ദുരിയാന്‍ – പഴങ്ങളുടെ രാജാവ്

ദുരിയാന്‍ പഴങ്ങളുടെ രാജാവ്

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാന്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴങ്ങളിലൊന്നാണ്. തെക്കുകിഴക്കേ ഏഷ്യന്‍ സ്വദേശിയായ ‘ദുരിയോ’ എന്ന ഈ ജനുസ്സിന്‍റെ ജന്മദേശം ബോര്‍ണിയോ ആണെന്ന് കരുതപ്പെടുന്നു. ദുരി എന്ന മലയ് വാക്കിന്‍റെ അര്‍ഥം മുള്ള് എന്നാണ്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ചരിത്രവും സംസ്കാരവുമായി ഈ അമൂല്യമായ ഫലത്തിന് അഭേദ്യമായ ബന്ധമുണ്ട്. തായ്ലാന്‍ഡ്‌, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ദുരിയാന്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ട്രോപ്പിക്കല്‍ പഴങ്ങളില്‍ ഒന്നാണ്. ഇതിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗമാണ് അനന്യസാധാരണമായ ഗന്ധം പുറപ്പെടുവിക്കുന്നത്. രൂക്ഷവും നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറുന്നതുമായ പ്രത്യേക ഗന്ധം തോടുപൊളിച്ചില്ലെങ്കിലും പുറത്തുവരും. ഈ രൂക്ഷഗന്ധം ആദ്യമൊക്കെ അസഹ്യമാകാമെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ആദ്യത്തെ മണമുളവാക്കുന്ന അസ്വസ്ഥത മാറി പൂര്‍ണമായി ദുരിയാന്‍റെ ആരാധകരായി മാറുന്നു എന്നതാണ് ഈ പഴത്തിന്‍റെ പ്രത്യേകത. ഒരുപക്ഷേ സ്വാദുകൊണ്ട് ഇത്രയേറെ ആരാധകരും ഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുള്ള മറ്റൊരു പഴം സസ്യകുടുംബത്തില്‍തന്നെ ഉണ്ടെന്നുതോന്നുന്നില്ല. എങ്കിലും അസാധാരണമായ ഈ (സു)ഗന്ധപ്രസരണത്തിനിടയിലും ഒരിക്കലെങ്കിലും ദുരിയാന്‍ കഴിച്ച ഒരാള്‍ക്കും അതിന്‍റെ സവിശേഷമായ സ്വാദ് ജീവിതത്തില്‍ മറക്കാനേ കഴിയില്ല.

ചരിത്രം

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ താമസിച്ചിരുന്ന മലയാളികള്‍ ദുരിയാന്‍റെ വൈചിത്ര്യത്തില്‍ ആകൃഷ്ടരായി ഇവിടെ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച തൈകള്‍ മധ്യകേരളത്തിലെ റാന്നി, കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വളര്‍ന്ന് കൂറ്റന്‍ മരങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഈ മരങ്ങളിലുണ്ടാകുന്ന ദുരിയാന്‍ പഴങ്ങള്‍ ഗുണമേന്മയില്‍ വളരെ വ്യത്യസ്തമാണ്. അതിനാല്‍ ഇവയുടെ ഉറവിടവും വ്യത്യസ്തമായ സ്രോതസ്സുകളാണെന്നു കരുതാം.

ദുരിയാന്‍ 30 മുതല്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്. ഇലകള്‍ക്ക് നിത്യഹരിത സ്വഭാവം. വര്‍ഷത്തില്‍ 2000 മില്ലിലിറ്റര്‍ മഴയും 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയും അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ദുരിയാന്‍ വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്.

ഏതുതരം മണ്ണിലും വളരുമെങ്കിലും വളക്കൂറുള്ള എക്കല്‍മണ്ണും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണുമാണ് ദുരിയാന്‍ കൃഷിക്ക് അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം ദുരിയാന്‍ കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്.

