കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ കഴിയുമോ ?

രസതന്ത്രത്തിന്റെ പരീക്ഷണശാലയിൽ നിന്ന് നമുക്ക് കൃഷിയെ പുറത്തെത്തിക്കണം; അതിനെ പ്രകൃതിയുടെ പരീക്ഷണശാലയുമായി ബന്ധിപ്പിക്കണം”: 2021 ഡിസംബർ 16ന് പ്രകൃതി കൃഷിയെ സംബന്ധിച്ച ഒരു ദേശീയ സമ്മേളനത്തിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങനെയാണ്. “രാസവളങ്ങളിൽ നിന്നും കീടനാശിനികളിൽ നിന്നും ഭാരതാംബയുടെ ഈ നാടിനെ സ്വതന്ത്രമാക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022-23 ലേക്കുള്ള ബജറ്റ് പ്രസംഗത്തിൽ രാസപദാർത്ഥമുക്തമായ പ്രകൃതി കൃഷി സംബന്ധിച്ച ഒരു പുതിയ പദ്ധതി തന്നെ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് നീങ്ങുന്നത് എന്ന സൂചനയും നൽകി. ഈ പദ്ധതിയെ ആർ.എസ്.എസ് പൂർണ്ണമായും പിന്തുണച്ചിട്ടുമുണ്ട്.

പക്ഷേ പ്രശ്നം ഇവിടെയാണ്. കാർഷിക ശാസ്ത്രജ്ഞർക്കിടയിൽ പ്രകൃതി കൃഷിക്ക് ഒട്ടും തന്നെ സ്വീകാര്യതയില്ല. 2019ൽ ഇന്ത്യയിലെ കാർഷിക ശാസ്ത്രജ്ഞരുടെ ദേശീയ അക്കാദമി (National Academy of Agricultural Sciences) പ്രകൃതി കൃഷിയെ സംബന്ധിച്ച ശാസ്ത്രീയ നയം വ്യക്തമാക്കുന്ന ഒരു നീണ്ട പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. “ഒരു ഉൽപാദന സാങ്കേതികവിദ്യ എന്ന നിലയിൽ പ്രകൃതി കൃഷിക്ക് സ്വീകാര്യതയോ പ്രാമാണികതയോ ഇല്ല” എന്നാണ് അവർ കൃത്യമായി വ്യക്തമാക്കിയത്. മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന മറ്റൊരു റിപ്പോർട്ടിലും ഇതേ വിഷയം ആവർത്തിച്ച് പറയുന്നുണ്ട് എന്നുള്ളതാണ്.

നരേന്ദ്രമോദി സർക്കാരിന് ശാസ്ത്രത്തോടുള്ള അവഗണനയും പുച്ഛവും സുവിദിതമാണല്ലോ. കഴിഞ്ഞ കാലങ്ങളിൽ അവർ നടത്തിയിട്ടുള്ള പല വ്യാജ-കപട ശാസ്ത്ര പ്രസ്താവനകളും അർഹമായ വിധം തന്നെ ലോകവേദികളിൽ അധിക്ഷേപങ്ങൾ നേരിട്ടതുമാണ്. എന്നാൽ പ്രകൃതി കൃഷിയെ സംബന്ധിച്ച പ്രഖ്യാപനത്തോട് അല്പം സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പ്രതികരണങ്ങളിലെ ഈ സമ്മിശ്രണം രണ്ട് കാരണങ്ങൾ മൂലമുണ്ടായിട്ടുള്ളതാണ്.

ഒന്നാമതായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ലോകം ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 2070ഓടു കൂടി ഇന്ത്യ ഒരു കാർബൺ വിസർജ്ജന-രഹിത രാജ്യമാവും എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിയിൽ രാസപദാർത്ഥങ്ങളുടെ ഉപയോഗത്തിൽ കുറവ് വരുത്തുന്നത് ഈ ലക്ഷ്യം നേടാൻ നമ്മെ സഹായിക്കും എന്നതിനാൽ പൊതുജനങ്ങളിൽ ഒരു വിഭാഗം ഈ പ്രകൃതി കൃഷി നയം സ്വാഗതാർഹമാണെന്ന് വിശ്വസിക്കുന്നുണ്ട്. രണ്ടാമതായി, ശാസ്ത്രത്തോടുള്ള പൊതുജനങ്ങളുടെ സമീപനം സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത് കീമോഫോബിയ (അതായത് രാസവസ്തുക്കളെ കുറിച്ചുള്ള യുക്തിരഹിതമായ ഭയം) ശ്രദ്ധേയമായ ഒരു ആഗോള പ്രശ്നമാണ് എന്നതാണ്.

