ചൂട് ഇഷ്ടപ്പെടുന്നതുകൊണ്ടാകാം മരുഭൂമിയിലെ പഴം എന്ന അപരനാമ പട്ടികയില്‍ ഡ്രാഗണ്‍ ഫ്രൂട്ടും ഇടംനേടിയത്. മധ്യ, തെക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും കരീബിയന്‍ ദ്വീപുകളിലും കാണപ്പെടുന്ന ഫലമാണിത്.
ഉഷ്ണമേഖലകളില്‍ വിളയുന്ന കള്ളിമുള്‍ച്ചെടി ഇനമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഇത് നിറയെ കായ്ച്ചിരിക്കുകയാണ് എറണാകുളം വൈപ്പിന്‍ എടവനക്കാട് കൊല്ലിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മട്ടുപ്പാവില്‍. ചൂടേറിയ കാലാവസ്ഥ ഇഷ്ടപ്പെടുന്നതുകൊണ്ടാകാം മരുഭൂമിയിലെ പഴം എന്ന അപരനാമ പട്ടികയില്‍ ഡ്രാഗണ്‍ ഫ്രൂട്ടും ഇടംനേടിയത്. മധ്യ, തെക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും കരീബിയന്‍ ദ്വീപുകളിലും കാണപ്പെടുന്ന ഇവയുടെ ജന്മദേശം എവിടെയാണെന്നതിന് കൃത്യമായ ഉത്തരമില്ല.
യൂട്യൂബ് കണ്ടുതുടങ്ങിയ ആഗ്രഹം
യൂട്യൂബില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷി വിശേഷങ്ങള്‍ കണ്ടാണ് ഇത് കൃഷിചെയ്യണമെന്ന ആഗ്രഹം ഷുക്കൂറിന്റെ മനസിലുദിച്ചത്. നല്ല തൈ അട്ടപ്പാടി പ്രദേശങ്ങളില്‍ ലഭിക്കുമെന്നറിഞ്ഞതോടെ അവിടേക്ക് വണ്ടികയറി. അവിടെനിന്ന് 80 കമ്പുകള്‍ സംഘടിപ്പിച്ചു. കടയില്‍ നിന്ന് വാങ്ങിയ 10 ഡ്രമ്മുകള്‍ നെടുകേ കീറി 20 ചട്ടികളാക്കി. സാധാരണ കോണ്‍ക്രീറ്റ് തൂണിലേക്കാണ് ഡ്രാഗണ്‍ഫ്രൂട്ട് ചെടികള്‍ പടര്‍ത്തുക. എന്നാല്‍ മട്ടുപ്പാവില്‍ അത് സാധ്യമല്ലാത്തതിനാല്‍ നാലിഞ്ച് പിവിസി പൈപ്പുകളാണ് താങ്ങുകാലുകളാക്കിയത്. ഡ്രമ്മിന്റെ വശങ്ങളില്‍ നിന്ന് രണ്ടിഞ്ചിന്റെ പൈപ്പ് നാലിഞ്ചുപൈപ്പും ബന്ധിപ്പിച്ച് തുളച്ച് അത് ഡ്രമ്മില്‍ ഉറപ്പിച്ചു. പിന്നീട് കോഴിവളം, ചാണകപ്പൊടി, മുട്ടത്തൊണ്ട് പൊടിച്ചത്, എല്ലുപൊടി എന്നിവ മണലില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയാറാക്കി. അതിലേക്ക് ചെടിയുടെ കമ്പുകള്‍ രണ്ടിഞ്ച് താഴ്ത്തി നടുകയായിരുന്നു. ഇപ്പോള്‍ ഇവ ഒന്നര വര്‍ഷഷത്തെ വളര്‍ച്ചയെത്തിയിരിക്കുന്നു.
ആറുമാസം കഴിഞ്ഞപ്പോള്‍ പൂവിട്ടു
260-ല്‍ അധികം കായകള്‍ ഇതിനകം തന്നെ പറിച്ചുകഴിഞ്ഞു. നട്ട് ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഡ്രാഗണ്‍ പൂവിട്ടത് വലിയ അത്ഭുതമായി. ഇന്ന് 20 ചട്ടികള്‍ നിറയെ ചുവപ്പും പച്ചയും പഴങ്ങള്‍ നിറയുകയാണ്. വീടിന് സമീപം തന്നെ വളര്‍ത്തുന്ന ചെറുതേനീച്ചകള്‍ക്കാണ് പരാഗണം നടത്തുന്നതിനുള്ള ചുമതല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വളപ്രയോഗം, ആഴ്ചയില്‍ ഒരു ജലസേചനം, കാര്യമായ രോഗ, കീട ബാധകളില്ല, ആകെവരുന്നത് കാക്കയുറുമ്പ്. വാവലോ, അണ്ണാനോ, കിളികളോ പഴം തിന്നാന്‍ എത്തില്ല. അതിനാല്‍ ഡ്രാഗണ്‍ഫ്രൂട്ട് ആര്‍ക്കും വിളയിക്കാമെന്നാണ് ഷുക്കൂര്‍ പറയുന്നത്, ഒറ്റ നിര്‍ബന്ധം മാത്രം- രാവിലെ മുതല്‍ വൈകുന്നേരം വരെ സൂര്യനെ കാണണം.
ഫോണ്‍: ഷുക്കൂര്‍- 94957 47293.