കണ്ണൂര്‍: വളര്‍ച്ചയെത്തിയതും കായ്ക്കുന്നതുമായ പ്ലാവുകള്‍ പൊടുന്നനെ ഉണങ്ങിനശിക്കുന്നതിന് കാരണമായ വണ്ടുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആറിനം വണ്ടുകളെയാണ് പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയിലെ കീടനിയന്ത്രണവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷിന്. രാഗേഷിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ഇവയെ തിരിച്ചറിഞ്ഞത്. ഡോ. ഗവാസ് രാഗേഷിനൊപ്പം ഗവേഷണവിദ്യാര്‍ഥിനി റിന്‍ഷാന തസ്ലിക് ഇവയെക്കുറിച്ചുള്ള പഠനം തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) നേതൃത്വത്തില്‍ ദേശീയ ഫലവര്‍ഗ ഗവേഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ വണ്ടുകളെ തിരിച്ചറിഞ്ഞത്. കൂറ്റന്‍ പ്ലാവുകള്‍ പോലും പെട്ടെന്ന് ഇത്തരം വണ്ടുകളുടെ ആക്രമണത്തില്‍ ഉണങ്ങിപ്പോകും. ഇവയെ നശിപ്പിക്കുന്നതിനുള്ള മിത്രകുമിളുകളെയും ഗവേഷകര്‍ വികസിപ്പിച്ചു. ഗൊവേറിയ’ എന്ന മിത്രകുമിളുകളെയാണ് ഈ വണ്ടുകളെ നശിപ്പിക്കാന്‍ വികസിപ്പിച്ചത്. പൊടിരൂപത്തില്‍ വെള്ളത്തില്‍ കലക്കി തടിയിലും ചുവട്ടിലും തളിക്കാന്‍ പറ്റുന്നതാണ് ഈ മിത്രകുമിളുകള്‍. നീണ്ട കൊമ്പുപോലുള്ള സ്പര്‍ശിനികളുള്ള ‘സെറാബിസിഡെ’ വിഭാഗത്തില്‍പ്പെട്ടതാണ് വണ്ടുകള്‍ തണ്ടുതുരപ്പന്‍, ഇലതീനി, സീബ്ര എന്നീ പേരുകളില്‍ ഇവ അറിയപ്പെടുന്നു. വണ്ടുകള്‍ക്ക് പുറമേ, വലിയ തടിതുരപ്പന്‍ പുഴുവും പ്ലാവുകള്‍ക്ക് ഭീഷണിയാണ്.
തണ്ടുതുരപ്പന്‍ വണ്ടുകള്‍ പുതുനാമ്പുകളെയും ചെറിയ തണ്ടുകളെയും ആക്രമിക്കുന്നു. വെളുത്ത നിറത്തില്‍ കറുത്ത വരകളോടെ കാണുന്ന സീബ്രാവണ്ടുകള്‍ പ്ലാവിന്റെ ശാഖകളില്‍ തുളച്ചുകയറി തടിയെ ഉണക്കുന്നു. ഇലതീനിവണ്ടുകള്‍ ഇലകളെയാണ് നശിപ്പിക്കുന്നത്. വലിയ തടിതുരപ്പന്‍ പുഴു പ്ലാവിന്റെ തടിതുരന്ന് 10 സെന്റിമീറ്ററോളം ഉള്ളില്‍ പ്രവേശിച്ച് തടിഭാഗം തിന്ന് ജീവിക്കുകയും പെരുകുകയും ചെയ്യുന്നു. പുഴുക്കള്‍ക്ക് 10 സെന്റിമീറ്ററോളം നീളമുണ്ടാകും. മറ്റ് വൃക്ഷങ്ങളെയും ഇവ നശിപ്പിക്കും.
പ്ലാവുകളെ ഉണക്കുന്ന വണ്ടുകളെ തിരിച്ചറിഞ്ഞ് ഗവേഷകര്‍; മിത്രകുമിളുകളെയും വികസിപ്പിച്ചു……
