സ്വർഗത്തിലെ പഴം, ഗാഗ് ഫ്രൂട്ട് മാജിക്കുമായി മുഹമ്മദ് റാഫി

വീടിന്റെ മട്ടുപ്പാവിൽ ഗാഗ് ഫ്രൂട്ട് വിളയിച്ച് തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് റാഫി. മട്ടുപ്പാവിൽ നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി നെടുംപറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫിയാണ് കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിജയം വരിച്ചത്. ഏറെ പ്രത്യേകതകൾ ഉള്ള വിയറ്റ്നാം സ്വദേശിയായ ഈ ഫലം വെള്ളമൊഴുകുന്ന തോടുകൾ അതിരിടുന്ന തീരദേശ ഗ്രാമത്തിലെ പറമ്പിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളർത്തി വലുതാക്കുക എന്നത് ശ്രമകരമായ ഒരു പണിയായിരുന്നു.

പലതവണ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷി രീതികൾ ഇഷ്ടപ്പെടുന്ന മുഹമ്മദ് റാഫി പിന്മാറാൻ തയ്യാറായില്ല. സ്വർഗത്തിലെ പഴമെന്ന് വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് ഒടുവിൽ പ്രതീക്ഷിച്ചതിലും അപ്പുറമായി വിജയിച്ചപ്പോൾ മുഹമ്മദ് റാഫിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. വൈക്കം സ്വദേശി ആന്റണിയിൽ നിന്നാണ് ഗാഗ് ഫ്രൂട്ടിന്റെ തൈകൾ ശേഖരിച്ചത്. നാല് തൈകളിൽ ഒന്ന് ഗുണപ്പെട്ടില്ല. ടെറസിലാണ് കൃഷിയെങ്കിലും 40 വർഷം ഒരു ചെടിയുടെ ആയുസുള്ളതിനാൽ വീടിനോട് ചേർന്ന് മണ്ണിലാണ് തൈകൾ നട്ടിട്ടുള്ളത്. പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ വിവിധ പാകത്തിലുള്ള ഗാർഡ് ഫലങ്ങൾ പന്തലിൽ തൂങ്ങിക്കിടക്കുന്ന മനോഹര കാഴ്ച ആരെയും ആകർഷിക്കും.

പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. പഴത്തിന് ഒരു കിലോക്ക് മുകളിൽ ഭാരം ഉണ്ട്. ഒരു പഴത്തിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില. കേരളത്തിലെ പ്രമുഖ ഗാഗ് ഫ്രൂട്ട് കർഷകൻ അങ്കമാലി സ്വദേശി ജോജിയുടെ ഉപദേശ നിർദ്ദേശങ്ങൾ കൃഷിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. കൂടാതെ സി പി സി ആർ ഐ യിലെ ശാസ്ത്രജ്ഞൻ ശിവകുമാറും തൃക്കുന്നപ്പുഴ കൃഷി ഓഫീസർ ദേവികയും സന്ദർശിച്ച് ആവശ്യമായ പ്രോത്സാഹനം നൽകുന്നതായി മുഹമ്മദ് റാഫി പറഞ്ഞു. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗാക് പഴം.

ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇലകൾ പച്ചക്കറിയായും ഉപയോഗിക്കാം. തോടും ഭക്ഷ്യയോഗ്യമാണ്. വിത്തിന്റെ വിപണനമാണ് മുഹമ്മദ് റാഫി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൂടാതെ പഴം സംസ്കരിച്ചും വിൽപന നടത്താനും ഉദ്ദേശമുണ്ട്. കൃഷിയെ സ്നേഹിക്കുന്ന റാഫിയുടെ സ്വന്തമായുള്ള 45 സെന്റ് സ്ഥലത്ത് 50 ഇനത്തിൽ പെട്ട വ്യത്യസ്ത ഫല വൃക്ഷങ്ങളുണ്ട്. 120 ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നു. വീട്ടുമുറ്റത്തെ രണ്ടു കുളങ്ങളിൽ വിവിധ ഇനത്തിൽപ്പെട്ട അലങ്കാര മത്സ്യങ്ങളെ വളർത്തുന്നു. ഗൗരാമി ഇനത്തിൽപ്പെട്ട മത്സ്യത്തെ പ്രജനനം ചെയ്യാനും വിപണനം നടത്താനും ലൈസൻസ് ഉള്ള ജില്ലയിലെ ഏക വ്യക്തി കൂടിയാണ് മുഹമ്മദ് റാഫി. 73 വയസ്സുള്ള മാതാവ് സൗദാബീവിയും ഭാര്യ റസീനയും മക്കൾ യാസ്മിനും ഷാഹിദും കൃഷിയിൽ സഹായിക്കാൻ മുഹമ്മദ് റാഫിക്ക് ഒപ്പം ഉണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *