ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകമാകുന്നു

പാലക്കാട്‌ : ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഡ്രോണ്‍ (ചെറുവിമാനം) ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍  വ്യാപകം. കൃഷി വകുപ്പിന്റെ ‘വിള ആരോഗ്യ പരിപാലന പദ്ധതി’ പ്രകാരം പാടശേഖരസമിതി കളുടെയും കര്‍ഷക സൊസൈറ്റികളുടെയും സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചെറുവിമാനം ഉപയോഗിച്ച് മരുന്നുതളി നടത്തുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവനുകളുടെ മേല്‍നോട്ടത്തില്‍ ഇത്തരം പ്രദര്‍ശന തളിക്കലുകള്‍ നടത്തുന്നത്. പെരുവെമ്പ്, ആലത്തൂര്‍ , വടവന്നൂര്‍, പുതുശ്ശേരി എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ ഇതിനോടകം ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു തളിക്കല്‍ നടത്തി. ജൈവകീടനാശിനികളും സൂക്ഷ്മ മൂലകങ്ങളുമാണ് ഈ രീതിയില്‍ നെല്‍പ്പാടങ്ങളില്‍ തളിക്കുന്നത്.

ആത്മ പദ്ധതി, ഭാരതീയ പ്രകൃതി കൃഷി പദ്ധതി എന്നീ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞദിവസം പെരുവെമ്പ് കൃഷിഭവന് കീഴില്‍ വിവിധ പാടശേഖരങ്ങളില്‍ പരീക്ഷണ തളിക്കല്‍ നടത്തി. ജൈവവള കൂട്ടായ പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, പുല്‍ തൈലം എന്നിവ അടങ്ങിയ ജൈവവളക്കൂട്ടും ചാഴി വിരട്ടിയുമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത് എന്ന് പെരുവെമ്പ് കൃഷി ഓഫീസര്‍ ടി. ടി അരുണ്‍ പറഞ്ഞു. 

ഒരേക്കര്‍ മരുന്നു തളിക്കാന്‍ അഞ്ചു മിനിറ്റ്, ചെലവ് 700 രൂപ

ഡ്രോണ്‍ ഉപയോഗിച്ച് ഒരേക്കര്‍ പാടത്ത് മരുന്നു തളിക്കാന്‍ അഞ്ചു മിനിറ്റ് മാത്രമാണ് സമയം വേണ്ടി വരുന്നത്. ഇതിന് ചെലവാകുന്നത് ഏകദേശം 700 രൂപയാണ്. പാടങ്ങള്‍ക്കു മുകളില്‍ ഏകദേശം മൂന്നു മീറ്റര്‍ ഉയരത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനികള്‍ തളിക്കുന്നത്. 10 ലിറ്റര്‍ മുതല്‍ 20 ലിറ്റര്‍ വരെ മരുന്നുകള്‍ നിറച്ച ടാങ്കുകളാണ് ഡ്രോണുകളില്‍ ഘടിപ്പിക്കുന്നത്.


ഇലകളില്‍ സൂക്ഷ്മ മൂലകങ്ങളും ജൈവവളങ്ങളും നേരിട്ട് തളിക്കുന്നത് വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ആലത്തൂര്‍ കൃഷി ഓഫീസര്‍ എം.വി രശ്മി പറഞ്ഞു. ഡ്രോണുകളിലൂടെ തളിക്കുന്നത് സൂക്ഷ്മ കണികകള്‍ ആയതിനാല്‍ നെല്‍ച്ചെടികള്‍ കൂടുതലായി ആഗിരണം ചെയ്യുന്നതിനും സഹായകരമാണെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

മരുന്നുതളിക്കുന്നതിന് ആവശ്യമായ സബ്‌സിഡികള്‍ നല്‍കുന്നതും വിവിധ ഏജന്‍സികള്‍ വഴി ഡ്രോണുകള്‍ ലഭ്യമാക്കുന്നതും പാടശേഖരസമിതികളും കാര്‍ഷിക സൊസൈറ്റികളും മുഖേനയാണ്. കര്‍ഷകര്‍ക്ക് നെല്ലുല്‍പ്പാദനത്തിനുള്ള ചെലവു കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കല്‍ ഏറെ പ്രയോജനകരമാകും.

Share Now

Leave a Reply

Your email address will not be published. Required fields are marked *