ഇനി മുതൽ ചതുപ്പിലും കൃഷി ചെയ്യാം; കൃഷിയിടത്തെ സമൃദ്ധമാക്കി കോണ്ടൂർ ഗ്രൂപ്പ്

തിരുവനന്തപുരം: നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള മുട്ടട അഞ്ചുമുക്കിന് സമീപമുള്ള രണ്ടര ഏക്കർ സ്ഥലത്ത് എന്ത് നട്ടാലും വിളയും. കോഴിയും, താറാവും, മീനും മുതൽ കുമ്പളവും,പാവലവും, ചീരയും വരെയുണ്ട് ഇവിടെ. ആറുമാസം മുമ്പ് ഇവിടം കണ്ടിട്ടുള്ളവർ ഒന്ന് ഞെട്ടും. കാരണം, രണ്ടര ഏക്കർ വരുന്ന സ്ഥലത്തെ ഒരു ഭാഗത്ത് കെട്ടിടങ്ങളുടെ മാലിന്യങ്ങൾ കൊണ്ട് കുന്നുകൂടി കിടക്കുകയായിരുന്നു. മറുവശത്താകട്ടെ ചെളി നിറഞ്ഞ് ചതുപ്പും വെള്ളക്കെട്ടും. മഴപെയ്താൽ ഏതുനിമിഷവും ചെളിയും വെള്ളക്കെട്ടും നിറയുന്ന പ്രദേശമായിരുന്നു ഇവിടം. എന്നാൽ, കൃഷിക്ക് അനുയോജ്യമായ സ്ഥലമെന്ന് വിലയിരുത്തി കോൺക്രീറ്റ് ചതുപ്പിൽ ഇവിടെ ഹൈടെക് കൃഷി ആരംഭിച്ചതോടെയാണ് കൃഷിയിടം ഹൈടെക് ആയത്.

ലോക്ഡൗണിൽ അടഞ്ഞു കിടന്ന കാലത്ത് ആറ് മാസം മുമ്പാണ് തിരുവനന്തപുരത്തെ പ്രമുഖ ഫ്ലാറ്റ് നിർമ്മാതാക്കളായ കോണ്ടൂർ ബിൽഡേഴ്സിൻ്റെ എം.ഡി വി.ശിവപ്രസാദ് തൻ്റെ ജീവനക്കാർക്ക് സൗജന്യമായി വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ ജൈവകൃഷി ആരംഭിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയാണ് ഇതിന് പ്രചോദനമായത്. കൃഷി ഉത്പാദനം വ്യാപകമാക്കുന്നതിലൂടെ ആധുനിക സമൂഹം കൃഷിയോട് കാണിക്കുന്ന വിമുഖത കൂടി മാറ്റിയെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്.

കൃഷിയ്ക്കായി മുട്ടടയിൽ കൈവശമുണ്ടായിരുന്ന രണ്ടരയേക്കർ മാറ്റിവച്ചു. ഇവിടെ കൃഷിയിറക്കി വിജയിപ്പിക്കാൻ മാർഗ്ഗങ്ങൾ അവലംബിച്ചത് കൃഷി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻറ് കെ ജി ബിനുലാലാണ്. ബിനുലാലിൻ്റെ നേതൃത്വത്തിൽ കൃഷിയിടത്തിലെ ജോലിക്കാർ എല്ലാം കൃത്യതയോടെ ചെയ്യുന്നുണ്ട്. അങ്ങനെ, ഒന്നാംഘട്ട വിളവെടുപ്പ് കഴിഞ്ഞ ഓണക്കാലത്ത് പൂർത്തിയാക്കുകയും ചെയ്തു.

ഒക്ടോബറിലാണ് രണ്ടാംഘട്ടം വിളവെടുപ്പ് നടത്തിയത്. വെള്ളക്കെട്ട് ഒഴിവാക്കാൻ രണ്ട് കുളങ്ങളാണ് നിർമ്മിച്ചത്. അയ്യായിരത്തിലധികം മീനുകളെയാണ് കുളത്തിൽ വളർത്തുന്നത്. കുളങ്ങൾക്കും ചുറ്റും രണ്ട് തോടും നിർമിച്ചിട്ടുണ്ട്. ഇതിൻ്റെ ഒരു ഭാഗത്ത് താറാവുകൾ, വാത്തകൾ എന്നിവയെയും വളർത്തുന്നു. കെട്ടിട മാലിന്യങ്ങൾക്കിടയിൽ ചെറിയ കുഴികളെടുത്ത് ചാണകവും മറ്റു വളങ്ങളും നിറച്ചാണ് പച്ചക്കറികൾ നടുന്നത്. ഹൈടെക് കൃഷിരീതിയാണ് അവലംബിച്ച് വരുന്നത്. മാത്രമല്ല, ഡ്രിപ്പ് ഇറിഗേഷനിൽ നിന്നുള്ള വെള്ളവും വളവും എത്തിക്കുന്നതിനാൽ നല്ല വിളവ് ലഭിക്കുന്നുമുണ്ട്. കെട്ടിട നിർമാണത്തിനു ശേഷം ബാക്കിവരുന്ന കമ്പികൾ ഉപയോഗിച്ചാണ് ചെടികൾക്ക് വേണ്ടിയുള്ള പന്തൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

മഴക്കാലത്ത് രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളകെട്ട് ഉണ്ടാക്കുന്ന പ്രദേശത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയും. എന്നിട്ടും, കഴിഞ്ഞ മഴയത്ത് കൃഷിയിടത്തിൽ നിന്നുള്ള ഒരു ഭാഗത്തെ വാഴ അടക്കമുള്ളവ കൃഷി നാശം വന്ന് നശിച്ചുപോയി. മറ്റു സമയത്ത് കുളങ്ങളിൽ നിന്നുള്ള വെള്ളവും കൃഷിയിടങ്ങളിൽ ഉപയോഗിക്കും. സ്ഥലമൊരുക്കാൻ മാത്രം 18 ലക്ഷം രൂപയാണ് ഇവിടെ ചെലവായത്. കൂടാതെ കുറെ സ്ഥലങ്ങളിൽ ഗ്രോബാഗുകൾ ഉപയോഗിച്ചുള്ള കൃഷിയും നടത്തുന്നുണ്ട്. പയർ,വെണ്ട,പാവലം, മുളക്, കത്തിരി, തക്കാളി, മത്തൻ, ചീര, വാഴ വിവിധയിനം പപ്പായകൾ തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്.

കോണ്ടൂർ ഗ്രൂപ്പിലെ ജീവനക്കാർക്ക് പച്ചക്കറികൾ സൗജന്യമായാണ് നൽകുന്നത്. കൂടാതെ തിരുവനന്തപുരത്ത് കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാ വെള്ളിയാഴ്ചയും ദുബായിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. പ്രതി ദിനം ആറായിരത്തോളം രൂപ പച്ചക്കറി വിൽപ്പനയിലൂടെ മാത്രം ലഭിക്കുമെന്ന് കോണ്ടൂർ ഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ സൂപ്പർവൈസർ എസ്. അനൂപ് പറയുന്നു. മാത്രമല്ല, നിരവധി ആളുകൾ പച്ചക്കറികൾ വാങ്ങാൻ ഇവിടം തേടി എത്തുന്നുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *