നല്ല ഒരു കൃഷിക്കാരന് ശേഷിയും ശേമുഷിയും വേണം. ബൗദ്ധിക ശക്തിയും കായബലവും വേണം. കഠിനമായി അധ്വാനിക്കാൻ ആരോഗ്യമുള്ള ശരീരത്തോടൊപ്പം പോരാടാനുള്ള മനസ്സും വേണം. കൃഷിയുടെ എല്ലാ പിൻബന്ധങ്ങളും (Backward linkages )മുൻ ബന്ധങ്ങളും (forward linkages )ഏകോപിപ്പിച്ചു കൊണ്ട് പോകാനുള്ള Managerial ability വേണം. Land, Labour, Capital, Knowledge, Machinaries, Market എന്നിവയെല്ലാം പരസ്പരം കോർത്തിണക്കിക്കൊണ്ട് പോകാൻ കഴിയണം.
കൃഷിയെ ഒരു choice ആയിക്കണ്ട് ആ മേഖലയിലേക്ക് വരുന്നവർ കുറവാണ്. കാരണം ചെറിയ ക്ലാസ് മുതൽ എവിടെയും കൃഷി ആരും ആരെയും സ്കൂൾ തലത്തിലോ കലാലയങ്ങളിലൊ സാർവ്വത്രികമായി, ഒരു അതിജീവന വിദ്യ (Survival skill ) ആയി പഠിപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ ഒരു ഫാം (ചെറുതോ വലുതോ ഇടാത്തരമോ ആകട്ടെ )എങ്ങനെ ലാഭകരമായി പരിപാലിക്കണം എന്ന് പഠിക്കാൻ അവസരങ്ങൾ കേരളത്തിൽ കുറവാണ്. കൃഷി മുഖ്യ വിഷയമായി പഠിക്കുന്നവർ പോലും ഒരു എക്സിക്യൂട്ടീവ് ജോലി ആണ് കാംഷിക്കുന്നത്. അവരും കർഷകൻ ആകുന്നില്ല. ആയതിനാൽ ഭാവിയിൽ കർഷകൻ ആകാൻ തയ്യാറുള്ളവർക്കായി ബിരുദകോഴ്‌സുകൾ തുടങ്ങിയാൽ നന്നായിരിക്കും.
കൃഷി ലാഭകരമാക്കാൻ കർഷകൻ ഒരു സ്വയം നവീകരണത്തിന് തയ്യാറാകണം
- താൻ പ്രതീക്ഷിക്കുന്ന മാസ/വാർഷിക വരുമാനം ലഭിക്കാൻ എത്ര സ്ഥലത്ത്, ഏതേതു വിളകളും മറ്റ് കാർഷിക അനുബന്ധ സംരംഭങ്ങളും ചെയ്യണം എന്ന് മനസ്സിലാക്കി ഒരു business plan തയ്യാറാക്കാൻ പഠിക്കണം. ഓരോ വിളയുടെയും വരവ് ചെലവ് കണക്കുകൾ പരിചയ സമ്പന്നരുമായി സംസാരിച്ചു തയ്യാറാക്കണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓരോ വിളയ്ക്കും കിട്ടിയ കൂടിയ വിലയും കുറഞ്ഞ വിലയും മനസ്സിലാക്കണം. ഏതേതു മാസങ്ങളിൽ ആണ് താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന വിളകൾക്ക് കൂടിയ വിലയും കുറഞ്ഞ വിലയും കിട്ടുന്നത് എന്ന് പഠിച്ചു കൃഷി ചെയ്യണം.
- ജീവിതവിജയം കൈ വരിച്ച, പരിചയസമ്പന്നരായ കർഷകരെ ഗുരുക്കന്മാരും സുഹൃത്തുക്കളും ആക്കി അവരുടെ ഉപദേശങ്ങൾ തേടണം.
- ബന്ധപ്പെട്ട സർക്കാർ (കേന്ദ്ര -സംസ്ഥാന )സ്ഥാപനങ്ങളുമായി നിരന്തരബന്ധം പുലർത്തണം.
- സർക്കാർ സഹായപദ്ധതികളെ കുറിച്ച് മനസ്സിലാക്കി തനിയ്ക്ക് താല്പര്യവും യോഗ്യതയും ഉള്ളവയെ മുതലാക്കണം.
- കാർഷിക വായ്പകൾ പരമാവധി പ്രയോജനപ്പെടുത്തണം.
- കൃഷി സംബന്ധമായ നല്ല പരിശീലനക്ലാസ്സുകളിൽ പങ്കെടുക്കണം. അതിലൂടെ Intelluctual Capital (ബൗദ്ധിക മൂലധനം )വർധിപ്പിക്കണം.
7.സ്വന്തമായി പരീക്ഷണങ്ങൾ നടത്തി, പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ശ്രമിക്കണം. പ്രശസ്തി വരുന്നത് ആ വഴിയിലൂടെയാണ്.
- ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങി, സ്വയം ഉപയോഗിക്കാൻ കൂടി സജ്ജനാകണം. SMAM പോലെയുള്ള സ്കീമുകൾ പ്രയോജനപ്പെടുത്തണം.
9.വിപണിയറിഞ്ഞു വിളയിറക്കാൻ പഠിക്കണം.
- വിപുലമായ സൗഹൃദങ്ങൾ വളർത്തിയെടുക്കണം. ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അതുപകരിക്കും.
- കാർഷിക പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുകയും മുടങ്ങാതെ വായിക്കുകയും അവയിൽ നിന്നും കിട്ടുന്ന അറിവുകൾ കൃഷിയിടത്തിൽ പരീക്ഷിക്കുകയും വേണം.
- വിളവെടുക്കുന്ന ഉത്പന്നങ്ങൾ, വില കിട്ടുന്നത് വരെ സൂക്ഷിച്ചു വയ്ക്കാനും അവയെ മൂല്യവർധിത ഉത്പന്നങ്ങൾ ആക്കി മാറ്റി വിൽക്കാനും ശ്രമിക്കണം.
“ഞാൻ കർഷകനാണ്, എന്റെ എല്ലാ കാര്യങ്ങൾ നോക്കാനും ഭരണകൂടം ബാധ്യസ്ഥരാണ്. അത് ചെയ്തില്ലെങ്കിൽ ഞാൻ കൃഷി നിർത്തിക്കളയും” എന്ന മട്ടിലുള്ള ഇരവാദം ഒന്നും ഇനിയങ്ങോട്ട് ഭരണകൂടങ്ങളെ പരിഭ്രാന്തരാക്കില്ല. “വാ കീറിയ ദൈവം ഇരയും തരും, കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും ” എന്നതൊക്കെയാണ് ആധുനിക ലോകത്തെ ഭരിക്കുന്ന തത്വശാസ്ത്രങ്ങൾ.
An idle mind is a devil ‘s workshop. അലസമായ മനസ് ചെകുത്താന്റെ പണിപ്പുരയാണ്. കല്ലാടുന്ന മുറ്റത്ത് മാത്രമല്ല മനസ്സിലും നെല്ലാടില്ല. ആയതിനാൽ ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കയ്യിൽ എടുത്തോളൂ ‘എന്ന ബെർതോൾഡ് ബ്രെഹത് ന്റെ വരികൾ നമ്മെ പ്രചോദിപ്പിക്കട്ടെ “.