വിത്തുകള്‍ അനായാസമായി മുളക്കുമെങ്കിലും ഈ രീതിവഴി ലഭിക്കുന്ന തൈകള്‍ മാതൃസസ്യത്തില്‍ നിന്ന് വിഭിന്നമായി ഫലങ്ങള്‍ നല്‍കുകയും കൂടുതല്‍ കാലതാമസം നേരിടുകയും ചെയ്യും. എന്നാല്‍, മുകുളനം വഴി ഉത്പാദിപ്പിച്ച തൈകളാണ് നടീലിനു അനുയോജ്യം. ഇത്തരം തൈകള്‍ ക്രിസ്മസ് ട്രീയുടെത്പോലെ കോണാകൃതിയില്‍ പ്രധാന തടിയില്‍ നിന്ന് എല്ലാ ദിശകളിലേക്കും ശിഖരങ്ങള്‍ വിടര്‍ത്തി പടര്‍ന്ന് പന്തലിച്ചു വളരുന്നത്‌ കാണാന്‍തന്നെ വളരെ മനോഹരമാണ്. അസാധാരണമായ ശാഖാവിന്യാസമാണ് ദുരിയാനുള്ളത്. ഇത് ഓര്‍ത്തോട്രോപ്പിക് മോണോപോഡിയല്‍ ബ്രാഞ്ചിംഗ് എന്ന് അറിയപ്പെടുന്നു. ഇപ്രകാരം പ്രധാന തണ്ട് ലീഡറായി മാറുകയും, അതില്‍നിന്ന് എല്ലാ വശത്തേക്കും പ്രധാന ശാഖകള്‍ വളരുകയും ചെയ്യും. എന്നാല്‍, ഒരു ലീഡര്‍ മാത്രമേ അനുവദിക്കാവൂ. ഇപ്രകാരമുള്ള പ്രധാന ശാഖകളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. അതിനാല്‍ ഈ ശാഖകളെ കരുത്തോടെ വളര്‍ത്തുന്നത് വിളവ്‌ വര്‍ധിപ്പിക്കും.

നടുന്ന രീതി

മരങ്ങള്‍ തമ്മില്‍ 30 അടി വരെ അകലം നല്‍കുന്നതാണ് നല്ലത്. ദുരിയാന്‍ മരങ്ങള്‍ വിളവെടുക്കുന്നതിന് മുമ്പുള്ള കാലയളവില്‍ വരികള്‍ക്കിടയില്‍ വാഴ, പപ്പായ പോലുള്ള ഇടവിളകള്‍ വളര്‍ത്താവുന്നതാണ്. ഒരു ചതുരശ്രമീറ്റര്‍ വലുപ്പമുള്ള കുഴികളെടുത്ത് അതില്‍ മേല്‍മണ്ണും ജൈവവളവും നിറച്ച് അനുയോജ്യമായ അളവില്‍ പിള്ളക്കുഴിയെടുത്ത് ചെടി നടാം. ആവശ്യമെങ്കില്‍ നാല് മാസങ്ങള്‍ക്ക്ശേഷം സംയുക്ത വളങ്ങള്‍ (NPK 18 കോംപ്ലക്സ്) 100 മുതല്‍ 200 ഗ്രാം വരെ മണ്ണില്‍ തൂകി തൈകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താവുന്നതാണ്. ദുരിയാന്‍ മരങ്ങള്‍ക്ക് സാധാരണയായി 80 മുതല്‍ 150 വര്‍ഷങ്ങള്‍ വരെയാണ് ആയുസ്. മികച്ച പരിപാലനം നല്‍കിയാല്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടുമരങ്ങള്‍ പുഷ്പിച്ചുതുടങ്ങും. ആറുമുതല്‍ 15 വര്‍ഷങ്ങള്‍വരെ മധ്യകാലമായും 25 വര്‍ഷങ്ങള്‍ക്കു ശേഷം അമൂല്യകാലമായും കണക്കാക്കുന്നു. പ്രായമേറുംതോറും കായഫലം കൂടുകയും പഴത്തിന്‍റെ ഗുണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ വളരെ പ്രായമേറിയ മരങ്ങളില്‍നിന്നുള്ള ഫലങ്ങള്‍ക്ക് വിലയേറും.

ഫെബ്രുവരി, മാര്‍ച്ച്‌ മാസമാണ് ദുരിയാന്‍റെ പൂവിടല്‍കാലം. മനോഹരമായ പൂക്കള്‍ വെളുത്തതോ, ഇളം മഞ്ഞ നിറമോ ആണ്. ഒരു കുലയില്‍ 30 മുതല്‍ 40 ദ്വിലിംഗ പുഷ്പങ്ങള്‍ കാണും. ഇവ മരം മുഴുവന്‍ ആവരണം ചെയ്തിരിക്കുന്നത് കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. പൂമ്പൊടിയും പൂന്തേനും പൂക്കളില്‍ സമൃദ്ധമായതിനാല്‍ എല്ലാത്തരം തേനീച്ചകള്‍ക്കും ദുരിയാന്‍ പൂക്കള്‍ ഇഷ്ടമാണ്. എന്നാല്‍, തേനീച്ചകളല്ല പൂക്കളില്‍ പരാഗണം നടത്തുന്നത്. അന്തരീക്ഷത്തിലെ താപനിലയനുസരിച്ച് ഉച്ചകഴിഞ്ഞതിനുശേഷമാണ് ദുരിയാന്‍ പൂക്കള്‍ വിടരുന്നത്. തേന്‍ കുടിയ്ക്കാനെത്തുന്ന വവ്വാലുകളാണ് ദുരിയാന്‍ പൂക്കളില്‍ പരാഗണം നടത്തുന്നത്. അതിനാല്‍ ദുരിയാന്‍ മരങ്ങളില്‍ വവ്വാലുകള്‍ വരേണ്ടത് കായ്പിടിത്തത്തിന് അത്യന്താപേക്ഷിതമാണ്. ഇനമനുസരിച്ച്‌ പരാഗണത്തിനുശേഷം 85 മുതല്‍ 130 ദിവസങ്ങള്‍ക്കുള്ളില്‍ കായ്കള്‍ പാകമാകും. ഇവയുടെ പുറംമടലില്‍ നിറയെ കട്ടിയുള്ള മുള്ളുകളാണ്. അരകിലോ മുതല്‍ അഞ്ചുകിലോവരെയുള്ള ഭാരമുള്ള കായ്കള്‍ പാകമായാല്‍ തനിയെ മരത്തില്‍നിന്ന് നിലംപതിക്കുന്നു എന്നതാണ് ഈ ഫലവൃക്ഷത്തിന്‍റെ മറ്റൊരു പ്രത്യേകത. അതിനാല്‍ മുന്‍കരുതലെന്നോണം ഹെല്‍മറ്റ് ധരിച്ചുവേണം കായ്ഫലമുള്ള ദുരിയാന്‍ മരത്തിനരികെ പോകാന്‍.

പോഷകഘടകങ്ങള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ പോഷകസമൃദ്ധമാണ് ദുരിയാന്‍, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, തയാമിന്‍, റൈബോഫ്ലാവിന്‍, നിയാസിന്‍, പാന്റോതീനിക് ആസിഡ്, വിറ്റാമിന്‍ ബി-6, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയ ധാരാളം ആവശ്യഘടകങ്ങള്‍ എല്ലാംതന്നെ ഇതിലടങ്ങിയിരിക്കുന്നു. ഫൈറ്റോ-ഈസ്ട്രജന്‍ എന്ന പ്രത്യേകതരം ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നു. മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ മാംസ്യവും കൊഴുപ്പും വളരെ ഉയര്‍ന്ന തോതിലാണ്. എങ്കിലും 100 ശതമാനവും കൊളസ്ട്രോള്‍ വിമുക്തമാണ്. പഴത്തില്‍ ധാരാളം അന്നജമുള്ളതിനാല്‍ നന്നായി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. നാരുകളും ധാരാളമുണ്ട്. വന്‍കുടലിലെ അര്‍ബുദസാധ്യത പ്രതിരോധിക്കാന്‍ കഴിവുണ്ട്. ഇത് ശരീരത്തെ ശുചിയാക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്നതിനാല്‍ ദുര്‍മേദസ്സ് കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഫലപ്രദമാണ്.

ലോകത്തില്‍ ഏറ്റവും അധികം ദുരിയാന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം തായ്ലന്റാണ്. തായ്ലാന്റിലെ ചന്ദാബുരി പ്രോവിന്‍സില്‍ എല്ലാ വര്‍ഷവും മേയ് മാസം അവസാനം ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ലോക ദുരിയാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്. വിവിധതരം ദുരിയാന്‍ പഴങ്ങള്‍ ആസ്വദിക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ് ഈ ഉത്സവം. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള ദുരിയാന്‍ ആരാധകര്‍ ഈ ഉത്സവത്തിന് വരാറുണ്ട്.

തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ദുരിയാന്‍ ഇനങ്ങള്‍.

മലേഷ്യ : മുസാങ്ങ് കിംഗ്‌, റെഡ് പ്രോണ്‍, D24, D101, ഹോര്‍ലോര്‍

തായ്ലന്റ് : മോന്തോങ്ങ്, ചാനി, ഫുവാങ്ങ് – മണി, കന്യാവു

ഫിലിപ്പൈന്‍സ് : അരന്‍സില്ലോ, പുയാത്, ദുയായാ, കോബ്

ശ്രീലങ്ക : ഹെരാനാ ജംബോ, ഹെരാനാ ഗോള്‍ഡ്‌

Share Now

Leave a Reply

Your email address will not be published. Required fields are marked *