വെള്ളരി കൃഷി പരിപാലനം

വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളകള്‍ ഇപ്പോഴും കൃഷി ചെയ്യാം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ കാലങ്ങളില്‍ വെള്ളരിവിളകള്‍ നടാവുന്ന കാലമാണ്. വേനല്‍ക്കാലത്ത് തടങ്ങളെടുത്താണു വെള്ളരി വര്‍ഗത്തില്‍പ്പെട്ട കൃഷികള്‍ ചെയ്യേണ്ടത്. മഴക്കാലത്ത് കൃഷി ചെയ്യുന്നവര്‍ കൂനകളെടുത്ത് അതില്‍ വിത്തു നടണം. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും. ഇതു മുളച്ച് മൂന്നോ നാലോ ഇലകള്‍ വന്നതിനു ശേഷം കരുത്തുള്ള മൂന്നു തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുനീക്കേണ്ടതാണ്. നല്ല വിളവു ലഭിക്കണമെങ്കില്‍ ജൈവവളവും രാസവളവും ഒരുപോലെ വെള്ളരിവര്‍ഗ വിളകള്‍ക്കു നല്‍കണം. അതേസമയം രാസകീടനാശിനിപ്രയോഗം ഒഴിവാക്കുക തന്നെ ചെയ്യണം. ജൈവവളം കൂടുതല്‍ നല്‍കി ഉല്‍പാദിപ്പിക്കുന്ന കായകള്‍ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. സ്വന്തമാവശ്യത്തിന് കൃഷി ചെയ്യുന്നവര്‍ ജൈവവളം മാത്രം ഉപയോഗിച്ചു വിളയിച്ചെടുത്താല്‍ വര്‍ഷം മുഴുവന്‍ ഇവ സൂക്ഷിക്കാന്‍ കഴിയും. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ മരച്ചില്ലകളോ കരിയിലയോ കവുങ്ങിന്‍ പട്ടയോ നിലത്തു വിരിച്ചുകൊടുക്കേണ്ടതാണ്. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടണം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നനച്ചു കൊടുക്കുകയും വേണം. കായീച്ച, ഇലത്തുള്ളന്‍, ഏപ്പിലാക്‌ന വണ്ട്, വെള്ളീച്ച തുടങ്ങിയവയാണ് വെള്ളരിവര്‍ഗങ്ങളെ പ്രധാനമായും ആക്രമിക്കുന്ന കീടങ്ങള്‍. മൊസേക്ക്, ഇലപ്പുള്ളി, മൃദുചീയല്‍ തുടങ്ങിയവയാണ് വെള്ളരിവര്‍ഗവിളകളില്‍ കാണുന്ന പ്രധാനരോഗങ്ങള്‍. കായീച്ചയെ കെണിയൊരുക്കി നിയന്ത്രിക്കാവുന്നതാണ്. വാഴപ്പഴവും ശര്‍ക്കരയും ഒരു നുള്ള് ഫ്യൂറഡാനും ചേര്‍ത്തു കുഴച്ചു കുഴമ്പുപരുവത്തിലാക്കി ചിരട്ടകളിലാക്കി കൃഷിയിടത്തിന്റെ പലയിടങ്ങളില്‍ സ്ഥാപിച്ചാണു കെണിയൊരുക്കുക. ഇലകളില്‍ കുരുടിപ്പ് ഉണ്ടാകുന്നത് വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്. ഇതിനു വെളുത്തുള്ളി നീര് നേര്‍പ്പിച്ച് തളിച്ചാല്‍ ആക്രമണം കുറയും. ചാണകക്കുഴമ്പും ഗോമൂത്രവും നേര്‍പ്പിച്ച് തളിച്ചാല്‍ വളര്‍ച്ചയും കരുത്തും കൂടുകയും ചെയ്യും. അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ ഒരു സെന്റില്‍ നിന്ന് 80 കിലോ വെള്ളരി ലഭിക്കും. പച്ചക്കറികള്‍ക്ക് അമിത വിലയുള്ള കാലത്ത് ഓരോരുത്തരും വീട്ടാവശ്യത്തിനു പച്ചക്കറി കൃഷി ചെയ്യാന്‍ തുടങ്ങിയാല്‍ വിലക്കയറ്റം കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുകയും ചെയ്യാം. വിഷവിമുക്തമായ ശുദ്ധമായ പച്ചക്കറികള്‍ ഉപയോഗിക്കുകയും ചെയ്യാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *