കശുമാവ് : വ്യത്യസ്ഥത പുലർത്തുന്ന ഫലവൃക്ഷം

രുചി കൊണ്ടും ഉപയോഗങ്ങൾ കൊണ്ടും ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ഫല സസ്യമാണ് കശുമാവ് .
ബ്രസീലാണ് ഇതിന്റെ ജന്മദേശം. പറങ്കികൾ ഇന്ത്യയിൽ ആദ്യമായി കൊണ്ടുവന്നതിനാലാകണം ഇതിന് പറങ്കിമാവ് എന്ന പേരിലും ഇതറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ഇതിന് പൃത്തിക്ക മാവെന്നും വിളിപ്പേരുണ്ട്.

അനാക്കാർഡിയേസി (Anacardiaceae) കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അനാക്കാർഡിയം ഓക്സിഡെന്റേൽ (Anacardium occidentale) എന്നാണ്.
ഇന്ത്യക്ക് വിദേശ നാണ്യം സമ്പാദിച്ചു തരുന്ന വിളകളിൽ കശുമാവ് പ്രധാനമാണ്.

സസ്യ വിവരണം

പാർന്നു പന്തലിക്കുന്ന കശുമാവ് പത്ത് – പന്ത്രണ്ട് മീറ്ററിൽ കുടുതൽ ഉയരത്തിൽ സാധാരണ വളരാറില്ല. ഇതിന്റെ പൂങ്കുല മാവിന്റെ പൂങ്കുലയോട് സാദൃശ്യമുള്ളതാണ്. നിരവധി ചെറുപുഷ്പങ്ങളോടു കൂടിയ പൂങ്കുലയിൽ ആൺ പൂവുകളും ദ്വിലിംഗ പുഷ്പങ്ങളും ഉണ്ടായിരിക്കും. നവംബർ മുതലാണ് ചെടികൾ പൂത്ത് തുടങ്ങുക. ഏകദേശം മൂന്ന് മാസം കൊണ്ട് കശുമാങ്ങ പഴുത്ത് തുടങ്ങും. പഴുത്ത മാങ്ങ മഞ്ഞ നിറത്തിലോ, പച്ചകലർന്ന മഞ്ഞനിറത്തിലോ ചുവപ്പ് നിറത്തിലോ ഒക്കെ ആയിരിക്കും. നല്ലവണ്ണം പഴുത്ത മാങ്ങയുടെ അണ്ടിക്ക് കറുപ്പ് കലർന്ന ചാര നിറമാണ്.
കട്ടികൂടിയ പുറന്തൊണ്ടിനാൽ അവരണം ചെയ്യപ്പെട്ടിട്ടുള്ള പറങ്കിയണ്ടിയുടെ പരിപ്പാണ് പ്രധാനമായും ഭക്ഷ്യ വസ്തുവായുപയോഗിക്കുന്നത്. അണ്ടിയുടെ മുപ്പത് ശതമാനം മാത്രമാണ് അണ്ടിപ്പരിപ്പുള്ളത്. ബാക്കി ഭാഗം പുറന്തൊണ്ടാണ്. ഈ പുറന്തൊണ്ടിൽ എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണക്കും വ്യാവസായിക പ്രാധാന്യമുണ്ട്.

കൃഷി രീതി
ഉഷ്ണമേഖലാപ്രദേശത്തേക്ക് യോജിച്ച വിളയാണിത്. ഫലപുഷ്ടി കുറഞ്ഞ തരിശ് ഭൂമിയിൽ പോലും വളർന്ന് വലുതായി വിളവ് തരാനുളള കഴിവ് കശുമാവിനുണ്ട്.
വിത്തുതൈകളും പതിവെച്ച തൈകളും നടാനുപയോഗിക്കാം. പരപരാഗണം നടക്കുന്ന വൃക്ഷമായതു കൊണ്ട് വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭിക്കണമെന്നില്ല. എന്നാൽ പതിവെച്ചതും ഒട്ടിച്ചതുമായ തൈകൾക്ക് മാതൃക്ഷത്തിന്റെ അതേ ഗുണം തന്നെ ലഭിക്കും. മാത്രമല്ല ഇത്തരം തൈകൾ വേഗത്തിൽ കായ്ക്കുകയും ചെയ്യും.

ആനക്കയം, മാടക്കത്തറ, കനക ,ധന, ധനശ്രീ, പ്രിയങ്ക, അമൃത, അനഘ,അക്ഷയ, സുലഭ , ദാമോദർ, രാഘവ്, പൂർണ്ണിമ എന്നീ ഇനങ്ങൾ താരതമ്യേന അത്യുൽപ്പാദന ശേഷിയുളവയാണ്.
മഴക്കാലത്തോടെ 50 സെ.മീറ്റർ നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് ആ കുഴി കംബോസ്റ്റ് അല്ലെങ്കിൽ കാലിവളം മേൽ മണ്ണുമായി ചേർത്ത് നിറച്ചതിന് ശേഷം തൈകളോ, എയർ ലെയറുകളോ, സോഫ്റ്റ് വുഡ് ഗ്രാഫ്റ്റുകളാേ നടാം. ഇളം തൈകളെ സൂര്യതാപത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ചെടിക്ക് ചുറ്റും ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടണം. ആദ്യ ഒന്നുരണ്ട് വർഷങ്ങളിൽ വേനലിൽ തണൽ നൽകുന്നതും നല്ലതാണ്. ഗ്രാഫ്റ്റിന് താഴെയുളള ഭാഗത്ത് നിന്ന് വളരുന്ന മുളകൾ അപ്പപ്പോൾ നീക്കം ചെയ്യണം. ആദ്യത്തെ മൂന്ന് നാല് വർഷം കൊമ്പ് കോതുന്നത് മരത്തിന് നല്ല ആകൃതി കിട്ടുന്നതിന് ആവശ്യമാണ്.

