വെളുത്തുള്ളി കൊണ്ട് എങ്ങനെ സുരക്ഷിതമായ കീടനാശിനിയുണ്ടാക്കാം?

ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയ പച്ചക്കറിയാണ് വെളുത്തുള്ളി.  ഇതിലെ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ വെളുത്തുള്ളി രക്തസമ്മർദ്ദം കുറയ്ക്കാനും, ഹൃദയം, കരൾ, എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.  ഇതെല്ലാം മിക്കവർക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാൽ ചെടികളിലെ കീടങ്ങളെ അകറ്റാനും വെളുത്തുള്ളി ഉപയോഗിക്കാമെന്ന് പലർക്കും അറിയാത്ത കാര്യമാണ്. 

മനുഷ്യരിലും ചെടികളിലും കാണുന്ന ബാക്റ്റീരിയ, ഫംഗസ്, പ്രാണികള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നുണ്ട്. ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് പരാഗണകാരികള്‍ക്ക് അപകടം വരുത്താതെ വളരെ സുരക്ഷിതവും പ്രകൃതിദത്തവുമായി ഉപയോഗിക്കാവുന്ന കീടനാശിനിയും കുമിള്‍നാശിനിയുമാണ് ഇത്.

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേകതരം സംയുക്തങ്ങളാണ് കീടങ്ങള്‍ക്ക് നാശമുണ്ടാക്കുന്നത്. ഇതില്‍ പ്രധാനമാണ് അല്ലിസിന്‍. മറ്റൊരു ഹാനികരമായ പദാര്‍ഥമാണ് എ.എസ്.എ.എല്‍. ഡയാലില്‍ ഡൈസള്‍ഫൈഡ്, ഡയാലില്‍ ട്രൈസള്‍ഫൈഡ് എന്നിവയും കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതുപോലെ ലെക്റ്റിനും ഇതിന് സമാനമായ സംയുക്തങ്ങളും കീടങ്ങളുടെ ജീവിതചക്രത്തിന് തടസം വരുത്താന്‍ സഹായിക്കുന്നു.

പുല്‍ച്ചാടികളെയും ലാര്‍വകളെയും നശിപ്പിക്കാന്‍ വെളുത്തുള്ളിയുടെ നീരിലുള്ള എ.എസ്.എ.എല്‍ എന്ന സംയുക്തത്തിന് കഴിയും. ഉറുമ്പ്, കാബേജ് വേം, ചിതല്‍, നെമാറ്റോഡുകള്‍, ഒച്ചുകള്‍, വെള്ളീച്ചകള്‍ എന്നിവയെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്.

പലതരത്തിലുള്ള വെളുത്തുള്ളി അടങ്ങിയ സ്‌പ്രേകള്‍ ഉപയോഗിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ചെറിയ വെളുത്തുള്ളിക്കാണ് കൂടുതല്‍ ഗുണം. കൂടുതല്‍ ഫലപ്രദമായ കീടനാശിനി ഉണ്ടാക്കാനായി വെളുത്തുള്ളിയോടൊപ്പം ചില ഘടകങ്ങള്‍ കൂടി ചേര്‍ക്കാവുന്നതാണ്. അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള സോപ്പ് ചേര്‍ത്താല്‍ പ്രാണികളുടെ ശ്വസനവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയുകയും ചെയ്യും.

യൂക്കാലിപ്റ്റസ് ഓയില്‍ പുതിന ഓയില്‍, വേപ്പെണ്ണ എന്നിവയെല്ലാം ചേര്‍ത്താല്‍ കീടങ്ങളുടെ നാഡീവ്യവസ്ഥയിലും പ്രത്യുല്‍പാദന വ്യവസ്ഥയിലും തകരാറുണ്ടാക്കാന്‍ കഴിയും. അതുപോലെ ഈച്ചകളെയും കൊതുകിനെയും ചിലന്തിയെയും തുരത്താന്‍ പെപ്പര്‍മിന്റും സ്പിയര്‍മിന്റും വെളുത്തുള്ളിക്കൊപ്പം ചേര്‍ത്താല്‍ മതി.

എങ്ങനെ തയ്യാറാക്കാം?

വെളുത്തുള്ളി-പുതിന സ്‌പ്രേ

രണ്ട് മുഴുവന്‍ വെളുത്തുള്ളിക്കൂട്ടങ്ങളില്‍ നിന്ന് ഓരോന്നായി വേര്‍പെടുത്തിയെടുക്കുക. മൂന്ന് കപ്പ് പുതിനയില, രണ്ട് ടേബിള്‍സ്പൂണ്‍ ചുവന്ന മുളക്, ഒരു ടേബിള്‍ സ്പൂണ്‍ പാത്രം കഴുകുന്ന സോപ്പ് ലായനി എന്നിവയാണ് ഇത് തയ്യാറാക്കാന്‍ ആവശ്യം.

പുതിനയും വെളുത്തുള്ളിയല്ലികളും അരച്ചെടുക്കുക. ഇതിലേക്ക് 12 കപ്പ് വെള്ളം ഒഴിക്കുക. മുളക് ചതച്ച് ചേര്‍ക്കുക. നന്നായി തിളപ്പിക്കുക. ഒരു രാത്രി തണുക്കാന്‍ വെക്കുക. ഈ മിശ്രിതം രാവിലെ അരിച്ചെടുക്കുക. ഏറ്റവും അവസാനം മാത്രം സോപ്പ് ലായനി ചേര്‍ക്കുക. സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ച് ചെടികളില്‍ തളിക്കാം.

വെളുത്തുള്ളി – മുളക് സ്‌പ്രേ തയ്യാറാക്കാം

വെളുത്തുള്ളി അരച്ചതിലേക്ക് മുളക് ചേര്‍ത്ത് അരച്ചെടുക്കുക. രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. അടപ്പുള്ള ഗ്ലാസ് പാത്രത്തില്‍ ഒഴിച്ച് 24 മണിക്കൂര്‍ ഇരുട്ടുള്ള സ്ഥലത്ത് വെക്കുക. പിന്നീട് നാല് ലിറ്റര്‍ വരത്തക്കവിധത്തില്‍ കുറച്ചുകൂടി വെള്ളമൊഴിക്കുക. തുണിയിലൂടെ അരിച്ചെടുത്ത് സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക.

എങ്ങനെയാണ് വെളുത്തുള്ളി സ്‌പ്രേ ഉപയോഗിക്കുന്നത്?

മിശ്രിതം നിറച്ചിരിക്കുന്ന പാത്രം നന്നായി കുലുക്കി യോജിപ്പിക്കണം. വൈകുന്നേരങ്ങളിലോ സൂര്യപ്രകാശം കുറവുള്ള ദിവസങ്ങളിലോ ഇലകളില്‍ സ്‌പ്രേ ചെയ്യണം. നല്ല സൂര്യപ്രകാശമുള്ളപ്പോള്‍ ഇലകള്‍ കരിഞ്ഞുപോകും.

വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കുന്നതിന് മുമ്പായി ചെടികള്‍ക്ക് താഴെയുള്ള മണ്ണില്‍ വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിവെക്കുന്നത് നല്ലതാണ്. ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും പ്രയോഗിക്കാം. പച്ചക്കറികളില്‍ പ്രയോഗിച്ചാല്‍ അല്‍പ ദിവസം കഴിഞ്ഞാല്‍ വിളവെടുത്തശേഷം നന്നായി കഴുകണം.​

Share Now

Leave a Reply

Your email address will not be published. Required fields are marked *