കുറ്റിക്കുരുമുളക് ഇപ്പോള്‍ ഗ്രോബാഗിലും നട്ടുു വിളവെടുക്കാം

ദിവസേനയുള്ള ഉപയോഗത്തിന് ആവശ്യമായ കുരുമുളക് ഇനി നമുക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കും.  രണ്ടോ, മൂന്നോ കുറ്റി കുരുമുളക് ചെടികള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ ആവശ്യമായ കുരുമുളക് ഈ ചെടികളില്‍ നിന്നും ഉല്പാദിപ്പിക്കാം എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം.   സാധാരണ താങ്ങുകാലുകളില്‍ വളരുന്ന കുരുമുളകിന്റെ കണ്ണിത്തല വേര് പിടുപ്പിച്ച് നടുന്നതാണ് കുറ്റിക്കുരുമുളക് ചെടി.  ഇത് ഗ്രോ ബാഗുകളിലോ ചട്ടികളിലോ വളര്‍ത്തുവാന്‍ സാധിക്കും.

ഇത് നടുന്നതിനായി 10 കിലോ നടീല്‍ മിശ്രിതം (മേല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയത്) നിറച്ച ചട്ടിയിലോ ഗ്രോ ബാഗിലോ നടാം.  ദിവസേന രണ്ടുനേരം മിതമായ തോതില്‍ മാത്രം നനയ്ക്കുക. ചട്ടികള്‍ 50% തണലില്‍ വയ്ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  വര്‍ഷത്തിലൊരിക്കല്‍ 100 ഗ്രം ഉണങ്ങിയ ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുക.

രണ്ടു മാസത്തില്‍ ഒരിക്കല്‍ 3 ഗ്രാം വീതം ഫാക്ടംഫോസും, പൊട്ടാഷും ഇടുക.  വര്‍ഷത്തില്‍ 50 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് കൊടുക്കുന്നത് നല്ലതാണ്.  വര്‍ഷത്തില്‍ രണ്ട് തവണ (ജൂണ്‍ /സെപ്റ്റംബര്‍ മാസത്തില്‍) കോപ്പര്‍ ഓക്സിക്ലോറൈഡ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം.  അല്ലെങ്കില്‍ സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റര്‍ എന്ന തോതിലോ തളിക്കണം.

ചെടിയുടെ വളര്‍ച്ച അനുസരിച്ച് ഒരു ചെടിയില്‍ നിന്ന് ഏകദേശം 500 ഗ്രാം മുതല്‍ 1.5 കിലോ വരെ പച്ചക്കുരുമുളക് ലഭിക്കും. 

Share Now

Leave a Reply

Your email address will not be published. Required fields are marked *