നല്ല രീതിയിൽ വളപ്രയോഗം നടത്തുന്നത് വിളവിൽ ഗണ്യമായ വർദ്ധനവ് വരുത്തുന്നതിന് സഹായകമാകും.

വിളവെടുപ്പും സംസ്കരണവും
അനുകൂല സാഹചര്യങ്ങളിൽ ലെയർ , ഗ്രാഫ്റ്റ് തൈകൾ നട്ടാൽ രണ്ടാം വർഷം മുതലും വിത്ത് തൈകൾ നട്ടാൽ നാലാം വർഷം മുതലുംവിളവ് നൽകി തുടങ്ങും. എങ്കിലും വിളവ് ഉയർന്ന നിലയിലെത്തണമെങ്കിൽ എട്ടുപത്തു കൊല്ലം വേണ്ടി വരും. കായ്ച്ച് തുടങ്ങിയാൽ 40-50 വർഷം വരെ കുമാവിൽ നിന്നും തൃപ്തികരമായ ആദായം ലഭിക്കും. ഉണങ്ങി
പാകം വന്ന അണ്ടി വറുത്തെടുത്ത് അണ്ടിപ്പരിപ്പുകൾ വേർപെടുത്തി പാക്കറ്റുകളിലാക്കി വ്യാപാര യോഗ്യമാക്കുന്നതു വരെയുളള പ്രവൃത്തികൾ കശുവണ്ടി സംസ്ക്കരണ പ്രക്രിയയുടെ ഘടകങ്ങളാണ്.
കശുവണ്ടിക്ക് പുറമെ ഇതിന്റെ മാങ്ങയും സംസ്ക്കരിച്ച് വാണിജ്യപ്രാധാന്യമുളള ഉൽപ്പന്നങ്ങളാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്.
നല്ലവണ്ണം പഴുത്ത കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കണം. കശുമാങ്ങയിലുള്ള ചവർപ്പ് ആണ് മാങ്ങ നേരിട്ട് കഴിക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നത്. ചവർപ്പിന് കാരണം ടാനിൻ എന്ന ഒരു ഫിനോളിക് സംയുക്തമാണ്. ഇത് വിവിധ രീതികളിൽ വേർതിരിക്കാവുന്നതാണ്.

കശുമാങ്ങയിൽ നിന്ന് ധാരാളം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനുളള സാങ്ക്രതിക വിദ്യ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുരുക്കം ചില ഉൽപ്പന്നങ്ങളൊഴികെ മറ്റെല്ലാം തന്നെ പരീക്ഷണശാലകളിൽ ഒതുങ്ങി നിൽക്കുകയാണിന്നും. കശുമാങ്ങ ജ്യൂസ്, സ്ക്വാഷ്, സിറപ്പ്, പാനീയം (RTS DRINK ) , കുമാങ്ങ – മാമ്പഴം മിക്സഡ് ജാം, അച്ചാർ, ക്യാൻഡി , വിനാഗിരി, വൈൻ
തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.

പോഷക – ഔഷധ മൂല്യം

കശുവണ്ടിയിൽ നിന്നും ലഭിക്കുന്ന എണ്ണ കൃമിനാശകമാണ്. ഇതിൽ 90 ശതമാനം അനാകാർഡിക് അമ്ലവും കാർഡോളും അടങ്ങിയിട്ടുണ്ട്. കശുമാവിന്റെ ഏറ്റവും ഉപയോഗയോഗ്യമായ ഭാഗമാണ് കശുമാങ്ങ. ഇതിൽ വിറ്റാമിൻ സി നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു. ഛർദ്ദി, അതിസാരം എന്നിവക്കും കുട്ടികളിലെ ഹ്രഹണിക്കും കശുമാങ്ങ നീര് ഉത്തമമാണ്.

സംസ്ക്കരണം ചെയ്ത അണ്ടിപ്പരിപ്പ് സ്വാദേറിയ ഭക്ഷ്യവസ്തുവാണ്. ഇതിൽ മികച്ച ഭക്ഷ്യമൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. അണ്ടിപ്പരിപ്പിൽ 21 ശതമാനം പ്രോട്ടീനും, 47 ശതമാനം കൊഴുപ്പും, 22 ശതമാനം കാർബോഹൈഡ്രേറ്റും 2 ശതമാനം ലവണങ്ങളും അടങ്ങിയിരിക്കുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *