ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകൾക്ക് മത്സ്യകൃഷിമേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മത്സ്യത്തീറ്റ വ്യവസായരംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറക്കാനും സഹായിക്കുമെന്നും വിദഗ്ധർ പറഞ്ഞു. കൂടുതൽ പോഷകമൂല്യമുള്ള ഘടകങ്ങൾ ചേർത്ത് ജിഎം വിളകൾ വികസിപ്പിക്കാം. ഇത്തരം ഉൽപന്നങ്ങൾ തീറ്റകളിൽ ഉപയോഗിക്കുന്നത് മത്സ്യ-ചെമ്മീൻ കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടും. തീറ്റകൾക്കായി ഫിഷ് മീലുകളെയും മത്സ്യഎണ്ണകളെയും അമിതമായി ആശ്രയിക്കുന്നത് കുറച്ച് മത്സ്യക്കൃഷിയുടെ സ്ഥിരത നിലനിർത്താനും ഇതുവഴി സാധിക്കും.
സിഎംഎഫആർഐയുമായി സഹകരിച്ച് ബയോടെക് കൺസോർഷ്യം ഇന്ത്യ ലിമിറ്റഡാണ് (ബിസിഐഎൽ) ശിൽപശാല സംഘടിപ്പിച്ചത്. ബിസിഐഎൽ ജനറൽ മാനേജർ ഡോ. വിഭ അഹുജ മുഖ്യാതിഥിയായി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫിഷറീസ്, ബയോടെക്നോളജി മേഖലകളിലെ ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായികൾ, സർക്കാർ പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.ഡോ. കെ.അംബാശങ്കർ, നീനു പീറ്റർ, അമിത് സച്ചദേവ്, ചന്ദ്രശേഖർ ശങ്കരനാരായണൻ, ജെയ്സൺ ജോൺ, ഡോ. പി.വിജയഗോപാൽ, എസ്. മഹേഷ്, ഡോ. എസ്.ആർ.കൃപേഷ് ശർമ, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ സംസാരിച്ചു.