എങ്ങനെ ചെടികള്‍ നടും?

വിത്തു മുഖേനയുള്ള നടല്‍

വിത്തു മുഖേനയുള്ള ചെടികള്‍ നടലിന് ലൈംഗിക പ്രത്യുല്‍പാദനം എന്ന് പറയുന്നു. ഒരു വിത്തിന് ഭ്രൂണവും അതിനെ കാത്തു സൂക്ഷിക്കുന്ന ബീജ കവചങ്ങളും ബീജ പത്രങ്ങളും ഉണ്ട്. നല്ല ആരോഗ്യമുള്ളതും കനത്ത വിളവു തരുന്നതുമായ സസ്യങ്ങളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. ഇടവിത്തുകള്‍ അവയുടെ അങ്കുരണശേഷിക്കനുസരിച്ച് സൂക്ഷിച്ചു വെച്ച് നേരിട്ട് വിതച്ചോ തവാരണകളില്‍/പോട്ടിംഗ് മിശ്രിതം നിറച്ച കവറുകളില്‍ പാകി മുളപ്പിച്ച് തൈകളാക്കി പറിച്ചുനടുകയോ ചെയ്യാം. ജാതി, ഗ്രാമ്പു, നാരകം, അവക്കാഡോ, റബ്ബര്‍, പ്ലാവ്, മാവ് തുടങ്ങിയ ചെടികളുടെ വിത്തുകള്‍ മാതൃസസ്യങ്ങളില്‍നിന്ന് ശേഖരിച്ച ഉടനെ നടേണ്ടതാണ്. വിത്തു മുഖാന്തിരം ചെടികള്‍ ഉല്‍പാദിപ്പിക്കുന്നത് കാലതാമസം വരുത്തുന്നതും ചില സമയങ്ങൡ മാതൃസസ്യത്തില്‍നിന്നും വ്യത്യസ്തമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതും ഇതിന്റെ ദോഷഫലങ്ങള്‍ ആണ്.

കായിക പ്രവര്‍ധനം

ചെടികളുടെ ഇല, തണ്ട്, വേര് മുതലായ കായിക ഭാഗങ്ങള്‍ ഉപയോഗിച്ച് സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രീതിയാണ് കായിക പ്രവര്‍ധനം. ഈ രീതിയില്‍ മാതൃസസ്യത്തിന്റെ സ്വഭാവം അതേപടി നിലനിര്‍ത്താന്‍ സാധിക്കും. അതുപോലെ ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കാം. ചിലയിനം മണ്ണിലും കാലാവസ്ഥയിലും വളരാന്‍ പ്രയാസമുള്ള ചെടികളെ അതേ ചുറ്റുപാടില്‍ തഴച്ചു വളരുന്ന ചെടികളില്‍ ഒട്ടിച്ചോ മുകുളനം ചെയ്‌തോ വളര്‍ത്തി എടുക്കാന്‍ സാധിക്കും.

മുറിച്ചുനടീല്‍

ചെടികളുടെ സ്വഭാവത്തിനനുസരിച്ച് വേര്, കാണ്ഡം, ഇല, തണ്ട് എന്നിവ ഉപയോഗിച്ച് തൈകള്‍ ഉണ്ടാക്കാം. വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്നും ചുരുങ്ങിയ കാലയളവില്‍ ഇതുമൂലം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നു. മുറിച്ചെടുത്ത ഭാഗങ്ങള്‍ അനുയോജ്യമായ മാധ്യമത്തിലും കാലാവസ്ഥയിലും നട്ട് വേരുകളും തണ്ടും ഉണ്ടാകാന്‍ അനുവദിച്ചാല്‍ മാതൃചെടിയുടെ അതേ സ്വഭാവത്തിലുള്ള അനേകം ചെടികള്‍ പെട്ടെന്ന് ഉല്‍പാദിപ്പിക്കാം. കടപ്ലാവ്, കറിവേപ്പ്, ആഞ്ഞിലി എന്നിവയുടെ വേര് ആണ് നടാന്‍ ഉപയോഗിക്കുന്നത്. വേഗം വേരുകള്‍ ഉണ്ടാകുമെങ്കിലും ശ്രദ്ധേയമായ പരിചരണം ആവശ്യമാണ്. കുരുമുളക്, തിപ്പലി, കൂര്‍ക്ക, മധുരക്കിഴങ്ങ് തുടങ്ങിയവ തണ്ടുകള്‍ 1അഅ, 1ആഅ പോലുള്ള ഹോര്‍മോണ്‍ ലായനിയില്‍ മുക്കി നടുകയാണെങ്കില്‍ ത്വരിത ഗതിയില്‍ വേരുപിടിക്കുന്നതാണ്. നടാനായി ശേഖരിച്ച കമ്പുകളുടെ ചുവട്ടിലുള്ള ഇലകള്‍ മുഴുവനായും മുകള്‍ ഭാഗത്തുള്ളവ ഭാഗികമായും നീക്കം ചെയ്യുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയും. റോസ്, മുന്തിരി, മാതളം, മള്‍ബറി, ബൊഗണ്‍വില്ല തുടങ്ങിയ സസ്യങ്ങളില്‍ മൂപ്പുകൂടിയ കമ്പുകളില്‍ മാത്രമേ വേരു പിടിക്കുകയുള്ളൂ. ക്രോട്ടണ്‍, ചെമ്പരത്തി, തേയില തുടങ്ങിയവയില്‍ കൂടുതല്‍ മൂപ്പെത്താത്ത അര്‍ധ കഠിന കാണ്ഡങ്ങളാണ് വേരുപിടിപ്പിക്കാന്‍ ഉത്തമം.

പതിവയ്ക്കല്‍

മാതൃവൃക്ഷത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ ചെടികളുടെ ശാഖകളില്‍ വേരുകള്‍ ഉല്‍പാദിപ്പിച്ച് ആ ഭാഗം വേര്‍പ്പെടുത്തി മറ്റൊരു ചെടിയാക്കി മാറ്റുന്നതിനാണ് പതിവയ്ക്കല്‍ എന്ന് പറയുന്നത്. പതിവയ്ക്കലിന്റെ വിജയ സാധ്യത തണ്ടുകളുടെ വേരുല്‍പാദിപ്പിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും. ആവശ്യമെങ്കില്‍ വേരുപിടിക്കാന്‍ ഉതകുന്ന ഹോര്‍മോണ്‍ ലായനികള്‍ ഉപയോഗിക്കാം. പുതിയ മൂപ്പ് കുറഞ്ഞ ശാഖകളാണ് പതിവയ്ക്കാന്‍ ഉത്തമം. പതിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ ശാഖകളിലെ തൊലിയും തണ്ടും പൂര്‍ണമായോ ഭാഗികമായോ ചെത്തി നീക്കണം.

സാധാരണ പതിവയ്ക്കല്‍

മുല്ല, പിച്ചി തുടങ്ങിയ നിത്യഹരിത സസ്യങ്ങളില്‍ ശാഖകള്‍ വളച്ച് മണ്ണിനടിയില്‍ വെച്ച് അഗ്രഭാഗം ഒഴിച്ച് മണ്ണിട്ട് മൂടുന്നു. ഇതിനായി പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടി/കവര്‍ പതിവയ്‌ക്കേണ്ട ചെടിയുടെ അരികില്‍ ഉറപ്പിച്ചുവെക്കുക. തെരഞ്ഞെടുത്ത കമ്പു വളച്ച് മിശ്രിതം നിറച്ച ചട്ടിയില്‍/കവറില്‍ താഴ്ത്തി വെക്കുക. കമ്പ് മണ്ണുമായി മൂടുന്ന ഭാഗത്തെ ഇലകള്‍ നീക്കം ചെയ്യണം. കമ്പ് മണ്ണില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ കല്ല് വെക്കുകയോ കുറ്റി ഉറപ്പിച്ചു കെട്ടുകയോ ചെയ്യണം. മണ്ണുമായി ചേരുന്ന ഭാഗത്ത് വേരുകള്‍ ഉണ്ടാകുന്നു. കൂടുതല്‍ എളുപ്പത്തില്‍ വേരുണ്ടാകാന്‍ തണ്ടിന്റെ അടിഭാഗത്ത് തൊലിയും തണ്ടും ചെത്തിക്കൊടുക്കുന്നത് നല്ലതാണ്. വേരുപിടിച്ച ശാഖകള്‍ പിന്നീട് മുറിച്ചുമാറ്റി വേര്‍തിരിക്കാവുന്നതാണ്.

നാഗപ്പതിവയ്ക്കല്‍

നാഗപ്പതിയില്‍ ചെടിയുടെ നീളമുള്ള ഒരു ശാഖ മണ്ണിലേക്ക് വളച്ചുവെച്ച് അതിന്റെ പല ഭാഗങ്ങള്‍ ഇടവിട്ട് മണ്ണിട്ട് മൂടുന്നു. കമ്പിന്റെ മണ്ണുമായി സ്പര്‍ശിക്കുന്ന ഭാഗങ്ങളിലെല്ലാം വേര് ഉണ്ടാകുന്നു. കുരുമുളകുപോലെ വള്ളിയായി വളരുന്ന സസ്യങ്ങളിലാണ് ഇത് ഏറ്റവും ഉത്തമം. ഇടക്കിടക്ക് മണ്ണിട്ട് മൂടുന്നതിന് പകരം പോട്ടിംഗ് മിശ്രിതം നിറച്ച കൂടുകള്‍ ഇത്തരം ചെടികളുടെ വളരുന്ന ഓരോ മൂട്ടിലും വെച്ച് മുട്ടുകള്‍ മണ്ണിലേക്ക് ഒരു ഈള് കൊണ്ടോ മറ്റോ ഉറപ്പിച്ച് നിര്‍ത്തുക. വളരുന്നതിന് അനുസരിച്ച് അഗ്രഭാഗത്ത് പുതിയ കവറുകള്‍ വെച്ച് പ്രക്രിയ ആവര്‍ത്തിക്കുക. വേരുവന്നതിനു ശേഷം ഓരോ മുട്ടിലും മുറിച്ചുമാറ്റി തണലില്‍ വെക്കുക. ഈ രീതിയില്‍ ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാം.

കൂനപ്പതിവയ്ക്കല്‍

കൂനപ്പതിവയ്ക്കല്‍ രീതിയില്‍ വളര്‍ച്ച മുരടിച്ച ഒരു ചെടി തറനിരപ്പില്‍ വെച്ച് മുറിച്ചുമാറ്റുന്നു. മുറിച്ച കുറ്റിയില്‍നിന്ന് വരുന്ന കിളിര്‍പ്പുകളുടെ ചുവടുഭാഗം മണ്ണിട്ടു മൂടുന്നു. മണ്ണിട്ടു മൂടിയ ഭാഗത്തുനിന്ന് ധാരാളം വേരുകള്‍ വരികയും കാലക്രമേണ കിളിര്‍പ്പുകളെ വേരോടുകൂടി വേര്‍പ്പെടുത്തി തൈകളായി ഉപയോഗിക്കാം. നെല്ല്, പ്ലാവ്, ആഞ്ഞിലി, പപ്പായ തുടങ്ങിയവയില്‍ ഈ രീതി വിജയകരമാണ്. 

Share Now

Leave a Reply

Your email address will not be published. Required fields are marked *