ശാസ്ത്രത്തെ സംബന്ധിച്ച പൊതുധാരണയുടെ അഭാവത്തിൽ നിന്നും മാധ്യമങ്ങളിൽ വരുന്ന ഭയാനകമായ സന്ദേശങ്ങളിൽ നിന്നുമൊക്കെ ഉണ്ടാകുന്ന രാസപ്രയോഗത്തിന്റെ അപകടസാധ്യതകൾ കൃത്യമായി കണക്കുകൂട്ടുന്നതിനുള്ള ജനങ്ങളുടെ കഴിവില്ലായ്മയിൽ നിന്ന് ഉരുത്തിരിയുന്നതാണ് കീമോഫോബിയ. രാസവസ്തുക്കൾ നമ്മുടെ ചുറ്റുപാടുകളെ, പ്രത്യേകിച്ച് നാം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളെ, മലിനപ്പെടുത്തുമെന്ന് പൊതുവായ ഒരു ഭയം നിലവിലുണ്ട്.

ദൗർഭാഗ്യവശാൽ, കൃഷിയിൽ രാസവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച സമകാലിക സംവാദങ്ങൾ അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ടതാണ്. പങ്കെടുക്കുന്നവർ അങ്ങേയറ്റം തീവ്ര നിലപാടുകൾ സ്വീകരിക്കുന്നു. ഉദാഹരണത്തിന്, രാസവസ്തുമുക്തമായ കൃഷി അഭിലഷണീയമാണെന്ന് ഒരാൾ വാദിക്കുന്നെങ്കിൽ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റായി അയാൾ ഉടൻ മുദ്രകുത്തപ്പെടും. കാർഷിക രസതന്ത്രത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്ത് രൂപം കൊണ്ടിട്ടുള്ള ശാസ്ത്രീയ-യുക്തി ചിന്തകളെ തീർത്തും അവഗണിക്കുന്നതാണ് ഇത്തരത്തിലുള്ള ധ്രുവീകരണ പ്രവണതകൾ. സുസ്ഥിരതയെ സംബന്ധിച്ച ഉത്കണ്ഠകളൊന്നും ആധുനികശാസ്ത്രം പരിഗണിക്കുന്നില്ല എന്ന അസംബന്ധ കാഴ്ചപ്പാടിനെ അത് ബലപ്പെടുത്തുകയും ചെയ്യുന്നു.

കൃഷിയും രാസവസ്തുക്കളും – ചരിത്രം

1850കൾ വരെയുള്ള ഏകദേശം 10,000 വർഷത്തോളം കാലം ലോകം പിന്തുടർന്നത് പ്രകൃതി കൃഷി തന്നെയാണ്. എന്നാൽ വിളകളിൽ നിന്നുള്ള ഉത്പാദനക്ഷമതയും വരുമാനവും തീരെ കുറവായിരുന്നു. വളരുകയായിരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റുന്നതിനും പ്രകൃതി കൃഷിയിലെ കുറഞ്ഞ ഉൽപാദനക്ഷമത മൂലം സാധിച്ചിരുന്നില്ല. ഇതുമൂലം കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് സമൂഹങ്ങൾ നിർബന്ധിതമായി. വൻതോതിലുള്ള വനനശീകരണത്തിലൂടെയാണ് ഇങ്ങനെ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിച്ചത്. 1850കൾക്ക് ശേഷം അറിവിന്റെയും ശാസ്ത്രത്തിന്റെയും പുതിയ ചക്രവാളങ്ങൾ ഒരുപിടി പുതിയ കണ്ടുപിടിത്തങ്ങളിലേക്കുള്ള വഴികൾ തുറന്നതോടെ ഈ സാഹചര്യത്തിൽ മാറ്റം വന്നു. നിരവധി ജൈവ ഉത്പന്നങ്ങളും (അതായത് കാലിവളങ്ങളും ജൈവ കേക്കുകളും പോലുള്ളവ) അജൈവ സ്രോതസ്സുകളും (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പോലുള്ളവ) കണ്ടെത്തുകയുണ്ടായി.

1838ൽ ഇംഗ്ലണ്ടിലെ റൊത്താംസ്റ്റഡ് എക്സ്പിരിമെന്റ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. അവിടെ രാസവസ്തുക്കളുടെയും രാസേതര വസ്തുക്കളുടെയും വ്യത്യസ്തങ്ങളായ ചേരുവകൾ ഒരേ സ്ഥലത്ത്, വിവിധ പ്ലോട്ടുകളിൽ, ദീർഘകാലം പ്രയോഗിച്ച്‌ നിരീക്ഷിക്കുന്ന പരീക്ഷണങ്ങൾ ആരംഭിച്ചു. പ്രാഥമിക ഫലങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. കാലിവളങ്ങൾ മാത്രം നൽകപ്പെട്ട പ്ലോട്ടുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ ഏക്കർ ഒന്നിന് 4 റാത്തൽ (CWT) അധികം ഉത്പാദനം കാലിവളങ്ങളും നൈട്രജനും കൂട്ടിച്ചേർത്ത് നൽകപ്പെട്ട ഭൂമിയിൽ നിന്ന് ലഭിച്ചു. മാത്രമല്ല, ആവശ്യമായി വരുന്ന രാസവളങ്ങളുടെ അളവ് ശ്രദ്ധേയമായ വിധം കുറഞ്ഞ അളവിൽ മാത്രം മതി എന്ന സ്ഥിതിയും നിലവിൽ വന്നു. ഉദാഹരണത്തിന് 35 ടൺ കാലിവളം പ്രയോഗിക്കുന്ന സ്ഥലത്ത് അതിന് പകരമായി, അതേ ഉത്പാദനക്ഷമത നിലനിർത്താൻ, വെറും 144 കിലോഗ്രാം നൈട്രജൻ വളം പ്രയോഗിച്ചാൽ മതിയാകും എന്ന് വന്നു.

1970കളിൽ പോലും, അതായത് റൊത്താംസ്റ്റഡ് സ്റ്റേഷൻ ആരംഭിച്ച് നൂറിലേറെ വർഷത്തെ പരീക്ഷണങ്ങൾ പൂർത്തീകരിച്ചപ്പോഴും, ഈ പരീക്ഷണങ്ങൾ (ബ്രോഡ്ബാൾക് പരീക്ഷണങ്ങൾ എന്നും അവയെ വിളിക്കാറുണ്ട്) വെളിപ്പെടുത്തിയത് ഹെക്ടർ ഒന്നിന് 35 ടൺ കാലിവളം പ്രയോഗിച്ച പ്ലോട്ടുകളിൽ നിന്ന് ലഭിച്ചതിന്റെ അതേ ഉത്പാദനക്ഷമത കുറഞ്ഞ അളവിൽ മാത്രം രാസവള പ്രയോഗം നടത്തിയ പ്ലോട്ടിൽ നിന്ന് ലഭിക്കും എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ, കുറച്ചു കിലോഗ്രാം മാത്രം രാസവളം പ്രയോഗിക്കുന്നത് ഭീമമായ അളവിൽ കാലിവളം പ്രയോഗിക്കുന്ന അത്ര തന്നെ ഉത്പാദനക്ഷമത ഇപ്പോഴും നൽകുന്നുണ്ട്. ഇതിനു പുറമേ, കൂടുതൽ അളവിൽ നൈട്രജൻ പ്രയോഗിക്കുന്നതോടെ വിളകളുടെ ഉത്പാദനക്ഷമത പെട്ടെന്ന് തന്നെ വർദ്ധിക്കുകയും ചെയ്തു.

“ബ്രോഡ്ബാൾക്ക് പരീക്ഷണം വ്യക്തമാക്കുന്നത് മിനറലുകളിൽ നിന്നുള്ള രാസവളങ്ങളും ജൈവവളങ്ങളും ഒരേപോലെ വിള ഉൽപാദനത്തിൽ പ്രയോജനപ്രദമാണ് എന്നാണ്. ഗോതമ്പിൽ കാലിവളത്തോടൊപ്പം മിനറൽ രാസവളം കൂട്ടിച്ചേർത്തു പ്രയോഗിക്കുന്ന പാടങ്ങളിൽ നിന്നും മിനറൽ രാസവളം മാത്രമായി പ്രയോഗിക്കുന്ന പാടങ്ങളിൽ നിന്നുമുള്ള ഉത്പാദനക്ഷമത ഒരേ പോലെ തന്നെയാണ്. എന്നാൽ ബ്രോഡ്ബാക്കിൽ പ്രയോഗിക്കുന്ന വാർഷിക കാലിവള ഇൻപുട്ടുകൾ കാലിവളത്തിന്റെ ലഭ്യത പരിമിതമായതുമൂലം ഇപ്പോഴത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ പ്രയോഗിക്കാൻ കഴിയുന്നതിനേക്കാൾ വളരെ അധികമായിരിക്കും”.

