മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷയായി ഇരിക്കൂര്‍ ഫാം ടൂറിസം പദ്ധതി

ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറിന് പുത്തന്‍ പ്രതീക്ഷയേകി ഫാം ടൂറിസവും. കാര്‍ഷിക മേഖലയായ ഇരിക്കൂര്‍ മണ്ഡലത്തിലെ കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും ഏറെ പ്രതീക്ഷയേകി കൊണ്ടാണ് ഫാം ടൂറിസം പദ്ധതി ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്നത്.കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്താണ് പുത്തന്‍ പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇരിക്കുര്‍ മണ്ഡലം എം.എല്‍.എ സജീവ് ജോസഫിന്റെ മുന്‍ കൈയ്യില്‍ നടപ്പിലാക്കുന്നതാണ് ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി.ഇതിന് അനുബന്ധമായി ബ്ലോക് പഞ്ചായത്ത് ആവിഷ്‌കരിച്ച ഫാം ടൂറിസം പദ്ധതിയില്‍ വളര്‍ത്ത് മൃഗങ്ങളുടെയും കോഴിയുടെയും ഫാമുകള്‍, അലങ്കാര മത്സ്യ കൃഷികള്‍, ജാതിക്ക തോട്ടങ്ങള്‍, നെല്‍പ്പാടങ്ങള്‍, കുറ്റിയാട്ടൂര്‍ മാമ്പഴത്തോട്ടങ്ങള്‍ തുടങ്ങിയവ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ടൂറിസം സര്‍ക്യൂട്ടിനായി വകയിരുത്തിയ മൂന്നുലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് ഫാം ടൂറിസത്തിനുള്ള ഫണ്ട് കണ്ടെത്തുക. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബോര്‍ട്ട് ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ബ്ലോക്കിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മലപ്പട്ടം മുനമ്പുകടവ്, പഴശ്ശി ഡാം, കാലാങ്കി വ്യൂ പോയിന്റ്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, പൈതല്‍ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി ട്രാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

സി ഡിറ്റുമായി ചേര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണ വീഡിയോ തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത്. ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫാം ടൂറിസം വരുന്നതോടെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും റോബോര്‍ട്ട് ജോര്‍ജ് പറഞ്ഞു. ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ഹോം സ്റ്റേ അടക്കം ഒരുക്കുന്നതിനായി നേരത്തെ തീരുമാനിച്ചിരുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *