ഒരു ശീതകാല വിളയാണ് റാഡിഷ് , ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഇത് കൃഷി ചെയ്യാം. വിത്തുകള്‍ പാകിയാണ് തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. വിത്തുകള്‍ പാകി പറിച്ചു നടുന്ന രീതി ഒഴിവാക്കി നേരിട്ട് നടുന്നതാണ് ഉചിതം. വിത്തുകള്‍ പാകി 4-5 ദിവസത്തിനുള്ളില്‍ അവ മുളച്ചു തുടങ്ങും. ഞാന്‍ ഗ്രോ ബാഗില്‍ ആണ് റാഡിഷ് കൃഷി ചെയ്തത്, ഡിസംബര്‍ മാസത്തിലാണ് വിത്തുകള്‍ പാകിയത്.
ഒന്നര-രണ്ടു മാസം കൊണ്ട് റാഡിഷ് കൃഷി വിളവെടുപ്പിനു തയ്യാറാകും. പൂര്‍ണ്ണമായും ജൈവ രീതികളാണ് അവലംബിച്ചത്. ഗ്രോ ബാഗില്‍ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ മിക്സ് ചെയ്തു നിറച്ചു. ശേഷം വിത്തുകള്‍ പാകി, ഒരു ഗ്രോ ബാഗില്‍ 10 വിത്തുകള്‍ പാകി, വളര്‍ന്നു വന്ന തൈകളില്‍ ആരോഗ്യമുള്ള 4-5 എണ്ണം നിര്‍ത്തി ബാക്കി പിഴുതു കളഞ്ഞു. കാര്യമായ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു വിളയാണ് റാഡിഷ്.
ക്യാരറ്റ്, ബീറ്റ് റൂട്ട് , കാബേജ്, കോളി ഫ്ലവര്‍ പോലെ നമുക്ക് റാഡിഷും കേരളത്തില്‍ വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കും. Pusa Chetki, Arka Nishant തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന റാഡിഷ് ഇനങ്ങളാണ്. റാഡിഷ് വിളവെടുപ്പിന്റെ ഒരു വീഡിയോ ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്. കൃഷി സംബന്ധമായ കൂടുതല്‍ വീഡിയോകള്‍ കൃഷിപാഠം യൂടുബ് ചാനലില്‍ ഇപ്പോള്‍ ലഭ്യമാണ്. വിത്ത് മുതല്‍ വിളവു വരെയുള്ള വീഡിയോകള്‍ ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ചീര കൃഷി ചെയ്യുന്ന വീഡിയോ മലയാളത്തില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.