പാകമാകും മുമ്പ് കുരുമുളക് മണികൾ കൊഴിയുന്നുണ്ടോ? പ്രതിവിധി അറിയാം

ചൈനയും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കുരുമുളക് ഉൽപാദിപ്പിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. ഇന്ത്യയുടെ അന്തർദേശീയ വ്യാപാര ശൃഖലയിൽ കുരുമുളകിന് വലിയ സ്ഥാനമുണ്ട്. എന്നാൽ പാകമാകുന്നതിന് മുമ്പ് തന്നെ കുരുമുളകുകൾ കൊഴിയുന്നത് കർഷകർ നേരിടുന്ന വലിയ ആശങ്കയാണ്. വൈറസ് ബാധകൾ, വരൾച്ച, അശാസാത്രീയമായ നനയ്ക്കൽ, പൊള്ളുരോഗം, കാലാവസ്ഥാ മാറ്റം എന്നിവയാണ് കുരുമുളക് മണികൾ കൊഴിയാനുള്ള പ്രധാന കാരണങ്ങൾ.

തെക്ക്-പടിഞ്ഞാറൻ മൺസൂൺ തുടങ്ങുമ്പോൾ പൂവിട്ട്, നവംബർ-ഡിസംബർ മാസമാകുമ്പോഴാണ് കുരുമുളക് വിളവെടുക്കുന്നത്. ചൂടും അതുപോലെ ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് കുരുമുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യം. എന്നാൽ അധിക ചൂട് പാകമാകും മുമ്പ് തന്നെ കുരുമുളക് കൊഴിയാൻ കാരണമാകുന്നു. ഇലകളിലെ രോഗമാണ് പ്രധാനമായും കുരുമുളക് തിരിയെ ബാധിക്കുന്നത്. ഇലകളിലെ പൊള്ളുവണ്ടിന്റെ ആക്രമണം മൂലം കുരുമുളക് മണികൾ കൊഴിയുന്നു. മഞ്ഞ പുള്ളിക്കുത്തുകളാണ് ഈ രോഗത്തിന്റെ ലക്ഷണം. ഈ രോഗം ഇലകളിൽ നിന്നും കായ്കളിലേയ്ക്ക് വ്യാപിക്കുന്നു. ശേഷം വരണ്ട് കൊഴിച്ചിൽ തുടങ്ങുന്നു.

പരിഹാരം (Remedy)

  • വേനൽ സമയങ്ങളിൽ കുരുമുളക് വള്ളികൾ നന്നായി നനയ്ക്കുന്നത് പൊള്ളുവണ്ടിന്റെ ആക്രമണം ഒരു പരിധി വരെ തടയുന്നു.
  • തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതും, തണൽ നോക്കി വള്ളികൾ ക്രമീകരിക്കുന്നതും നല്ലതാണ്.
  • 20 ഗ്രാം സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്തും.
  • മഴ തുടങ്ങുന്നതിന് മുമ്പും ശേഷവും കോപ്പർ ഓക്‌സി ക്ലോറൈഡ് വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും ഉത്തമമാണ്.
  • വേരുകളുടെ ഭാഗത്ത് ചെറിയ കല്ലുകൾ വച്ചാൽ ചീയൽ തടയാം

കുരുമുളക് മണികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം

പൂവിട്ട് തുടങ്ങുന്നത് മുതൽ ശരിയായ വളർച്ചയ്ക്ക് മഴ ആവശ്യമാണ്. മഴ ലഭിച്ചില്ലെങ്കിൽ കുരുമുളക് മണികളുടെ വികാസത്തിന് ധാരാളം വെള്ളം നനയ്ക്കണം. അൽപം വരൾച്ച ബാധിച്ചാൽ അത് മുഴുവൻ ഉൽപാദനത്തിന് തന്നെ ദോഷകരമാണ്. വരൾച്ചയ്ക്ക് കൃത്യസമയത്ത് പ്രതിവധി ചെയ്തില്ലെങ്കിൽ അത് തൈകളെയും ബാധിക്കുന്നു. മാത്രമല്ല ഈർപ്പമുള്ള മണ്ണ് തന്നെ കുരുമുളക് തൈകൾ നടാൻ തെരഞ്ഞെടുക്കണം.
ഇഞ്ചി, കച്ചോലം, മഞ്ഞൾ എന്നിവ കുരുമുളക് തൈകൾക്ക് സമീപം കൃഷി ചെയ്യുന്നത് വിളവ് കൂട്ടാൻ സഹായിക്കുന്നു. എന്നാൽ വാഴകൃഷി അനുയോജ്യമല്ല.

വിളവെടുപ്പും, സംഭരണവും എങ്ങനെ?

  • ഒന്നോ രണ്ടോ തിരികൾ ഓറഞ്ചോ, ചുവപ്പോ നിറം ആകുമ്പോൾ തന്നെ വിളവെടുക്കാം.
  • കുരുമുളക് വിളവെടുത്ത ശേഷം തിളച്ച വെള്ളത്തിൽ ഒരു മിനിട്ട് മുക്കിയയെടുത്താൽ നിറവും വിപണി മൂല്യവും കൂടുന്നു.
  • വിളവെടുത്ത കുരുമുളക് തിരികൾ ഒരു ദിവസം വെയിലത്തിട്ട് ഉണക്കിയെടുത്താൽ മണികൾ ശേഖരിക്കാൻ എളുപ്പമായിരിക്കും.
Share Now

Leave a Reply

Your email address will not be published. Required fields are marked *