ചെടിമുരിങ്ങ കൃഷി രീതിയും പരിചരണവും

മുരിങ്ങ ഇലയും മുരിങ്ങക്കായും മലയാളികള്‍ക്ക് പ്രിയപെട്ടതാണ് . മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ , അവിയല്‍ , തീയല്‍ (തേങ്ങ വറുത്തരച്ച കറി) , തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്, മുരിങ്ങ പൂവിടുന്ന സമയം പൂക്കള്‍ കുറെയൊക്കെ കൊഴിഞ്ഞു താഴെ വീഴും, പ്ലാസ്റ്റിക്‌ ഷീറ്റ് അല്ലെങ്കില്‍ കടലാസ് താഴെ വിരിച്ചു മുരിങ്ങ പൂവ് ശേഖരിക്കാം. നമുക്ക് ഇവിടെ ചെടി മുരിങ്ങ അഥവാ ഒരാണ്ടന്‍ മുരിങ്ങയെ പരിചയപ്പെടാം . ഇവ നമുക്ക് നട്ടു 6 മാസം മുതല്‍ – 1 വര്‍ഷം വരെ കഴിഞ്ഞു വിളവു തരും .

ചെടി മുരിങ്ങ വിത്തുകള്‍

ആദ്യം ഇവയുടെ തൈകള്‍ എവിടെ ലഭിക്കും എന്ന് പറയാം – എറണാകുളം വി എഫ് പി സി കെ യില്‍ ലഭ്യമാണ് (അവിടെ വിളിച്ചു ചോദിച്ചു ലഭ്യത ഉറപ്പു വരുത്താം – 04842427560 , 04842427544) . കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ പടന്നക്കാട് – 04672282737, മണ്ണുത്തി – 04872374332, 04872370540 . വില തൈ ഒന്നിന് 10 രൂപയാണ്.

രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടാം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം.

മുരിങ്ങ കൃഷി വള പ്രയോഗം

മുരിങ്ങ നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കാം ആറു മാസത്തിനു ശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും കൊടുക്കാം. ചെടിയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്തു വേണം വളപ്രയോഗം നടത്താന്‍ . നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.

മണ്ട നുള്ളല്‍ – ചെടി മുരിങ്ങ വളര്‍ന്നു ഏകദേശം 3-4 അടി ഉയരം വെക്കുബോള്‍ അതിന്റെ മണ്ട നുള്ളി വിടണം , കൂടുതല്‍ ശാഖകള്‍ ഉണ്ടാകാന്‍ ആണിത്. നന്നായി കായ്ക്കാനുമുള്ള എളുപ്പവഴി കൂടിയാണ് മണ്ട നുള്ളല്‍ .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – നട്ട ശേഷം മിതമായി നനച്ചു കൊടുക്കണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം നടാന്‍ .

Share Now

Leave a Reply

Your email address will not be published. Required fields are marked *