അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം  വീടുകളിലെ മിക്ക കറികളിലും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് മുളക്. സാധാരണ പച്ചമുളകും മുളകും മുതൽ മല്ലിയില വരെയുള്ള മിക്ക കറികളിലും വൈവിധ്യമാർന്ന മുളക് ഉപയോഗിക്കുന്നു. കാർഷിക സർവ്വകലാശാലയുടെ പരിശോധനാഫലം അനുസരിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനി സാന്നിധ്യമുള്ള പച്ചക്കറികളിൽ ഒന്നാണ് മുളക്. അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്സെസിന്‍ ‘ എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.

 പ്രധാന ഇനങ്ങൾ

ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക് , മാലിമുളക്

ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍  ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും. മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്

Share Now

Leave a Reply

Your email address will not be published. Required fields are marked *