കൃഷിയും മാറി വന്ന ജീവിതവും

കൃഷി  പ്രധാന    ജീവിത    മാര്‍ഗമാക്കിയിരുന്നവരായിരുന്നു    എന്‍റെ ഗ്രാമത്തുക്കാര്‍.    അത് കൊണ്ട് തന്നെ ഇവിടത്തുക്കാര്‍ക്ക് കൃഷിയുമായി വലിയ ബന്ധവും നിലനില്‍ക്കുന്നു .   പ്രധാനമായും  നെല്ല് ,വാഴ ,കപ്പ ,ചേന ,ചേമ്പ് തുടങ്ങിയ ഒറ്റ വിളകൃഷിയാണ് കൂടുതലും   ചെയ്തിരുന്നത്.   പരമ്പരാഗതമായി  ചെയ്തു വരുന്ന  ജോലി എന്നതിനപ്പുറം  ഫലഭൂയിഷ്ഠമായ മണ്ണും  ആവിശ്യത്തിന് വെള്ളവും ലഭിച്ചിരുന്നത്  കാര്‍ഷിക രംഗത്തേക്ക്  കൂടുതല്‍ പേരെ അടുപ്പിച്ചു .  അക്കാലത്ത്  കൃഷിക്കായ്‌  മറ്റു ദേശങ്ങളില്‍ നിന്നും കുടിയേറി വന്നവരാണ്  എന്‍റെ ഗ്രാമത്തിലെ  മിക്ക കുടുംബങ്ങളും .

ഇന്ന് കേരളത്തിലെ പ്രധാന റബ്ബര്‍ എസ്റ്റേറ്റുകളില്‍ ഒന്നായ  പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റ്,കേരള റബ്ബര്‍ എസ്റ്റേറ്റ്  തുടങ്ങിയവ  റബ്ബര്‍  കൃഷി ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തില്‍  എന്‍റെ ഗ്രാമത്തിലും  റബ്ബര്‍ എത്തിയിരുന്നു.      ബ്രിട്ടീഷ് ഭരണ കാലത്ത് പുല്ലങ്കോട്  മല നിരകളില്‍ വലിയ റബ്ബര്‍ കൃഷിക്ക് ആരംഭം കുറിച്ച  സായിപ്പ് 1930ല്‍  എന്‍റെ ഗ്രാമത്തിലെ മധുമലയിലും റബ്ബര്‍ കൃഷി  പരീക്ഷിച്ചു . കൃഷി വിജയം കണ്ടെങ്കിലും പില്‍ക്കാലത്ത് കമ്പനി പിന്മാറിയെങ്കിലും  മധുമലയില്‍ ഇന്നും റബ്ബര്‍ കൃഷി സജീവമായി നടക്കുന്നു .    എന്നാല്‍ അക്കാലത്ത് മധുമലയില്‍ റബ്ബര്‍ കൃഷി നടന്നെങ്കിലും എന്‍റെ ഗ്രാമത്തിലെ  ചെറുകിട  കര്‍ഷകര്‍ക്ക് റബ്ബര്‍ കൃഷി ചെയ്യാനായിരുന്നില്ല.  കൃഷിരീതിയെ കുറിച്ചുള്ള  പരിചയ കുറവും  ആവിശ്യമായ സാങ്കേതിക സംവിധാനം ഒരുക്കാനാവാത്തതാണ്  ചെറു കിട കരഷകരെ  റബ്ബറില്‍ നിന്നും അകറ്റിയിരുന്നത്.

പൂക്കോടന്‍ അയമു കാക്ക,പൂക്കോടന്‍ സൈതാലി കാക്ക എന്നിവരാണ്‌ ആദ്യമായി  എന്‍റെ ഗ്രാമത്തില്‍ നിന്നും റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ പരിശീലനം നേടാനായിരിന്നവര്‍.  വര്‍ഷങ്ങള്‍ക്ക് ശേഷം റബ്ബര്‍ കൃഷിയില്‍ ആളുകള്‍ എത്തിയതോടെ  റബ്ബര്‍ ടാപ്പിഗ് രംഗത്തും കൂടുതല്‍ പേരെത്തി.       എന്നാല്‍  റബ്ബര്‍ ജനകീയമാവുന്നതിന് മുമ്പ്  എന്‍റെ ഗ്രാമത്തില്‍  സജീവമായി നടന്നിരുന്നു മറ്റൊരു കൃഷിയാണ് പരുത്തി കൃഷി .      മധുമലയുടെ താഴ്വാരത്ത് ഇന്ന് പാപ്പറ്റ കുടുംബത്തിന്‍റെ കൈവശമുള്ളതുമായ ഗ്രൌണ്ടിനു സമീപത്തുള്ള  സ്ഥലത്താണ് പരുത്തി കൃഷി നടന്നിരുന്നത്.   വാണിയമ്പലത്തെ  പോരൂര്‍ നമ്പീശന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു അക്കാലത്ത് ആ കൃഷി സ്ഥലം.  ‘ഇരൂള്‍ കുന്ന് ‘എന്നായിരുന്നു അന്ന് ഈ സ്ഥലത്തെ അറിയപ്പെട്ടിരുന്നതും .  പരുത്തി കൃഷി നിര്‍ത്തിയതോടെ ഈ കൃഷിയിടവും  റബ്ബര്‍ സ്വന്തമാക്കി.

70കളുടെ തുടക്കത്തോടെയാണ് റബ്ബര്‍ കൃഷിയിലും ടാപ്പിംഗ് രംഗത്തും കര്‍ഷകര്‍ കൂടുതല്‍ സജീവമാവാന്‍ തുടങ്ങിയത്. ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് കമുങ്ങ് കൃഷിയും എന്‍റെ ഗ്രാമത്തില്‍ എത്തിയത്.  കമുങ്ങിന്റെ  വരവോടെ പരമ്പരാഗതമായി നിലന്നിരുന്ന കൃഷി സമ്പ്രദായത്തിലും മാറ്റം വന്ന് തുടങ്ങി .  നെല്‍ വയലുകളില്‍ തെങ്ങും കമുങ്ങും ഇടം പിടിച്ചു   പതിയെ  പതിയെ  നെല്ലും  , വാഴയും  കൃഷിയിടം വിടാന്‍ തുടങ്ങി . പിന്നീട് ചേനയും ,ചേമ്പും  കമുങ്ങുകളിടയില്‍  കാണാമായിരുന്നെങ്കിലും   പിന്നെ പിന്നെ    ഇല്ലാതായി .

70കളുടെ തുടക്കത്തിലാണ്‌ മലയാളി സജീവമായി  ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതെങ്കിലും    50കളുടെ മദ്ധ്യത്തില്‍  കുടിയേറിയവരുടെ കൂട്ടത്തില്‍ എന്‍റെ ഗ്രാമത്തുക്കാരനും ഉണ്ടായിരുന്നു .മദാരി കരീം ഹാജിയായിരുന്നു  അക്കാലത്ത് ഗള്‍ഫിലേക്ക് പോയ കിഴക്കന്‍ ഏറനാടിലെ ആദ്യത്തെയാള്‍  1955ലാണ്  മദാരി കരീം ഹാജി ആദ്യമായി സൌദിയിലേക്ക് പോയത്.                            പ്രവാസം  എന്‍റെ ഗ്രാമത്തുകാരുടെ  ജീവിത്തിന് വഴിത്തിരിവായെങ്കിലും     സാമ്പത്തികമായി അഭിവൃദ്ധി നേടാത്ത കുടുംബങ്ങളില്‍  പിറന്നവരായതിനാലും  മികച്ച  വിദ്യഭ്യാസം  നേടാന്‍ ആവിശ്യമായ സാഹചര്യം ഇല്ലാത്തതും  എന്‍റെ ഗ്രാമത്തുക്കാരുടെ  ജീവിത വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു .  അത് കൊണ്ട് തന്നെ  പ്രവാസ ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താനും  നാട്ടില്‍ ഗവണ്മെന്റ് ജോലി നേടാനും  പലര്‍ക്കും കഴിഞ്ഞിരുന്നില്ല .

സൗദി അറേബിയ യിലേക്കായിരുന്നു  അന്ന് കൂടുതല്‍ എന്‍റെ ഗ്രാമത്തില്‍ നിന്നും കൂടുതല്‍ പേരും കുടിയേറിയിരുന്നത്.  ഉംറ വിസകളില്‍ പോയി  ഉംറ  ചെയ്തതിന് ശേഷം  നാട്ടിലേക്കു മടങ്ങാതെ  ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു എന്‍റെ ഗ്രാമത്തില്‍ നിന്നും പോയ  ആദ്യകാലത്തെ  പ്രവാസികള്‍.    എന്നാല്‍ അക്കാലത്ത് ഗവണ്മെന്റ് ജോലികള്‍ സ്വന്തമാക്കിയവരും  എന്‍റെ ഗ്രാമത്തിലുണ്ടായിരുന്നു   കൊമ്പന്‍ കുഞ്ഞിമുഹമ്മദ് ,  മദാരി മുഹമ്മദാലി ,പൂക്കോടന്‍ മുഹമ്മദാലി തുടങ്ങിയവരായിരുന്നു അക്കാലത്ത് സര്‍ക്കാര്‍ ജോലി നേടിയിരുന്നവര്‍.

എണ്പതുകളുടെ അവസാനത്തോടെ ഗള്‍ഫ് കുടിയേറ്റം കൂടുതല്‍ ശക്തമായതോടെയാണ്   എന്‍റെ ഗ്രാമം സാമ്പത്തികമായി അഭിവൃദ്ധി നേടി തുടങ്ങിയത്.  ചെമ്മണ്‍ ചുമരുകളും  നെല്‍ വയലുകളും മഞ്ഞു ..മെല്ലെ മെല്ലെ  കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍  തലപൊക്കി തുടങ്ങി ..  ഇന്ന്  ഓല മേഞ്ഞ കുടിലുകള്‍ ഇന്ന്  എന്‍റെ ഗ്രാമത്തിലില്ല . വൈദ്യുതിയും വഴിയും  ഇല്ലാത്ത  വീടുകളുടെ  എണ്ണവും ഇന്ന് കുറഞ്ഞുവന്നിരിക്കുന്നു.

ഇന്ന് നാം  ഇന്നലയുടെ ചരിത്രം തേടുമ്പോള്‍ പുതിയകാലത്തിന്റെ പുരോഗതിയുടെ  പടവുകള്‍ കയറാനുള്ള ഓട്ടത്തിലാണ്  എന്‍റെ ഗ്രാമവും  ഒപ്പം പോയ കാലത്തിന്‍റെ  കാര്‍ഷിക സംസ്ക്കാരം തിരികെയെത്തിക്കാനുള്ള  ശ്രമവും നടക്കുന്നു.  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ  വലിയ പ്രോത്സാഹനം കൊണ്ട്  മണ്മറഞ്ഞ  പരമ്പരാഗത കൃഷി സമ്പ്രദായം തിരിച്ചെത്തിക്കുകയാണ്  എന്‍റെ ഗ്രാമത്തുക്കാര്‍ .

Share Now

Leave a Reply

Your email address will not be published. Required fields are marked *