2021ൽ നൽകിയ ഒരു അഭിമുഖത്തിൽ റൊത്താംസ്റ്റഡ് സ്റ്റേഷന്റെ മാനേജർ ആൻഡി മാക്ഡൊണാൾഡ് പറഞ്ഞത്:

രണ്ടു കാര്യങ്ങൾ ഇവിടെ നിന്ന് വായിച്ചെടുക്കാം. ഒന്നാമത്, മണ്ണ് നൈട്രജന്റെയും മറ്റ് മിനറലുകളുടെയും അക്ഷയഖനിയൊന്നുമല്ല. രാസവസ്തുക്കളുടെ ബാഹ്യമായ പ്രയോഗം (അതായത് കാലിവളങ്ങളും അജൈവവളങ്ങളും കൂട്ടിച്ചേർത്ത് പ്രയോഗിക്കുന്നത്) വിളകൾ പോഷകഘടകങ്ങളുടെ ആഗിരണം പൂർത്തിയാക്കി കഴിയുമ്പോൾ ആ പോഷകങ്ങൾ വീണ്ടും മണ്ണിലേക്ക് മടക്കി നൽകുന്നതിന് ആവശ്യമാണ്. അജൈവവളങ്ങളുടെ ഉപയോഗത്തോട് കൂടി ഉത്പാദനക്ഷമത വർദ്ധിക്കുകയും വനനശീകരണം കുറയുകയും ചെയ്യും. തന്മൂലം ഹരിതഗൃഹവാതക വിസർജ്ജനം രൂക്ഷമാകുന്നതിൽ നിന്ന് ലോകത്തെ രക്ഷിക്കാനാകും. രണ്ടാമതായി, ജൈവകൃഷിയോ പ്രകൃതി കൃഷിയോ ഉൾപ്പെടെയുള്ള എല്ലാ തരം കൃഷിരീതികളും രാസപദാർത്ഥ പ്രയോഗം ഉൾക്കൊള്ളുന്നവ തന്നെയാണ്. മണ്ണിൽ കാലി/ജൈവ വളം പ്രയോഗിക്കുന്നത് മണ്ണിലെ ജൈവഘടന മെച്ചപ്പെടുത്താൻ മാത്രമല്ല വിളകൾക്ക് നൈട്രജൻ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കാൻ വേണ്ടി കൂടിയാണ്. കാലി/ജൈവ വളത്തിൽ നിന്ന് ലഭിക്കുന്ന നൈട്രജൻ എന്ന് വെച്ചാൽ യൂറിയയിൽ നിന്ന് ലഭിക്കുന്ന നൈട്രജനിൽ നിന്നും രാസഘടനയിൽ വ്യത്യസ്തമായതല്ല. ഇത് പോലെ തന്നെയാണ് റോക്ക് ഫോസ്ഫേറ്റിൽ നിന്നുള്ള ഫോസ്ഫറസിന്റെ കാര്യവും. ലോകമെമ്പാടും ഇന്ന് ജൈവകൃഷിയിൽ റോക്ക് ഫോസ്ഫേറ്റ് ഉപയോഗം അനുവദനീയമാണ്.

പ്രകൃതി കൃഷിയെ പോലെയുള്ള ബദലുകൾ, പ്രത്യേകിച്ച് സുഭാഷ് പലേക്കർ ആദ്യമായി അവതരിപ്പിച്ചതും ഇപ്പോൾ നരേന്ദ്രമോദി സർക്കാർ നെഞ്ചേറ്റുന്നതുമായ സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് (ZBNF), തീർത്തും അവഗണിക്കുന്നതും തള്ളിക്കളയുന്നതും ഈ അടിസ്ഥാന ശാസ്ത്രതത്വങ്ങൾ തന്നെയാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *