സംരംഭകത്വ വികസനം കാർഷിക രംഗത്ത്

കാർഷിക കേരളത്തിന്റെ വികസനം എക്കാലത്തും ചെറിയ സംരംഭങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത്.പല മലയാളികൾക്കും ഇപ്പോഴുമുള്ള ഒരു ചിന്തയാണ്,”  ആകെ കുറച്ചു സ്ഥലമുള്ളൂ,അതിലൊക്കെ എന്ത് കൃഷി ചെയ്യാനാ, കൃഷി ചെയ്തിട്ട് എന്ത് കിട്ടാനാ…” തുടങ്ങിയവയൊക്കെ. ഒരുപാട് സ്ഥലമൊന്നും ഇല്ലെങ്കിലും വളരെ ശാസ്ത്രീയമായ രീതിയിൽ കൃത്യതയോടെ നല്ല  ഉൽപ്പാദന ക്ഷമതയോടെ ചെയ്താൽ കാർഷിക വൃത്തിയിൽ നിന്നും തരക്കേടില്ലാത്ത വരുമാനം ലഭിക്കും. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ചു ഉള്ളത് മൂന്നു സെന്റ് ഭൂമിയാണെങ്കിലും അതിൽ നിന്ന് പൊന്നു വിളയിക്കാമെന്നും കേരളത്തിലെ വിവിധ ജില്ലകളിലുള്ള വീട്ടമ്മമാർ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ കാർഷിക മേഖല പണ്ടും പ്രാധാന്യം കൊടുത്തിരുന്നത് ഉൽപ്പാദന  ക്ഷമതക്കാണ്. വിസ്തൃതി കുറഞ്ഞ സ്ഥലത്തു ചെയ്തു വിജയിപ്പിക്കാൻ സാധ്യതയുള്ള വിളകളെ തിരഞ്ഞെടുത്തു പ്രസ്തുത വിളകളെ പൂർണ്ണമായും ജൈവകൃഷി രീതിയിൽ, ശാസ്ത്രീയമായി കൃഷി ചെയ്യണം. ചെറിയ സ്ഥലത്തായാലും  കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉൽപ്പാദന ചിലവ്.

കൃഷിക്കാരന് വിളയിൽ നിന്നും മികച്ച നേട്ടം ലഭിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കൂടിയാണ് ഉൽപ്പാദന ചിലവിലെ മിതത്വം.  ഉൽപ്പന്നത്തിന് മികച്ച വില കിട്ടുന്നപോലെ തന്നെ പ്രാധാനപ്പെട്ടതാണ് ഉൽപ്പാദന ചിലവുകൾ പരമാവധി കുറക്കണമെന്നത്. നമ്മൾ കൃഷി ചെയ്യുന്ന വിളകളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചാൽ കൂടുതൽ ലാഭം ഉണ്ടാക്കാം. പക്ഷെ പൊതുവെയുള്ള രീതിയിൽ ഇത്തരത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിച്ചാൽ വിജയിച്ചു കൊള്ളണമെന്നില്ല.  വേഗത്തിലും എളുപ്പത്തിലും ഉണ്ടാകാവുന്ന അച്ചാർ, ജാം, ജെല്ലി തുടങ്ങിയവയെയാണ് പലരും നിർമ്മിക്കുക. ഇത്തരം ഉൽപ്പന്നങ്ങൾക്ക് മലയാളികളുടെ ഭക്ഷണ ക്രമത്തിൽ വലിയൊരു സ്ഥാനമില്ല. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയും വിപണി പഠിച്ചിട്ടും വേണം ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളുടെ താൽപ്പര്യം, ഉൽപ്പാദനത്തിന്റെ മാർക്കറ്റ് തുടങ്ങിയ നിരവധി ഘടകങ്ങൾ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണം. തെങ്ങിൽ നിന്നും ഇപ്പോഴും നമുക്ക് പൂർണ്ണമായ രീതിയിൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതെ പോലെ മുളയിൽ നിന്നും വലിയ തോതിലൊന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ  ഉണ്ടാകുന്നില്ല. മറ്റു രാജ്യങ്ങളിൽ മുളയുടെ തളിരിൽ നിന്നും ജ്യൂസ് ഉണ്ടാക്കി അതിനു വലിയ തോതിൽ വിപണി കണ്ടെത്തുന്നു. ഇത്തരത്തിലുള്ള സാദ്ധ്യതകൾ എന്ത് കൊണ്ട് നമ്മുക്ക് പ്രയോജനപ്പെടുത്തിക്കൂടാ. നമ്മൾ വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യമാണിത്. ചുരുക്കം പറഞ്ഞാൽ കാർഷിക വിളയുടെ   ലഭ്യമായ സാധ്യതകളെ പ്രയോജനപ്പെടുത്താൻ നാം തയ്യാറാകണം.   അങ്ങനെ വരുമ്പോളാണ് കൃഷിയിൽ നിന്നും കർഷകന് മികച്ച രീതിയിൽ വരുമാനം ഉണ്ടാകുന്നത്.

പുതുതായി കാർഷിക രംഗത്തേക്ക് കടന്നുവരുന്നവർക്കു വിജയം നേടാൻ സഹായിക്കുന്ന ഒന്നാണ് മാനേജ്‌മന്റ് വൈദഗ്ധ്യം. സർക്കാരിന്റെ വിവിധ ഏജൻസികൾ മുഖേന ഇത്തരത്തിലുള്ള കാര്യങ്ങളിൽ പരിശീലനം നൽകി വരുന്നുണ്ട്. വിവിധ കൃഷിയ്ക്ക്  ലഭ്യമാവുന്ന സർക്കാരിന്റെയും വിവിധ ഗവ. ഏജൻസികളുടെയും  ധനസഹായങ്ങളും സാങ്കേതിക സഹായങ്ങളും കൃഷിയിലേക്കു ആദ്യമായി ഇറങ്ങുന്നവർ പരമാവധി പ്രയോജനപ്പെടുത്തണം. കേന്ദ്ര സംസ്ഥാന സർക്കാരുകളും ഏജൻസികളും കാർഷിക രംഗത്തിന്റെ സമഗ്രമായ, ശാശ്വതമായ വികസനം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *