. പുഴു അടകള്‍ക്കും ഈച്ചകള്‍ക്കും ഏറെ നഷ്ടം സംഭവിക്കുകയും ചെയ്യും. കൂടാതെ തേനും നഷ്ടപ്പെടും.
മുളന്തണ്ടുകള്‍ എല്ലായ്‌പ്പോഴും കിട്ടുവാന്‍ പ്രയാസമായിരിക്കും, അതിനാല്‍ ഇതേ വലുപ്പവും വ്യാപ്തവും വരുന്ന തടിപ്പെട്ടികള്‍ നിര്‍മ്മിച്ചെടുക്കാവുന്നതാണ്. മുളന്തണ്ട് സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപ്പെട്ടിയ്ക്കും രണ്ട് തുല്യ ഭാഗങ്ങള്‍ വരത്തക്കവിധം ചുവടെ ചേര്‍ത്തിരിക്കുന്ന അളവില്‍ നിര്‍മ്മിക്കാം.
രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കമ്പിയോ കയറോ ഉപയോഗിച്ച് കെട്ടി കൂടാക്കാവുന്നതാണ്. ഇത്തരം കൂട്ടില്‍ വളരുന്ന ചെറുതേനീച്ചയെ വിഭജനം നടത്താനും എളുപ്പമാണ്.
ചെറുതേനീച്ച കോളനി പരിപാലനം
എപ്പിസ് ഇനത്തിലുളള തേനീച്ചയെ ആഴ്ചയിലൊരിക്കല്‍ കൂടുതുറന്നു പരിശോധിച്ചു പരിപാലിക്കുമ്പോള്‍ ചെറുതേനീച്ചയെ പൊതുവെ തേനെടുക്കാനും വിഭജിക്കാനുമാണ് തുറക്കുന്നത്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ തേന്‍ സംഭരിക്കാനും വളര്‍ച്ചാകാലമായ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ വിഭജനത്തിനായിട്ടുമാണ് കൂട് തുറക്കാറുള്ളത്.
കൂടുതുറക്കുമ്പോള്‍ കുത്താന്‍ വിഷസൂചിയില്ലാത്ത ഇവ മാന്‍ഡിബിള്‍ കൊണ്ട് കടിച്ചാണ് ശത്രുക്കളെ തുരത്തുന്നത്. ഇത്തരത്തില്‍ കടിക്കുന്ന വേലക്കാരി ഈച്ച ചത്തുപോവുകയും ചെയ്യും. ഇതിനു പരിഹാരമായി കൂടുതുറക്കുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തലയും ശരീരവും മൂടുകയോ മുഖംമൂടി (ബീവെയില്‍) ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
എന്നാല്‍ കൂടൂതുറക്കുമ്പോള്‍ വേലക്കാരി ഈച്ചകള്‍ തമ്മില്‍ കടിച്ചു ചാകുന്നത് വലിയ നാശത്തിനിടയാകുന്നു. ഇതിനു പരിഹാരമായി കൂടുതുറക്കുന്നതിന് മുന്‍പ് വേലക്കാരി ഈച്ചയെ കുപ്പിയിലാക്കി സുരക്ഷിതമായി സൂക്ഷിക്കുന്ന വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്.
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ ആണികൊണ്ട് സുക്ഷിരങ്ങളുണ്ടാക്കുക. കുപ്പിയുടെ അടപ്പ് തുറന്ന് ശേഷം വായ്ഭാഗം ചെറുതേനീച്ചപെട്ടിയുടെ വാതിലിനോട് ചേര്‍ത്തുവയ്ക്കുക. തടിപ്പെട്ടിയില്‍ ചെറിയ മരക്കഷണം കൊണ്ട് മെല്ലെ തട്ടുക. വേലക്കാരി ഈച്ച കൂട്ടില്‍ നിന്നും പുറത്തു വന്ന് കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ അടുത്ത കുപ്പി ഇതേരീതിയില്‍ വെച്ചുകൊടുക്കുക.
അങ്ങനെ അഞ്ചോ ആറോ കുപ്പി നിറയുമ്പോള്‍ മുഴുവന്‍ ഈച്ചയും കുപ്പിയില്‍ പ്രവേശിച്ചു കഴിയും കുപ്പികള്‍ സുരക്ഷിതമായി മാറ്റി സൂക്ഷിക്കുക. ഉളിയുടെ സഹായത്താല്‍ പെട്ടിതുറന്ന് തേന്‍ സംഭരണം നടത്താം.
അതിന് ശേഷം കൂട് അടച്ച് പൂര്‍വ്വസ്ഥിതിയില്‍ കെട്ടിവച്ചശേഷം കുപ്പിയില്‍ അടപ്പ് തുറന്ന് വയ്ക്കുന്നത് വേലക്കാരി ഈച്ചയ്ക്ക് കൂട്ടില്‍ പ്രവേശിക്കാന്‍ സഹായകമാവും.
വിഭജനം
കോളനി കൂട്ടം പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം കോളനി വിഭജിക്കേണ്ടതാണ്. നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ച കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താവുന്നതാണ്.
റാണിഉള്ള അറകള്‍ വേണം വിഭജനത്തിന് തെരഞ്ഞെടുക്കാന്‍. ആദ്യം വേലക്കാരി ഈച്ചകളെ കൂട്ടില്‍ നിന്നും മാറ്റി, മുന്‍പ് പ്രസ്താവിച്ചതുപോലെ കുപ്പികളില്‍ സുരക്ഷിതമായി സൂക്ഷിക്കുക.
തുടര്‍ന്നു മാതൃതേനീച്ചപ്പെട്ടി ഒരു ഉളികൊണ്ട് തുറന്ന്, പകുതി പുഴു അടയും പൂമ്പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേയ്ക്ക് മാറ്റുക. എല്ലാപ്രായത്തിലുള്ള അടയും ഉണ്ടെന്ന് ഉറപ്പാക്കണം. തേന്‍ ശേഖരം പൊട്ടി ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുമ്പിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കും.
പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിദ്ധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിദ്ധ്യവും ഉറപ്പാക്കുക. റാണി അറ ഇല്ലായെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്‍കേണ്ടതുമാണ്. രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക.
നാല് കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വേലക്കാരി ഈച്ചയില്‍ രണ്ടെണ്ണം കുപ്പിയുടെ വാതില്‍ തുറന്ന് തേനീച്ചപെട്ടിയുടെ അടുത്ത് വെയ്ക്കുക. രണ്ടെണ്ണം പുതിയ പെട്ടിയുടെ വാതില്‍ക്കലും. മുഴുവന്‍ ഈച്ചയും പ്രസ്തുത കൂടുകളില്‍ പ്രവേശിക്കും. പഴയകൂട് അടച്ച് കഴിയുന്നത്ര അകലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക.
മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി പിളര്‍ന്നതും 1960 സി.സി. വലുപ്പത്തിലും വ്യാപ്തത്തിലും ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ.് വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്.
പുതിയ പാളി നല്‍കി കൂട് തൂക്കിയിടുമ്പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയി രിക്കണം, പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഇത് പുഴു അടകള്‍ക്കോ ഈച്ചകള്‍ക്കോ യാതൊരുവിധ ത്തിലുള്ള നഷ്ടവും ഉണ്ടാകുന്നില്ല എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
ഈ രീതിയില്‍ കോളനി വിഭജനം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും വരെ ചെയ്യാവുന്നതും ആയാസം കൂടാതെ ചെറുതേനീച്ച വളര്‍ത്തല്‍ അനുവര്‍ത്തിക്കാന്‍ സഹായകരവുമാണ്.
മുളങ്കൂടുകളില്‍ ഉള്ള കോളനികള്‍ വിഭജിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ.് നീളത്തില്‍ തുല്യ കഷണങ്ങളായുള്ള മുളങ്കൂടിന്റെ ഉള്ളില്‍ ഇരുവശത്തും പുഴു അറയും തേന്‍-പൂമ്പൊടി ശേഖരവും ഉണ്ടാകും. ഇതില്‍ ഒരുവശം എടുത്തുമാറ്റി അതില്‍ ഓരോന്നിലും തുല്യ അളവിലുള്ളതും വലുപ്പത്തിലുള്ളതുമായ വേറൊരു മുളങ്കഷ്ണം വച്ച് അടയ്ക്കുമ്പോള്‍ പുതിയ രണ്ട് കോളനികള്‍ തയ്യാറാകും.
ക്ഷാമകാല പരിചരണം
വാണിജ്യാടിസ്ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ ലക്ഷ്യമിടുമ്പോള്‍ പുതുതായി ധാരാളം തേനീച്ചകോളനികളെ ഉണ്ടാക്കണം. ഇതിനുള്ള ഗവേഷണ നിരീക്ഷണങ്ങളില്‍ കൃത്രിമാഹാരം നല്‍കാന്‍ വിജയകരമായ രീതി രൂപകല്പന ചെയ്തു.
പ്രകൃതിയിലുള്ള ചെടികളുടെ പൂക്കള്‍ മധു ചൊരിയാത്ത സമയവും മഴക്കാലവുമാണ് തേനീച്ചയ്ക്ക് ക്ഷാമകാലം. ഇന്ത്യന്‍ തേനീച്ചയ്‌ക്കെന്ന പോലെ ചെറുതേനീച്ചയ്ക്കു ക്ഷാമകാലത്ത് കൃത്രിമാഹാരമായി തേനോ പഞ്ചസാര ലായനിയോ നല്‍കുന്നത് കോളനി വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുകളെ ശാസ്ത്രീയമായ വിഭജനം നടത്തുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ കൂട്ടം പിരിയുന്നതും കൂടുപേക്ഷിച്ച് പോകുന്നതുമായ പ്രവണത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇതിനായി പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ദീര്‍ഘചതുരാകൃതിയിലുള്ള പാത്രത്തില്‍ ശുദ്ധമായ പഞ്ഞികൊണ്ട് ഒരു പാളിനിരത്തി അതില്‍ വാഷ് ബോട്ടിലിന്റെ സഹായത്തോടെ തേന്‍ തുള്ളികള്‍/പഞ്ചസാര ലായനി ഒഴിച്ച് ചെറുതേനീച്ചയുടെ കൂടിനടുത്ത് വയ്ക്കുക. അതിനുശേഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരു മൂടി കൊണ്ട് അടയ്‌ക്കേണ്ടതാണ്.
പാത്രത്തിന് ചുറ്റും പാര്‍ശ്വങ്ങളിലായി നല്‍കിയിരിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ ചെറുതേനീച്ചകള്‍ കൂട്ടത്തോടെ പാത്രത്തിനുള്ളില്‍ പ്രവേശിച്ച് കൃത്രിമാഹാരമായി നല്‍കിയ തേന്‍/ലായനി കുടിച്ച് വറ്റിക്കുന്നു. രണ്ടോ മൂന്നോ ഇത്തരം പാത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കാവുന്നതാണ്.
കൂട്ടത്തോടെ ചെറുതേനീച്ചകള്‍ വന്ന് തേന്‍ കുടിക്കുമ്പോള്‍ അവ തമ്മില്‍ കടിക്കുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്. കൂടാതെ പാത്രത്തിലെ ദ്വാരങ്ങള്‍ ചെറുതായതുകൊണ്ട് മറ്റിനം തേനീച്ചകള്‍ക്ക് പാത്രത്തിനുള്ളില്‍ കടക്കാനാവില്ല എന്നതും ശ്രദ്ധേയമാണ്.
ക്ഷാമകാലത്ത് ഇപ്രകാരം കൃത്രിമാഹാരം നല്‍കിയ കൂടുകളില്‍ വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ചയുള്ളതായി കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തില്‍ ചെറുതേനീച്ച വളര്‍ത്താന്‍ വേണ്ടുന്ന കോളനി വികസിപ്പിച്ചെടുക്കാനും, ഓരോ വീട്ടിലും ഒരു ചെറുതേനീച്ചക്കൂട് ലഭ്യമാക്കാനും ഇത് സഹായിക്കും.
വെള്ളായണി കാര്‍ഷിക കോളേജിലെ പ്രൊഫസര്‍മാരാണ് ലേഖകര്‍
ഫോണ്‍: 9400185001