മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലയാളിയെ പറഞ്ഞു മനസ്സിലാക്കേണ്ടകാലം വന്നിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ലോകം മൊത്തം കൃഷിയെയും അതിന്റെ കുടുംബപരമായ പ്രാധാന്യത്തെയും മറന്നുകൊണ്ട് കമ്പോളവത്കരണത്തിന്റെ പിറകെ പാഞ്ഞപ്പോഴാണ് 2014-ൽ ഐക്യരാഷ്ട്രസഭയ്ക്കുവരെ അന്താരാഷ്ട്രകുടുംബകൃഷിവർഷമെന്ന പ്രചാരണവുമായി മുന്നോട്ടുവരേണ്ടിവന്നത്. കൃഷിയെന്നപ്രക്രിയ വ്യക്തികൾ അനുഷ്ഠിക്കാതെ അത് കമ്പോളത്തിന് വിട്ടുകൊടുത്ത് വീട്ടിൽ മിണ്ടാതിരുന്ന് കീടനാശിനിയും രാസവളവും മുക്കിയെടുത്ത് വളർത്തിയെടുക്കുന്നവ വാങ്ങി വെട്ടിവിഴുങ്ങി മഹാരോഗങ്ങൾ വിലകൊടുത്തുവാങ്ങുന്ന രീതിയിലേക്ക് ലോകം എത്തിപ്പെട്ടപ്പോൾ അതിൽനിന്ന് മുക്തിനേടാനാണ് യു.എൻ. കുടുംബകൃഷിവർഷമായി 2014 ആചരിച്ചത്.
നേട്ടങ്ങൾമാത്രം
ഒരു മനുഷ്യൻ ഒരു ദിവസം ശരാശരി അവന്റെ ഭക്ഷണക്രമത്തിൽ 250-300 ഗ്രാം പച്ചക്കറിയെങ്കിലും ഉൾപ്പെടുത്തണമെന്നാണ് സമീകൃതാഹാരത്തിന്റെ കണക്ക് പറയുന്നത്. എന്നാൽ, റെഡ്മീറ്റിന്റെ പിന്നാലെയോടി നാം വൈറ്റ് മീറ്റിന്റെ കാര്യം തന്നെ മറന്നു. എന്നാൽ, കുടുംബത്തിൽ നാലു പച്ചമുളക് വളർത്താൻ മലയാളിയെ മുമ്പ് ആരും പഠിപ്പിക്കേണ്ടിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ആ ബോധം വീണ്ടും നമ്മൾക്കിടയിൽ വളർന്നുവരുന്നു. കുടുംബകൃഷികൊണ്ട് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ അതെന്തൊക്കെയാണെന്ന് നോക്കാം.
സ്വയം പര്യാപ്തത
പച്ചക്കറിക്കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിയുന്നു എന്നതാണ് ഇതിലെ വലിയ വിജയം. രാസകിടനാശിനികൾ നിറഞ്ഞ വിപണിയിലെ പച്ചക്കറി ഉപയോഗിക്കാതെ കുടുംബാംഗങ്ങളുടെ പ്രയത്‌നം കൊണ്ട് വിളഞ്ഞവ ഭക്ഷിക്കാവുന്നരീതിയിലേക്ക് നാം മാറ്റ പ്പെടുന്നു.
കൂലിച്ചെലവില്ല
കൂലിച്ചെലവിന്റെ പണം ലാഭകരമാക്കാമെന്നതാണ് കുടുംബകൃഷികൊണ്ടുള്ള മറ്റൊരു ഗുണം കുടുംബത്തിലെ ഒരാളല്ലെങ്കിൽ മറ്റൊരാൾ കൃഷി പരിചരിക്കുന്ന അവസ്ഥയുണ്ടാകുന്നു. എല്ലാവരുടെയും പരിചരണം കിട്ടുന്നതിനാൽ ഫലം ഉറപ്പാകുന്നു.
വിഷമുക്തമാക്കാം
എത്രതന്നെ ജൈവമെന്നു പറഞ്ഞാലും ചില കൃഷിക്കാരെങ്കിലും ലാഭത്തിനായികുറഞ്ഞ തോതിലെങ്കിലും രാസവളവും കിടനാശിനിയും ചേർക്കുന്നുണ്ടെന്ന വസ്തുത റീജണൽ അനലിറ്റിക്കൽ ലാബിലെ പരിശോധനകളിൽ സർക്കാർ തന്നെ സ്ഥിരീകരിച്ചതാണ്. അതിനാൽ നമ്മുടെ മട്ടുപ്പാവിലും വീട്ടുവളപ്പിലും ഉണ്ടാക്കുന്ന വിളകൾ നല്ല ആത്മ വിശ്വാസത്തൊടെത്തന്നെ നമുക്ക് അകത്താക്കാം.
കൂടുതൽ കഴിക്കാം ചെലവ് കുറയ്ക്കാം
സ്വന്തമായി ഉണ്ടാക്കുന്നതിനാൽ കൂടുതൽ അളവിൽ പഴം പച്ചക്കറിയെന്നിവ കൂടുതൽ അളവിൽ ഭക്ഷ്യക്രമത്തിൽ ഉൾപ്പെടുത്താൻ ഇതിനാൽ സാധിക്കുന്നു. മാത്രമല്ല പച്ചക്കറി, പഴം എന്നിവ വാങ്ങാനുള്ള ചെലവ് കുറയുന്നതിലൂടെ നല്ലതുക മിച്ചം കിട്ടും.
ആരോഗ്യം മെച്ചപ്പെടുത്താം
ഏറ്റവും നല്ല വ്യായാമമാണ് കൃഷിപ്പണിയെന്നത് കുടുംബത്തിലെ മിക്കവരും അതിൽ ഏർപ്പെടുന്നതിനാൽ
ആരോഗ്യം മെച്ചപ്പെടുന്നു. കീടനാശിനിയും രാസവളവും ഉപയോഗിക്കാത്ത നല്ല വിളകൾ കഴിക്കുന്നതിനാൽ രോഗസാധ്യത കുറയുന്നു.
മാലിന്യം വളമാക്കാം
മാലിന്യസംസ്‌കരണമാണ് കേരളീയരെ കുഴക്കുന്ന ഒരു പ്രശ്‌നം അതിന് പ്രതിവിധിയായും കുടുംബകൃഷിമാറുന്നു. വീടുകളിൽ ബാക്കിവരുന്ന ആഹാരസാധനങ്ങളുടെയും ജൈവവസ്തുക്കളുടെയും നിക്ഷേപം വളമെന്നരീതിയിൽ കൃഷിക്ക് ഉപയോഗിക്കാം. അഴുകുന്ന എല്ലാ വസ്തുക്കളും തരംതിരിച്ച് പച്ചക്കറിച്ചുവട്ടിൽ നിക്ഷേപിക്കാം.
അടുക്കളത്തോട്ടമായും പുരയിടകൃഷിയായും മട്ടുപ്പാവിലെ ഗ്രോബാഗ് കൃഷിയായും കുടുംബകൃഷി നടത്താം. മട്ടുപ്പാവിലേക്ക് ചട്ടിയും ചാക്കും പാത്രങ്ങളും കൃഷിക്കായി ഉപയോഗിക്കാം. കുടുംബകൃഷി പ്രോത്‌സാഹിപ്പിക്കാനായി സർക്കാറും മറ്റ് സർക്കാർ ഏജൻസികളും റെസിഡൻറ്‌സ് അസോസിയേഷനുകളും ഒട്ടേറെകാര്യങ്ങൾ ചെയ്തുവരുന്നു. അവ ഉപയോഗപ്പെടുത്തി നമുക്കും ആരംഭിക്കാം കുടുംബകൃഷി