ഹരിതകർമ്മ സേനയെ ഭാവിയുടെ കരുതലായി കാണണം: വി ആർ സുനിൽകുമാർ

തൃശ്ശൂർ: ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഭാവിയുടെ കരുതലായി കാണണമെന്ന് വി ആർ സുനിൽകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു. മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ടു എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലംതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ഓടെ മാലിന്യ മുക്ത കേരളമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വാതിൽപ്പടി സേവനം, ഖരമാലിന്യ നിർമ്മാർജനം, പൊതു ഇടങ്ങൾ മാലിന്യ മുക്തമാക്കുക തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യങ്ങൾ യോഗം ചർച്ച ചെയ്തു. ഹരിത മാപ്പ്, ക്യാമ്പയിനുകൾ, ഹരിത സ്കൂളുകൾ, ഗൃഹ സന്ദർശനം തുടങ്ങി മാലിന്യ നിർമ്മാർജ്ജനം ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, തുടർ പ്രവർത്തനങ്ങൾ എന്നിവയും ചർച്ച ചെയ്തു.

ഇതുവരെ നടന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തന റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ഡോർ ടൂ ഡോർ കവറേജിൽ കൊടുങ്ങല്ലൂർ നഗരസഭ 91.5 ശതമാനം പൂർത്തിയാക്കി മുന്നിലെത്തി. ഗ്രാമ പഞ്ചായത്തുകളിൽ പൊയ്യ 83.11 ശതമാനവും അന്നമനട 87.4 ശതമാനവും കുഴൂർ 90.8 ശതമാനവുംമാള 29.11 ശതമാനവും പുത്തൻചിറ 79.56 ശതമാനവും വെള്ളാങ്കല്ലൂർ 73.32 ശതമാനവും പൂർത്തിയാക്കി.

യൂസർഫീ കളക്ഷനിലും 54.15 പൂർത്തിയാക്കി കൊടുങ്ങല്ലൂർ നഗരസഭ മുന്നിലെത്തി. ഗ്രാമ പഞ്ചായത്തുകളിൽ പൊയ്യ 39.58 ശതമാനവും അന്നമനട 16.64 ശതമാനവും കുഴൂർ 22.31 ശതമാനവും പുത്തൻചിറ 18.07 ശതമാനവും മാള 25.43 ശതമാനവും വെള്ളാങ്കല്ലൂർ 15.32 ശതമാനമാണ് യൂസർഫി കളക്ഷൻ പൂർത്തിയാക്കിയത്.

കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ഗീത ടി. കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ, കുഴൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു കൊടിയൻ, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനോദ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. എം. മുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു ജയൻ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.

Share Now

Leave a Reply

Your email address will not be published. Required fields are marked *