ജൈവകൃഷി ചെയ്യുന്നവരുടെ പ്രധാനപ്പെട്ട വളമാണ് ഇഎം ലായനി. മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനായി ഉപയോഗിക്കുന്ന ഇഎം ലായനി വലിയ ചെലവില്ലാതെ എളുപ്പത്തില്‍ നമുക്ക് വീട്ടിലുണ്ടാക്കാം. ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷിക്കും ഇഎം ലായനി നല്ലതാണ്. ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം (Effective microorganisms)എന്നതിന്റെ ചുരുക്കപ്പേരായ ഇ.എം ജൈവവസ്തുക്കള്‍ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള്‍ നശിക്കാനും വിത്തുകള്‍ വേഗം മുളയ്ക്കാനും തൈകള്‍വേഗം വളരാനുമെല്ലാം സഹായിക്കും.
പഴുത്ത പപ്പായ, മത്തങ്ങ, മൈസൂര്‍ പഴം, ശര്‍ക്കര, കോഴിമുട്ട, വെള്ളം എന്നിവയാണ് ലായനി തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. ഇവയെല്ലാം ശുദ്ധമായത് മാത്രം ഉപയോഗിക്കുക. പപ്പായയും മത്തങ്ങളും ജൈവരീതിയില്‍ കൃഷി ചെയ്തത് മാത്രം മതി, രാസവളങ്ങള്‍ പ്രയോഗിച്ചു വിളയിച്ചത് വേണ്ട. ശര്‍ക്കരും ശുദ്ധമായത് വാങ്ങുക, മറയൂര്‍ ശര്‍ക്കര ലഭിക്കുമെങ്കില്‍ ഏറെ നല്ലത്. കോഴിമുട്ട നാടന്‍ മതി. ക്ലോറിന്‍ കലരാത്ത വെള്ളം മാത്രം ഉപയോഗിക്കുക, കിണറ്റില്‍ നിന്ന് നേരിട്ട് കോരിയെടുക്കണമെന്ന് സാരം.
ആവശ്യമായ ചേരുവകള്‍
(1) പഴുത്ത പപ്പായ – 3 കി.ഗ്രാം
(2) മത്തങ്ങ – 3 കി.ഗ്രാം
(3) പാളയന്‍ കോടന്‍(മൈസൂര്‍ പഴം) – 3 കി.ഗ്രാം
(4) ശര്‍ക്കര – 1 കി.ഗ്രാം
(5) നാടന്‍ കോഴിമുട്ട – 1 എണ്ണം
(6)ശുദ്ധമായ ജലം – 10 ലിറ്റര്‍
ഇതിനെല്ലാം പുറമേ വലിയൊരു പ്ലാസ്റ്റ്ക്ക് ഡ്രമ്മും കരുതുക.
തയാറാക്കുന്ന വിധം Preparation
നല്ല പോലെ മൂത്തു പഴുത്ത പഴങ്ങളും മത്തനുമാണ് വേണ്ടത്. കുരുവും തൊലിയും അടക്കം മിക്‌സിയിലിട്ട് നല്ലവണ്ണം അരച്ചെടുക്കണം. പ്ലാസ്റ്റിക്ക് ഡ്രമ്മിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത പഴങ്ങളുടെ ലായനി ഒഴിക്കുക. ശര്‍ക്കര ഇതിലേക്ക് പൊട്ടിച്ചിടുക, കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. 10 ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. പാത്രത്തിന്റെ 50% ഒഴിഞ്ഞുകിടക്കണം. വലത്തോട്ട് വേണം ഇളക്കാന്‍, അതായത് ക്ലോക്ക്‌വൈസ് ഡയറക്ഷനില്‍. നല്ലവണ്ണം ഇളക്കിയശേഷം ഒരു മസ്ലിന്‍ തുണികൊണ്ട് മൂടി അടച്ച് വെക്കുക. എല്ലാ ദിവസവും ഒരു നേരം ക്ലോക്ക് വൈസ് ഡയറക്ഷനില്‍ ഇളക്കി മസ്ലിന്‍ തുണി കൊണ്ട് വീണ്ടും മൂടിക്കെട്ടണം. 21 ദിവസം ഇളക്കല്‍ തുടരുക. ദ്രാവകത്തിന് മുകളില്‍ വെളുത്ത പാട കെട്ടിയിട്ടുണ്ടെങ്കില്‍ എടുത്തു കളയണം. വെളുത്ത പാട കണ്ടില്ലെങ്കില്‍ ഒരു കിലോ ശര്‍ക്കര കൂടി പൊടിച്ചു ചേര്‍ക്കണം. 21 ദിവസത്തിനു ശേഷം പാത്രം വായു കടക്കാത്ത വിധം അടച്ചുമൂടി കെട്ടി 20 ദിവസം സൂക്ഷിച്ചു വയ്ക്കുകക്കണം. ആകെ 41 ദിവസമാണ് ഇഎം ലായനി തയാറാകാന്‍ ആവശ്യമുള്ള സമയം. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരിച്ചെടുത്ത് കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം.
ഉപയോഗിക്കേണ്ട രീതി
ഇഎം ലായനി – 30 മില്ലി, വെള്ളം – ഒരു ലിറ്റര്‍ എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാം. പല രീതിയില്‍ ലായനി മണ്ണില്‍ പ്രയോഗിക്കാം. ഇതില്‍ ഏറ്റവും ഫലപ്രദമായ രീതിയാണ് ഉമി അല്ലെങ്കില്‍ അറക്കപ്പൊടി ചേര്‍ത്തുള്ളത്. 400 മില്ലി ഇഎം ലായിനിയില്‍ ഒരു കിലോ ഉമി അല്ലെങ്കില്‍ അറക്കപ്പൊടി കൂട്ടി യോജിപ്പിച്ച് 10 ദിവസം വായു കടക്കാതെ അടച്ചു വക്കുക. ഇതില്‍ നിന്നും 30 മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം
ഇത് വിത്ത് പാകുവാനുളള മണ്ണിലും നാലില പ്രായംമുതലുള്ള എല്ലാ സസ്യങ്ങളുടെയും ചുവട്ടിലും ഒഴിക്കാം. വിത്തുകള്‍ പെട്ടെന്ന് മുളയ്ക്കാനും ചെടികള്‍ പുഷ്ടിയോടെ വളരാനും രോഗപ്രതിരോധ ശേഷി നേടാനും ഈ ലായനി സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
(1) ശുദ്ധമായ ജലം ഉപയോഗിക്കണം. ക്ലോറിന്‍ കലര്‍ന്ന ജലം ഉപയോഗിക്കരുത്.
(2) പഴങ്ങള്‍ തൊലിയോടെ ചേര്‍ക്കുന്നതാണ് കൂടുതല്‍ ഗുണകരം. കോഴി മുട്ട അധികം പഴക്കമുളളതോ ഫ്രിഡ്ജില്‍ വെച്ചതോ ഉപയോഗിക്കരുത്.
(3) പാത്രം കുലുക്കാതെ മുറുക്കെപിടിച്ച് വളരെ സാവധാനം വേണം തുറക്കുവാന്‍.. കുറഞ്ഞത് പാത്രത്തിന്റെ പകുതി ഭാഗമെങ്കിലും പുളിക്കല്‍ പ്രക്രിയ നടക്കാന്‍് ഒഴിഞ്ഞ് കിടക്കണം.7
(4) ഇ എം ലായിനി ചെടികളില്‍ തളിക്കുന്ന സമയത്തുമാത്രം വെള്ളം ചേര്‍ക്കാവു. ലായനി തയാറാക്കി, ആറ് മാസത്തിനു ശേഷം നല്ലവണ്ണം പഴുത്ത പാളയന്‍ കോടന്‍ (മൈസൂര്‍ പഴം) പഴം 3 എണ്ണം അതില്‍ ഇട്ടു വക്കുക. ഓരോ 6 മാസത്തിലും ഇങ്ങിനെ ചെയ്യണം. ഒരു കൊല്ലത്തിനു ശേഷം പഴത്തിനോടെപ്പം ഒരു കിലോ ശര്‍ക്കരയും പൊടിച്ചു ചേര്‍ക്കണം. എത്ര കാലം വേണമെങ്കിലും ഇങ്ങിനെ ഉപയോഗിക്കാം. മൂടി തുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തുവിടണം.
(5) ദ്രാവക രൂപത്തിലുള്ള ഏത് സൂക്ഷമാണു വളം ഉപയോഗിക്കുമ്പോഴും 5 ദിവസം മുമ്പും 5 ദിവസം ശേഷവും ചെടികള്‍ നനച്ചിരിക്കണം.
(6) ദ്രാവകരൂപത്തിലുള്ള സൂക്ഷമാണു വളങ്ങളള്‍ ഒഴിച്ചതിന് ശേഷം ചെടികളുടെ ചുവട്ടില്‍ അല്‍പ്പം കൂടി വെള്ളമൊഴിക്കുന്നത് സൂക്ഷമാണുക്കള്‍ വേഗം മണ്ണിലേക്കും വേരുകളിലേക്കും ചെല്ലാന്‍് സഹായിക്കും.
(7) തണ്ടുകള്‍ നടുന്നതിന് ഉമി ചേര്‍ത്ത ലായിനിയാണ് ഉപയോജിക്കേണ്ടത്. തണ്ടിന്റെ ചുവടറ്റം 5 മിനിട്ട്, നേര്‍പ്പിച്ച ലായനിയില്‍ മുക്കിവെയ്ക്കണം.
എന്തിനെല്ലാം ഉപയോഗിക്കാം
ചെടികളില്‍ തളിക്കാനും വിത്തു മുളപ്പിക്കാനും ഇഎം ലായനി ഉപയോഗിക്കാം. അടുക്കള, ടോയ്‌ലറ്റ്, കുളിമുറി എന്നിവിടങ്ങളിലെ ദുര്‍ഗന്ധം മാറാനും ഇതുപയോഗിക്കുന്നത് നല്ലതാണ്. ഫാമുകളിലെ ദുര്‍ഗന്ധം അകറ്റാനും കംപോസ്റ്റ്നിര്‍മാണത്തിനും ഇഎം ലായനി തളിക്കാം. പൈപ്പ് കമ്പോസ്റ്റ് തയാറാക്കുമ്പോള്‍ ദുര്‍ഗന്ധം നല്ല പോലെ ഉണ്ടാകും. ഈ സമയത്ത് കുറച്ച് ലായനി ഒഴിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും