ഞാന്‍ ഷേവ് ചെയ്തശേഷം ആഫ്റ്റര്‍ ഷേവ് ലോഷനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്‍റെ കുഞ്ഞുനാളില്‍ അമ്മ, ഞങ്ങള്‍ മക്കളുടെ ശരീരത്തില്‍ വെന്ത വെളിച്ചെണ്ണയാണ് തേച്ചു കുളിപ്പിച്ചിരുന്നത്. ഞങ്ങള്‍ ധാരാളംവെളിച്ചെണ്ണ നേരിട്ട് ഉള്ളില്‍ കഴിച്ചിട്ടുമുണ്ട്. വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഭക്ഷണത്തിന്‍റെ സ്വാദ് നാവില്‍ നിന്നും മായില്ല… ബഹുമാനപ്പെട്ട മുന്‍ കേരള കൃഷിവകുപ്പ് മന്ത്രി ശ്രീ. കെ.പി.മോഹനന്‍ ഒരു ചടങ്ങില്‍ അഭിമാനത്തോടെ പറഞ്ഞ വാചകങ്ങളാണിത്. വെളിച്ചെണ്ണയിലെ കൊളസ്ട്രോളിനേയും മറ്റ് ഘടകങ്ങളേയും കുറിച്ച് അസത്യങ്ങള്‍ മാത്രം വിളമ്പുന്ന പാം ഓയില്‍ ഇറക്കുമതി മാഫിയയുടെയും ബ്രാന്‍ഡഡ് പാം ഓയില്‍ ഉത്പാദകരുടെയും മറ്റു സസ്യ എണ്ണ ഉത്പാദകരുടെയും ദിവസേനയുള്ള പ്രചരണങ്ങള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം കുളിര്‍തെന്നല്‍പോലെ കേരത്തേയും വെളിച്ചെണ്ണയേയും സ്നേഹിക്കുന്നവരുടെ മുന്നിലേക്കെത്തുന്നത്. ഇത് കേവലം ഒരാളുടെയോ ചിലരുടെ മാത്രമോ വാക്കുകളല്ല. മറിച്ച് ജനനം മുതല്‍ കേരളീയരില്‍ ബഹുഭൂരിപക്ഷവും അമ്മയുടെ മുലപ്പാല്‍പോലെ അമൃത തുല്യമായി സ്നേഹിക്കുന്നതും സേവിക്കുന്നതുമാണ് വെളിച്ചെണ്ണ. ഭക്ഷണത്തില്‍ നിരന്തരം വെളിച്ചെണ്ണ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഹൃദ്രോഗം, കാന്‍സര്‍ ഇവ വരാനുള്ള സാധ്യത തുലോം കുറവാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണത്തിനും ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കും അലോപ്പതി ഡോക്ടര്‍മാര്‍ പോലും ഇളനീര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് പ്രകൃതിദത്തമായ ഏറ്റവും പോഷകഗുണമുള്ള പാനീയമാണ്. വയറിളക്ക രോഗമുള്ളവര്‍ക്ക് ഇളനീര്‍ കൊടുത്താല്‍ ശരീരത്തില്‍ നിന്നുമുള്ള ലവണനഷ്ടം നികത്താനാവും. കോളറ, ചിക്കന്‍ പോക്സ് രോഗികള്‍ക്ക് ഇത് കണ്‍കണ്ട ഔഷധമാണ്.
തേങ്ങയും വെളിച്ചെണ്ണയും സ്ഥിരമായുപയോഗിച്ചുകൊണ്ടിരുന്ന പഴയ തലമുറയില്‍ ഹൃദ്രോഗം വളരെ കുറവായിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. ഫാസ്റ്റ് ഫുഡിന്‍റേയും നിറം ചേര്‍ത്ത പാനീയങ്ങളുടെയും പിന്നാലെ പായുന്ന പുതിയ തലമുറ ഹൃദ്രോഗത്തിന് അടിമകളാവുന്നു. വെളിച്ചെണ്ണ രക്തത്തിലെ നല്ല കൊളസ്ട്രോളിനെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യും.
വെളിച്ചെണ്ണ ചേര്‍ത്ത് പാകം ചെയ്യുന്ന ആഹാരത്തില്‍ നിന്നും എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ ധാതുക്കളെ എളുപ്പത്തില്‍ ആഗിരണം ചെയ്യാനാകും. പണ്ടുകാലത്തെ ജനങ്ങള്‍ ശരീരത്തില്‍ വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ച് ഇളംവെയില്‍ കൊള്ളുന്ന പതിവുണ്ടായിരുന്നു. ഇത് സൂര്യപ്രകാശത്തില്‍ നിന്നും വിറ്റമിന്‍ ഡി ആഗിരണം ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. എണ്ണ തേച്ചുകുളി തലയ്ക്കും മുടിയ്ക്കും ഒരുപോലെ ഗുണം പകരുന്നതാണ്. സ്ഥിരമായി വെളിച്ചെണ്ണ തേച്ചുകുളിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍, അകാലനര, മുടിപൊട്ടിപോകല്‍, മുടിക്കായ, താരന്‍ തുടങ്ങിയ ശിരോരോഗങ്ങളുണ്ടാവുന്നില്ല.
വെര്‍ജിന്‍ വെളിച്ചെണ്ണയാകട്ടെ നിരവധി ഗുണങ്ങളടങ്ങിയ, പ്രകൃതിയുടെ ദിവ്യ ഔഷധമാണ്. പച്ചത്തേങ്ങയില്‍ നിന്നും നേരിട്ടുല്‍പാദിപ്പിക്കുന്നതിനാല്‍ പ്രകൃത്യാ തേങ്ങയിലുള്ള ഘടകങ്ങളൊന്നും നഷ്ടപ്പെടുന്നില്ല. നിരന്തരമായി വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ജരാനരയില്‍ നിന്നും മോചനം നല്‍കും. വിവിധ രോഗകാരികളായ സൂക്ഷ്മാണുക്കളെ തടയുകയും ചെയ്യും. ശിശുക്കളെ തേച്ചുകുളിപ്പിക്കാന്‍ വെര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അവരുടെ ചര്‍മ്മത്തിന് മൃദുത്വവും കാന്തിയും നല്‍കും.
മലയാളക്കരയാകെ മരതകപ്പട്ടുടുപ്പിച്ച് പ്രകൃതിയുടെ വരദാനമായ നിധികുംഭങ്ങളും പേറി നില്‍ക്കുന്ന കേരത്തെ സംരക്ഷിക്കുകവഴി നമുക്ക് പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് നാം ചെയ്യുന്നത്. ഉയര്‍ന്ന വില നല്‍കി പച്ചത്തേങ്ങ സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് അതുകൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്നത് തെങ്ങുകൃഷിയേയും കര്‍ഷകരേയും ഈ മേഖലയില്‍ നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ഗുണകരമായിട്ടുണ്ട്.